ആടിയുലയുന്ന അപ്രമാദിത്വം


സിറിയയിലെ അസദ് വിരുദ്ധ ശക്തികൾക്കെതിരായ റഷ്യൻ‍ സൈനിക നടപടി അഞ്ചാം ദിവസത്തിലേയ്ക്കു കടക്കുമ്പോൾ ആടിയുലയുന്നത് ആഗോള രാഷ്ട്രീയത്തിലെ അമേരിക്കൻ‍ അപ്രമാദിത്വം കൂടിയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ‍ വിരുദ്ധ പോരാട്ടത്തിലെ പിഴവുകൾ അവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

“ഭീകരത നിങ്ങളുടെ ഉത്പന്നവും നുണപ്രചാരണ രീതിയുമാണ്. ചരിത്രം ആദ്യം നിങ്ങളെയും നിങ്ങളുടെ കുറ്റകൃത്യങ്ങളെയും വിലയിരുത്തട്ടെ. ബാഗ്ദാദിന്‍റെ ചുവരുകളിൽ‍ നിങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഞാനൊരിക്കൽ‍ മുന്നറിയിപ്പു നൽ‍കിയിരുന്നു. അതിന്‍റെ വിലയാണ് നിങ്ങളിപ്പോൾ നൽ‍കുന്നത്.”

തടവിലാക്കപ്പെട്ട ഇറാഖ് നായകൻ‍ സദ്ദാം ഹുസൈൻ‍ അൽ‍ തിക്രിതി അന്നത്തെ അമേരിക്കൻ‍ പ്രതിരോധ സെക്രട്ടറി ഡൊണാൾ‍ഡ് റംസ്ഫെൽ‍ഡിനോടു പറഞ്ഞതാണ് ഇത്. അതീവനാശ ശേഷിയുള്ള ആയുധങ്ങൾ കൈവശം വെച്ചു എന്ന നുണയുടെ പിൻ‍ബലത്തിൽ‍ സദ്ദാമിനെ നിഷ്കാസിതനാക്കിയ ശേഷം ബുഷിന്‍റെ നേതൃത്വത്തിലുള്ള അമേരിക്കൻ‍ ഭരണകൂടം നടത്തിയ വിലപേശലുകളുടെ ഭാഗമായിരുന്നു ആ സംഭാഷണം. കരുത്തനായ സദ്ദാമിനെ കരുത്തിന്‍റെ കുരുക്കിൽ‍ ഭൗതികമായി ഇല്ലാതാക്കാൻ‍ കഴിഞ്ഞു എങ്കിലും ആ ദീർ‍ഘദർ‍ശിയുടെ വാക്കുകൾ അമേരിക്കയെയും അവരുടെ വിധിയെയും പിന്തുടരുകയാണ്. സ്വന്തം നുണകളുടെ വില അവരിപ്പോൾ നൽ‍കിക്കൊണ്ടിരിക്കുകയാണ്.

യു.എസ്.എസ്സാറിന്‍റെ പതനവും ശീതയുദ്ധത്തിന്‍റെ അവസാനവും തൊട്ടിങ്ങോട്ടുള്ള അമേരിക്കൻ‍ അപ്രമാദിത്വത്തിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്നു. പുതിയ ലോകഭീഷണിയായ ഐ.എസ്സിനെതിരേ ലോക പോലീസിനു ഫലപ്രദമായി ഇടപെടാൻ‍ കഴിയാതിരിക്കുന്നതും ഐ.എസിനെതിരായുള്ള റഷ്യൻ സൈനിക നീക്കത്തെ തടയാൻ കഴിയാതിരുന്നതുമൊക്കെ അമേരിക്കൻ കരുത്തിന്‍റെയും ഏകധ്രുവ ലോകത്തിന്‍റെയും സ്വാഭാവികമായ അപചയത്തിന്‍റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. വാസ്തവത്തിൽ‍ ഇതിന്‍റ തുടർ‍ച്ച തന്നെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാന്‍റെ മണ്ണിൽ‍ അവർ‍ക്കു പറ്റുന്ന പിഴവുകളും. പക്ഷേ ഇതിന്‍റെയൊക്കെ ഫലം ആത്യന്തികമായി അനുഭവിക്കാൻ വിധിക്കപ്പെട്ടത് അധികാര രാഷ്ട്രീയത്തിന്‍റെ ഗുണങ്ങളൊന്നും ഒരുകാലത്തും അനുഭവ വേദ്യമായിട്ടില്ലാത്ത സാധാരണക്കാരാണ് എന്നതാണ് പരിതാപരമായ വസ്തുത.

