മാധവീയം
കുറ്റിപ്പുറം റെയിൽവെ സ്റെഷനിൽ നിന്ന് ഏറെ അകലെയല്ല നൂറ്റാണ്ടുകളുടെ പഴമയുള്ള ഈ തറവാട് - മുറ്റത്ത് നിന്ന് കൊണ്ട് ആ പ്രൌഡി കണ്‍ കുളിർക്കെ കണ്ട് മിഴികളടച്ചപ്പോൾ ഉൾക്കണ്ണിൽ പഴയ പ്രതാപ കാലം തെളിഞ്ഞു വന്നു. പൂമുഖത്തെ ചാരുകസേരയിൽ ചാഞ്ഞിരിക്കുന്ന കാരണവർ, ഈറനണിഞ്ഞ് പടിയിൽ പൂക്കൾ കെട്ടി മാല കോർക്കുന്ന സ്ത്രീകൾ! കാലും നീട്ടിയിരുന്ന് നാമം ജപിക്കുന്ന മുത്തശ്ശി, അങ്ങുമിങ്ങും ഓടിത്തിമിർക്കുന്ന കുട്ടികൾ!
തറവാടിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നിന്നുള്ള മണിയൊച്ചയാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്. പുരാതനമായ ആ ക്ഷേത്രത്തിനും ഒരുപാട് കഥകൾ പറയുവാനുണ്ട്. കേരളത്തിൽ തന്നെ അപൂർവമായ ക്ഷേത്രമാണിത് - വിഷ്ണുവും ശിവനും ഗണേശനും തുടങ്ങി ഒട്ടനവധി ദേവന്മാർ ഒരേ മേല്ക്കൂരയ്ക്ക് കീഴെ! ഏറ്റവും ശ്രദ്ധേയമായത് പുനരുദ്ധാരണത്തിന്റെ പേരിൽ ക്ഷേത്രത്തിന്റെ പൌരാണികതയെ ലവലേശം സ്പർശിച്ചിട്ടില്ല എന്നതായിരുന്നു, ക്ഷേത്രക്കുളത്തിലേക്ക് ആനകൾ നടന്നിറങ്ങാറുള്ള വഴി പടവുകളാക്കി മാറ്റിയിരിക്കുന്നു എന്നതൊഴിച്ചാൽ.
തറവാട്ട് മുറ്റത്ത് ഓടിക്കളിക്കുവാൻ കുട്ടികളില്ലെങ്കിലും ഒരു മുത്തശ്ശിയുണ്ട്. വയ്യായ്കയിലും അങ്ങോളമിങ്ങോളം ഊർജസ്വലയായി ഓടി നടന്ന് കാര്യങ്ങൾ നോക്കി നടത്തുന്ന സരസ്വതി വാരസ്യാർ എന്ന മുത്തശ്ശി. ആരാണെന്നോ ഏതാണെന്നോ അറിയാതെ സ്വീകരിച്ചിരുത്തുന്പോൾ അവരുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു, നിഷ്കളങ്കമായ സ്നേഹത്തിന്റെ തിളക്കം. ദ്രവിച്ചു തുടങ്ങിയ മേൽക്കൂരയിൽ കണ്ണുംനട്ട് അവർ പറഞ്ഞുതുടങ്ങി:
"ഇങ്ങനെയൊന്നും ആയിരുന്നില്ല്യ. നിറയെ പേരുണ്ടായിരുന്നു ഇവിടെ. ഒച്ചയും ബഹളവും തിരക്കും ഒക്കെയായി സമയം പോകുന്നതറിഞ്ഞിരുന്നില്ല്യ. മാധവൻ വ് ടെയാണ് ജനിച്ചുവളർന്നത്. ദാ നോക്കൂ, അവന്റെ കുസൃതിയും ഒക്കെ ഇന്നും കണ്‍മുന്നിലുണ്ട്. കുട്ടികളൊക്കെ വന്നാ ഈ ഇരുത്തിയിൽ നിന്ന് എത്ര ദൂരെ ചാടുമെന്നതാകും വാശി. ചിലരൊക്കെ വീണ് പരിക്ക് പറ്റുന്പോൾ, അകത്തളത്ത് നിന്ന് ശകാരം കേട്ട് തുടങ്ങുന്പോൾ എല്ലാവരും ഓടി രക്ഷപ്പെടും, പിന്നെ പറന്പിലാകും ബാക്കി കുസൃതി."
