പുണ്യ ഭൂമികളിലെ നിസ്സഹായത...
ഓരോ വർഷവും ദുരന്തങ്ങളും അവയുടെ വ്യാപ്തിയും ഏറുന്നു. പ്രകൃതി ദുരന്തങ്ങളും ഭക്ഷ്യദുരന്തങ്ങളും വ്യാവസായിക ദുരന്തങ്ങളും അടിക്കടി ലോകത്തിൽ വന്നുകൊണ്ടിരിക്കുന്നു. ഈ വക ദുരന്തങ്ങൾ പ്രേത്യേകിച്ചും പ്രകൃതിദുരന്തങ്ങൾ ഒരു ചെറിയ കാലയളവിനുള്ളിൽ പണ്ടില്ലാത്തവിധം വർദ്ധിച്ചിരിക്കുന്നു. ജനക്ഷേമത്തിനായി നീക്കിവെയ്ക്കേണ്ട വിഭവങ്ങളുടെ നല്ല പങ്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കേണ്ടിവരുന്നു. സുരക്ഷാക്രമീകരണങ്ങളിലും, ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളിൽ വേണ്ടത്ര കരുതലില്ലാത്തതും, ദുരന്ത നിവാരണത്തിനായി സ്വീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഏകോപിപ്പിക്കലിൽ വരുന്ന പാളിച്ചകളും പ്രകൃതിജന്യമോ മനുഷ്യജന്യമോ ആയ ദുരന്തങ്ങൾ നമുക്ക് വിതക്കുന്നത് ഏറിയ നഷ്ടങ്ങൾ ആണ്. മനുഷ്യൻ കാലാകാലങ്ങളായി പടുത്തുയർത്തിയ സംസ്കാരങ്ങൾക്കും ജീവിതആവാസ വ്യവസ്ഥകൾക്കും കോട്ടം സംഭവിക്കുന്നു. വൻതോതിലുള്ള ജീവാപായം, സാന്പത്തിക നഷ്ടം, പരിസ്ഥിതി തകർച്ച എന്നിവയാണ് ഇവയുടെ ബാക്കി പത്രം.
ലക്ഷങ്ങൾ പങ്കെടുക്കുന്ന പുണ്യഭൂവിലെ പ്രാർത്‍ഥനകളും പൂജകളും ആചാരങ്ങളും പണ്ടും ഇന്നും മനുഷ്യർക്ക് പ്രിയപ്പെട്ടതാണ്. ആത്മാവിന്‍റെ മോക്ഷവും പാപശാപങ്ങളിൽ നിന്നുള്ള മോചനവും സർവ്വസ്വവുമായ ഈശ്വരനിൽ എത്തിച്ചേരാനുള്ള ത്വരയും ഇതിലൊക്കെയും ഭാഗഭക്കാകാൻ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നു. കാഴ്ച്ചകൾക്കും കേൾവികൾക്കും യാത്രകൾക്കും ശരീര മാനസീക സുഖസൗകര്യങ്ങൾക്കും നൽകാനാവാത്ത ശാന്തി തേടിയാണ് മനുഷ്യന്‍റെ ഈ തീർത്‍ഥാടനം. നശ്വരകെട്ടുപാടുകളും നൈമിഷീക സുഖങ്ങൾ നിറഞ്ഞു നിൽക്കുന്നതും ഏകനാക്കി കടന്നു പോകുന്ന ബന്ധങ്ങളും നിറഞ്ഞ ഭൗതീക ജീവിതത്തെ ആധ്യാത്മീക ഉണർവ്വിലൂടെ അനശ്വരമായ അനുഭൂതിയിലേയ്ക്ക് കൊണ്ടെത്തിക്കുന്നവയാണ് ഓരോ തീർത്‍ഥാടനങ്ങളും. അത് ഏത് മതത്തിന്‍റെ ചട്ടക്കൂട്ടിലായാലും മനുഷ്യന് ദൈവത്തിലലിയാനുള്ള അദമ്യമായ ആഗ്രഹപൂർത്തികരണമാണ്. കാശിയാത്രകളും ജെറുസലേം യാത്രകളും ഹജ്ജ് കർമ്മങ്ങളും ഓരോരുത്തരും നിർവ്വഹിച്ച് നേടുന്ന മാനസീക പുണ്യങ്ങൾ അനിർവ്വചനീയമായ നിർവൃതിയാണ്. എങ്കിലും പുണ്യത്മാക്കൾ നടന്നു പരിപാവനമായ മണ്ണിൽ, ദൈവീക സാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്ന ആരാധനാലയങ്ങളിൽ, മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ എന്തുകൊണ്ട് ദുരന്തങ്ങൾ നാശം വിതക്കുന്നു.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. 700 ലക്ഷത്തിലധികം ആൾക്കാർ ഈ മഹാസംഗമത്തിൽ പങ്കെടുക്കുന്നു. എല്ലാ വർഷവും 25 ലക്ഷം 30 ലക്ഷം ഹാജിമാരാണ് മീന മക്ക പുണ്യഭൂമിയിൽ വർഷാവർഷം എത്തുന്നത്. എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും ഓരോ വർഷവും എണ്ണം ഏറിവരുന്ന ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്താൽ നിറഞ്ഞു കവിയുന്നതാണ് കണ്ടുവരുന്നത്.
