ഇനിയുമൊടുങ്ങാത്ത ചോരക്കളി

സിറിയയിലെ ഐ.എസ് സ്വാധീനത്തിനെതിരായ റഷ്യൻ നടപടി വിജയകരമായി തുടരുന്പോൾ തീവ്രവാദികൾ തൊട്ടടുത്ത ടർക്കിയെ കുരുതിക്കളമാക്കുന്നു.
സിറിയൻ മണ്ണിലെ വിമത നീക്കങ്ങൾ ഇല്ലായ്മ ചെയ്യാനെന്ന പേരിൽ റഷ്യ ഐ.എസ്സിനെതിരെ നടത്തുന്ന സൈനിക നടപടി വിജയകരമായ രണ്ടാം വാരത്തിലേയ്ക്കു കടക്കുന്പോൾ തീവ്രവാദത്തിന്‍റെ നിഷ്ഠൂരതകൾ പക്ഷേ പശ്ചിമേഷ്യയിലും പരിസരങ്ങളിലും അതിന്‍റെ വിശ്വരൂപമെടുത്തു തിമിർത്താടുകയാണ്. ടർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ തീവ്രവാദികൾ നടത്തിയ ഇരട്ട ബോംബാക്രമണത്തിൽ 97 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അങ്കാറ റയിൽവേ േസ്റ്റഷനടുത്തായിരുന്നു രണ്ടു സ്ഫോടനങ്ങളുമുണ്ടായത്. മരണ സംഖ്യ ഇതിലും ഉയർന്നേക്കാനാണ് സാദ്ധ്യത. നൂറുകണക്കിനാൾക്കാർക്കു പരിക്കേറ്റിട്ടുണ്ട്. ഒരിടത്ത് തീവ്രവാദികൾക്കെതിരായ ആക്രമണം പുരോഗമിക്കുന്പോൾ തൊട്ടടുത്ത് തീവ്രവാദികൾ പുതിയ പോർ മുഖങ്ങൾ തുറക്കുകയാണ്. സമാധാനം കാംഷിക്കുന്ന ലോകത്തിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതു തന്നെയാണ് ഇത്.
സിറിയയിൽ റഷ്യ കഴിഞ്ഞയാഴ്ച ഏകപക്ഷീയമായി ആരംഭിച്ച സൈനിക നടപടി അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും താൽപ്പര്യങ്ങൾക്കു വിഘാതമായിരുന്നു എങ്കിലും ലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. അതുകൊണ്ടു തന്നെയാണ് സൈനിക നടപടി പുരോഗമിക്കുന്ന വാർത്തകൾ പുതിയ ഊഹാപോഹങ്ങൾക്കും വഴി വെച്ചത്. സിറിയയിലെ വിമതർക്കും ഐ.എസ്സിനും റഷ്യൻ നീക്കത്തിൽ കനത്ത നാശം നേരിട്ടതോടെ മലയാളത്തിലെ ചില മാധ്യമങ്ങൾ പോലും ഐ.എസ്സിന്‍റെ ക്ഷിപ്ര നാശം പ്രവചിച്ചു. എന്നാൽ ഇതൊരൽപ്പം തിരക്കിട്ട വിലയിരുത്തലായിപ്പോയി എന്നതാണു വാസ്തവം. ഐ.എസ്സിനെക്കുറിച്ചും പൊതുവേ തീവ്രവാദ സംഘടനകളുടെ ചരിത്രത്തെക്കുറിച്ചും പാടേ വിസ്മരിച്ചുകൊണ്ടുള്ളവയായിരുന്നു ആ വിലയിരുത്തലുകൾ.
