ബീഫിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ


“ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാഷ്ട്രം” ലോകത്തിനു മുൻപിൽ ഇന്ത്യയെ വ്യത്യസ്ഥമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്. പക്ഷെ ഇന്നീ വാദത്തിനു പ്രസക്തി ഇല്ലാതാവുന്നില്ലേ എന്നൊരു സംശയം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യാമഹാരാജ്യത്ത് എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രാജ്യത്തെ ബീഫ് നിരോധനവും അതുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളും.

‘ഞാൻ എന്ത് കഴിക്കണമെന്നത് തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല’ എന്നാണേൽ ഉറപ്പിച്ചു പറയാം ഞാൻ ജീവിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിലല്ല. ഇപ്പോഴും ഇതിന് പിന്നിലെ രാഷ്ട്രിയവശം മനസിലാവാത്ത ചിലരുണ്ട്. നിലവിലെ സംഭവവികാസങ്ങളെ ഒന്നിരുത്തി വായിച്ചാൽ അത് മനസ്സിലാക്കാം.

മനുഷ്യന് ഹാനികരമായ സിഗരറ്റ്, മദ്യം, ഗുഡ്‌ക  മുതലായ ലഹരി വസ്തുക്കൾ നിരോധിക്കാൻ ശുഷ്കാന്തി കാണിക്കാത്തവരാണ് ബീഫ് നിരോധനമെന്ന ആശയവുമായി വന്നിരിക്കുന്നത്.

ഇന്ത്യ പോലൊരു മതേതര രാഷ്ട്രത്തിൽ ബീഫ് നിരോധനമെന്ന ആശയത്തിനു പ്രസക്തിയില്ല. ഏതൊരു ഇന്ത്യൻ പൗരനും അവർക്കിഷ്ടമുള്ള മതം, ആശയം, വിശ്വാസം, ചിന്താഗതി, വിമർശിക്കാനുള്ള അവകാശം എന്നിവ സ്വീകരിക്കുവാനും അതുസരിച്ചു ജീവിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 4-18, 19-22, 25−28 എന്നിവയിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. അതുപ്രകാരം ഒരാൾ എന്ത് കഴിക്കണം കഴിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം അയാൾക്കുണ്ട്.

ഇപ്പോൾ നിലവിലുള്ള പ്രശ്നം ബീഫാണ്. ബീഫെന്നാൽ പോത്തോ പശുവോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്തവരാണ് പാവങ്ങളുടെ മേലെ കുതിര കയറുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രം കണ്ടു വരുന്ന ഇത്തരം പ്രവണതകളുടെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം മാത്രം ആരും മനസ്സിലാക്കുന്നില്ലെന്നുള്ളതാണ് നിരാശാജനകമായ വസ്തുത.

‘പട്ടി പുല്ലു തിന്നുവേം ഇല്ല പശുവിനെക്കൊണ്ട് തീറ്റിക്കുവേം ഇല്ല’ എന്ന ചൊല്ല് പോലെ ഇന്ത്യ ഒട്ടാകെ ബീഫ് നിരോധനം നടപ്പാക്കുന്നതിനും അതിന്റെ പ്രതിക്ഷേധം എന്ന പേരിൽ ബീഫ് ഫെസ്റ്റ് നടത്തുന്നതിനും പിന്നിൽ അധികാര വർഗ്ഗത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്.

ഉത്തരേന്ത്യയിൽ ബീഫ് നിരോധിച്ചതിന് കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തുന്നത്തിലെ ഔചിത്യം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള ബീഫ് ഫെസ്റ്റിലൂടെ ന്യൂനപക്ഷ പ്രീണനവും വോട്ട് ബാങ്കുമാണ് കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ കേരളത്തിൽ അടി തെറ്റിയ പാർട്ടിക്ക് പ്രതീക്ഷിക്കാതെ കിട്ടിയ അവസരമാണ് ബീഫ് നിരോധനം.

കേരളത്തിൽ അങ്ങോളമിങ്ങോളം ബീഫ് ഫെസ്റ്റ് നടത്തിയ എംബി രാജേഷും കൂട്ടരും ഇതിന് മുന്പ് ഇന്ത്യയിൽ ബീഫ് നിരോധനത്തിന് തുടക്കം കുറിക്കുകയും പത്തോളം സംസ്ഥാനങ്ങളിൽ അത് നടപ്പിൽ വരുത്തുകയും ചെയ്ത കോൺ‍ഗ്രസ്‌ ഗവണ്‍മെന്റിനെതിരെ ചെറുവിരൽ പോലും അനക്കിയില്ല.

