സ്‌ത്രീ സാന്നിദ്ധ്യ പ്രശ്നം-ചില വസ്തുതകൾ


എ. ശിവപ്രസാദ്

ഇക്കഴിഞ്ഞ സപ്തംബർ 26ന്  തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിൽ ഒരു പുസ്‌തക പ്രകാശന ചടങ്ങ് നടന്നു. കറന്റ് ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം തന്റെ ആത്മീയ ഗുരു പ്രമുഖ സ്വാമിയെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു അത്. തലേദിവസം രാത്രി പ്രസ്തുത പുസ്തകത്തിന്റെ വിവർത്തക ശ്രീദേവി എസ്. കർത്ത സ്വാമി നാരായൺ‍ സന്യാസി സൻസ്ഥാന്റെ സ്വാമി ബ്രഹ്മ വിഹാരി ദാസ്ജി പങ്കെടുക്കുന്ന ചടങ്ങിൽ വേദിയിലും മുൻ നിരയിലും സ്‌ത്രീകൾ പാടില്ല എന്നതിനാൽ തന്നെ ചടങ്ങിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്ന് സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടു. ഈ ഒരു ഫേസ്ബുക്ക് പോസ്റ്റിനെ ആധാരമാക്കി കൊണ്ട് നാടൊട്ടുക്കും ഹിന്ദു സന്യാസി സമൂഹത്തെ അധിക്ഷേപിക്കുന്ന പ്രചാരണമാണ് മുഴുവൻ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. സോഷ്യൽ മീഡിയയും പത്രങ്ങളും ചാനലുകളും ഹിന്ദു സന്യാസി പരന്പരയെ അധിക്ഷേപിക്കാനുള്ള ഒരു മാർഗ്ഗമായി ഇതിനെ സ്വീകരിച്ചു. അതിൽ അവർ വിജയിക്കുകയും ചെയ്തു.

പുസ്തകം പ്രസിദ്ധീകരിക്കുന്നത് കറന്റ് ബുക്ക്സ് ആണ്. പ്രകാശന ചടങ്ങിന്റെ സംഘാടകരും അവരാണ്. അവർ നടത്തുന്ന പരിപാടിയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതായത് പ്രകാശന ചടങ്ങിൽ നിന്ന് വിവർത്തകയെ ഒഴിവാക്കിയെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കറന്റ് ബുക്ക്സിനാണ്. എന്നാൽ ഈ വിഷയത്തിൽ അധിക്ഷേപ വർഷത്തിന്റെ പ്രളയം ചൊരിഞ്ഞവർ ഇതിന്റെ കുറ്റം മുഴുവൻ സ്വാമി നാരായണൺ പ്രസ്ഥാനത്തിന്റെയും ഹിന്ദു സന്യാസികളുടെയും മേൽ കെട്ടിവെച്ചു.

കലാമിന്റെ പുസ്തകം തന്റെ ആത്മീയ ഗുരുവായ സ്വാമി നാരായൺ സന്യാസ് സൻസ്ഥാന്റെ പ്രമുഖ് സ്വാമിയെ കുറിച്ചാണ്. ഗുജറാത്തിലെ പ്രമുഖ സന്യാസി സമൂഹമായ സ്വാമി നാരായൺ‍ സന്യാസ് സൻസ്ഥാൻ ഗുജറാത്തിൽ മാത്രമല്ല ഭാരതത്തിലുടനീളം ജാതി മത ലിംഗ വ്യത്യാസമന്യേ നിസ്വാർത്ഥമായ നിരവധി സേവാ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു സന്യാസി സമൂഹം സ്‌ത്രീ വിരുദ്ധമായി സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തതായി ഒരു ആരോപണവും വന്നിട്ടുമില്ല. ഭാരതത്തിലെ പ്രമുഖരടക്കം നിരവധി പേർക്ക് ഈ സന്യാസി പരന്പരയോടു ആദരവും സ്നേഹവും ഉണ്ട്. അതിലൊരാളായിരുന്നു നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം. സ്വാമി ബ്രഹ്മ വിഹാരിദാസ് പങ്കെടുക്കുന്നതു കൊണ്ട് സത്രീകളെ വേദിയിൽ ഇരുത്തരുതെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല എന്ന് സന്യാസിമാർ ഔദ്യോഗിക വാർത്താ കുറിപ്പും ഇറക്കി. ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കേണ്ട ചടങ്ങാണ് പുസ്തകം പ്രദർശനം എന്നതിനാൽ വിവർത്തകയോട് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കെണ്ടതില്ലെന്നും മറ്റൊരു ചടങ്ങിലേക്ക് അവരെ ക്ഷണിച്ചിരുന്നു എന്നും കറന്റ് ബുക്ക്സ് വിശദീകരിച്ചിട്ടുമുണ്ട്. “കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന”രീതിയിലായി പോയി ഈ പ്രതിഷേധമെന്നും പ്രമുഖ വാദിയായ നോവലിസ്റ്റ് സാറാ ജോസഫ് പറഞ്ഞു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ തീർത്തും നിസ്സാരമായ ഒരു അസത്യ കഥ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിനു പിന്നിൽ വ്യക്തമായ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. സ്‌ത്രീ ആയതിനാൽ എഴുത്തുകാരിയെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുപ്പിക്കില്ല എന്ന സ്വാമിയുടെ നിലപാട് സാംസ്‌കാരിക കേരളത്തിനു അപമാനകരമാണ് എന്നാണു കേരളത്തിലെ ഒരു മന്ത്രി പ്രഖ്യാപിച്ചു കളഞ്ഞത്. പട്ടിണി പാവങ്ങളുടെ വായിലടക്കം കയ്യിട്ടു വാരി തിന്ന് തടിച്ച് കൊഴുത്തവരാണ് ഈ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നോർക്കണം. സ്‌ത്രീകൾ പങ്കെടുക്കാൻ പാടില്ല എന്ന് പറഞ്ഞ സ്വാമി ഒരു അമ്മയുടെ മകനല്ലേ? എന്നായിരുന്നു ആ മന്ത്രിയുടെ ചോദ്യം.