ആഗോള ശാക്തിക സമവാക്യങ്ങൾ വീണ്ടും അതിവേഗം മാറിമറിയുകയാണ്. ഒരു സാമ്രാജ്യത്വത്തിനും എല്ലാക്കാലത്തും തങ്ങളുടെ ആഗോള മേധാവിത്വം കുത്തകയാക്കി വെക്കാനാവില്ലെന്ന സത്യം ഒരിക്കൽ‍ക്കൂടി വെളിവാക്കപ്പെടുന്നു. നാലുവർ‍ഷമായി ആഭ്യന്തര പോരാട്ടം തുടരുന്ന സിറിയൻ‍ മണ്ണിൽ‍ റഷ്യ നടത്തുന്ന തീവ്രവാദ വിരുദ്ധ സൈനിക നടപടി ഇതാണു വ്യക്തമാക്കുന്നത്. സിറിയയിലെ ഐ.എസ്സടക്കമുള്ള സകല സർ‍ക്കാർ‍ വിരുദ്ധ തീവ്രവാദ ശക്തികൾക്കുമെതിരായാണ് റഷ്യ സൈനിക നടപടി തുടരുന്നത്. ആക്രമണം തുടർ‍ച്ചയായ അഞ്ചാം ദിവസത്തിലേക്കു കടക്കുന്പോഴും കൈയും കെട്ടി നിന്ന് അപലപിക്കാൻ‍ മാത്രമാണ് അമേരിക്കയ്ക്കും അവരെ അനുകൂലിക്കുകയും അനുസരിക്കുകയുമൊക്കെ ചെയ്യുന്ന സാമന്ത രാജ്യങ്ങൾക്കുമാകുന്നത്.

ഇന്നു കാലത്തുവരെ ഇരുപത്തഞ്ചോളം ആക്രമണങ്ങളാണ് റഷ്യൻ പോർ‍ വിമാനങ്ങൾ സിറിയയിലെ വിമത കേന്ദ്രങ്ങൾക്കു നേരേ അഴിച്ചു വിട്ടത്. ഇതിൽ‍ ഐ.എസിനും സിറിയയിലെ അസദ് വിരുദ്ധ സൈനിക സംഘങ്ങൾക്കും കനത്ത നാശനഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാണു റിപ്പോർ‍ട്ട്.

