കര, കടൽ, ആമ പിന്നെ നെയ്തലും


പതിനേഴു വർഷങ്ങൾക്ക് മുൻപാണ് സംഭവം - തീരദേശത്ത്‌ മണൽവാരൽ സജീവമായിരുന്ന കാലം. കാരുണ്യം ലവലേശമില്ലാതെ പ്രകൃതിയെയും അതുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന മനുഷ്യരെയും ചൂഷണം ചെയ്ത് ജീവിക്കുന്ന മണൽ മാഫിയയുടെ മണ്‍വെട്ടികൾ നിർദ്ദാക്ഷിണ്യം തീരദേശത്തെ മണലിൽ ആഞ്ഞുപതിച്ചപ്പോൾ അത് ഉടക്കിയത് ഒരു മനുഷ്യന്റെ അസ്ഥികൂടത്തിലായിരുന്നു. കണ്ടുനിന്നിരുന്ന കുട്ടികൾ വിളിച്ചു പറഞ്ഞു "രതീഷ്‌, നിന്റെ അച്ഛനെ കിട്ടി". അത്ഭുത പരവശനായി, പക്ഷെ പ്രതീക്ഷയോടെ ഓടി വന്ന ബാലൻ കണ്ടത് ഒരസ്ഥികൂടമായിരുന്നു. കുറച്ചുനാളുകൾക്ക് മുൻപേ കടൽ തീരത്ത്‌ അടക്കം ചെയ്ത തന്റെ അച്ഛന്റെ അസ്ഥികൂടം. അവന്റെ കണ്ണുകളിൽ നിന്ന് ഇറ്റു വീണ നീർത്തുള്ളികൾ പക്ഷെ അത് കണ്ടുനിന്നവരുടെ ഹൃദയങ്ങളിൽ കനൽക്കഷണങ്ങളാവുകയായിരുന്നു. 
 
വളരെ അടുത്ത കാലം വരെ തീരദേശത്തെ ചില സമുദായങ്ങൾ മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത് തങ്ങൾ കളിച്ചു വളർന്ന അതേ മണ്ണിൽ തന്നെയായിരുന്നു. ഏവരുടേയും കണ്ണുനിറയിച്ച ആ സംഭവത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട് ഒരു കൂട്ടം യുവാക്കളുണ്ടായിരുന്നു. ബിരുദത്തിലെത്തിനിൽക്കുന്ന വിദ്യാഭ്യാസം, ഇരുപത്തിമൂന്നിന്റെ സമരവീര്യം, സമാന മനസ്കരായ ഏതാനും സുഹൃത്തുക്കൾ  - ഇവ മൂന്നും ചേർന്നപ്പോൾ അവിടെ ഒരു വിപ്ലവം ജനിക്കുകയായിരുന്നു. സഹനത്തിലധിഷ്ടിതമായ സമരമുറയെ മുറുകെ പിടിച്ച് മണൽ കയറ്റി പോകുവാൻ തയ്യാറായി നിന്ന വാഹനങ്ങളുടെ മുന്നിൽ അവർ നിശ്ചലരായി കിടന്നു. കൊണ്ട് പോകുന്നെങ്കിൽ അത് ഞങ്ങളുടെ നെഞ്ചിലൂടെ! വാഹനങ്ങൾ നിശ്ചലമായി. 
 
