ആധി, യാഥാർത്ഥ്യങ്ങളുടെ സൂപ്പർ മൂൺ
2015 സപ്തംബർ 28ന് ലോകം അവസാനിക്കാൻ പോകുന്നു എന്നു സൂചിപ്പിച്ച് വാട്സ്ആപ്പിൽ വന്ന സന്ദേശം കണ്ടതും സരസനായ സുഹൃത്തിന്‍റെ ആത്മഗതം: “മുപ്പതാം തീയതിയിലേക്കെങ്കിലും സംഗതി മാറ്റിക്കിട്ടിയാൽ നന്നായി”. കാരണം എന്തെന്നുള്ള ചോദ്യത്തിന് ഉത്തരം റെഡിയായിരുന്നു:− “അല്ല ഈ മാസത്തെ ശന്പളം കൂടി വാങ്ങിയിട്ട് അവസാനിക്കാമായിരുന്നു?”
കുതിരവട്ടം പപ്പുവിന്‍റെ ശൈലി അനുകരിച്ചു പറഞ്ഞാൽ സുപ്പർ മൂണുമായി ബന്ധപ്പെട്ടു സമൂഹമാദ്ധ്യമങ്ങളിൽ പരക്കുന്ന ചിരി വിഭവങ്ങളിൽ ഇതൊരു ചെറ്യേ... തമാശ മാത്രമാണ്. പക്ഷെ സൂപ്പർ മൂണിനെ ലോകാവസാനവുമായി ബന്ധപ്പെടുത്തുന്നത് ഈ തമാശ മാത്രമല്ല. ചില പ്രത്യേക വിശ്വാസ പ്രമാണങ്ങൾ പിന്തുടരുന്ന വിഭാഗക്കാരിൽ നിന്നും ആവിർഭവിച്ച് വിശ്വാസങ്ങളുടെ അതിർ വരന്പുകളെല്ലാം താണ്ടി അതിരില്ലാത്ത ലോകത്ത് വിഹരിക്കുകയാണ് ഈ അന്ത്യദിന പ്രവചനം.
ആപദ്ഭീതിയും ആയുർഭീതിയും മനുഷ്യ സഹജമാണ്. ഈ ഘടകങ്ങൾ തന്നെയാണ് സൂപ്പർ മൂണുമായി ബന്ധപ്പെട്ട ലോകാവസാന ഭീതിക്കും നിദാനം. അമേരിക്കയിലെ ഉട്ടാ ആസ്ഥാനമാക്കിയുള്ള Church of Jesus Christ of Latter-day Saints എന്ന സഭക്കാരാണ് ഇത്തവണ ഈ അന്ത്യ ദിനപ്രവചനത്തിനു നായകത്വം നൽകിയത്. പണ്ടും പലപ്പോഴായി ഒന്നിലേറെ അന്ത്യ ദിനങ്ങൾ സമൂഹത്തിനുമേൽ അടിച്ചേൽപ്പിച്ച ചരിത്രവുമുണ്ട് അവർക്ക്. വിശ്വാസത്തെ അന്ധവിശ്വാസ തലത്തിൽ നിർത്തുന്പോൾ സംജാതമാകുന്ന പ്രതിഭാസങ്ങളിൽ ഒന്നാണിത്. ഇതിനു സാമൂഹ്യപരവും രാഷ്ട്രീയവും സാന്പത്തികപരവുമായ സ്ഥിതിഗതികൾ കൊണ്ടു സാധുത കൂടി പകർന്നു നൽകാനും ഇത്തവണ ഈ സഭയ്ക്കു കുറച്ചങ്കിലും സാധിച്ചു. ഇതോടെ അത്യാവശ്യം വിവരമുണ്ടന്നു കരുതുന്നവർ പോലും ഒന്നു സന്ദേഹിക്കുകയും ചെയ്തു എന്നതാണു വാസ്തവം. ലോകത്തൊട്ടാകെ ഒന്നരക്കോടിയോളം വിശ്വാസികളാണ് ഈ സഭക്കുള്ളത്. അവർ വഴി ഈ വാർത്തക്ക് എളുപ്പത്തിൽ പ്രചാരവും ലഭിച്ചു. ബൈബിൾ വചനങ്ങൾ തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ ദുർവ്യാഖ്യാനം ചെയ്തും ഹീബ്രു കലണ്ടർ ദിനങ്ങളും കണക്കുകളും ഇതിനനുസരിച്ച് കണക്കു കൂട്ടിക്കിഴിച്ചും വർത്തമാനകാല രാഷ്ട്രീയ, സാന്പത്തിക സ്ഥിതിഗതികൾ ഇതിനോടു ചേർത്തു വായിച്ചുമൊക്കയാണ് അവർ ഇതൊക്കെ എളുപ്പത്തിൽ സാധിച്ചെടുക്കുന്നത്. വിശ്വാസികളിൽ ഭീതിയുടെ അലകളുയർത്തി ഇത്തരം കൂട്ടായ്മകൾ തങ്ങൾക്ക് കൂടുതൽ ഭൗതിക നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതിനൊക്കെ സമൂഹത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കഴിയുന്നുണ്ട് എന്നു തന്നെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഇത്തവണ ലേറ്റർ ഡേ സെയിന്‍റ്സിന്‍റെ അന്ത്യ ദിന പ്രചാരണത്തോടേ ഉട്ടാ സംസ്ഥാനത്തെ അവരുടെ ആസ്ഥാനത്തിനടുത്തുള്ള വലിയവിഭാഗം ജനങ്ങൾ ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങൾ വാങ്ങി സംഭരിച്ചതായാണ് റിപ്പോർട്ട്. ഇതോടേ വിപണിയിൽ ശീതീകൃത ഭക്ഷണ വസ്തുക്കൾക്കും ഉണക്കിയ ഭക്ഷ്യ ഇനങ്ങൾക്കും ദൗർലഭ്യം അനുഭവപ്പെട്ടിരിക്കുകയാണ്. ലോകം അവസാനിക്കുമെന്ന സഭാ നേതാക്കന്മാരുടെ പ്രവചനം പൂർണ്ണമായി വിശ്വസിക്കുന്ന ഇവർ എന്തിനാണ് ആവശ്യത്തിലേറെ ആഹാരം വാങ്ങിക്കൂട്ടിയത് എന്ന ചോദ്യത്തിനു കഥയിൽ പ്രസക്തിയില്ല.
ലോകാവസാനം എങ്ങനെ എന്നതു സംബന്ധിച്ച് പ്രവചനങ്ങളിൽ വ്യക്തതയില്ല. ആഗോള സാന്പത്തിക പ്രതിസന്ധി ഇതിനൊരു കാരണമായി പറയുന്നുണ്ടെങ്കിലും ഇതു മൂലം ലോക ജനത പട്ടിണിയിലാകുമോ അതോ കൂട്ട ആത്മഹത്യക്ക് ഇതു വഴി വയ്ക്കുമോ എന്നൊക്കെ പൊതു സമൂഹത്തിൽ ആശങ്ക ജനിപ്പിക്കുക മാത്രമാണ് പ്രവചനം ചെയ്യുന്നത്. ലോകത്തിന്‍റെ പലയിടങ്ങളിലും രൂക്ഷമാകുന്ന രാഷ്ട്രീയ അസ്വസ്ഥതകൾ ഒരു അന്ത്യ യുദ്ധത്തിലേക്കു ലോകത്തെ നയിക്കുമെന്നതാണ് ഇനിയൊന്ന്. ഏതെങ്കിലും ഒരു ഛിന്നഗ്രഹം ഭുമിയുമായി കൂട്ടിയിടിച്ചു (മനുഷ്യ) ലോക നാശം സംഭവിക്കും എന്നതാണ് ഇനിയൊരു വാദം. ഇതിനു പക്ഷെ യാതൊരു സാദ്ധ്യതയുമില്ലെന്ന് നാസ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ എന്തെങ്കിലുമൊരു പ്രതിഭാസം ഉണ്ടാവുകയായിരുന്നു എങ്കിൽ ഇക്കാര്യം നാസയ്ക്ക് വളരെ മുന്പുതന്നെ അറിയാനെങ്കിലും കഴിയുമായിരുന്നു എന്ന നാസയുടെ ഉന്നതാധികാരികളിൽ ഒരാളായ പോൾ ചോദാസ് വ്യക്തമാക്കിയിട്ടുണ്ട്. കലിഫോർണിയയിലെ പസദേനയിലുള്ള നാസ പരീക്ഷണ ശാലയിലെ ഭൂസമീപ വസ്തു കാര്യ ചുമതലക്കാരനാണ് പോൾ ചോദാസ്. പക്ഷേ അന്ത്യദിനം