കുസൃതിക്കാരനായ ആ കൊച്ചു കുട്ടിയാണ് ഫ്ലൈജാക്ക് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി ഇന്ന് ലോകമറിയുന്ന എ.എസ്. മാധവൻ. ഒരു കച്ചവടക്കാരനാവുക എന്നത് ലളിതമാണ്, മഹത് വിജയം നേടിയ ഒരു കച്ചവടക്കാരനാവുകയെന്നത് ഒരിത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്, ഇതിലെല്ലാം ഉപരി മാനുഷിക മൂല്യങ്ങൾക്കായി ജീവിതമുഴിഞ്ഞു വച്ച ഒരു കച്ചവടക്കാരനാവുകയെന്നത് സത്യത്തിൽ അപൂർവമായി സംഭവിക്കുന്നത് തന്നെയാണ്. അവിടെയാണ് എ.എസ്. മാധവന്റെ പ്രസക്തി.
മരുമക്കളും മക്കളും അവരുടെ മക്കളും പേരക്കുട്ടികളും, ഇങ്ങനെ പല പല താവഴികളുടെയും കൂട്ടായ്മയായ മരുമക്കത്തായ സന്പ്രദായത്തിലുള്ള കൂട്ടുകുടുംബ വ്യവസ്ഥ ഈയടുത്ത കാലം വരെ കേരളത്തിൽ പ്രബലമായിരുന്നു. അളവറ്റ വാത്സല്ല്യം സ്നേഹം മമത കാരുണ്യം സഹാനുഭൂതി മുറിച്ചാലും മുറിയാത്ത രക്തബന്ധം തറവാട്ടംഗങ്ങളുടെ സുരക്ഷ ഇവയെല്ലാമായിരുന്നു ആ വ്യവസ്ഥയുടെ ആധാരശിലകൾ. ഈ സന്പ്രദായം കത്തിനിന്നിരുന്ന ഒരു സുവർണ കാലഘട്ടത്തിലാണ് ആത്രശ്ശേരി ശൂലപാണി മാധവ വാര്യർ എന്ന എ.എസ്. മാധവന്റെ ജനനം.
അന്ന് മുത്തശ്ശിമാരുടെ വാത്സല്ല്യം മുറ്റിത്തഴച്ചുനിന്നിരുന്ന മാരായമംഗലത്തെ തറവാട്ടിൽ നിന്ന് ഒരു താവഴി പൂമുള്ളി മനക്കാരുടെ കീഴിലുള്ള ശ്രീരാമ ക്ഷേത്രത്തിൽ കഴകക്കാരായി ആത്രശ്ശേരിയിൽ വന്നുകൂടി. ഒറ്റക്കൽ വിളക്കിൽ ഒരു തിരി, നറുക്കില നിവേദ്യവും അത്ര പരിതാപകരമായിരുന്നു അന്ന് ക്ഷേത്രത്തിന്റെ അവസ്ഥ. കണക്കറ്റ സ്വത്തിന്റെ ഉടമകളായ പൂമുള്ളി മനക്കാരാണ് ശ്രീരാമസ്വാമി ക്ഷേത്രത്തെ പടിപടിയായി ഉയർത്തിക്കൊണ്ടുവന്നത്. ആത്രശ്ശേരി തറവാടിന്റെ കഥയും അങ്ങനെ തന്നെ. ഈ തറവാടിന്റെ അനുക്രമവും അഭൂതപൂർവമായ വളർച്ചയ്ക്കും ഉയർച്ചയ്ക്കും കാരണവന്മാർ ഒരാളല്ല, പലരുമാണ്.
അക്കൂട്ടത്തിൽ പ്രാതസ്മരണീയനാണ് എല്ലാവരുടെയും 'മാധവമ്മാ'നായിരുന്ന ആത്രശ്ശേരി മാധവ വാര്യർ. ഗുരുവായൂർ ക്ഷേത്രത്തിൽ അരി കലവറക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹം തന്നെ ആത്രശ്ശേരി തറവാട് പുതുക്കിപ്പണിത് നാലുകെട്ടാക്കി. നാട്ടുകാർക്ക് വേണ്ടി കോതച്ചിറ എന്ന ഗ്രാമത്തിൽ ഒരു സ്കൂളും സ്ഥാപിച്ചു. മരുമക്കളെയും മക്കളെയും പഠിപ്പിച്ചുയർത്തി. ഈ മാധവമ്മാന്റെ ഓർമ നിലനിർത്താനാണത്രേ നാലു പെണ്‍കുട്ടികൾക്ക് ശേഷം ആറ്റുനോറ്റുണ്ടായ സന്തതിക്ക് മാധവൻ എന്ന പേരിട്ടത്.