മണൽ മാഫിയയുമായി ബന്ധപ്പെട്ട ഈ സംഭവം ഒരുപക്ഷെ തീരദേശവാസികളുടെ കണ്ണുകൾ തുറപ്പിക്കുന്നതായിരുന്നു. ജീവന്റെ അഗാധ വിസ്മയമായ മഹാസമുദ്രം, പരിണാമത്തിൽ ഭൂമിയിലേക്ക്‌ ചേക്കേറിയ ജീവജാലങ്ങളുടെ കര, ഇവയ്ക്കിടയിലെ തീരദേശമെന്ന ആവാസവ്യവസ്ഥ - ആ ജീവിതത്തെ തകിടംമറിക്കുകയായിരുന്നു മണൽ മാഫിയ. ഇവർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട് തീരദേശമുണർന്നു. സമരം കുറിക്കു കൊണ്ടു. ഖനനം നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയതോടെ തീരദേശത്ത്‌ നിന്ന് മണൽ മാഫിയ പിൻ വാങ്ങി. ഒരുപക്ഷെ ഈ വിജയമാണ് പതിനാലു വർഷങ്ങൾക്ക് മുൻപ് 'നെയ്തൽ' എന്ന പേരിൽ ഇന്ന് പടർന്ന് പന്തലിച്ചു കിടക്കുന്ന ആഗോളപ്രശസ്തമായ സംഘടനയുടെ ഉദ്ഭവത്തിന് കാരണമായത്‌.  പ്രവീണ്‍, സുധീർ, സുഹാസ്, സന്തോഷ്‌, സുരേഷ്, സത്യൻ, നസീർ, രഘു, സനന്ദൻ, കൃഷ്ണൻ, ശാന്തൻ, അർജുനൻ, പ്രശാന്തൻ, മനോജ്‌ തുടങ്ങിയവരുടെ കൂട്ടായ്മയിൽ യുവാക്കൾ അണിനിരന്നതോടെ സംഘടനശക്തമായി.   
 
ആദ്യസമരത്തിന്റെ വിജയം ഈ യുവാക്കളുടെ ആത്മധൈര്യത്തെ ഉണർത്തുന്നതായിരുന്നു. സമൂഹത്തെ ഗുരുതരമായി ബാധിച്ചിരുന്ന ഒരുപ്രശ്നത്തെ ജയിച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമായി. ദിനോസറുകളുടെ വംശത്തോളം പഴക്കമുള്ള  പരിണാമകാലത്തെ ഒരു ജീവിവർഗ്ഗത്തിന്റെ  കടൽത്തീരത്ത് പതിഞ്ഞ അടയാളത്തെ പിന്തുടർന്ന് പോയ ഇവർ, തങ്ങളുടെ അടുത്ത ലക്ഷ്യം കണ്ടെത്തി. തീരദേശക്കാരുടെ പ്രിയങ്കരമായ ഭക്ഷണമാണെങ്കിലും, അന്യം നിന്നുപോയേക്കാവുന്ന ഈ ജീവി വർഗ്ഗത്തെ സംരക്ഷിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. രാത്രികാലങ്ങളിൽ ആരുമറിയാതെ തീരത്തെത്തി മണലിൽ തങ്ങളുടെ മുട്ടകൾ നിക്ഷേപിച്ച് കടലിന്റെ ആഴങ്ങളിലേക്ക് മടങ്ങുന്ന ആമകൾ - ആരുമറിയാതെ ചെറുപ്പക്കാർ ഈ മുട്ടകൾ ശേഖരിച്ചു തുടങ്ങി. ഏറ്റവും വലിയ ഭീഷണി തീരദേശവാസികൾ തന്നെയാണ്. അവരിൽ നിന്ന് സംരക്ഷിക്കാൻ സുധീർ ആ മുട്ടകൾ കടൽത്തീരത്തെ തന്റെ വീടിന് പിറകിൽ കുഴിച്ചിട്ട് ഒരു ചെറിയ പരിപാടിക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചു. 
 
