മരിക്കാനൊരിടം
പൗരാണികതയുടെ വിശിഷ്ടമായ ഗന്ധമാണ് വാരാണസിക്ക് ഇന്നും. നീണ്ട ഒരു യാത്രയ്ക്ക് ശേഷം ഒരു തണുത്ത പ്രഭാതത്തിൽ ട്രെയിനിന്റെ ചക്രങ്ങൾ ഉരഞ്ഞുനിന്നപ്പോൾ പതിവ് പോലെ വാണിഭക്കാർ തിക്കിത്തിരക്കി വാതിൽക്കൽ വഴിമുടക്കി നിന്നു. അവർക്കിടയിലൂടെ പുറത്തേക്ക് കടക്കുന്പോൾ കൈയിൽ നിന്ന് ലഗേജുകൾ തട്ടിപ്പറിക്കാൻ ഒരു കൂട്ടം വൃദ്ധർ. കൈയിൽ ഭാരിച്ചതൊന്നുമില്ലെന്നു കണ്ട് അവരിൽ നിന്ന് സ്വാതന്ത്രനായി കവാടം കടന്ന് പുറത്തു വന്നപ്പോൾ ടാക്സിക്കാരുടെ മറ്റൊരു സംഘം മുന്നിൽ. ഒടുവിൽ വൃദ്ധനായ ഒരു സൈക്കിൾ റിക്ഷക്കാരന്റെ പിറകിൽ കയറി യാത്ര തുടർന്നപ്പോൾ നേർത്ത കാറ്റു വീശി, ഒരു പക്ഷെ നാളുകൾ നീണ്ട ഒരു ദുരിതയാത്രയുടെ ഓർമകളെ പാടെ വിസ്മരിപ്പിക്കുന്ന, തണുത്ത ഒരു സ്പർശം.
വാരാണസിയിലെ കാറ്റിനു പോലും പ്രത്യേകഗന്ധമാണ്. ഡൽഹി, ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ബീഹാർ, ഉത്തരാഖണ്ധ് എന്നീ സംസ്ഥാനങ്ങളെ തൊട്ടുരുമ്മി സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശ് ഭാരതത്തിന്റെ ആദ്ധ്യാത്മ, സാംസ്കാരിക മേഖലയിൽ ഏറെ പ്രഭാവം ചെലുത്തിയ സംസ്ഥാനമാണ്. ഒരു പക്ഷെ കാശിവിശ്വനാഥന്റെ സാന്നിധ്യം, വാരാണസി എന്ന ദേശത്തിന്റെ പെരുമ ലോകമെന്പാടും എത്തിച്ചുവെന്ന് വേണം പറയാൻ. ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്ന് പറയപ്പെടുന്നു. 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നുവത്രേ. ഉത്തരേന്ത്യ മുഴുവൻ മുസ്ലീം രാജവംശങ്ങൾ ആക്രമിച്ച് കീഴടക്കിയ സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും 18ാം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്ത് വാരാണസി പുനർജനിച്ചു. ഇന്ന് കാണുന്ന മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം ഈ കാലയളവിലാണ് നടന്നതെന്ന് ചരിത്രം പറയുന്നു.
ഭാരതത്തിലെ തന്നെ മനുഷ്യരാശിയുടെ ആദ്യ ആധികാരിക ഗ്രന്ഥമായ ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്. മഹാദേവന്റെ ത്രിശ്ശൂലത്തിൻമേലാണത്രെ കാശിയുടെ കിടപ്പ്. പൗരാണികതയോ, ഹിമാലയസാനുക്കളുടെ സാമീപ്യമോ, ഗംഗാ മാതാവിന്റെ സ്പർശമോ ഒക്കെക്കൊണ്ട് കാശി എന്നത് മോക്ഷത്തിന്റെ പര്യായമായി ഇന്നും അറിയപ്പെടുന്നു. കാശിയിൽ മരണം എന്നത് ഒരുപക്ഷെ സുകൃതമായാണ് ഭാരതമെന്പാടുമുള്ള ഹിന്ദുക്കൾ കരുതുന്നത്. മൃതശരീരങ്ങൾ കാശിയിൽ കൊണ്ടുവന്ന് സംസ്കരിക്കുക എന്നത് പലരുടെയും മരണാനന്തര ആഗ്രഹവും. ഇവിടെയെത്തുന്നവർക്ക് കാശി വിശ്വനാഥൻ മോക്ഷമന്ത്രമായ ‘താരക’ ഉപദേശിച്ചുകൊടുക്കും എന്നാണ് സങ്കൽപ്പം. മോക്ഷം മരണത്തിലൂടെ തന്നെയാകണമെന്നില്ല. ജനന മരണങ്ങൾക്കതീതമാക്കുന്ന അറിവ് മതി, മോക്ഷപ്രാപ്തിക്ക്.