ഉടൻ ആഗതമാകുമെന്ന കാര്യത്തിൽ ലേറ്റർ ഡേ സെയിന്‍റ്സിന്‍റെ വക്താക്കൾക്ക് സംശയമേതുമില്ല. ജൂലി റോയെന്ന വനിതയുടെ A Greater Tomorrow: My Journey Beyond the Veil, The Time Is Now എന്നീ രണ്ടു പുസ്തകങ്ങളെ അധികരിച്ചാണ് ഈ അന്ത്യ ദിന പ്രവചനങ്ങളൊക്കെ. അതെന്തായാലും ഒരുവിഭാഗം തികഞ്ഞ ആശങ്കയോടെയും മറ്റൊരു വലിയ വിഭാഗം ഏറിയ കൗതുകത്തോടെയുമൊക്കെയാണ് ഈ പ്രതിഭാസത്തെ വരവേൽക്കുന്നത്. ഈ പ്രതിഭാസം തികച്ചും ആപൂർവ്വം തന്നെയാണ്. ഇവിടെ രണ്ടുകാര്യങ്ങളാണ് ഒന്നിച്ചു സംഭവിക്കുന്നത്, ഒരു പൂർണ്ണ ചന്ദ്ര ഗ്രഹണവും ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസവും. ദീർഘ വൃത്താകൃതിയിലുള്ളതാണ് ഭൂമിക്കു ചുറ്റുമുള്ള ചന്ദ്ര പ്രദക്ഷിണ വഴി. ഈ വഴി ചന്ദ്രനെ ഭൂഗോളത്തിൽ നിന്നും അകറ്റിയും അടുപ്പിച്ചുമൊക്കെ നിർത്തുന്നു, ഇങ്ങനെ ഏറ്റവും അടുത്തു വരുന്ന അകലം ഏകദേശം രണ്ടു ലക്ഷത്തി ഇരുപത്താറായിരം മൈലാണ്. ഭൂമിയോട് ചന്ദ്ര ഗോളം അടുത്തെത്തുന്പോൾ ചന്ദ്രനെ ഏറ്റവും വലിപ്പത്തിൽ കാണാൻ നമുക്കു കഴിയുന്നു.
സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേർരേഖയിൽ വരുന്നതിനെയാണ് ഗ്രഹണം എന്നു വിളിക്കുന്നത്. ചന്ദ്രഗ്രഹണ വേളയിൽ ഭൂമിയുടെ നിഴൽ പൂർണ്ണമായും ചന്ദ്രനിൽ പതിക്കുന്നു. ഈ പ്രതിഭാസം മൂലം ചന്ദ്ര ബിംബത്തിനു ചുവപ്പു നിറവും ചിലപ്പോൾ ഉണ്ടാകുന്നു. ഈ പ്രതിഭാസത്തെയാണ് പൊതുവിൽ പാശ്ചാത്യ ലോകം റെഡ് മൂണെന്നും സൂപ്പർ മൂണെന്നുമൊക്കെ വിളിക്കുന്നത്. കാലഗതിയിൽ ഇടയ്ക്കൊക്കെ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇപ്പോൾ സംഭവിക്കുന്നത് നീണ്ട 32 വർഷങ്ങൾക്കു ശേഷമാണ്. ഇനിയും ഇതുപോലൊരു അപൂർവ്വതക്ക് ഇനിയുമൊരുപാടു നാൾ കാത്തിരിക്കയും വേണം. ചാന്ദ്ര സാമീപ്യം പ്രകൃതിയിൽ പല തരത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. ചിലപ്പോഴെങ്കിലും പ്രകൃതി ക്ഷോഭങ്ങൾക്കും ഇതു വഴി വെയ്ക്കുന്നു. ഏതായാലും ഇത്തവണ അത്തരത്തിലൊരു ദുരന്തത്തിനു സാദ്ധ്യതയില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ട് തികഞ്ഞ മനസമാധാനത്തോടേ നമുക്കും ദർശിക്കാം, അതി സുന്ദരനായ ആ സൂപ്പർ മൂണിനെ.
വി.ആർ സത്യദേവ്