വൈകുന്നേരം കുശലാന്വേഷണം നടത്താൻ അമ്മയെ വിളിച്ച മകൻ രാത്രിഭക്ഷണത്തിന് വിഭവമെന്തെന്നാരാഞ്ഞപ്പോൾ ഒന്നു ഞെട്ടി. സ്വാധിഷ്ടമായ ആമമുട്ടക്കറി! മുട്ടകിട്ടിയതെവിടെനിന്നാരാഞ്ഞപ്പോളായിരുന്നു അടുത്ത ഞെട്ടൽ - വീടിന് പിന്നിൽ കുഴിച്ചിട്ടിരുന്ന മുട്ടകൾ ആമകൾ നിക്ഷേപിച്ചത് എന്ന് കരുതി അയൽക്കാരനായ രതീഷ്‌ കണ്ടുപിടിച്ച് പതിവ് പോലെ എല്ലാവർക്കും വീതിച്ചു നൽകിയതായിരുന്നു. എന്തായാലും, അത് സുധീറിന്റെയും സുഹൃത്തുക്കളുടെയും നന്മയിൽ കുരുത്ത ആശയമാണെന്ന് തിരിച്ചറിഞ്ഞ രതീഷ്‌, പശ്ചാത്താപത്തോടെ പ്രതിജ്ഞ ചെയ്തു. ഇനി മുതൽ തീരത്തൂടെ നടന്ന് മുട്ടകൾ ശേഖരിച്ച് അത് ആ ചെറുപ്പക്കാർക്ക് നൽകുമെന്ന വാഗ്ദാനം. അവശതയിലാണെങ്കിലും രതീഷ് ഇന്നും മനസ്സിൽ ആ നന്മ ഒരു കെടാവിളക്കായി സൂക്ഷിക്കുന്നു.                                                     
 
കാസറഗോഡ് ജില്ലയെ ആഗോള പ്രശസ്തിയിലേക്ക്‌ ഉയർത്തിയ ബേക്കലില്‍ നിന്നും ഏതാണ്ട് 12 കിലോമീറ്റര്‍ ദൂരമുണ്ട് നീലേശ്വരത്തെ 'നെയ്തലെ'ന്ന ഗ്രാമത്തിലേക്ക്. നിരവധി ചരിത്രകഥകള്‍ പിണഞ്ഞുകിടക്കുന്ന നീലേശ്വരത്തിന് സാംസ്‌കാരികമായും കലാപരമായും ഒട്ടേറെ പെരുമകള്‍ പറയാനുണ്ട്. അതുകൊണ്ട് തന്നെ കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നാണ്  കോലത്തിരി രാജകുടുംബത്തിലെ നീലേശ്വര രാജാക്കന്മാരുടെ ആസ്ഥാനമായ നീലേശ്വരം അറിയപ്പെടുന്നത്. ഇന്നും കലാസാംസ്കാരിക രംഗത്ത് ജില്ലയിലെന്നല്ല, സംസ്ഥാനത്ത് തന്നെ പ്രസിദ്ധമാണ് ഈ കൊച്ചു പട്ടണം. ഈ പാരന്പര്യം പ്രദേശത്തെ ജനതയിൽ അന്തർലീനമായിരിക്കുന്നത് കൊണ്ടാവാം, ലോകജനതയ്ക്ക് തന്നെ പ്രചോദനയായിത്തീർന്നിരിക്കുന്ന 'നെയ്തൽ' എന്ന സംഘടനരൂപം കൊണ്ടതിവിടെയാണ്. സംഘകാല സംസ്‌കൃതിയില്‍ തീരപ്രദേശത്തിനു നല്‍കിയ പേരാണു ‘നെയ്തല്‍. തീരത്തോടു ചേര്‍ന്ന തങ്ങളുടെ പ്രവര്‍ത്തനത്തിനും അവര്‍ അതേ പേരു തന്നെ ഇട്ടു. മാനുഷിക മൂല്യങ്ങൾക്ക് അർത്ഥവ്യാപ്തി നൽകി, മിണ്ടാപ്രാണികളായ കടലാമകൾക്ക് അഭയമായി ഒരു കേന്ദ്രം - പക്ഷെ നെയ്തലിന്റെ ലക്ഷ്യങ്ങൾ ഇവയ്ക്കും അപ്പുറമാണ്.  
 
