ചില വികല ചിന്തക്കൊരു മറുപടി
അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ എഴുതുന്പോൾ എപ്പോഴും ആർ.എസ്.എസ്., ബി .ജെ. പി. വെറുപ്പോ, വൈര്യമോ ഒക്കെ നിറഞ്ഞു നിൽക്കുന്നത് കാണാം. ഇടയ്ക്കിടെ ആർ.എസ്.എസ്., ബി.ജെ.പി, കുത്തക, മുതലാളിത്തം, വർഗ്ഗീയത എന്നൊക്കെ എഴുതി പിടിപ്പിച്ചില്ലെങ്കിൽ ഒരു പഞ്ചില്ലെന്ന് കരുതുന്നുമുണ്ടാകാം. താൻ വിശ്വാസം അർപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപജയത്തിൽ നിന്നും ഉടലെടുത്തിട്ടുള്ള ഒരു വിഭ്രാന്തിയുമാകാം. അഡ്വക്കേറ്റായ അദ്ദേഹത്തിന് കാര്യങ്ങൾ നന്നായി അറിയാമെന്നാണ് എന്റെ വിശ്വാസം. എന്നാലും അന്ധമായ വൈരാഗ്യവും, വെറുപ്പും, അസഹിഷ്ണതയുമൊക്കെയാണ് ഇങ്ങനെയൊക്കെ അദ്ദേഹത്തെകൊണ്ട് എഴുതിക്കുന്നത് എന്നുറപ്പ്.
ആർ.എസ്.എസ്സുമായി ചേർന്ന് കേന്ദ്രം അടിയന്തിരാവസ്ഥ കൊണ്ടുവരാൻ കോപ്പ് കൂട്ടുന്നു എന്നൊരിക്കൽ എഴുതിക്കണ്ടു. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് ഇന്ത്യാമഹാരാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്ന ലക്ഷ്യവുമായി ഉറച്ച ഒരു മനസ്സോടെ ഓടിനടന്ന് അഹോരാത്രം പണിയെടുക്കുന്ന ഒരു പ്രധാനമന്ത്രിയെ കണ്ടാണ് ഈ ആരോപണം. ലോകത്ത് ഒരുപക്ഷെ ഇതാദ്യമായിരിക്കാം ആത്മാർത്ഥമായി പണിചെയ്യുന്ന ഒരു പ്രധാനമന്ത്രിക്ക് ഇത്രയധികം പഴികൾ കേൾക്കേണ്ടിവന്നിട്ടുള്ളത്. എല്ലാത്തിനേയും അന്ധമായി എതിർക്കുക എന്ന രീതിയാണ് ഇവർ വെച്ച്പുലർത്തുന്നത്. കണ്ണടച്ച് ഒന്നും കാണാതിരിക്കാൻ ശ്രമിച്ചാൽ നഷ്ടം നമുക്ക് തന്നെ എന്ന തിരിച്ചറിവ് ഉണ്ടാകണം അല്ലാതെ ഇന്ത്യ എന്നും മറ്റുള്ളവരെ ആശ്രയിച്ചു കഴിയാൻ നിർബന്ധം പിടിക്കുന്നത് കാടത്തമാണ്. നിർഭാഗ്യവശാൽ നമ്മുടെ ജോയിയേ പോലെയുള്ളവർ വിശ്വസിക്കുന്ന പ്രസ്ഥാനം നിരന്തരം അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് കടന്നാക്രമിച്ച് ഇന്ത്യയുടെ കുതിപ്പിന് മൂക്ക്കയറിടാനാണ് കിണഞ്ഞുശ്രമിക്കുന്നത് എന്ന സത്യം ഇന്ന് സാധാരണക്കാർ മസ്സിലാക്കുന്നുണ്ട് എന്ന് ഓർത്താൽ നന്ന്.