മരണം ആഘോഷമാണിവിടെ. ഒരു നഗരത്തിന്റെ പ്രധാന വ്യവസായവും മരണവുമായി ബന്ധപ്പെട്ടത് തന്നെ. ഹിന്ദുക്കളുടെ പ്രധാനതീർഥാടനകേന്ദ്രങ്ങളൊക്കെ അങ്ങനെ അധ:പതിച്ചിരിക്കുകയാണ്. ഹരിദ്വാറിലും ഋഷികേശിലും വരവേറ്റത് ഇതേ ദൃശ്യങ്ങളായിരുന്നു. കാശിസന്ദർശിക്കുന്പോൾ നിശ്ചയമായും പോയിരിക്കേണ്ട സ്ഥലമായി ഗുരു പറഞ്ഞുതന്നത് മുക്തി ഭവൻ തേടിയായിരുന്നു യാത്ര. ലോകത്തിൽ തന്നെ അപൂർവമായ, മരണം കാത്തു കിടക്കുന്നവർക്ക് മാത്രം പ്രവേശനം ലഭിക്കുന്ന ഒരിടം. നഗരത്തിലെ തിരക്കിനിടയിൽ ചെറുതല്ലാത്ത ഒരു കെട്ടിടം, അവിടുത്തെ മുറികൾ എന്നും നിറഞ്ഞുതന്നെയിരിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഒത്തിരി മനുഷ്യർ, അവർക്കൊപ്പം മരണാസന്നരായ വൃദ്ധജനങ്ങൾ.
കെട്ടിടത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്പോൾ അവാച്യമായ ഒരു ഭീതിയാണ് തോന്നിയത്. മരണവീടെന്ന പദത്തെ അന്വർത്ഥമാക്കുന്ന അടക്കം പറച്ചിലുകൾ, മരണാസന്നരുടെ ദീർഘനിശ്വാസങ്ങളും ഞരക്കങ്ങളും, ഒപ്പം മരിച്ചവർക്കായി മന്ത്രോച്ചാരണങ്ങൾ നടത്തുന്ന പുരോഹിതരുടെ കൈയിൽ നിന്ന് മുഴങ്ങുന്ന മണിനാദവും. മരണത്തിനായും മോക്ഷത്തിനായും കാത്തിരിക്കാനുള്ള ജീവിതത്തിനും മരണത്തിനും ഇടയിലെ ഒരിടുങ്ങിയ ഇടനാഴി − അതാണ് മുക്തിഭവൻ.
ഭീകരമായി തോന്നാമെങ്കിലും, ഹോസ്റ്റലിന്റെ ചുമതലക്കാരൻ സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ അങ്ങേയറ്റം നിർവികാരതയാണ് തോന്നിയത്. “അയോധ്യാ മഥുര മായ കാശി കാഞ്ചി അവന്തികാ പുരി ദ്വാരവതി ചൈവ സപ്തൈതാ മോക്ഷദായിക” ഗരുഡപുരാണം പറയുന്നതിങ്ങനെയാണ്. മോക്ഷദായികളായി പറയുന്ന ഏഴിടങ്ങളിലോന്നാണ് കാശി. മോക്ഷമന്വേഷിച്ച് വരുന്നവർക്ക് ഈ കെട്ടിടത്തിലെ മുറികൾ അഭയം നൽകുന്നു. അവരെ ശാന്തമായി മരിക്കാനനുവദിക്കുകയാണ് ഞങ്ങളിവിടെ − അദ്ദേഹം പറഞ്ഞുതുടങ്ങി.