മുട്ടയിടാനും അതു ശത്രുക്കളില്‍ നിന്നു സംരക്ഷിക്കാനും കടലാമകള്‍ നടത്തുന്ന പ്രയത്‌നമാണു യഥാർത്ഥത്തിൽ നെയ്തലിന്റെ ഉദ്ഭവത്തിന് കാരണമായത്‌. ഇന്ന് വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കുവാൻ വേണ്ടി കേരള വനം വകുപ്പുമായി യോജിച്ചു പ്രവർത്തിക്കുന്ന പ്രകൃതിസ്നേഹികളുടെ സം‍രംഭമായി മാറിയിരിക്കുകയാണ് ഇത്. നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഈ സംഘടനയ്ക്ക്. തൈക്കടപ്പുറം കടൽ തീരത്ത് ഒക്ടോബർ മാസത്തിൽ കടലാമകൾ കൂട്ടത്തോടെ മുട്ടയിടാൻ വരുന്നു. ആമകൾ മുട്ടകൾ ഇട്ട് അവ മണ്ണ്കൊണ്ട് മൂടി കടലിലേക്ക് തിരിച്ചുപോവുകയാണ് പതിവ്. വളണ്ടിയർമാർ എല്ലാ മുട്ടകളും ശ്രദ്ധാപൂർവ്വം പെറുക്കി എടുത്ത് പ്രത്യേകം തയ്യാറാക്കിയ സുരക്ഷിതമായ സ്ഥലത്ത് വിരിയാൻ സൂക്ഷിക്കുന്നു. മനുഷ്യരിൽ നിന്നും കുറുനിരി, നായ്ക്കൾ തുടങ്ങിയ മൃഗങ്ങളിൽ നിന്നും കടലാമ മുട്ടകൾ സംരക്ഷിച്ചു അവ വിരിയുന്നതുവരെ രാപ്പകൽ കാവൽ നിന്ന് സംരക്ഷിക്കുന്ന ചുമതല വളണ്ടയർമാർ ഏറ്റെടുക്കുന്നു. മുട്ടകൾ വിരിഞ്ഞാൽ കടലിന്റെ സ്വഭാവം നോക്കി കൂട്ടത്തോടെ കടലിലേക്ക് കുഞ്ഞുങ്ങളെ തുറന്ന് വിടുകയാണ് പതിവ്. 
 
കടലാമസംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ കോഴിക്കോട് ജില്ലയിലെ വടകരയിൽ പ്രവർത്തിച്ചു വരുന്ന മറ്റൊരു സംഘത്തിൽ നിന്ന് നേടിയ അറിവായിരുന്നു ഇവരുടെ മൂലധനം. അവിടെനിന്നു കിട്ടിയ ചെറിയ പരിശീലനവും, ബാക്കിയെല്ലാം മനോധര്‍മവും. അതായിരുന്നു നെയ്തല്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ഓരോരുത്തരും രണ്ടു കിലോമീറ്റര്‍ വീതം കടല്‍തീരം വിഭജിച്ചെടുത്തു. അതതു പ്രദേശത്തെ മുട്ടകള്‍ കണ്ടെത്തി ഹാച്ചറിയില്‍ എത്തിക്കുക എന്ന . ആമയുടെ കാല്‍പ്പാടുകള്‍ നോക്കിയാണു മുട്ടകള്‍ ശേഖരിക്കുന്നത്. മുട്ടയിട്ട സ്ഥലത്തെ അതേ മണല്‍ അടക്കം വേണം ശേഖരിക്കാന്‍. അമ്മ ആമയുടെ സാന്നിധ്യം വിരിയുംവരെ കിട്ടാനാണിത്. ഹാച്ചറിയില്‍ മണലില്‍ കുഴിച്ചിട്ട മുട്ടകള്‍ 42-60 ദിവസം കഴിയുമ്പോള്‍ വിരിയും. രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ കടലിലെ സാഹചര്യത്തിനനുസരിച്ച് പതുക്കെ തീരത്തേക്കിറക്കി വയ്ക്കും. ഇതുവരെ 2,00,000ല്‍ അധികം കടലാമക്കുഞ്ഞുങ്ങളാണ് തൈക്കടപ്പുറം തീരത്ത് നിന്ന് യാത്രയായിട്ടുള്ളത്‌.
   
