നേതാജി: വിവാദത്തിന്‍റെ കാണാപ്പുറങ്ങൾ


1945 ഓഗസ്റ്റ് 15 മുതലിങ്ങോട്ടു തന്നെ വിവാദമായ നേതാജിയുടെ തിരോധാനം ഇപ്പോൾ പൊടുന്നനെ വാർ‍ത്താ പ്രാധാന്യം നേടിയത് കേവലം ആകസ്മികമാണോ?

പ്രമുഖ ജ‍ർമ്മൻ ജൂത മാർക്സിസ്റ്റു ചിന്തകനും വിമർശകനുമായ വാൾട്ടർ‍ ബഞ്ചമിൻ‍ ചരിത്രത്തെക്കുറിച്ചും ചരിത്ര രചനയെക്കുറിച്ചും പറഞ്ഞതു നൂറു ശതമാനം ശരിയാണ്. പരാജിതനെ ചരിത്രം രേഖപ്പെടുത്തുന്നില്ല. അഥവാ അവന്‍റെ പക്ഷം പറയപ്പെടുന്നില്ല. അവനു പറയാനുണ്ടായിരുന്നത് നമ്മൾ സാധാരണ ഒരിക്കലും അറിയുന്നില്ല. കാരണം ചരിത്രം പലപ്പോഴും രേഖപ്പടുത്തപ്പെടുന്നത് വിജയിയുടെ വീക്ഷണ കോണിലൂടെയോ വിജയിയെ വാഴ്ത്തുന്ന തരത്തിലോ ആണ്. അതുകൊണ്ടുതന്നെ ചരിത്രം എല്ലായിപ്പോഴും വാസ്തവങ്ങളുടെ സംഹിത ആയിക്കൊള്ളണമെന്നില്ല. ചരിത്രം കുറിക്കുന്ന വിജയിയുടെ പക്ഷം അധികാരത്തിലിരിക്കുന്ന സാഹചര്യങ്ങളിൽ എതിർ പക്ഷം ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേയ്ക്കു തള്ളപ്പെടുന്നു. അതൊക്കെക്കൊണ്ടാണ് ചരിത്രമെഴുതു
ന്നത് വിജയികളാണെന്നു വാൾട്ടർ ബഞ്ചമിൻ‍‍‍‍ പറഞ്ഞത്.

പ്രമുഖ ചരിത്രിരകാരന്മാരെഴുതിയ ചരിത്ര പുസ്തകങ്ങളിൽ നമ്മൾ കണ്ടതും കാണാതെ പഠിച്ചതുമൊന്നുമാവണമെന്നില്ല യഥാർത്ഥ ചരിത്രം. ഓരോരോ കാലത്തെ ഭരണാധികാരികളും അവരുടെ കുഴലൂത്തുകാരും ചേർ‍‍‍‍ന്ന് എത്ര വ്യാജ ചരിത്ര രചനകൾ നടത്തിയാലും ആത്യന്തികമായ സത്യം എന്നെങ്കിലുമൊരിക്കൽ പുറത്തുവരിക തന്നെ ചെയ്യും. അത് അനിവാര്യതയാണ്. ഇതാണ് ഇപ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസെന്ന, ഇന്ത്യൻ‍ രാഷ്ട്രീയത്തിലെ ഒരേയൊരു നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതകളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമാധാനത്തിന്‍റെ മേലങ്കിയണിഞ്ഞ ഉപജാപങ്ങളിലൂടെ കേവലം ഔദാര്യമായി ലഭിക്കേണ്ടതല്ല, മറിച്ചു കൈക്കരുത്തുകാട്ടി പിടിച്ചു വാങ്ങേണ്ടതാണ് ഭാരത്തിന്‍റെ സ്വാതന്ത്ര്യമെന്നുറച്ചു വിശ്വസിക്കുകയും അതിനൊപ്പം പ്രവർ‍‍‍‍ത്തിക്കുകയും അതിന്‍റെ പേരിൽ ഭൗതീകങ്ങളായ പല സൗഭാഗ്യങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്ത ഒരേയൊരു നേതാജി.

നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾക്ക് 1945 ഓഗസ്റ്റ് 15 തൊട്ടിങ്ങോട്ടുള്ള പഴക്കമുണ്ട്. എന്നിട്ടിപ്പോൾ ഇതു പൊടുന്നനെ വീണ്ടും വിവാദവും ചൂടൻ വാർ‍‍‍‍ത്തയുമാകുന്നത് കേവലം ആകസ്മികതയാവാൻ സാദ്ധ്യത വളരെക്കുറവാണ്. ഏകപക്ഷീയതയും ദുരൂഹകതകളും നിറഞ്ഞ നമ്മുടെ ചരിത്ര രേഖകളിലും സങ്കൽ‍‍‍‍പ്പങ്ങളിലും ഒരു പൊളിച്ചെഴുത്തിനുള്ള സാദ്ധ്യത പുതിയ കേന്ദ്ര സർ‍‍‍‍ക്കാർ അധികാരത്തിൽ വന്നതു മുതൽ‍‍‍‍ക്കിങ്ങോട്ട് വളരെ ശക്തമാണ്. ഇതിനുള്ള കളമൊരുക്കത്തിന്‍റെ ഭാഗം തന്നെയായിരിക്കാം ഈ പുതിയ വിവാദവും എന്നു കരുതുന്നതിൽ തെറ്റില്ല. ഒന്നാം എൻ.ഡി.എ സർ‍‍‍‍ക്കാർ‍‍‍‍ അധികാരത്തിൽ വന്ന കാലമടക്കം മോഡി സർ‍‍‍‍ക്കാർ അധികാരത്തിലെത്തും വരേയും ഭാരതത്തിൽ നിലനിന്നത് മഹത്തായ ഗാന്ധി ബ്രാൻ‍‍‍‍ഡ് നെയിം അതിവിദഗദ്ധമായി സ്വന്തമാക്കിയ നെഹ്റു കുടുംബമേധാവിത്വം തന്നെയായിരുന്നു. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അവർ ഭാരതത്തിന്‍റെ അധികാര ശ്രേണിയിലെ പ്രഥമ കുടുംബമായിരുന്നു. സ്വാതന്ത്ര്യപൂർ‍‍‍‍വ്വ കാലം തൊട്ടുള്ള സ്ഥിതി ഇതു തന്നെയാണ്.

ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യത മുഹമ്മദാലി ജിന്നക്കും സർ‍‍‍‍ദാർ വല്ലഭായ് പട്ടേലിനും ഒക്കെയായിരുന്നുവെന്ന് സമർ‍‍‍‍ത്ഥിക്കുന്നവർ ഇന്നുമുണ്ട്. എന്നിട്ടും അധികാരമെത്തിയത് നെഹ്റുവിന്‍റെ കൈകളിലായിരുന്നു. നെഹ‍്റുവിൽ നിന്നും അധികാരമേറ്റെടുത്ത ലാൽ‍‍‍‍ ബഹാദുർ‍‍‍‍ ശാസ്ത്രി താഷ്കെന്‍റിൽ വെച്ച് അകാല ചരമമടയുകയായിരുന്നു. ശാസ്ത്രിജിയുടെ മരണവും തുടർ‍‍‍‍ന്നുള്ള സംഭവങ്ങളും അന്നേ പല സംശയങ്ങൾക്കും വഴി വെയ്ക്കുകയും ചെയ്തിരുന്നു. ശാസ്ത്രിജിയുടെ മരണത്തോടേ ഭാരതത്തിന്‍റെ അധികാരം വീണ്ടും നെഹ്റു−ഗാന്ധി കുടുംബത്തിലേക്കു വന്നുചേർന്നു. ഇതിനുവേണ്ടി മനപൂർ‍‍‍‍വ്വം ശാസ്ത്രിജി ഇല്ലായ്മ ചെയ്യപ്പെടുകയായിരുന്നു എന്ന ആരോപണമുയർ‍‍‍‍ന്നിരുന്നു. എങ്കിലും സംഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ അന്ന് എങ്ങുമെത്താതെ അവസാനിച്ചു. പക്ഷേ അടുത്തിടെ സോഷ്യൽ‍‍‍‍ നെറ്റ്‌വർക്കുകളിൽ പ്രചരിച്ച ഒരു അനിമേഷൻ‍‍‍‍ വീഡിയോ ഇതുസംബന്ധിച്ച സംശയങ്ങളുടെ കനലുകൾ ആളിക്കത്തിച്ചിരുന്നു. https://www.youtube.com/watch?v=RTroYqbT0DI എന്ന ലിങ്കിൽ‍ Lal Bahadur Shastri : The Murder Mystery Whack & Epified എന്ന പേരിൽ‍ ഈ വീഡിയോ ഇപ്പോഴും ലഭ്യമാണ്.

