ഗുരു പൂർണ്ണതയുടെ ആൾരൂപം
വി.ആർ സത്യദേവ്.
മികച്ച ബഹിരാകാശ ശാസ്ത്രജ്ഞൻ എന്ന തലത്തിൽ നിന്നും രാജ്യത്തെ മികച്ച ശാക്തീകരണ പ്രഭാഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിലേക്കുള്ള പരിണാമ കഥയാണ് ഡോക്ടർ ടി.പി ശശികുമാറിന്‍റേത്. ഏതു വിഷയങ്ങളിലൂടെയും ആരുടെയും ജീവിതങ്ങളെ ഗുണപരമായി സ്വാധീനിക്കാനുള്ള അദ്ദേഹത്തിന്‍റെ ശേഷി അത്ഭുതാവഹമാണ്.
“ഏതു തൊഴിലിന്‍റെയും പൂർണ്ണത ഗുരുത്വത്തിലാണ്. ഏതു തൊഴിലിലും പൂർണ്ണതയിലെത്തുന്ന വ്യക്തി ഗുരുവാകുന്നു. ആ ഗുരുത്വമാണ് പൂർണ്ണത.” −ഡോക്ടർ ടി.പി.ശശികുമാറുമായുള്ള അഭിമുഖം മുൻ നിശ്ചയപ്രകാരമുള്ള വഴിക്കല്ലാതെ വിഷയങ്ങളിൽ നിന്നും വിഷയങ്ങളിലേക്കു പടർന്നു കയറുന്നതിനിടെയായിരുന്നു ഈ പ്രസ്താവം. ഗുരുക്കന്മാർക്കു പഴയ മൂല്യം കൽപ്പിച്ചുകൊടുക്കാത്ത പുതിയ സാമൂഹ്യ സാഹചര്യങ്ങളിൽ വലിയൊരു പുനഃർവിചിന്തനത്തിനു വഴിവെയ്ക്കുന്നതായിരുന്നു ആ കാഴ്ചപ്പാട്. എന്നാൽ വർത്തമാനകാല അദ്ധ്യാപക സമൂഹം അതിന്‍റെ മൂല്യച്യുതി കൊണ്ടാണ് സാമൂഹിക വ്യവസ്ഥിതിയിൽ അത്തരമൊരു അപചയം ഏറ്റുവാങ്ങേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പറയുന്നത് ഡോക്ടർ ടി.പി.ശശികുമാറായതു കൊണ്ടുതന്നെ ഇക്കാര്യം ആധികാരികമാണെന്നു നമുക്കു വിലയിരുത്തേണ്ടിവരും. അടുത്തറിഞ്ഞാൽ അറിവിന്‍റെ നിറകുടം തന്നെയാണ് അദ്ദേഹമെന്ന് ബോദ്ധ്യമാകാതിരിക്കാൻ കാരണമില്ല. ഭാരതത്തിലും വിദേശത്തുമായി ഇക്കാര്യം അനുഭവിച്ചറിഞ്ഞ ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ അതിനു സാക്ഷ്യം പറയുന്നു.