തീരവാസികളുടെ പ്രധാന ഭക്ഷണവിഭവമായ കടലാമ മുട്ട എടുക്കരുത് എന്നു പറയുന്നത് അത്ര എളുപ്പമല്ല. ഒരുപക്ഷെ കടലില്‍ മീന്‍ പിടിക്കരുത് എന്ന ആജ്ഞ കേട്ടപോലെയായിരുന്നു ആദ്യപ്രതികരണം. അവർ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. പക്ഷെ മുട്ട വിരിഞ്ഞു പുറത്തു വന്ന കടലാമക്കുഞ്ഞുങ്ങൾ വരിവരിയായി കടലിലേക്ക് ഇറങ്ങിപ്പോകുന്ന കാഴ്ച ഏവരുടെയും മനം കുളിർപ്പിച്ചു. അതൊരു തുടക്കമായിരുന്നു. ഒരു നാടിന്റ ജൈവസംരക്ഷണത്തിലേക്കുള്ള യാത്രയുടെ തുടക്കം. ഇന്ന് ഒരു ഗ്രാമം മുഴുവന്‍ അപൂര്‍വമായ കടലാമ സംരക്ഷണത്തിന്റെ കാവല്‍ക്കാരാണ്. ഇരുട്ടിന്റെ മറവില്‍ കടലാമക്കുഞ്ഞുങ്ങളെ വേട്ടയാടുന്നവരെ അട്ടിയോടിക്കാനായി ഇവർ ഉറങ്ങാതെയിരിക്കുന്നു. കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി കടലിലേക്കു പോകുന്നതുവരെ സ്വന്തം കുഞ്ഞുങ്ങളെയോർത്തെന്നപോലെ തൈക്കടപ്പുറത്തുകാര്‍ വേവലാതികൊള്ളുന്നു. പത്തുവര്‍ഷം മുന്പ് വരെ കടപ്പുറത്തു നിന്നു കിട്ടുന്ന കടലാമയുടെ മുട്ടകള്‍ പെറുക്കി പാകംചെയ്തു ഭക്ഷിച്ചിരുന്നവര്‍ ഇന്നതിന്റെ സംരക്ഷകരായി മാറിയിരിക്കുന്ന അപൂർവ കാഴ്ച. 
 
പക്ഷെ കടലാമകളുടെ പ്രജനനം മാത്രമല്ല ഇന്ന് നെയ്തലിന്റെ ഉത്തരവാദിത്ത്വം. മത്സ്യബന്ധനകാരുടെ വലയിലും മറ്റും പരിക്കേറ്റ് തീരത്തടിയുന്ന ആമകളേയും മറ്റുജീവജാലങ്ങളെയും ഏറ്റെടുത്ത് അവയെ പൂർണ ആരോഗ്യമാകും വരേക്കും സംരക്ഷിക്കുകയെന്ന ചുമതലയും ഇവർ ഏറ്റെടുത്തിരിക്കുന്നു. പരിക്ക് പറ്റിയ മൃഗങ്ങളെ കുറിച്ചറിയിക്കാൻ പലരും ഇന്ന് നെയ്തലുമായാണ് ബന്ധപ്പെടുന്നത്. അവയെ ചികിത്സിച്ച് സുരക്ഷിതരായി തങ്ങളുടെ ആവാസവ്യവസ്ഥയിൽ എത്തിക്കുക എന്ന മഹത്കാര്യമാണ് നെയ്തൽ ഇന്ന് ചെയ്യുന്നത്. പ്രകൃതി - വന്യജീവി സംരക്ഷണത്തിനായി ഒട്ടേറെ ബോധവൽക്കരണപരിപാടികളും ഈ സംഘടന സംഘടിപ്പിക്കുന്നുണ്ട്. കരയേയും കടലിനെയും ബന്ധിപ്പിക്കുന്ന തീരദേശമെന്ന ആവാസവ്യവസ്ഥയെ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിൽ നെയ്തൽ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണ്. അറവു മാലിന്യങ്ങൾ സംസ്കരിക്കാതെ, അവ ഭക്ഷിച്ച് അക്രമാസക്തരായ തെരുവ് നായ്ക്കളെ  കൊന്നൊടുക്കി പ്രശ്നപരിഹാരം നടത്തുന്ന വിചിത്രമായ നിലപാടുകളുടെ ഈ നാട്ടിൽ, പ്രകൃതിയിലെ പ്രശ്നങ്ങൾക്ക് സമഗ്രമായ സമീപനമാണ് ആവശ്യമെന്ന നിലപാട് നെയ്തൽ എന്ന ചിന്താധാരയെ നിർവചിക്കുന്നു.                
 