ഐ.എസിന്‍റെ ആസ്ഥാനമെന്നു വിശേഷിപ്പിക്കന്ന സിറിയൻ നഗരമായ റാഖ, വിമത ശക്തി കേന്ദ്രങ്ങളായ ഹമ, ഹോംസ്, ഇദ്ലിബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ശക്തമായ ബോംബാക്രമണങ്ങൾ തുടരുന്നത്. ഇദ്ലിബിൽ‍ വിമതരുടെ ഒരു വലിയ പരിശീലന കേന്ദ്രവും റഷ്യൻ‍ ആക്രമണത്തിൽ‍ തകർ‍ന്നു. ഇത് അമേരിക്കൻ ചാര സംഘടനയായ സി.ഐ.ഏയുടെ സഹായത്തോടെയായിരുന്നു പ്രവർ‍ത്തിച്ചിരുന്നത്. ഇത്തരമൊരാക്രമണം നടന്നിട്ടും സംഭവത്തിൽ‍ അപലപിക്കാൻ‍ മാത്രമാണ് അമേരിക്കക്കു കഴിഞ്ഞിട്ടുള്ളത്. സിറിയൻ പ്രശ്നത്തിൽ‍ അമേരിക്ക കൈക്കൊണ്ടിട്ടുള്ള ഇരട്ടത്തപ്പു മൂലമാണ് ഇതെന്നു വിലയിരുത്താം. ലോകഭീഷണിയായ ഐ.എസ്സിനെക്കുറിച്ച് നേരത്തേ സിറിയൻ നായകൻ ബാഷർ‍ അൽ‍ അസദ് നൽ‍കിയ മുന്നറിയിപ്പുകൾ അവഗണിച്ചാണ് അമേരിക്കയും സഖ്യ ശക്തികളും അസദ് വിരുദ്ധ നീക്കങ്ങൾ ശക്തമാക്കിയത്. ഇത് സിറിയയെ ദുർ‍ബലമാക്കി എങ്കിലും ഐ.എസിനെ ഒരു ഭീകര ശക്തിയായി വളർ‍ത്തി എന്നതു പരിഗണിക്കുന്പോൾ മനുഷ്യാവകാശത്തിന്‍റെ പേരിൽ‍ നുണക്കഥകൾ മെനഞ്ഞു സദ്ദാമിനെ ഇല്ലായ്മ ചെയ്തതിനു സമാനമായി സിറിയയിലെ സംഭവവികാസങ്ങളെയും കണ്ടാൽ‍ അതിൽ‍ തെറ്റു പറയാനാവില്ല. അമേരിക്കയുടെ സ്വാർ‍ത്ഥം മൂലമുള്ള അന്ധമായ അസദ് വിരോധം ആത്യന്തികമായി ഐ.എസ്സിനെ ശാക്തീകരിക്കുക തന്നെയായിരുന്നു.

സോവ്യറ്റ് യൂണിയന്‍റെ കാലം തൊട്ട് തങ്ങളുടെ സൗഹൃദ രാഷ്ട്രമായ സിറിയക്കു മേൽ‍ എന്തു കാരണം കൊണ്ടായാലും ഏകപക്ഷീയമായ ഒരു അധിനിവേശം അംഗീകരിച്ചു കൊടുക്കില്ലന്ന റഷ്യൻ കടുംപിടുത്തം ഒന്നുകൊണ്ടു മാത്രമാണ് അമേരിക്കക്കും ഇതര പാശ്ചാത്യ അധിനിവേശ ശക്തികൾക്കും അവിടെ അത്തരത്തിലൊരു നടപടി സാദ്ധ്യമാകാതെ വന്നത്. അസദ് വിരുദ്ധ നീക്കങ്ങളിൽ‍ അമേരിക്ക ഐ.എസ്സിനെപ്പോലും ഉപയോഗിച്ചിരുന്നുവെന്നും ഉപയോഗിക്കുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഇപ്പോഴും ശക്തവുമാണ്. ഇപ്പോഴത്തെ ഐ.എസ് നായകൻ‍ അബുബക്കർ‍ അൽ‍ ബാഗ്ദാദി പ്രമുഖ അമേരിക്കൻ‍ നേതാവായ ജോൺ മക് കെയിനുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും നമുക്ക് ഇതിനോടു ചേർ‍ത്തു വായിക്കാം.