ഓരോ നശീകരണ പ്രതിഭാസങ്ങളും സൃഷ്ടിക്കുന്നത്ര എളുപ്പമല്ല അതിനെ വേരോടേ ഉന്മൂലനം ചെയ്യാൻ എന്ന സത്യം നമുക്കൊക്കെ നന്നായറിയാം. അതിനു ലോക ചരിത്രത്തിൽ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും കാണാം. അവയിൽ ചിലതു മൂലമുള്ള തലവേദനകൾ ലോകത്തിന്‍റെ കൂട്ടായ ശ്രമങ്ങൾക്കൊടുവിലും ഇപ്പോഴും തുടരുകയുമാണ്. ഏറെ ശക്തമല്ലാത്ത അൽ ഖ്വയ്ദയെന്ന തീവ്രവാദ സംഘടനയെ ചൊല്ലും ചെലവും കൊടുത്തു വളർത്തി വലുതാക്കിയത് അമേരിക്കയായിരുന്നു എന്നത് ഇന്നു രഹസ്യമല്ല. അഫ്ഗാനിസ്ഥാനിലെ റഷ്യൻ ആധിപത്യം ഇല്ലാതാക്കാൻ അൽഖ്വയ്ദയെ അവർ അതി വിദഗ്ധമായി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ അതിനുള്ള ശ്രമങ്ങളിൽ അറിഞ്ഞോ അറിയാതെയോ താലിബാനെന്ന മറ്റൊരു ഭീകര സംഘടനയുടെ വളർച്ചക്കും അവർ വളം െവയ്ക്കുകയായിരുന്നു. ചുരുക്കത്തിൽ റഷ്യക്കെതിരായ സ്വന്തം താൽപ്പര്യം നടപ്പാക്കാനായി യാങ്കികൾ വളർത്തി ലോകത്തിന്‍റെ സുരക്ഷക്കു ഭീഷണിയാക്കിയത് രണ്ടു തീവ്രവാദി സംഘടനകളെയായിരുന്നു. ഇവയിൽ അൽഖ്വയ്ദ ലോകത്തിനാകെയും ഒടുക്കം അവർക്കു തന്നെയും കടുത്ത ഭീഷണിയായതോടെ അമേരിക്കയ്ക്ക് സഖ്യകക്ഷികളുടെ സഹായത്തോടേ അവർക്കെതിരേ സർവ്വ സന്നാഹങ്ങളുമെടുത്ത് അടരാടേണ്ടി വന്നു. അതിനായി സ്വന്തം പക്ഷത്ത് ഒരുപാടു ജീവനുകളും അവർക്കു ബലി നൽകേണ്ടിവന്നു. ഒടുവിൽ അൽഖ്വയ്ദയുടെ നായകനും സ്ഥാപകനുമായ ബിൻ ലാദനെ തന്നെ പാകിസ്ഥാനിൽ നടത്തിയെന്നു പറയപ്പെടുന്ന സൈനിക നടപടിയിലൂടെ ഇല്ലായ്മ ചെയ്തിട്ടും അൽഖ്വയ്ദ ലോക സമാധാനത്തിനു ഭീഷണിയായി തുടരുന്നു. തുടങ്ങി വെയ്ക്കുന്നതു പോലെയോ വളർത്തുന്നതു പോലെയോ എളുപ്പമല്ല ഒരു തീവ്രവാദ സംഘടനകളെയും നിലക്കു നിർത്തുന്നതും അവസാനിപ്പിക്കുന്നതുമൊക്കെ. തീവ്രവാദം കടന്നു കയറി മലീമസമായ മനസ്സുകളെ അതിൽ നിന്നും പിന്‍തിരിപ്പിക്കുക എന്നതു പോലും അത്ര എളുപ്പമല്ല. അങ്ങനെയുള്ള ആശയ ഗതികളെ എന്നെന്നേക്കുമായി സമൂഹമനസ്സിൽനിന്നും ഇല്ലായ്മചെയ്യുക എന്നത് പ്രായേണ അസാദ്ധ്യമാണ് എന്നു ചരിത്രം വ്യക്തമാക്കുന്നു.