നൂറോ അതിലധികമോ ആയുസ്സുള്ള കടലാമകളുടെ ജീവിതത്തിന് ഒരു പ്രത്യേകതയുണ്ട്. മുട്ടവിരിഞ്ഞു പുറത്തിറങ്ങി സമുദ്രത്തിന്റെ അഗാധതയിലേക്ക് തിരിക്കുന്ന ഇവർ ഏറെ കാലത്തെ യാത്രയ്ക്ക് ശേഷം മുട്ടയിടാനായി അതേ തീരം തേടിവരുമെന്ന ശാസ്ത്രസത്യം. തീരത്തെ മണലിലേക്ക്, ഇഴഞ്ഞു വരുന്ന കുഞ്ഞുതിരമാലകളിലേക്ക് കടലാമക്കുഞ്ഞുങ്ങൾ പിച്ചവച്ചു നീങ്ങുന്പോൾ, കടലിന്റെ അനന്തമായ ആഴങ്ങളിലേക്ക് അവർ സാവധാനം അപ്രത്യക്ഷരാകുന്പോൾ, കടൽത്തീരത്തെ നിഷ്കളങ്കരായ ഈ മനുഷ്യരുടെ ഉള്ളിൽ പ്രാർത്ഥനയുണ്ട് - 'തങ്ങളുടെ കുട്ടികളെ ആപത്തൊന്നും പറ്റാതെ കാത്തുകൊള്ളണേ കടലമ്മേ' എന്ന പ്രാർത്ഥന! ഏറെ കാലത്തിന് ശേഷം യൗവനയുക്തരായി ഈ കുഞ്ഞുങ്ങൾ തങ്ങളുടെ സ്വപ്നങ്ങളെ വരും തലമുറയെ എൽപ്പിക്കാനായി ഇതേ തീരത്തു തന്നെ വരും. ഒരുപക്ഷെ അന്ന് ജീവനോടെ ഈ മനോഹരഭൂമിയിലുണ്ടായിരിക്കില്ല നമ്മൾ. എങ്കിലും, മടങ്ങുന്പോൾ ആ കടലാമകൾ പുതിയ തലമുറയിലെ യുവാക്കളോട് മൌനമായി പറയും - ഞങ്ങൾ കണ്ടിരുന്നു നിങ്ങളുടെ പൂർവികരെ - മനസ്സിൽ ഒത്തിരി നന്മയുമായി ജീവിച്ചിരുന്ന ഒരുകൂട്ടം നല്ല മനുഷ്യരെ! നമ്മുടെ ജീവിതത്തിന് നാം അവരോടു കടപ്പെട്ടിരിക്കുന്നു!  
 
പ്രീത് നന്പ്യാർ
 

You might also like

Most Viewed