ആത്മഹത്യയോ, ദയാവധമോ, കൊലപാതകമോ അല്ല, മരണക്കിടക്കയിലുള്ളവർക്ക് അവരുടെയോ അവരുടെ ബന്ധുമിത്രാദികളുടെയോ ആഗ്രഹപ്രകാരം ഒരു താമസസൗകര്യം. മാരക രോഗങ്ങളുള്ളവർക്കും പ്രായാധിക്യത്തിൽ പ്രാണൻ പോകുമെന്ന അവസ്ഥയിലുള്ളവർക്കും മാത്രമാണ് മുക്തിഭവനിൽ പ്രവേശനം ലഭിക്കുക. രണ്ടാഴ്ചത്തെ സമയം − അതാണ് ഒരു ജീവൻ മോക്ഷം നേടാൻ മുക്തിഭവൻ നൽകുന്ന സമയം. രണ്ടാഴ്ചയിൽ കൂടുതൽ തങ്ങുന്നവരോട് അദ്ദേഹം വിനയപൂർവം പറയും, ഇതിലേറെക്കാലം താമസം അനുവദനീയമല്ലെന്ന്. എങ്കിലും പലപ്പോഴും അഭ്യർത്ഥനകൾക്ക് വഴങ്ങി സമയം ദീർഘിപ്പിച്ച് നൽകിയിട്ടുമുണ്ട് അദ്ദേഹം.
മോക്ഷം കാംക്ഷിച്ച് സ്വമേധയാ വരുന്നവർക്കൊപ്പം സ്വന്തക്കാരും ബന്ധുക്കളും ഇല്ലാത്തവരോ ഉപേക്ഷിക്കപ്പെട്ടവരും മുക്തിഭവനിലുണ്ട്. ഇവരെ താമസിപ്പിക്കാൻ 12 മുറികളും ഒപ്പം ഒരു ചെറിയ ക്ഷേത്രവും പൂജാരിയും. ആയിരക്കണക്കിന് പേർ വന്നുപോകുന്ന ഇവിടെ കെട്ടിടത്തിന്റെ ചുമതലവഹിക്കുകയും, എത്തിച്ചേരുന്നവർക്ക് വഴികാട്ടുകയും ചെയ്യുകയാണ് ഭൈരവ് നാഥ് ശുക്ല. ഇതിനായി ആരോടും പണം ചോദിച്ചു വാങ്ങാറില്ല. ഉള്ളവരിൽ നിന്ന് ഭക്ഷണത്തിനും വൈദ്യുതിഉപയോഗത്തിനുമുള്ള ചിലവുകൾ സ്വീകരിക്കും − അത്രമാത്രം.
“നാൽപ്പത് വർഷങ്ങൾ − ഒത്തിരിപ്പേർ കൺമുന്നിൽ തന്നെ ജീവൻ വെടിഞ്ഞു. ആദ്യകാലങ്ങളിൽ പലപ്പോഴും കണ്ണുകളിൽ നീർ കിനിഞ്ഞു, ചില രംഗങ്ങൾ പാതിരാത്രിയിലും ഉറക്കത്തെ വേട്ടയാടി, പക്ഷെ സാവധാനം അത് ദിനചര്യയായി. പിടിമുറുക്കുന്ന മരണത്തെ നിർവികാരനായി കണ്ടുനിന്നു, നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുന്നവരുടെ കണ്ണീരൊപ്പി. ഒരുപക്ഷെ ഈശ്വരനിയോഗം.” അദ്ദേഹം പറഞ്ഞവസാനിക്കുന്പോൾ ആ കണ്ണുകളിൽ എണ്ണമറ്റ ഓർമകളുടെ തിളക്കമുണ്ടായിരുന്നതായി തോന്നി. ശുക്ലയുടെ കുടുംബവും ഇവിടെത്തന്നെയാണ്. മുക്തിഭവനിൽ താരകാമന്ത്രം മുഴങ്ങുകയാണ്− മോക്ഷത്തിന്റെ താരകമന്ത്രം!
ഇടനാഴിയിലൂടെ പലരും തിടുക്കത്തിൽ നടന്നുപോകുന്നു. ഏറെ നാളായി കണ്ണുകളിൽ മാത്രം ജീവന്റെ ഒരു നേർത്തജ്വാല സൂക്ഷിച്ച് ജീവിച്ചിരുന്ന ഒരാൾ മോക്ഷത്തിന്റെ വഴിയിലൂടെ യാത്രയായിരിക്കുകയാണ്. വിലാപങ്ങളില്ല, ആശ്വസിപ്പിക്കാൻ ആൾക്കൂട്ടമില്ല. ചിലർ നിസ്സംഗരായി മൃതദേഹത്തെ അണിയിച്ചൊരുക്കുന്നു, മറ്റുചിലർ അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു.