റഷ്യ നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരേ അമേരിക്കക്കൊപ്പം ബ്രിട്ടൻ‍, ടർ‍ക്കി, ഫ്രാൻ‍സ്, ജർ‍മ്മനി, ഖത്തർ‍, സൗദി എന്നീ രാഷ്ട്രങ്ങളും അപലപിച്ചിട്ടുണ്ട്. റഷ്യൻ‍ നടപടി മേഖലയിലെ സംഘർ‍ഷങ്ങൾ ശക്തമാക്കാനേ ഉപകരിക്കൂവെന്നാണ് ഈ രാജ്യങ്ങളുടെ ആശങ്ക. എന്നാൽ‍ ഐ.എസ് എന്ന ലോകഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കാൻ‍ അമേരിക്കൻ‍ പക്ഷത്തിനു കഴിയാത്ത സാഹചര്യത്തിൽ‍ റഷ്യ അവർ‍ക്കെതിരെ ശക്തവും ഫലപ്രദവുമായൊരു നീക്കം നടത്തുന്നതിനെ എന്തിനാണ് അവരെതിർ‍ക്കുന്നത് എന്ന ചോദ്യം ബാക്കിയാകുന്നു. ഇവിടെ വീണ്ടും അമേരിക്കൻ‍ സാമ്രാജ്യത്വത്തിന്‍റെ തനിനിറം വെളിവാകുന്നു. തത്വത്തിൽ‍ ഐ.എസിന്‍റെ നാശത്തെക്കാൾ അമേരിക്കക്കു പ്രധാനം മറ്റു ചിലതാണെന്നും വ്യക്തമാകുന്നു. ആയുധക്കച്ചവടമടക്കം മറ്റു പലകാര്യ സ്വാർ‍ത്ഥ താൽ‍പ്പര്യങ്ങൾക്കുമായി ലോകത്തിന്‍റെ വിവിധയിടങ്ങളിൽ‍ സംഘർ‍ഷങ്ങൾ നിലനിൽ‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിന് ആഗോള രാഷ്ട്രീയത്തിലെ അപ്രമാദിത്വം കൂടിയേ തീരൂ. ഈ താൽ‍പ്പര്യമാണ് ഇപ്പാൾ റഷ്യൻ‍ സൈനിക നടപടിയിലൂടെ ഇല്ലാതാകുന്നത്.