ജനങ്ങളുടെ സുരക്ഷക്കും ജീവനും സംരക്ഷണം നൽകി ഒരൽപം കൂടെ ഉണർന്നു പ്രവർത്തിച്ചാൽ പല ദുരന്തങ്ങളും ഒഴിവാക്കാവുന്നവയും അവയുടെ തീവ്രത കുറക്കാവുന്നതുമാണ്. കഴിഞ്ഞ കാലങ്ങളിൽ നടന്ന പല അപകടങ്ങളും അത് നമ്മെ ഓർമ്മപ്പെടുത്തുന്നു. ദൈവത്തെ കണ്ടെത്തി സായൂജ്യം അടയാൻ എത്തിയവർ മരണത്തെ ആശ്ലേഷിച്ചു വീണപ്പോൾ നാം ദുഃഖിച്ചു മുഖം കുനിച്ചു. വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിഞ്ഞെങ്കിൽ. എന്നാശിച്ചുപോയി. കഴിഞ്ഞ കാല ദുരന്തങ്ങളിലൂടെ ഒരെത്തിനോട്ടം.
2008 സപ്തംബർ 30ന് രാജസ്ഥാനിലെ ചാമുണ്ടദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്കിടയിൽ പുരാതന കോട്ടയുടെ ചുമർ ഇടിഞ്ഞു വീണും ബോംബ് ഊഹാപോഹവും മൂലം ഉണ്ടായ തിക്കിലും തിരക്കിലും 150ത്തിലധികം സ്ത്രീകൾ മരിച്ചു.
2005 ജനുവരിയിൽ മദ്ധ്യപ്രദേശിലെ മന്ധർ ക്ഷേത്രത്തിൽ തേങ്ങാ പൊട്ടിക്കൽ പൂജയിൽ മരിച്ചവരുടെ എണ്ണവും കുറവല്ല. 260ഓളം പേരാണ് അന്ന് മരിച്ചത്.
2011 ജനുവരി 14ൽ കേരളത്തിലെ ശബരിമല പുൽമേടിൽ മൂന്നു ലക്ഷത്തിലധികം ആൾക്കാർ ഒരുമിച്ചുകൂടി മകരജ്യോതി ദർശനം കഴിഞ്ഞ് മലയിറങ്ങി വരവേ 104 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് നടന്നത്.
2012 ഫെബ്രുവരി 19ന് ഗുജറാത്തിലെ മഹാദേവ് ക്ഷേത്രത്തിൽ നഗ്നരായ ‘നാഗ ബാബ’ സന്യാസിമാരുടെ പ്രശസ്തമായ മഹാശിവരാത്രി മഹോത്സവത്തിൽ വാഹനം പാഞ്ഞുകയറി പരിഭ്രാന്തി പരന്ന് മരിച്ചവരുണ്ട്.
2013 ഫെബ്രുവരി 11 ന് ഉത്തർപ്രേദേശിലെ അലഹബാദിൽ നടന്ന കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരിൽ നാൽപതോളം ആൾക്കാർ മരിച്ചു, കുറേയേറെ പേർക്കു സാരമായ പരുക്കുകളും ഉണ്ടായി.
2011 നവംബറിൽ ഹരിദ്വാറിൽ നടന്ന മഹായാഗത്തിൽ പുകയും ശ്വാസം മുട്ടലും മൂലം ഉണ്ടായ തിരക്കിൽ മരിച്ചവരും 20നടുത്ത്.
മദ്ധ്യപ്രദേശിലെ രത്തൻഗഡ് ക്ഷേത്രത്തിൽ നവരാത്രി ദുർഗാപൂജയോടനുബന്ധിച്ച് അഞ്ചു ലക്ഷത്തോളം ജനങ്ങൾ എല്ലാ വർഷവും പങ്കെടുക്കാറുണ്ട്. 2013 ഒക്ടോബർ 13 നുണ്ടായ തിക്കിലും തിരക്കിലും നൂറിലധികം ആൾക്കാർ മരിച്ചു, അതിലുപരി പരിക്കുപറ്റിയവരും.