അടിസ്ഥാനപരമായി ഗണിതത്തിൽ ആരംഭിച്ച പഠനം ഭാഷയിലേക്കും കലയിലേക്കും ഇതര ശാസ്ത്ര ശാഖകളിലേക്കും ഒക്കെ വ്യാപിപ്പിക്കുകയും അതിലൊക്കെ അഗാഥപാണ്ധിത്യം നേടുകയും ചെയ്ത വ്യക്തിയാണദ്ദേഹം. എസ്.എസ്.എൽ.സി, പ്രീ ഡിഗ്രി, ഡിഗ്രി, ബിരുദാനന്തര ബിരുദം, എം എഫിൽ പി.എച്ച്.ഡി എന്നിങ്ങനെ പടിപടിയായി പഠിച്ചു കയറിയ ഡോക്ടർ ടി.പി.എസിന്‍റെ പഠനം തുടർന്ന് എം.ബി.എയിലേക്കും എൽ.എൽ.ബിയിലേക്കും എം.എസിലേക്കും ഒക്കെ പടർന്നു കയറി. പക്ഷേ സംഗതി അവിടം കൊണ്ടൊന്നും തീരുന്നില്ല. ഇതിനിടെ പല വിഷയങ്ങളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സർവ്വകലാശാലകളിൽ നിന്നായി 22 സർട്ടിഫിക്കറ്റ് കോഴ്സുകൾ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു അദ്ദേഹം. പഠനമെന്നത് ഏതെങ്കിലുമൊരു വിഷയത്തിൽ മാത്രമൊതുങ്ങേണ്ടതല്ലെന്ന് അദ്ദേഹം സ്വന്തം പ്രവൃത്തികൊണ്ടു തെളിയിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യത്തെ മുതിർന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ എന്ന നിലയിൽ നിന്നും പതിനായിരങ്ങളെ സ്വാധീനിക്കുന്ന ഗുരുനാഥൻ എന്ന നിലയിലേക്കുള്ള മാറ്റവും ഇതിന്‍റെ ഭാഗം തന്നെ. അതുകൊണ്ടുതന്നെ നമ്മുടെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തലുകൾക്ക് മൂല്യമേറുന്നു.
നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട് എന്നതു തന്നെയാണ് ഡോക്ടർ ടി.പി.എസ്സിന്‍റെ അഭിപ്രായം. “അതിനാദ്യം വേണ്ടത് അദ്ധ്യാപക സമൂഹത്തിന്‍റെ മൂല്യമുയർത്തുക എന്നതാണ്. തന്‍റെ ശിഷ്യർക്ക് ആവശ്യമുള്ള അറിവുകളെല്ലാം പകർന്നു നൽകാൻ ശേഷിയുള്ളവരാകണം ഓരോ അദ്ധ്യാപകരും. അവന്‍റെ ആവശ്യങ്ങൾ തിരിച്ചറിയാനും അവയിലേക്കു ശിഷ്യന്മാരെ നയിക്കാനും നല്ല അദ്ധ്യാപകനു കഴിയണം. അങ്ങനെ വരുന്പോൾ മാത്രമേ അദ്ധ്യാപനം ലക്ഷ്യം കാണൂ. അതിനാവട്ടെ അദ്ധ്യാപകൻ പ്രാപ്തനുമായിരിക്കണം. അതു പലപ്പോഴും സംഭവിക്കുന്നില്ല. നല്ല അദ്ധ്യാപകന് വിവിധ വിഷയങ്ങളെക്കുറിച്ച് നല്ല അറിവു കൂടിയേ തീരൂ. അവിടെ ഭാഷ എന്നോ ശാസ്ത്രമെന്നോ ഉള്ള ഭേദം ഉണ്ടാവരുത്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഇക്കാര്യങ്ങളിൽഗണിത പഠനം തന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ലോകത്തെ എല്ലാക്കാര്യങ്ങളിലും കണക്കുണ്ട്. കണക്ക് യഥാർത്ഥത്തിൽ യുക്തി തന്നെയാണ്. കണക്കിലെ ഓരോ സമവാക്യങ്ങളിലും ഈ യുക്തിയാണ് നിഴലിക്കുകയും വ്യക്തമാവുകയും ചെയ്യുന്നത്. ഇതു തന്നെയാണ് ഓരോരോ ശാസ്ത്രങ്ങളിലും കാണുന്നത്. ഓരോന്നിലും പ്രകടമാകുന്നത് ഇതേ കണക്കു തന്നെയാണ്. ഭൂമി ശാസ്ത്രത്തിൽ പറയുന്ന ഭൗമ അളവുകളെല്ലാം കണക്കാണ്, ഊർജ്ജ തന്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലും അളവുകളും ഏറ്റക്കറച്ചിലുകളുമൊക്കെ അങ്ങനെ കണക്കുകളുമാകുന്നു.