അമേരിക്കൻ‍ മേധാവിത്വത്തെ വ്യക്തമായി നിരാകരിക്കുന്ന തരത്തിലുള്ളതായിരുന്നു റഷ്യയുടെ സിറിയൻ‍ നടപടി. ആക്രമണം ആരംഭിക്കുന്നതിന് കൃത്യം ഒരൊറ്റ മണിക്കൂർ‍ മാത്രം മുന്പു മാത്രമായിരുന്നു റഷ്യ ഇതു സംബന്ധിച്ച് അമേരിക്കയുമായി ആശയവിനിമയം നടത്തിയത്. അതും ഒരു അനുവാദം ചോദിക്കലൊന്നും ആയിരുന്നുമില്ല. മേഖലയിൽ‍ തങ്ങൾ തീവ്രവാദ വിരുദ്ധ നടപടി ആരംഭിക്കാൻ‍ പോവുകയാണെന്നും സിറിയൻ‍ ആകാശത്തു നിന്നും തൽ‍ക്കാലത്തേക്ക് സഖ്യകക്ഷികളുടെ വിമാനങ്ങൾ അതിനു തടസ്സമാകാതെ ഒഴിഞ്ഞു നിൽ‍ക്കണമെന്നും മാത്രമായിരുന്നു അമേരിക്കക്ക് റഷ്യ നൽ‍കിയ നിർ‍ദ്ദേശം. ഇതിന്‍റെ പ്രതികരണം വരും മുന്പു തന്നെ റഷ്യൻ‍ പോർ‍ വിമാനങ്ങൾ നടപടി തുടങ്ങുകയും ചെയ്തിരുന്നു. അസദ് വിരുദ്ധരുടെ ശക്തികേന്ദ്രങ്ങളായ ആലപ്പോയിലും ഇദ്ലിബിലുമെല്ലാം വിമത പക്ഷത്ത് കാര്യമായ നാശനഷ്ടങ്ങളാണ് റഷ്യൻ‍ സേന വരുത്തി വെച്ചിരിക്കുന്നത്. നിരവധി ഐ.എസ് പോരാളികൾക്ക് ആക്രമണത്തിവ്‍ ജീവൻ‍ നഷ്ടമായെന്ന് റഷ്യൻ‍ സേനാ വക്താവ് ഈഗോർ‍ കോണോഷേങ്കോ അവകാശപ്പെട്ടു. ഐ.എസ്സിന്‍റെ 12 കേന്ദ്രങ്ങൾക്കു കനത്ത നാശം വിതക്കാനായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റഷ്യൻ‍ നടപടി കാര്യങ്ങൾ കൂടുതൽ‍ വഷളാക്കുമെന്നാണ് അമേരിക്കൻ‍ പക്ഷത്തിന്‍റെ ആശങ്ക. ആക്രമണത്തിൽ‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ് എന്നാണവരുടെ നിലപാട്. ഇതും പക്ഷേ അവകാശവാദം മാത്രമാണ്. ആക്രമണത്തിൽ‍ 17 സാധാരണക്കാർ‍ മരിച്ചെന്നാണ് അസദ് വിരുദ്ധ പോരാട്ട സംഘ നായകരിൽ‍ ഒരാളായ ഖ്ദായേർ‍ ഖുഷ്മ പറയുന്നത്. പ്രമുഖ വിമത സംഘടനയായ സിറിയൻ‍ നാഷണൽ‍ കൊളീഷനും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. റഷ്യ ആക്രമണം നടത്തിയ സ്ഥലങ്ങളിലൊന്നും ഐ.എസ്സിനു ശക്തമായ വേരുകളില്ല എന്ന ആരോപണമാണ് അമേരിക്കൻ‍ ആഭ്യന്തര സെക്രട്ടറി ആഷ് കാർ‍ട്ടർ‍ പറയുന്നത്. പക്ഷേ ഇത് റഷ്യ അസദിനെ പരസ്യമായി സഹായിക്കുന്നതിലുള്ള അസഹിഷ്ണുതയിൽ‍ നിന്നും ആവിർ‍ഭവിച്ച സ്വാഭാവിക പ്രതികരണം മാത്രമായി വിലയിരുത്താം. റഷ്യൻ‍ ആക്രമണത്തിനു മറ്റു മാനങ്ങളുണ്ടോയെന്നും അമേരിക്ക ഭയപ്പെടുന്നു.

സിറിയക്കുമേലുള്ള അമേരിക്കൻ‍ താൽ‍പ്പര്യങ്ങൾ സാദ്ധ്യമാകുന്നതിനുള്ള ഏറ്റവും വലിയ തടസം റഷ്യ തന്നെയാണ്. അസദിനെതിരായ ഏകപക്ഷീയമായ സൈനിക നടപടിയെ വീറ്റോ ചെയ്തതും അവരായിരുന്നു. ആ റഷ്യ ഇപ്പോൾ സിറിയക്കുമേലുള്ള തങ്ങളുടെ സ്വാധീനം ഒരുതരത്തിവുള്ള അധീശത്വം തന്നെയാക്കി വളർ‍ത്തുകയാണോ എന്നും അമേരിക്ക ആശങ്കപ്പെടുന്നു. അസദ് അധികാരഭൃഷ്ടനാക്കപ്പെടുകയാണെങ്കിൽ‍ പോലും സിറിയക്കു മേലുള്ള സ്വാധീനം നിലനിർ‍ത്താൻ‍ ഉദ്ദേശിച്ചുള്ളതാണ് ഇപ്പോഴത്തെ സൈനിക നടപടി എന്നാണ് ചില വിദഗ്ദ്ധരുടെ വിലയിരുത്തൽ‍. ഇതും തെറ്റായിക്കൂടണമെന്നില്ല. അങ്ങനെ വന്നാൽ‍ ഇറാഖിനെപ്പോലെ സിറിയയെയും ചൂഷണം ചെയ്യാൻ‍ ഇതുവരെ അമേരിക്ക നടത്തിയതെല്ലാം പാഴ്്വേല മാത്രമാകും.
പലനാൾ കട്ടാൽ‍ ഒരു നാൾ കുടുങ്ങുമെന്ന പഴഞ്ചൊല്ല് വീണ്ടും ഓർ‍മ്മപ്പെടുത്തുകയാണ് ഇവിടെ.