അലങ്കരിച്ച ശവമഞ്ചത്തിന്റെ പിന്നാലെ, മോക്ഷമാർഗ്ഗത്തിന് വിലപേശുന്നവർക്കിടയിലൂടെ നടന്നു നീങ്ങുന്പോൾ ഒരുതരം മരവിപ്പാണ്. വഴിയോടുങ്ങുന്നത് ഗംഗാനദിയുടെ തെക്കെ ഭാഗത്തെ ഘാട്ടിൽ. ഊഴം കാത്ത് വരിവരിയായി കിടക്കുന്ന മൃതദേഹങ്ങളുടെ മണികർണിക് ഘട്ട്! ദൂരെ ഓളങ്ങളിൽ ഏതാനും ബോട്ടുകൾ ആടിയുലയുന്നു. അവയ്ക്ക് ചുറ്റിലും കൊത്തിപ്പെറുക്കാൻ ഭക്ഷണം തിരഞ്ഞ് കുറെയേറെ പക്ഷികളും.
ഇളം വെയിലിലലിഞ്ഞ മഞ്ഞുകണങ്ങൾ ഒത്തുചേർന്ന് ഹിമാലയസാനുക്കളിലെ പവിത്രമായ മണ്ണിനെ സ്പർശിച്ച് ഗംഗയായൊഴുകുകയാണ്. മണ്ണിനെയും, കാലത്തെയും, സംസ്കാരങ്ങളെയും സ്പർശിച്ച് ഒടുങ്ങാത്ത ഒരു നീരൊഴുക്ക്. വാരണാസിയിലെ ഘാട്ടുകളിൽ തങ്ങളുടെ പാപക്കറകൾ ആ തീർത്ഥജലത്തിലാറാടി കഴുകിക്കളയാൻ കാത്തിരിക്കുന്ന ജീവനുള്ള ഏതാനും മനുഷ്യർ! തെക്കുഭാഗത്തെ മണികർണിക് ഘട്ടിലും ഹരിശ്‌ചന്ദ്രഘട്ടിലും ചിതയിലേക്ക് എരിഞ്ഞടങ്ങി പാപമോചനത്തിനായി കുറെയേറെ മൃതശരീരങ്ങളും.
ആയിരക്കണക്കിനു വർഷങ്ങളായി ഇവിടെ ചിതകൾ എരിയുകയാണ്. ഓരോമിനിറ്റിലും ഓരോന്നെന്ന പോലെ പുതിയ മൃതദേഹങ്ങൾ വന്നുകൊണ്ടിരിക്കുന്നു. തങ്ങൾ വഹിച്ചു വന്ന മൃതദേഹം ഗംഗാജലത്തിൽ മുക്കി ചിതാഗ്നിയിലർപ്പിച്ച് ബന്ധുക്കൾ കാത്തിരിക്കുകയാണ്, അവ എരിഞ്ഞടങ്ങാൻ. അവരെകാത്ത് തിരക്കിന്റെ ഒരു ലോകമുണ്ട്, ക്ഷണികമായ ജീവിതത്തിന്റെ ശേഷകാലം! ചടങ്ങുതീര്‍ത്ത ചാരിതാർഥ്യത്തോടെ ബന്ധുക്കൾ പിരിയുന്പോൾ ഒരു ജീവിതം അവിടെ എരിഞ്ഞടങ്ങിയിരിക്കും.
മുക്തിഭവനിൽ മരണാസന്നനായി കിടക്കുന്ന ഒരുവയോവൃദ്ധന്റെ ചിത്രം ഇന്നും ഉള്ളിലുണ്ട്. ബോധത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങളിൽ ആ കണ്ണുകളിൽ നിന്ന് ഒരു നീർച്ചാൽ പോലെ ഊർന്നിറങ്ങുന്ന കണ്ണുനീർ − അത് പശ്ചാത്താപത്തിന്റെതാകാം, വേദനയുടേതാകാം അതുമല്ലെങ്കിൽ ജീവിതത്തിലെ ഏതാനും ചില മനോഹരമുഹൂർത്തങ്ങളെക്കുറിച്ചോർത്താകാം. ഇവിടെ ജീവിച്ചിരിക്കുന്ന ഓരോരുത്തരെയും കാത്തിരിക്കുന്നത് ആ നിമിഷമാണ്. ആ കണ്ണീരിന്റെ അർത്ഥം നിർവ്വചിക്കുന്നത് അവരവരുടെ കർമ്മവും.