സ്വാമി നാരായൺ സൻസ്ഥാൻ ഗുജറാത്തിൽ നിന്നുള്ളവരായതിനാൽ സ്‌ത്രീ വിരോധത്തിനു പിന്നിൽ ഹിന്ദു ഫാസിസ്റ്റ് രീതിയുണ്ടെന്നായിരുന്നു ചിലരുടെ വാദം. തീവ്ര ഇടതു പക്ഷക്കാർ അവരുടെ ആവനാഴിയിലെ സകല  അന്പുകളും ഈ സന്യാസി സമൂഹത്തിനെതിരെ പ്രയോഗിച്ചു. തങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനവും പ്രത്യയ ശാസ്ത്രവും മരിച്ച് മണ്ണടിഞ്ഞു ഫോസിലുകൾ പോലും അപ്രത്യക്ഷമായ ചില പുരോഗമനക്കാരും നിരീശ്വരവാദികളും ഭഗവദ് ഗീതയെയും മനുസ്മൃതിയെയും കൂട്ടുപിടിച്ച് ഈ സന്യാസി സമൂഹത്തിനെതിരെ അക്രമണമഴിച്ചു വിട്ടു. ഭഗവത് ഗീതയെ രണ്ട് പാപയോനികളെ കുറിച്ച് പറയുന്നുണ്ടെന്നും അതിൽ ഒന്ന് സ്‌ത്രീയോനിയാണെന്നും ഇവർ പറയുന്നു. ഇത്തരം പരാമർശങ്ങൾ നടത്തുന്പോൾ ഭഗവത് ഗീതയിൽ ഏതു അദ്ധ്യായത്തിൽ ഏതു വരികളിലാണ് ഈ അർത്ഥമുള്ളത് എന്നും വിശദീകരിക്കേണ്ടിയിരിക്കുന്നു. അർത്ഥമന്യോഷിക്കുന്നവർക്ക് ഇത് കണ്ടെത്താനെളുപ്പമായേനെ! സ്‌ത്രീയെ അപശകുനമായി വിലയിരുത്തുന്നത് ഏത് ഹിന്ദു ഗ്രന്ഥത്തിലാണെന്നും വാക്കുകളും വരികളും സഹിതം പറയേണ്ടിയിരുന്നു. വേദങ്ങൾ പഠിക്കാനും ഗായത്രി മന്ത്രം ചൊല്ലാനും സ്‌ത്രീക്ക് അവകാശമില്ലെന്ന് പറയുന്നത് ഏതു ഹിന്ദു മതഗ്രന്ഥത്തിലാണ് ഉള്ളതെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. വേദം പഠിക്കാൻ സ്‌ത്രീകൾക്ക് അനുവാദം നല്കിയിരുന്നില്ല എന്ന് പറയുന്നവർ വിശ്വവര, ലോപമുദ്ര എന്നീ വേദകാല കവയത്രികളെ കുറിച്ച് ഒരക്ഷരം പറയുന്നില്ല. വിശ്വവരയും ലോപമുദ്രയും വേദം പഠിക്കുകയും വ്യാഖ്യാനങ്ങൾ നൽകിയവരും ആയിരുന്നു. ഇത്തരം കാര്യങ്ങൾ അറിയാതേയോ അല്ലെങ്കിൽ അഞ്ജത നടിച്ചോ ആണ് ഇക്കൂട്ടർ അധര വ്യായാമം നടത്തുന്നത്.

ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രമാണമായി മനുസ്മൃതിയെയാണ് ചിലർ ഉദാഹരിക്കുന്നത്. ഭാരതീയ ചരിത്രത്തിലോ സംസകാരത്തിലോ പുരാണങ്ങളിലോ ഒരിടത്തും മനുസ്മൃതി ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി പറഞ്ഞിട്ടില്ല. സ്മൃതികളുടെ അർത്ഥവും പ്രാധാന്യവും ഹിന്ദു സംസ്കൃതിയിൽ എന്താണെന്നറിയാതെയാണ് ഇവർ പറയുന്നത്. പ്രാചീന ഭാരതീയ ഗ്രന്ഥങ്ങൾ രണ്ടു തരത്തിലുണ്ട്. ശ്രുതികളും സ്മൃതികളും. അതാത് കാലഘട്ടത്തിൽ ഉണ്ടായിരുന്ന ജീവിത  വ്യവസ്ഥയുടെ വിവരങ്ങളാണ് സ്മൃതികൾ. മനുവിന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ജീവിത വ്യവസ്ഥയും സംബ്രദായങ്ങളും മനുസ്മൃതി എന്ന ഗ്രന്ഥത്തിൽ കാണാം. ഇങ്ങനെ ഓരോരോ കാലഘട്ടത്തിലെ ചരിത്രവും ആചാരവും ചേർന്ന് കിടക്കുന്ന സംഭവ ബഹുലമായ വിവരണ ഗ്രന്ഥങ്ങളാണ് സ്മൃതികൾ. ഇത്തരത്തിൽ ധാരാളം സ്മൃതികൾ നമുക്ക് കാണാൻ കഴിയും. എന്നാൽ ശ്രുതികൾ എന്ന ഗണത്തിൽ പെടുന്ന ഗ്രന്ഥങ്ങൾ കാലാതിവർത്തിയാണ്. ഇത്തരം ഗ്രന്ഥങ്ങളിലെ ആശയങ്ങൾ ശാസ്ത്രീയവും  കാലാതിവർത്തിയുമാണ്‌. വേദങ്ങൾ ഉപനിഷത്തുകൾ പുരാണങ്ങൾ രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ ഇവ ശ്രുതികൾ എന്ന ഗണത്തിൽ പെടുന്നു. ഇവയാണ് ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ. സ്മൃതികൾ പഠിക്കുന്നത് അതാത് കാലഘട്ടത്തിന്റെ ചരിത്രവും സാമൂഹ്യാന്തരീക്ഷവും പഠിക്കാനാണ്. മറിച്ച് ശ്രുതികൾ ധർമ്മവും സംസ്‌കാരവും പ്രമാണികതയും പഠിക്കാനാണ്. അതായത് ഹിന്ദു സംസ്കാരത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ ശ്രുതികളാണ് മറിച്ച് സ്മൃതികളല്ല.

“നസ്‌ത്രീ സ്വാതന്ത്ര്യമർഹതി” എന്ന മനുസ്മൃതിയിലെ വാക്കാണ്‌ തീവ്ര ഇടത്, ഇടത് പുരോഗമന ബുദ്ധിജീവികളെ ചൊടിപ്പിച്ചു കളഞ്ഞത്. ഈ വരിക്ക് മുന്പുള്ള മൂന്നു വരികൾ ഇക്കൂട്ടർ ഒരിടത്തും പറയില്ല. “പിതാ രക്ഷതി കൗമാരേ, ഭർത്തോ രക്ഷതി യൗവ്വനെ, പുത്രോ രക്ഷതി വാർദ്ധക്യേ, ന സ്‌ത്രീ സ്വാതന്ത്ര്യമർഹതി”. ഇവിടെ സ്വാതന്ത്ര്യം എന്ന അർത്ഥം അല്ല മറിച്ച് “സ്വതന്ത്രം” അതായത് സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള തന്ത്രം എന്നാണു അർത്ഥമാക്കുന്നത് എന്ന കാര്യം പോലും വിമർശകർ പറയുന്നില്ല. ഇനി ഇതിന്റെ അർത്ഥം സ്വാതന്ത്ര്യം എന്നാണെങ്കിൽ ഈ വരികൾ എതിർക്കപ്പെടേണ്ടത്‌ തന്നെയാണ് എന്നതിൽ സംശയമില്ല. മനു എന്ന ആചാര്യന്റെ കാലഘട്ടത്തിലെ സ്ഥിതി വിശേഷങ്ങൾ അറിയിക്കുന്ന ഒരു ഗ്രന്ഥമായി മാത്രം മനുസ്മൃതിയെ കണ്ടാൽ മതി. ഇതേ മനുസ്മൃതിയിൽ തന്നെ “യത്ര നാരിസ്യ പൂജ്യന്തേ, രമന്തേ തത്ര ദേവത” (എവിടെ സ്‌ത്രീകൾ പൂജിക്കപ്പെടുന്നുണ്ടോ അവിടെ ദൈവം കുടിയിരിക്കുന്നു) എന്നും പറഞ്ഞിട്ടുണ്ട് ഇക്കാര്യം തീവ്ര ഇടതു പക്ഷക്കാർ കാണില്ല.