ഇ വലിയ പാഠം മുന്നിൽ നിൽക്കെത്തന്നെ ഐ.എസ് എന്ന സംഘടനയുടെ കാര്യത്തിൽ അമേരിക്ക പിഴവുകൾ ആവർത്തിച്ചു എന്ന ആരോപണം അതി ശക്തമാണ്. ലോക ഭീഷണിയായി വളർന്നിട്ടും ഐ.എസ്സിനെതിരേ ശക്തവും ഫലപ്രദവുമായ നടപടികൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരുന്നത് ഈ വാദത്തിനു ശക്തി പകർന്നു. ഐ.എസ് ഒരു വശത്തു ശക്തമാകുന്പോഴും അതിനെ ലോകഭീഷണി എന്ന തലത്തിനപ്പുറം സിറിയയിലെ ബാഷർ അൽ അസദ് സർക്കാരിനെതിരായ ഒരു ആയുധമാക്കി വളർത്തിയെടുക്കാനും നിലനിർത്താനുമായിരുന്നു അമേരിക്ക താൽപ്പര്യപ്പെട്ടത് എന്നു വിലയിരുത്തുന്നതിൽ തെറ്റില്ല. ഇതിനു സൈനിക വിദഗ്ദ്ധർ നിരത്തുന്ന ന്യായങ്ങൾ പലതാണ്. ഇറാഖ് അധിനിവേശത്തോടേ മേഖലയിലെ അമേരിക്കൻ സാന്നിദ്ധ്യം അതിശക്തമാണ്. ആ സൈനിക ശക്തിക്ക് അടുത്തിടെ മാത്രം ആവിർഭവിച്ച ഐ.എസ് എന്ന തീവ്രവാദ സംഘത്തെ തുടക്കത്തിൽ തന്നെ ഇല്ലായ്മ ചെയ്യാനായില്ല എന്നു കരുതാനാവില്ല. സഖ്യ സൈനികശക്തികൾ സ്വതന്ത്രമായി ഐ.എസ്സിനെതിരേ ആക്രമണം നടത്തുന്ന സാഹചര്യങ്ങളുണ്ടാകാതിരിക്കാനും അവർ ശ്രദ്ധിച്ചിരുന്നോ എന്നുപോലും ആരോപണങ്ങളുണ്ട്.
ഐ.എസ്സിനെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതകളും ഈ ദിശയിലുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നു. ലോകത്തിന്‍റെ വിദൂര കോണുകളിലുള്ള രഹസ്യങ്ങൾ പോലും അപ്പോഴപ്പോളറിയാൻ ശേഷിയുള്ളതാണ് അമേരിക്കയുടെ രഹസ്യാന്വേഷണ സംവിധാനം. ലോകത്തേ ഏറ്റവും ശക്തമായ ചാരസംഘടനയായ സി.ഐ.എ പക്ഷേ ഐ.എസിനെപ്പറ്റി കാര്യമായ അറിവുകളുണ്ടന്നു പ്രത്യക്ഷത്തിൽ ഭാവിക്കുന്നില്ല. ഇതു സത്യമാണെന്ന് വിശ്വസിക്കാൻ സി.ഐ.എയെക്കുറിച്ചറിയാവുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ്. അങ്ങനെ വരുന്പോൾ അൽഖ്വയ്ദയുടെ കാര്യത്തിൽ സംഭവിച്ച പിഴവ് ഐ.എസ്സിന്‍റെ കാര്യത്തിലും അവർക്കു സംഭവിച്ചോ എന്നു സംശയിക്കാം. ഐ.എസ്സിനെതിരായി റഷ്യൻ സൈനിക നടപടി ഫലം കണ്ടു തുടങ്ങിയതോടെ അമേരിക്കയും നടപടി ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതൊരു മുഖം രക്ഷിക്കലായി മാത്രമേ പക്ഷേ വിലയിരുത്തപ്പെടൂ. അതിനുമപ്പുറം ഏത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ഐ.എസ്സിന്‍റെ ഭീഷണി അടുത്തെങ്ങും അവസാനിക്കില്ലെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. അമേരിക്ക തന്നെ ഇനിയും അതുളവാക്കുന്ന ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം. പക്ഷേ പശ്ചിമേഷ്യൻ അതിർത്തിക്കപ്പുറം ടർക്കിയിൽ ഇന്നലെയൊഴുകിയ ചോരപ്പുഴയ്ക്കും അടിസ്ഥാന കാരണങ്ങൾ ഐ.എസ് അനുബന്ധം തന്നെയാണ് എന്ന് ചില സൈനിക വിദഗ്ദ്ധർ വിലയിരുത്തുന്നു. സ്ഫോടനത്തിന്‍റെ സ്വഭാവവും ശൈലിയും വിലയിരുത്തിയാണ് അവർ ഈ സൂചന നൽകുന്നത്. ഇത്ര വലിയൊരു സ്ഫോടനം ഇത്രവലിയ ആസൂത്രണത്തോടേ കൃത്യമായി നടപ്പാക്കാൻ ഐ.എസിനേ കഴിയൂ എന്നാണ് ഈ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