അത്യപാരമായ കരുത്തോടെ ഭാരതത്തെ നയിച്ച ഇന്ദിരാ പ്രിയദർ‍‍‍‍ശിനിക്ക് ശേഷം ഭാരതത്തെ നയിക്കാൻ മികച്ച നേതാക്കൾ കോൺഗ്രസിലുണ്ടായിട്ടും അധികാരം ആ കുടുംബത്തിന്‍റെ മാത്രം കുത്തകയാക്കി തളച്ചിടപ്പെട്ടു. അതീവ ബോധപൂർ‍‍‍‍വ്വമുള്ള ബ്രാൻ‍‍‍‍ഡ് ബിൽ‍‍‍‍ഡിംഗും (പ്രതിച്ഛായ രൂപപ്പെടുത്തലും പ്രചാര വേലകളും) ലോബിയിംഗുമൊക്കെ തുടർ‍‍‍‍ച്ചയായി ഇതിനു വേണ്ടി നിരന്തരം നടത്തപ്പെട്ടു എന്ന ആരോപണം അടുത്തകാലത്തായി ഉയർ‍‍‍‍ന്നു തുടങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള നെഹറു−ഗാന്ധി കുടുംബത്തിലേക്കു വിരുന്നു വന്ന ബഹുറാണി പോലും ഭാരതത്തിന്‍റെ ഭാഗധേയം നിർ‍‍‍‍ണ്ണയിക്കുന്ന സാഹചര്യം മോഡി സർ‍‍‍‍ക്കാർ‍‍‍‍ അധികാരത്തിലേറുന്നതിനു തൊട്ടു മുൻപുവരെ നിലനിന്നു എന്നതാണു വാസ്തവം. ഇന്ത്യൻ രാഷ്ട്രീയത്തിലേയും സാമൂഹ്യ വ്യവസ്ഥിതിയിലേയും അതിശക്തമായ നെഹറുവിയൻ‍‍‍‍ സ്വാധീനത്തിനെതിരെയുള്ള സംഘടിതവും ശക്തവുമായ നീക്കങ്ങൾക്ക് കേന്ദ്രത്തിലെ അധികാര മാറ്റത്തോടെ ജീവൻ‍‍‍‍ വച്ചു തുടങ്ങി. അധികാരം കുത്തകയാക്കിയിരുന്ന ഒരു വിഭാഗത്തെ ജനവിധി പ്രതിപക്ഷത്തെ നിസാര കക്ഷിയാക്കിയ സാഹചര്യം ഈ വിഗ്രഹഭഞ്ജനത്തിന്‍റെ ആക്കം കൂട്ടിയിരിക്കുന്നു എന്നതിന്‍റെ സൂചനയാണ് ഇപ്പോഴത്തെ പുതിയ വിവാദം നൽ‍‍‍‍കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രഥമ കുടുംബസ്ഥാനമലങ്കരിച്ചിരുന്ന കുടുംബത്തിന്‍റെ സാരഥ്യമേറ്റെടുക്കാനും അധികാരവും അതുവഴി ഇന്ത്യൻ‍‍‍‍ രാഷ്ട്രീയത്തിലെ തന്നെ മേധാവിത്വവും നിലനിർ‍‍‍‍ത്താനുള്ള ശേഷിയോ ആ കുടുംബത്തിന്‍റെ ഇളമുറക്കാർ‍‍‍‍ മദ്ധ്യ വയസുകഴിഞ്ഞിട്ടും കാട്ടുന്നില്ല. വയസു 45 കഴിഞ്ഞിട്ടും പാർ‍‍‍‍ട്ടിയുടെ നായകത്വം പോലും വിദേശിയായ മാതാവിൽ നിന്നേറ്റെടുക്കാനുള്ള പാകത യുവരാജാവിനുണ്ടെന്നു പാർ‍‍‍‍ട്ടിയിൽ‍‍‍‍ പോലും പലർ‍‍‍‍ക്കും ഉറപ്പുമില്ല. ഈ സാഹചര്യത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെയും ലാൽ‍‍‍‍ ബഹുദൂർ‍‍‍‍ ശാസ്ത്രിയുടെയുമൊക്കെ അന്ത്യങ്ങളെ ചൂഴ്ന്ന് നിൽ‍ക്കുന്ന ദുരൂഹതകൾ വീണ്ടും വാർ‍‍‍‍ത്തകളിൽ‍‍‍‍ നിറയുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെയും സാമൂഹ്യ വ്യവസ്ഥിതിയെയും പതിറ്റാണ്ടുകൾ ആഴത്തിൽ‍‍‍‍ സ്വാധീനിച്ച നെഹ്‍റു എന്ന വിഗ്രഹം ഭഞ്ജിക്കപ്പടുന്നതിന്‍റെ ശബ്ദകോലാഹലമാണ് വാസ്തവത്തിൽ‍‍‍‍ ഇപ്പോൾ ഉയർ‍‍‍‍ന്നു കേൾക്കുന്നത്. രാഹുലാദികൾ ഇതിനിയും തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നു സംശയം. തിരിച്ചറിഞ്ഞാൽ തന്നെ അവർ‍‍‍‍ക്കതിനെ പ്രതിരോധിക്കാനും ആവുമെന്ന് തോന്നുന്നില്ല.