തങ്ങൾക്കു താൽ‍പ്പര്യമില്ലാത്ത ഒരു ആക്രമണത്തോട് ശക്തമായി പ്രതികരിക്കാൻ‍ പോലുമാകാത്ത അമേരിക്കക്കാർ അതിനുള്ള ധാർ‍മ്മിക അടിത്തറ കൂടുതൽ‍ നഷ്ടമാക്കുന്ന സംഭവങ്ങളാണ് അധിനിവേശത്തിന്‍ മറ്റൊരു മണ്ണായ അഫ്ഗാനിസ്ഥാനിൽ‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 15 വർ‍ഷത്തിനുള്ളിൽ‍ താലിബാന്‍റെ ശക്തമായ തിരിച്ചുവരവാണ് അവിടെ നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ‍ കാബൂൾ− തജിക്കിൽഥാൻ‍ ഹൈവേക്കിടയിലുള്ള സുപ്രധാനമായ കുന്ദൂസ്, വാർ‍ദൂജ് എന്നീ സ്ഥലങ്ങൾ അവർ‍ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു. അമേരിക്കൻ‍ സേനയുടെ സഹായത്തോടേ അഫ്ഗാൻ‍ ഔദ്യോഗിക സൈന്യം ഈ സ്ഥലങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന്‍റെ ഭാഗമായി അമേരിക്ക നടത്തിയ ആക്രമണത്തിൽ‍ പ്രദേശത്തെ ഒരു ആശുപത്രി തകർ‍ന്നത് അന്താരാഷ്ട്ര തലത്തിൽ‍ അമേരിക്കക്കെതിരേ വൻ‍ വിമർ‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

മെഡിസിൻ‍സ് സാൻ‍സ് ഫ്രണ്ടിയേഴ്സ് അഥവാ അതിരുകളില്ലാത്ത ആതുര സേവകർ‍ എന്ന രാഷ്ട്രാന്തര സംഘടന നടത്തുന്ന ആശുപത്രിക്കു നേരേ അമേരിക്കൻ‍ സേനയുടെ എ.സി− 130 പോർ‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക റിപ്പോർ‍ട്ട്. ആക്രമണത്തിൽ‍ ഡോക്ടർ‍മാരടക്കം 12 ആതുര സേവകരും 7 രോഗികളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് പ്രസിഡണ്ട് ഒബാമ തന്നെ നിർ‍ദ്ദേശവും നൽ‍കിയിട്ടുണ്ട്. എന്നാൽ‍ ഇത് അമേരിക്കക്കെതിരെയുള്ള കടുത്ത വിമർ‍ശനത്തിനും വഴിവെച്ചിരിക്കുകയാണ്. ലോകമറിഞ്ഞ ഈ നാണംകെട്ട നടപടി മൂലം സിറിയയിലെ റഷ്യൻ‍ സൈനികാക്രമണത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ‍ പോലും ലോകത്തെ ഏറ്റവും കരുത്തരായ അമേരിക്കക്കു കഴിയുന്നില്ല.

“ഭീകരത നിങ്ങളുടെ ഉത്പന്നവും നുണപ്രചാരണ രീതിയുമാണ്. അതിന്‍റെ വിലയാണ് നിങ്ങളിപ്പോൾ നൽ‍കുന്നത്.”

സദ്ദാമിന്‍റെ വാക്കുകൾ ഇവിടെ തികച്ചും പ്രസക്തമാകുന്നു.

You might also like

Most Viewed