എന്തിനെയും ഏതിനെയും അടിസ്ഥാനമില്ലാതെ എതിർത്ത് വാർത്താ പ്രാധാന്യം നേടി നിലനിൽക്കുന്ന പ്രസ്ഥാനങ്ങളുടെ “ശ്രുഗാല തന്ത്രം” മാത്രമായേ ഇതിനെ കാണാൻ കഴിയൂ. ഇത്തരക്കാരുടെ ലക്ഷ്യം അബ്ദുൾ കലാമിന്റെ ആത്മീയ പശ്ചാത്തലത്തെ മറച്ചുവെക്കുക എന്നതാണ്. സ്വാമി നാരായൺ സംസ്ഥായിലെ പ്രമുഖ സ്വാമിയെ കുറിച്ചുള്ള പുസ്‌തകം പിറവി എടുക്കുന്പോൾ ബാധിക്കുന്നത് അവരുടെ ഹിഡൻ അജണ്ടയെയാണ്. സ്‌ത്രീയെ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു സംസ്കാരത്തെ ഏതെങ്കിലും ഒരു വരി കടമെടുത്ത് ദുർവ്യാഖ്യാനം ചെയ്ത് അടുത്ത തലമുറക്ക് മുൻപിൽ ഭാരതീയ സംസ്കാരത്തെ അപഹാസ്യരാക്കി സ്വയം സന്തോഷിക്കുന്ന ഇത്തരക്കാർക്ക് കാലം മറുപടി കൊടുത്ത് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. പുണ്യമായതിനെയും പവിത്രമായതിനെയും സ്‌ത്രീ രൂപത്തിൽ കണ്ട് പവിത്രത കൽപ്പിച്ച ഒരു സംസ്കാരം സ്‌ത്രീ വിരുദ്ധമാണെന്ന് വരുത്തി തീർക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. നമ്മുടെ മാതൃഭൂമിയായ ഭാരതം ഭാരതമാതാവായാണ് കാണുന്നത്. ഈ ഭൂമിയും അമ്മയുടെ രൂപത്തിലാണ് നമ്മുടെ  ഹിന്ദു സംസ്കാരം കണ്ടത്. “മാതാ ഭൂമി പുത്രോഹം പ്രുദ്വിവ്യാ” എന്നാണു അറിയപ്പെടുന്നത്. പവിത്രമായ ഗംഗയെ ഗംഗാ മാതാവായാണ് ഭാരതം കാണുന്നത്. ധനത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയും അറിവിന്റെ ദേവതയായ സരസ്വതിയും സ്‌ത്രീ രൂപങ്ങളാണ്. ഇത്തരത്തിലുള്ള കാഴ്ചപ്പാടുള്ള ഒരു സംസ്കാരത്തെ സ്‌ത്രീ വിരുദ്ധമായി ചിത്രീകരിച്ച് അധിക്ഷേപിക്കുന്നവർ “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം” എന്ന പഴമൊഴി യാഥാർത്ഥ്യമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം കൊതുകുകൾക്ക് സമൂഹത്തെ നേർവഴിക്കു നയിക്കാനോ സാമൂഹ്യ പരിവർത്തനം നടത്താനോ സ്വപ്നത്തിൽ പോലും കഴിയില്ല.

സ്വന്തം സംസ്കാരത്തേയും അസ്ഥിത്വത്തേയും നശിപ്പിക്കാൻ ശ്രമിച്ച് സ്വന്തം ശവക്കുഴി തോണ്ടി സമാധിയടഞ്ഞ ഇത്തരം സമൂഹങ്ങൾ വർഷങ്ങളായി പുരോഗമനവും അന്ധവിശ്വാസങ്ങളേയും പറ്റി പ്രസംഗിച്ച് നടന്നിട്ടും ഊർദ്ധ്വഗതി പിടിക്കാത്തത് എന്ത് കൊണ്ടെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരക്കാരുടെ ചെയ്തികളുടെ അവസാന ഉദാഹരണങ്ങമാണ് കഴിഞ്ഞ ദിവസം അബ്ദുൾ കലാമിന്റെ പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ടു നടന്നത്. ഒരു കാര്യം ഉറപ്പാണ്. സ്വര‍ഗസ്ഥനായ കലാം ഇവർക്ക് മാപ്പ് നൽകില്ല-കാലവും.

You might also like

Most Viewed