നാവാമുകുന്ദ ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ മാധവൻ ശേഷം മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടിയെങ്കിലും ഇല്ലായ്മകൾക്കിടയിൽത്തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ ജോലി തേടി മുബൈ മഹാനഗരത്തിലേക്ക് പുറപ്പെടുന്പോൾ അച്ഛൻ തന്റെ സന്പാദ്യം നാണയത്തുട്ടുകളാക്കി സൂക്ഷിച്ചിരുന്ന ഒരു കൊച്ചു മണ്‍പാത്രം നിലത്തിട്ടുടച്ചു. ചിതറിയ ഭണ്ഡാരത്തിലുണ്ടായിരുന്നത് 24 രൂപയായിരുന്നു - അതായിരുന്നു എ.എസ്. മാധവന്റെ മൂലധനവും. ട്രെയിൻ മുന്നോട്ട് കുതിച്ചപ്പോൾ അതിലും വേഗതയിൽ തന്റെ ലക്ഷ്യത്തെ നോക്കി കുതിക്കുകയായിരുന്നു ആ ചെറുപ്പക്കാരന്റെ മനസ്സും!
സെയിൽസ് എഞ്ചിനീയറായും പിന്നീട് പാനൽ പീനയുടെ ചീഫ് എക്സിക്യുട്ടിവ് ആയും ജോലി തുടർന്ന മാധവന്റെ മാനസ പദ്ധതിയെന്നോ, സ്വപ്നപദ്ധതിയെന്നോ വിശേഷിപ്പിക്കാവുന്നത് ഫ്ലൈജാക് എന്ന കന്പനിയായിരുന്നു. ആഗോള പ്രശസ്തിയാർജിച്ച ഈ ബ്രുഹദ് പദ്ധതി ഇന്നും ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകായിരം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും താങ്ങും തണലുമായി വർത്തിക്കുക മാത്രമല്ല അടിക്കടി പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്യുന്നു. 'അവനവനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം' എന്ന ഗുരുദേവന്റെ ഉദ്ബോധനമാണ് ഇന്നും മാധവന്റെ വിശ്വാസപ്രമാണം. 'തിരിഞ്ഞു നോട്ടം' എന്ന ആത്മകഥയിൽ ജീവിതത്തിന്റെ നാൾ വഴികളെ കുറിച്ച് അദ്ദേഹം മനോഹരമായി പ്രതിപാദിക്കുന്നുണ്ട്. വെറുമൊരു ആത്മകഥ എന്നതിലുപരി അതൊരു വഴികാട്ടിയാണ് - അർത്ഥപൂർണമായ ഒരു ജീവിതം നയിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു പ്രമാണ ഗ്രന്ഥം.
എ.എസ്.മാധവനെ ഇന്ന് നാമറിയുന്നത് 'വാര്യർ ഫൌണ്ടേഷൻ' എന്ന മഹത് പ്രസ്ഥാനത്തിലൂടെയാണ്. ഒരു അതുല്യമായ വടവൃക്ഷമെന്നെ ഈ സ്ഥാപനത്തെ കുറിച്ച് പറയുവാൻ സാധിക്കൂ. ഇതിന്റെ തണലിൽ തഴച്ചുവരുന്ന മുംബൈയിലെ ബാലമന്ദിരവും കേരളത്തിലുള്ള അനുബന്ധസ്ഥാപനവും അടുത്തറിയുന്പോൾ നമ്മുടെ മനസ്സ് നമ്മോട് മന്ത്രിക്കും 'എ മിഷൻ വിത്ത് എ വിഷൻ' എന്ന് പറയുന്നതും പറയേണ്ടതും ഇത്തരം അഭിജാതവും അനുഗ്രഹ പ്രഭാവകരവുമായ കർമപദ്ധതികളെപ്പറ്റിയാണ്. ഒരു കാലത്ത് ഭാരതത്തിലെയും കേരളത്തിലെയും മന്ത്രം നിഷ്കാമകർമമെന്നായിരുന്നു, ഇത് തന്നെയാണ് മുംബൈയിലെയും തിരുനാവായയിലെയും മറ്റും എ.എസ്. മാധവന്റെ അക്ഷീണമായ സ്ഥിരോൽസാഹത്തിന്റെ പ്രതീകങ്ങളായ സ്ഥാപന സമുച്ചയം.