നമ്മുടെ തൊഴിലാളിസംഘടനകളുടെ പുതുക്കിയെഴുതാൻ തയ്യാറെടുക്കുന്ന നിയമാവലികളെ ഓർത്തുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ് ഒടുവിൽ എഴുതിക്കണ്ടത്. ഭയങ്കര ആശങ്കകൾ ആണ് അദ്ദേഹത്തിനുള്ളത്. പുതിയ നിയമങ്ങൾ കൊണ്ടുവരാൻ പോകുന്നു, മിന്നൽ പണിമുടക്ക്, ലേ ഓഫ് അനുമതിയിലേ സമയപരിധി, ലോക്ക് ഔട്ട്, സമരം ചെയ്യാനുള്ള അനുമതി എന്നു വേണ്ട സകല പൊളിച്ചടുക്ക് കോപ്രായങ്ങൾക്കും നിയന്ത്രണം വരുന്നു എന്ന ആശങ്കയാണ് അദ്ദേഹം വെച്ചുപുലർത്തുന്നത് അല്ലെങ്കിൽ പങ്കുവെയ്ക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക്, ജനങ്ങളുടെ നന്മക്ക് കാലഹരണപ്പെട്ട നിയമങ്ങളുടെ പൊളിച്ചെഴുത്ത് ആവശ്യകത തന്നെയാണ്. രാജ്യത്തിന്റെ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ പാവം ജനങ്ങളെ എങ്ങോട്ടാണ് നയിച്ചത്. എന്തു പുരോഗതിയാണ് നേടിയത്. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും എന്നുപാടി പിടിച്ചെടുപ്പിച്ച വയലുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. മൂക്ക് പൊത്തി വയലുകളുടെ പരിസരത്തുകൂടിപോലും നടക്കാൻ പറ്റാത്ത അവസ്ഥയിലല്ലേ. ചോദിക്കുന്ന കൂലി കൊടുത്താലും ഇന്ന് കേരളത്തിൽ ഒരാളെക്കൊണ്ട് പണിയെടുപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. വാങ്ങിക്കുന്ന കൂലിക്ക് നീതി കാട്ടിയില്ലെങ്കിൽ ഏത് സംരംഭകരാണ് വരാൻ പോകുന്നത്. മുതൽ മുടക്കുന്നവരെ തെറിപറഞ്ഞ് ഭീഷണിപ്പെടുത്തി ഓടിക്കുന്നത് വലിയ വിശേഷണങ്ങളായി കൊണ്ടുനടക്കുന്ന, പാവങ്ങളുടെ വയറ്റത്തടിക്കുന്ന തൊഴിലാളി നേതാക്കളാണ് പാവങ്ങളുടെ ശാപം.
മൂന്നാറിൽ പാവങ്ങളെ പറ്റിച്ചു അവർക്ക് കിട്ടേണ്ട സകല ആനുകൂല്യങ്ങളും വാങ്ങി നേതാക്കൾ പങ്കിട്ട് എടുക്കുകയല്ലേ ചെയ്തത്. അതിനെതിരെ നടന്ന സമരം വിജയവും കണ്ടു. ഓരോ കാര്യങ്ങൾ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്. കൂടാതെ എത്ര വഴിവിട്ട സൗകര്യങ്ങളാണ് ഈ നേതാക്കൾ വെച്ചനുഭവിക്കുന്നത്. പാവങ്ങൾ അവരുടെ ദൈവം ആയി കാണുന്ന നേതാക്കൾ അവരോട് ചതിയും, വഞ്ചനയുമല്ലേ കാണിച്ചത്. തൊഴിലാളികൾ അത് മനസ്സിലാക്കിയെന്ന് അറിഞ്ഞിട്ടും ഒരു നാണവും മാനവുമില്ലാതെ കുറേ രാഷ്ട്രീയ നാടകങ്ങളും അരങ്ങേറുകയാണ്.
നെറികേടുകൾക്കും, വെട്ടുകൾക്കും, കുത്തുകൾക്കും മാത്രം ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഇവർ എങ്ങനെ പാവങ്ങളുടെ പട്ടിണി മാറ്റും. ഇവർ എന്നും പട്ടിണി പാവങ്ങളായിരിക്കേണ്ടത് ഇവരുടെ ആവശ്യമാണ്. പാവങ്ങൾക്ക് വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെക്കൊണ്ട് തന്നെ മുതൽമുടക്കിയവർക്കെതിരെ യുദ്ധം ചെയ്യിച്ച് ഈ നേതാക്കൾ തന്നെ മുതലാളിമാരായി മാറുകയാണ്. ഇവിടെയാണ് നിയമങ്ങളുടെ പൊളിച്ചെഴുത്തിനു പ്രശസ്തിയേറുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതി എല്ലാവരേയും പുരോഗതിയിലേയ്ക്ക് നയിക്കുന്ന ഒരു നല്ല പൊളിച്ചെഴുത്ത് അനിവാര്യമല്ലേ? അതോ നോക്ക്‌കൂലി പോലുള്ള പരിപാടികളും ചേർത്ത്, അസംബന്ധമായ നിയമങ്ങളുമായി ധിക്കാരപരമായ നിലപാടുകൾ ഉയർത്തിപ്പിടിച്ച് നാടിനെ പിന്നോട്ടടിക്കുകയാണോ വേണ്ടത് എന്ന് കക്ഷി രാഷ്ട്രീയം വെടിഞ്ഞ് ആലോചിക്കുക. അതാണ് ഒരു ഭാരതീയൻ എന്ന നിലയിൽ നാം ചെയ്യേണ്ടത്.