ഇതേ ബന്ധം തന്നെയാണ് ഭാഷയും ഗണിതവുമായും ഉള്ളത്. ഓരോ വാക്കുകളെയും നമുക്കു ഗണിതവുമായി ബന്ധപ്പെടുത്തി ചിന്തിക്കാം. എന്നാൽ ഈ പാരസ്പര്യം വർത്തമാന കാലത്ത് ഗുരുവൃന്ദം തിരിച്ചറിയുന്നോ പാലിക്കുന്നോ ഇല്ല. താൻ പുസ്തകത്തിൽ പഠിച്ചതിനപ്പുറമുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹം പ്രകടിപ്പിക്കാത്ത രീതി അദ്ധ്യാപകർ ഉപേക്ഷിക്കണം. ഒരു വിഷയവും മറ്റൊന്നിനോടും ബന്ധമുള്ളതല്ലെന്ന ചിന്ത ആദ്യം മാറ്റണം. അറിയാനുള്ള മനസാണ് ആദ്യം ഉണ്ടാവേണ്ടത്.
ഒരാൾ ജിഞ്ജാസുവായിരിക്കണം− എന്ന് അദ്ദേഹം പറയുന്നു. അറിയാനുള്ള ഈ മനസുള്ളയാൾക്ക് അറിവ് താനേ ഉണ്ടാകും. അതിനുള്ള അനുഭവങ്ങൾ അയാളെ തേടിച്ചെന്നുകൊണ്ടിരിക്കും.”
“പഠനത്തിൽ വായന പരമപ്രധാനമാണ്. പക്ഷേ പഠിക്കുക എന്നത് കേവലം വായന മാത്രമല്ല.” ഒരു വിഷയത്തെക്കുറിച്ചു പഠിച്ചു എന്നു പറയണമെങ്കിൽ ആ പാഠഭാഗം അടച്ചു വച്ചുകൊണ്ട് അതിനെക്കുറിച്ചു മറ്റൊരാൾക്ക് നന്നായി പറഞ്ഞുകൊടുക്കാൻ നമുക്കാവണമെന്ന് അദ്ദേഹം തന്‍റെ ഓരോ വിദ്യാർത്ഥിയെയും ഓർമ്മിപ്പിക്കുന്നു. പഠിച്ചുറപ്പിക്കുന്ന കാര്യങ്ങൾ പ്രത്യേകിച്ചു സമവാക്യങ്ങളൊക്കെ ഏതേതിടങ്ങളിൽ ഉപയുക്തമാക്കാമെന്ന ധാരണയും അതു പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കും ഉണ്ടാകണം. അതുണ്ടാകാത്തതാണ് നമ്മുടെ പാഠ്യ വ്യവസ്ഥിതിയുടെ പരിതോവസ്ഥക്കു കാരണം. ഏതൊരു രംഗത്തെയും വിദഗ്ധന്മാർ യഥാർത്ഥത്തിൽ മികച്ച ഗുരുക്കന്മാർ തന്നെയാണ്. ഒരു രംഗത്ത് വൈദഗ്ധ്യമുള്ളയാൾക്ക് അയാൾ ചെയ്യുന്ന കർമ്മത്തെക്കുറിച്ചു സംശയങ്ങൾ ഉണ്ടാവില്ല. അക്കാര്യത്തെക്കുറിച്ചു മറ്റൊരാൾക്കുള്ള സംശയങ്ങളൊക്കെ ദൂരീകരിക്കാനും ഉറപ്പായും അയാൾക്കു കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ അയാൾ ഗുരുസ്ഥാനത്താകുന്നു. സ്വന്തം കർമ്മരംഗത്ത് മികവുണ്ടാകണമെങ്കിൽ ഏതൊരാളും ഒരു നല്ല ഗുരുവായിരിക്കണം.” ശിഷ്യന്മാർക്ക് എന്തും തുറന്നു പറയാവുന്ന അഭയസ്ഥാനവും മാർഗ്ഗ ദീപവുമാകണം ഗുരു. ഡോക്ടർ ടി.