അങ്കാറ റയിൽവേ േസ്റ്റഷനടുത്ത് കുർദിഷ് വിമത സംഘടനയുടെ റാലിക്കു തൊട്ടുമുന്പായിരുന്നു സ്ഫോടനം. കഴിഞ്ഞ ജൂലൈയിൽ സമാനമായൊരു കുർദിഷ് റാലിക്കിടെയുണ്‍ടായ ബോംബു സ്ഫോടനത്തിൽ 34 പേർ കൊല്ലപ്പെട്ടിരുന്നു. സിറിയൻ അതിർത്തിയിലെ സുറൂസിൽ നടന്ന ആ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഇത്ര ശക്തമല്ലായിരുന്നുവെങ്കിലും ഇത്തരം സംഭവങ്ങൾ അടുത്തിടെ ആവർത്തിക്കപ്പെട്ടു. ഐ.എസും ടർക്കി സർക്കാരുമായി അടുത്ത കാലം വരെ പരസ്പരം മൃദു സമീപനമാണു പുലർത്തിപ്പോരുന്നത്. ഐ.എസ് ഇതുവരെ ടർക്കി ഭരണ സംവിധാനങ്ങൾക്കോ ഭരണകക്ഷിയുടെ റായികൾക്കു നേരെയോ ആക്രമണം നടത്തിയിട്ടില്ല. ടർക്കി പ്രസിഡണ്ട് തയ്യിപ് എർദോഗന്‍റെ സർക്കാരാകട്ടെ ഐ.എസിനെക്കാൾ വലിയ ശത്രു കുർദ് രാഷ്ട്രീയ കക്ഷികളാണ് എന്ന നിലപാടിലും. ഇതൊക്കെക്കൊണ്ടു തന്നെ ഇന്നലെ നടന്ന ആക്രമണത്തിനു പിന്നിൽ ഐ.എസ് ആകാനുള്ള സാദ്ധ്യത ഏറെയാണ്. ഇതെന്തായാലും ഇന്നലത്തെ ആക്രമണം ടർക്കിയിലെ രാഷ്ട്രീയ അസ്വസ്ഥതകൾ കൂടുതൽ ശക്തമാക്കും എന്നുറപ്പാണ്. 2003ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ എർദോഗൻ കഴിഞ്ഞ വർഷമാണ് രാജ്യത്തിന്‍റെ പ്രസിഡണ്ടായത്. എന്നാൽ കഴിഞ്ഞ തെരഞ്ഞടുപ്പിൽ കുർദിഷ് കക്ഷിയായ എച്ച്.ഡി.പി നേട്ടമുണ്ടാക്കിയതോടേ എർദോഗന്‍റെ നില പരുങ്ങലിലായി. ഇതിനെ അതിജീവിക്കാൻ അടുത്ത മാസം ഒന്നിനു രാജ്യത്ത് പൊതു തെരഞ്ഞടുപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഉണ്ടായ ദുരന്തം തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനു വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്.
പശ്ചിമേഷ്യയും യൂറോപ്പും കൂടുതൽ അസ്വസ്ഥമാകുന്നു. വൻശക്തികൾ സ്വന്തം നിലപാടുകളിൽ കൂടുതൽ കാർക്കശ്യം പലർത്തുകയും സമവായങ്ങൾക്കപ്പുറത്തേക്ക് ആക്രമണത്തിന്‍റെ ചാട്ടുളിപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നു. ഐ.എസിന്‍റെ നാശത്തിനുമപ്പുറം ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള സാഹചര്യങ്ങളാണ് വാസ്തവത്തിൽ സംജാതമാകുന്നത്. പക്ഷേ അങ്ങനെയൊന്നിന്‍റെ സർവ്വനാശ സാദ്ധ്യതയെക്കുറിച്ച് ഇന്നു ലോകത്തിനു കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് യുദ്ധത്തിന്‍റെ കാർമേഘങ്ങൾ അകന്നു നിൽക്കുമെന്നു തന്നെ നമുക്കു പ്രത്യാശിക്കാം.
വി.ആർ സത്യദേവ്