അതുകൊണ്ടു തന്നെ നേതാജി, ഐ.എൻ‍‍‍‍.എ, സ്റ്റാലിൻ‍‍‍‍, ജപ്പാൻ‍‍‍‍, റഷ്യ, ഗുംനാമി ബാബ എന്നിങ്ങനെയുള്ള പേരുകൾ ഇനി കുറേക്കാലത്തേയ്ക്ക് ഇന്ത്യൻ‍‍‍‍ രാഷ്ട്രീയത്തിൽ‍‍‍‍ മുഴങ്ങിക്കേൾക്കുമെന്നുറപ്പ്.

നെഹ്റുവിന്‍റെ വിശ്വസ്തനായിരുന്ന എം.ഒ മത്തായി എഴുതിയ “Reminiscences Of The Nehru Age” എന്ന പുസ്തകവും ഇതിന്‍റെയൊക്കെത്തുടർ‍ച്ചയായി സജീവ ചർ‍‍‍‍ച്ചാ വിഷയമാകാനാണ് സാധ്യത. നെഹ്റു എന്ന മഹനീയ വിഗ്രഹം തച്ചുടയ്ക്കുന്ന നിരവധി വിവരണങ്ങളുള്ള പുസ്തകം ഇന്ത്യയിൽ‍‍‍‍ നിരോധിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ പട്ടികയിലാണ് ഇപ്പോഴുള്ളത്. പലകാരണങ്ങളുടെ പേരിൽ‍‍‍‍ ഇതുവരെ പുറം ലോകം അറിയാത്ത വാസ്തവങ്ങൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വർ‍‍‍‍ത്തമാനകാലത്ത് എം.ഒ മത്തായിയുടെ പുസ്തകത്തിനുള്ള വിലക്ക് നീങ്ങിയാലും അത്ഭുതത്തിന് അവകാശമില്ല. അസത്യങ്ങൾ എല്ലാക്കാലത്തും ചാരം മൂടിക്കിടക്കില്ല.

You might also like

Most Viewed