പി. ശശികുമാറിന്‍റെ ഐ.എ.എസ് അക്കാദമി തന്നെ ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. ഐ.എ.എസ് (I.A.S) എന്നതിന് Inspire (പ്രോത്സാഹനം), Aspire (തീവ്രമായി ആശിക്കുക), Success(വിജയിക്കുക) എന്നാണ് ഇവിടെ അർത്ഥം. ഒപ്പം Immediate Academic Success അഥവാ അക്കാദമിക് രംഗത്തെ ദ്രുത വിജയമെന്നും. കുട്ടികളെ അവരവരുടെ താൽപ്പര്യങ്ങൾക്കും അഭിരുചിക്കുമനുസരിച്ച് വഴിതിരിച്ചു വിടുകയാണ് വെണ്ടതെന്ന് അദ്ദേഹം പറയുന്നു. സ്പോർട്സ് ബാർ നടത്താൻ ആഗ്രഹിക്കുന്നവനെ മികച്ച ഏറ്റവും മികച്ച സ്പോർട്സ് ബാർ നടത്തിപ്പുകാരനാക്കാനും ഡാൻസ് കളിക്കാൻ ആഗ്രഹമുള്ളവളെ ഏറ്റവും മികച്ച ഡാൻസറാക്കാനുമായിരിക്കണം ഒരു ഗുരുവിനു കഴിയേണ്ടത്. ഏതുരംഗത്തായാലും ഏറ്റവും മികച്ചതാകാനുള്ള അഭിവാഞ്ഛയും ശ്രമവും വേണം.
നല്ല ഗുരുക്കന്മാരെ ലഭിക്കാൻ തനിക്കു യോഗമുണ്ടായ കാര്യവും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർ ഗോപാലകൃഷ്ണന്‍റെ കുറിപ്പനുസരിച്ചു തന്നെത്തേടിവന്ന മഹാപണ്ധിതനായ ബ്രഹ്മശ്രീ കെ.പി.സി അനുജൻ ഭട്ടതിരിപ്പാടിനെക്കുറിച്ചു പറയുന്പോൾ ആ ഗുരുസ്നേഹം കരകവിഞ്ഞൊഴുകുന്നു. മഹായോഗിയായിരുന്ന സ്വാമിരാമയുടെ ശിഷ്യൻ സ്വാമി വേദഭാരതിയിലും അദ്ദേഹം തന്‍റെ ഗുരുവിനെ കാണുന്നു. സരളവും അനർഗ്ഗളവുമായി ഇവരൊക്കെ പകർന്നു തന്ന അറിവിന്‍റെ ഒഴുക്ക് അണമുറിയരുത് എന്ന കാര്യത്തിൽ ബദ്ധശ്രദ്ധാലുമാണ് തന്‍റെയടുത്തെത്തുന്നവരിലേക്കൊക്കെ അതു പകർന്നു നൽകുന്ന ഈ ഗുരുഭൂതൻ. അദ്ധ്യാപന വഴിയിലേക്കുള്ള തന്‍റെ യാത്രക്കു കാരണം ഈ ഗുരുക്കന്മാരാണ് എന്നും അദ്ദേഹം പറയുന്നു. ഇടപഴകുന്ന ഓരോ വ്യക്തിത്വങ്ങളെയും ഗുണപരമായി സ്വാധീനിക്കാനുള്ള ഡോക്ടർ ടി.പി.എസ്സിന്‍റെ ശേഷി അന്യാദൃശമാണ്.