ഇവിടെ ജനനമോ മരണമോ ഇല്ല. ഒരു കുഞ്ഞു ബീജത്തിൽ നിന്ന് ജനനം, ഇലകളായി, പൂക്കളായി, കായ്കനികളായി ആ ജീവൻ വിടർന്നടരുന്നു, മണ്ണിന്റെ ഹൃദയത്തിലേക്ക് വീണ്ടുമലിഞ്ഞ് പുഴുവായോ, മറ്റൊരു ചെടിക്ക് വളമായോ, മധുരമുള്ള പഴങ്ങളായി മറ്റൊരു ജീവനായോ പരിണാമം... ആ പരിണാമം തുടർന്നുകൊണ്ടേയിരിക്കുന്നു, അത് പ്രപഞ്ചമുള്ളിടത്തോളം കാലം തുടർന്നുകൊണ്ടേയിരിക്കും. ആ പരിണാമത്തിൽ ജീവൻ കൂടൊരുക്കാൻ ഒരു കുഞ്ഞു ശരീരം − അതിനപ്പുറം എന്താണ് നമ്മുടെ ജീവിതം?
ജീവിക്കുകയാണെന്ന ഒരൊറ്റ കാരണത്താൽ സാധിക്കാവുന്നത്ര പേക്കൂത്തോക്കെ കാണിച്ചു കൂട്ടുന്പോൾ നമ്മളിൽ എത്ര പേർ സുനിശ്ചിതമായ ഈ നിമിഷത്തെ കുറിച്ചോർക്കുന്നു? ഭൂമിയിൽ വെട്ടിപ്പിടിക്കാവുന്നത്രയും കൈക്കലാക്കി വീണ്ടും വീണ്ടും തങ്ങളുടെ വിജയങ്ങൾ ഒരിന്ധനമെന്നോണം അത്യാഗ്രഹത്തിന്റെ ജ്വാലയിലർപ്പിച്ച് അത് മാനത്തോളം ഉയർന്ന് പൊങ്ങുന്പോൾ പൊട്ടിച്ചിരിക്കുന്ന മനുഷ്യൻ എപ്പോഴെങ്കിലും ചിന്തിക്കുന്നുണ്ടോ തന്റെ കോശങ്ങൾ അതേ ചിതയിൽ പൊട്ടിച്ചിതറി ഒരുപിടി ഭസ്മമാകുന്നത്? ഉണ്ടാകില്ല, അങ്ങനെയെങ്കിൽ ഭൂമിയിൽ ഇന്ന് സ്നേഹമല്ലാതെ മറ്റൊന്നും അവശേഷിക്കുമായിരുന്നില്ലല്ലോ?
ഗംഗാ നദിയിലെ ഓളങ്ങളിൽ ചിരാതുകൾ തെളിഞ്ഞു മിന്നുന്പോൾ രാത്രിക്ക് വശ്യമനോഹാരിതയാണ്. ആ ഇരുട്ടിൽ എവിടെയൊക്കെയോ മരണത്തിന്റെ തേങ്ങൽ കേൾക്കാം, മനുഷ്യായുസ്സിൽ സുനിശ്ചിതമായ മരണത്തിന്റെ നിശ്ശബ്ദമായ തേങ്ങൽ! ഏറെകാലങ്ങൾക്ക് ശേഷം, ജീവിതത്തിന്റെ ഭ്രാന്തമായ തിരക്കുകൾക്കകലെ ഇതെഴുതുന്പോൾ ഉള്ളിന്റെ ഉള്ളിൽ അതേ മൗനമാണ്, പക്ഷെ അധരങ്ങളിൽ ഒരു മന്ദഹാസമുണ്ട്, മൗനത്തിന്റെ വിശിഷ്ടമായ ഒരു മന്ദഹാസം!
പ്രീത് നന്പ്യാർ