എല്ലാത്തിനും മൂകസാക്ഷിയായി കളത്തിന് പുറത്ത് കളി കണ്ടിരുന്ന കോൺ‍ഗ്രസിനുമുണ്ട് നേട്ടം. ലീഗ് വർഗ്ഗീയ പാർട്ടിയല്ല എന്ന പിണറായിയുടെ വാക്കുകൾ മുഖ്യൻ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കമ്യൂണിസ്റ്റുകാർ ചെയ്യുന്നതെല്ലാം തെറ്റെന്നു പറഞ്ഞ കോൺ‍ഗ്രസ്‌ ബീഫ് ഫെസ്റ്റിന്റെ കാര്യത്തിൽ നാവനക്കിയില്ല.

ഒറ്റ വാക്കിൽ പറഞ്ഞാൽ കോൺ‍ഗ്രസ്‌ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചുമില്ല പ്രതികൂലിച്ചുമില്ല. അങ്ങനെയുള്ളപ്പോൾ തമ്മിൽ ഭേദം കോൺ‍ഗ്രസ്‌ തന്നെയെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടായിത്തുടങ്ങി. കോൺ‍ഗ്രസ്‌ ലക്ഷ്യം വെച്ചതും അത് തന്നെ. ബി.ജെ.പി എന്ന മൂന്നാം ശത്രുവിനെ ഒതുക്കാനും പറ്റി, വോട്ടുകളൊന്നും ചോരുവേം ഇല്ല.

നിഷ്പക്ഷമായി പറയുന്പോൾ ബി.ജെ.പിയെയും ഒഴിവാക്കാൻ പറ്റില്ല. ബീഫ് നിരോധനത്തിലൂടെ തങ്ങളുടെ ആശയങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത് ശക്തമായ ഹൈന്ധവ വോട്ടാണ്. പൊതുവെ ഇതര മതസ്ഥർ കുറവും ഹിന്ദുക്കൾ കൂടുതലുമുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി പോലുള്ള സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചാൽ യാദവ, ബ്രാഹ്മിൺ‍ വോട്ടുകൾ തങ്ങളുടെ കയ്യിൽ നിന്നും ചോരില്ലെന്ന കണ്ടെത്തലാണ് ബി.ജെ.പിയെ ഇതിനു പ്രേരിപ്പിച്ചത്.

ആർഷ ഭാരത സംസ്കാരത്തിന് കോട്ടം വരുന്നതിനാലാണ് ബീഫ് നിരോധിക്കുന്നതെന്ന വാദം  മുന്പോട്ട് വെക്കുന്നവരോട് ഒരു ചോദ്യം! മുംബൈയിലെ റെഡ് സ്ട്രീറ്റ്, കൊൽക്കത്തയിലെ കാമാട്ടിപ്പുര− ഇവിടങ്ങളിൽ ഭാരത സ്ത്രീകളുടെ ശരീരം വില പറഞ്ഞു വിൽക്കുന്നുണ്ട്. എന്തേ! അതിനു നിരോധനം ഏർപ്പെടുത്തുന്നില്ല. അത് ഭാരത സംസ്കാരത്തിന്റെ ഭാഗമാണോ?

പശു അമ്മയും ഭാരത സ്ത്രീ പെങ്ങളുമാണെന്ന് വാദിക്കുന്നവർ പെങ്ങളുടെ മാനം തൂക്കി വിൽക്കുന്നതിനെ എതിർക്കുന്നില്ല.

ഇക്കാര്യങ്ങളെല്ലാം കൂട്ടി വായിച്ചാൽ മനസ്സിലാവും ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഈ ബീഫ് നാടകത്തിലെ അണിയറ രംഗങ്ങൾ. നാല് വോട്ടിനു വേണ്ടി നാൽക്കാലികളെയും, മതവിശ്വാസത്തെയും കരുവാക്കുന്നവുരുടെ ഗൂഢലക്ഷ്യം ഇത്ര മാത്രം.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആശിച്ചതെല്ലാം നേടിക്കഴിയുന്പോൾ അടുത്ത അഞ്ചു വർഷത്തേയ്ക്ക് ആരും ഇവിടെ ബീഫും നിരോധിക്കില്ല ബീഫ് ഫെസ്റ്റും നടത്തില്ല. എല്ലാക്കാലത്തും വിഡ്ഢികളായി വോട്ട് ചെയ്യുന്ന ജനങ്ങളുടെ സ്വപ്നങ്ങൾ മാത്രം ബാക്കിയാവും. മോഹന വാഗ്ദാനങ്ങൾ നൽകി വിലപ്പെട്ട വോട്ടും വാങ്ങി ജയിച്ചു പോയവർ ആർഭാട ജീവിതം നയിക്കും. ഇനി വരാൻ പോകുന്ന കാര്യങ്ങൾ ഇത്രയൊക്കെത്തന്നെ!

ഇപ്പോൾ ഓർമ്മ വരുന്നത് കുഞ്ഞുണ്ണി മാഷിന്റെ വരികളാണ്!

“എനിക്കുണ്ടൊരു വോട്ട് നിനക്കുണ്ടൊരു വോട്ട് നമുക്കില്ലൊരു നേട്ടം”

അഖിലേഷ് പരമേശ്വർ

You might also like

Most Viewed