ബാലമന്ദിരത്തിലെ അനാഥരായ ഈ കുട്ടികൾക്ക് വേണ്ടത് നിലനിൽപ്പിനുള്ള ആധാരമാണ്, സ്നേഹവും വാൽസല്യവുമാണ്. ഇവ രണ്ടും നൽകുവാൻ വാര്യർ ഫൌണ്ടേഷൻ സജ്ജമാണെങ്കിലും, കൊച്ചുമക്കൾക്ക് നൽകുവാൻ ഏറെ സ്നേഹവും വാത്സല്യവും കൊണ്ടു നടക്കുന്ന, ഒരുപക്ഷെ മാറുന്ന ജീവിതസാഹചര്യങ്ങളിൽ ഇത് നൽകുവാൻ സാധിക്കാതെ വാർധക്യം തള്ളി നീക്കുന്ന ഏറെ പേരുണ്ട് നമുക്ക് ചുറ്റും. ഇവരെയും വാര്യർ ഫൌണ്ടേഷന്റെ സ്നേഹാലയത്തിന്റെ കുടക്കീഴിലേക്ക് കൊണ്ടു വരികയെന്നായിരുന്നു അടുത്ത ലക്ഷ്യം. 'യൂണിവേഴ്സൽ സെന്റർ ഫോർ ഇൻഡിവീജ്വൽ ഇന്റഗ്രെഷൻ' എന്ന ബ്രുഹത് കേന്ദ്രമാണ് ഇതിനായി വാര്യർ ഫൌണ്ടേഷൻ സ്ഥാപിച്ചത്. ആയിരത്തോളം പേർക്ക് ഒന്നിച്ചിരിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു ഓഡിറ്റോറിയം, വൃദ്ധജനങ്ങളുടെ അനായാസമായ താമസത്തിനായി മനോഹരവും സൗകര്യപ്രദവുമായ ഒട്ടേറെ മുറികൾ, യോഗപരിശീലനത്തിനായി മറ്റൊരു ഹാൾ എന്നിങ്ങനെ ഈ കെട്ടിടത്തിൽ സജ്ജമാക്കിയിരിക്കുന്നു.
പക്ഷെ, വാര്യർ ഫൌണ്ടേഷന്റെ ദർശനം ഇതിലൊന്നും ഒതുങ്ങുന്നില്ല. 'യൂണിവേഴ്സൽ സെന്റർ ഫോർ ഇൻഡിവീജ്വൽ ഇന്റഗ്രെഷൻ' ഒരു മഹാപ്രസ്ഥാനമായി ഉയർത്തുന്നതിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള, നാനാതരത്തിലുള്ള ഒരു വലിയ ജനസമൂഹത്തിന് വെളിച്ചമായി വർത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ലോകനന്മയ്ക്കായി ഭാരതത്തിന്റെ വിവിധ തത്ത്വചിന്തകൾ സമന്വയിപ്പിച്ച് അത് ആധുനികസമൂഹത്തിന് പ്രാപ്യമായ ഭാഷയിൽ അവതരിപ്പിക്കുക, അത് ഒരു ജീവിത ദർശനമായിത്തന്നെ തുടരുവാൻ പ്രേരിപ്പിക്കുക എന്ന മഹത് ദൌത്യമുണ്ട് വാര്യർ ഫൌണ്ടേഷനു മുന്നിൽ. അതിനായി കർമോന്മുഖരായ ഒരു കൂട്ടം ദാർശനികർ അഹോരാത്രം തങ്ങളുടെ ജോലിയിൽ വ്യാപ്രുതരാണ്.
നിളാ നദിയുടെ തീരത്ത് നിന്ന് ഏറെ ദൂരെയല്ലാത്ത കെട്ടിട സമുച്ചയമുൾക്കൊള്ളുന്ന വിശാലമായ പറന്പിൽ കളിച്ചു നടക്കുന്ന കുട്ടികളുടെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ട്. എ.എസ്. മാധവൻ എന്ന ദാർശനികൻ പടുത്തുയർത്തിയ ഈ തറവാട്ടിൽ തലങ്ങും വിലങ്ങും ഇന്ന് ഓടി നടക്കുന്നത് ലോകം അനാഥരെന്ന് വിളിക്കുന്ന കുറെയേറെ കുട്ടികളാണ്. ചാരുപടിയിൽ പെണ്‍കുട്ടികൾ പൂമാല കോർക്കുകയല്ല, അക്ഷരങ്ങൾ കോർത്ത് സ്വന്തം ഭാവി നിശ്ചയിക്കുകയാണ്.
ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി പൂമുഖത്ത് ഒരു മുത്തശ്ശിയിരിപ്പുണ്ട്! ഈശ്വരനാമങ്ങൾക്ക് പകരം ഈ മുത്തശ്ശിയുടെ നാവിൽ അനാഥരും നിസ്സഹായരുമായ കുറെയേറെ പെണ്‍കുട്ടികളുടെ പേരുകളാണ്, മനസ്സിൽ നിറയെ അവരോടുള്ള വാത്സല്യമാണ്. സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ ആ മുത്തശ്ശിയെക്കുറിച്ച് മറ്റൊരു ഭാഗത്തിൽ വായിക്കാം.
പ്രീത് നന്പ്യാർ