എട്ടാം നൂറ്റാണ്ടിൽ പണിത കേദാർനാഥ് ക്ഷേത്രം മഴയുടെ താണ്ധവത്തിൽ മലയണപൊട്ടി തകർന്നുപോയി. പതിനായിരത്തിലധികം ആൾക്കാർ മരിക്കുകയും അത്രത്തോളം അല്ല അതിലധികം ആൾക്കാർ കെടുതികൾ അനുഭവിക്കുകയും ചെയ്ത ഈ സംഭവം കുറച്ചൊന്നുമല്ല മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ചത്.
മിനായിൽ തിക്കിലും തിരക്കിലും പെട്ട് 2006 ൽ 306 പേർ മരിച്ചിരുന്നു. ഈ ദുരന്തത്തിന് തൊട്ടുമുന്‍പ് മക്ക മസ്ജിദിന് സമീപമുള്ള എട്ടുനില ഹോട്ടൽ തകർന്ന് 75 പേരും മരിച്ചിരുന്നു. 1997 ൽ കല്ലേറിനിടെയുണ്ടായ തിരക്കിൽ 108 പേരും 1994 ൽ 270 പേരും മരിച്ചിരുന്നു
2015 സപ്തംബർ 11 വെള്ളിയാഴ്ച വൈകുന്നേരം ക്രയിൻ തകർന്നു വീണ് മക്ക മസ്ജിദിനുള്ളിൽ 111 പേർ മരിക്കുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വീണ്ടും ഹജ്ജ് കർമ്മത്തിനിടെ അപ്രതീക്ഷിതമായുണ്ടായ തിക്കിലും തിരക്കിലും പെട്ട് 769 പേർ മരിക്കുകയും 934ലധികം ആൾക്കാർ സാരമായ പരുക്കുകളാൽ രക്ഷപ്പെടുകയും ചെയ്തു.
1990 ജൂലൈ 2 ന് ഉണ്ടായ അപകടമാണ് ഹജ്ജിനിടയിൽ ഉണ്ടായ ഏറ്റവും വലിയ അപകടം. 1426 തീർത്ഥാടകരാണ് അപകടത്തിൽ മരിച്ചത്. മക്കയിൽ നിന്നും മിനയിലേക്കുള്ള അൽ−മ−ഐസം തുരങ്കത്തിനുളളിലുണ്ടായ അപകടത്തിൽപ്പെട്ടാണ് ഇവർ മരണം പുൽകിയത്.
ഈ സംഭവങ്ങളിലൊക്കെയും കാരണങ്ങൾ പലതും അധികൃതർ നിരത്തിയാലും തിക്കും തിരക്കും ഒരു പതിവ് വില്ലൻ തന്നെ. നിലത്ത് വീണ് ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചാണ് ഏറെപ്പേരും മരണത്തിനിരയായത്. വീണ് ആൾക്കാർക്കിടയിൽ പെട്ട് ശ്വാസം മുട്ടി മരിച്ചവർ ആണ് ഏറെയും.
വന്നെത്തുന്നവർ അച്ചടക്കത്തോടെ പെരുമാറിയാൽ, അക്ഷമരായി തിക്കി തിരക്കാതിരുന്നാലും അപകടങ്ങളുടെ സാധ്യത കുറക്കാനാവും.
മതാനുഷ്ഠാനങ്ങൾ പൂർത്തീകരിക്കാനുള്ള ത്വരയും ഭക്തിയുടെ അമിതപ്രകടനവും ഭക്തരെ ചുറ്റുപാടുകൾ വിസ്മരിക്കാൻ പ്രേരിപ്പിക്കുന്നു. ഇതുവഴി മറ്റ് ഭക്തന്മാരുടെ വികാരം തിരസ്‌കരിക്കപ്പെടുകയും ഉന്തും തള്ളും അപകടത്തിന് വഴിയൊരുക്കുകയും കൂട്ടമരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. എങ്കിലും എത്ര ചിട്ടയായും നടത്തുന്ന പുണ്യകർമ്മങ്ങളിൽ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന ചോദ്യം നമ്മെ കുഴക്കുന്നു. ദൈവീക നാമത്തിൽ നാം ചെയ്തു കൂട്ടുന്ന ആചാരനുഷ്ഠാനങ്ങൾ ഈശ്വരന് പ്രസാദമാകുന്നില്ലേ? അതോ മരണത്തെ ഏറ്റെടുക്കുന്നവർ നിർഭാഗ്യവാന്മാരോ? ദുഷ്ടനും നീതിമാനും ഒരുപോലെ മഴപെയ്യിക്കുന്ന ദൈവം മൗനം പാലിക്കുന്നതോ? മനുഷ്യരെന്നും എത്ര ജ്ഞാനം നേടിയാലും അവനു സംഭവിക്കാനിരിക്കുന്നത് അവനെന്നും അജ്ഞാതമെന്ന് ഈശ്വരൻ പറയുന്പോൾ നാം കാര്യകാരണങ്ങൾ തേടി എത്ര ദൂരം യാത്ര ചെയ്യും
വൽസാ ജേക്കബ്