പഠിക്കാനും അറിയാനുമുള്ള ഒരവസരവും പാഴാക്കരുതെന്ന് അദ്ദേഹം തന്‍റെ വിദ്യാർത്ഥി സഞ്ചയത്തെ ആവർത്തിച്ചോർമ്മിപ്പിക്കുന്നു. ഓരോ യാത്രകളും അനുഭവങ്ങളുടെ അക്ഷയ ഖനിയാണ് നമുക്കു മുന്നിൽ തുറന്നു വയ്ക്കുന്നത്.
രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളൊക്കെ തികച്ചും സ്വാഭാവികമാണ്. മാറ്റങ്ങൾ പ്രകൃതിയുടെ സ്വഭാവമാണ്. ആഗോള താപനത്തെക്കുറിച്ചുള്ള ആശങ്ക അതിരു കവിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു അമേരിക്കൻ സൃഷ്ടിമാത്രമാണ്. ലോകത്തിന്‍റെ മറ്റിടങ്ങളിലൊന്നും വികസനം സാദ്ധ്യമാക്കാതിരിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗം മാത്രമാണ് ആഗോളതാപനത്തിന്‍റെ പേരിലുള്ള നിയന്ത്രണങ്ങൾ. ഇതിന്‍റെ പേരിൽ സാധാരണ ബൾബു മാറ്റി സി.എഫ്.എൽ ബൾബുകളിലേക്കുള്ള മാറ്റം കൊണ്ട് ഉണ്ടായത് സാധാരണക്കാരന്‍റെ ചെലവ് അധികരിച്ചു എന്നതു മാത്രമാണ്. കാർബൺ എമിഷൻ സംബന്ധിച്ച നിയമങ്ങളും ചിലർക്കൊക്കെ പണം സന്പാദിക്കാൻ മാത്രമാണ് ഉപകാരപ്പെട്ടത്. രാജ്യത്ത് പുകപരിശോധനാ സർട്ടിഫിക്കറ്റു കിട്ടാത്ത ഒറ്റ വാഹനങ്ങൾ പോലും ഉണ്ടാവില്ല. പക്ഷേ അവയിൽ പലതിന്‍റെയും പുകപുറന്തള്ളൽ അനുവദനീയമായ അളവിലും ഏറെയാണ്. അങ്ങനെ വരുന്പോൾ ഇത്തരം കാര്യങ്ങളിൽ ചിലരുടെ ഗൂഢലക്ഷ്യങ്ങൾ മാത്രമാണ് നടപ്പാക്കപ്പെടുന്നത് എന്ന കാര്യം പകൽ പോലെ വ്യക്തമാകുന്നു.
വിഷയങ്ങളിൽ നിന്നും വിഷയങ്ങളിലേക്ക് ഡോക്ടർ ടി.പി.എസ്സിന്‍റെ സംഭാഷണം നീളുകയാണ്. അറിവിന്‍റെ നിറവ് ആ സാന്നിദ്ധ്യത്തിൽ തന്നെ അനുഭവ വേദ്യമാകുന്നു. തന്‍റെ−-ശിക്ഷ− ജ്ഞാനം ക്യാന്പുകളിലൂടെ അദ്ദേഹമതു പകരുന്നതു തുടരുകയാണ്. ബഹ്റിൻ കേരളീയ സമാജത്തിന്‍റെ ക്ഷണം സ്വീകരിച്ച് ദ്വീപരാഷ്ട്രത്തിലെ കുരുന്നുകളുമായി സംവദിക്കാനെത്തിയ ഡോക്ടർ ടി.പി.എസ് മുൻനിശ്ചയപ്രകാരമുള്ള മറ്റൊരു കൂടിക്കാഴ്ചക്കായി സംഭാഷണം മുറിക്കുന്പോൾ പ്രത്യേകമോർമ്മിപ്പിക്കുന്നു, എതുനേരത്തും വിളിക്കാൻ മടിക്കേണ്ട. അറിവ് ആർജ്ജിക്കാൻ മാത്രമല്ല പകരാനും കൂടിയുള്ളതാണ്.