ആളിക്കത്തി അഭയാർത്ഥി പ്രശ്നം
ഇടതടവില്ലാതെ മനുഷ്യ ജന്മങ്ങൾ അതിരുകൾ താണ്ടി അഭയം തേടുന്പോൾ അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ് “സത്യം പറഞ്ഞാൽ അമ്മ അച്ഛന്‍റെ തല്ലു കൊള്ളും. പറഞ്ഞില്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നും”... എന്നൊരു തമാശച്ചൊല്ലുണ്ട്. ഏതാണ്ട് ഇതിനു സമാനമാണ് പശ്ചിമേഷ്യയും യൂറോപ്പും ഉൾപ്പെടുന്ന മേഖലയെ അസ്വസ്ഥമാക്കിക്കൊണ്ടു തുടരുന്ന അഭയാർത്ഥിപ്രശ്നം. ആരോപണ പ്രത്യാരോപണങ്ങളും അതിനുമപ്പുറത്തുള്ള മനുഷ്യത്വപരമായ തലങ്ങളും ഒക്കെ പരിഗണിക്കുന്പോൾ കൃത്യമായ ഒരു നിഗമനത്തിലും നിലപാടിലുമെത്താൻ പൊതു സമൂഹത്തിനു കഴിയുന്നില്ല എന്നതാണ് വാസ്തവം.
ഓരോ പ്രശ്നങ്ങളും ഉണ്ടാവുന്പോൾ ചെയ്യേണ്ടത് അതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിച്ചുകൊണ്ട് ആ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ആരായുക എന്നതാണ്. ഇപ്പോഴത്തെ അഭയാർത്ഥിപ്രശ്നത്തിന്‍റെ കാര്യത്തിൽ പക്ഷേ പ്രാധാന്യം നൽകുന്നത് അഭയാർത്ഥികളെ സ്വീകരിക്കാനുള്ള ഇടങ്ങളും രാജ്യങ്ങളും കണ്ടെത്തുക എന്നതിനു മാത്രമാണ്. അതുകൊണ്ടുതന്നെ ഒരാൾക്ക് അഭയസ്ഥാനം കണ്ടെത്തുന്പോഴേക്കും അതിലുമധികമാൾക്കാർ അഭയം കാത്തുകഴിയുന്ന നില സംജാതമാവുകയും ചെയ്യുന്നു. ഇതിനിടെയാണ് അഭയം തേടിയുള്ള ഈ മഹാപലായനത്തിന്‍റെ സത്ത തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള വാദങ്ങളും ഒരു വശത്തു നിന്നുയരുന്നത്. ഇതിലൊക്കെ എത്രകണ്ടു വാസ്തവമുണ്ടെന്നറിയാത്ത അവസ്ഥയിലാണ് സാധാരണ സമൂഹം.
ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥിപ്രവാഹമുണ്ടായത് രണ്ടാം ലോകയുദ്ധാനന്തരമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അന്നതിന് ആസുരമായൊരു യുദ്ധത്തിന്‍റെ പശ്ചാത്തലമുണ്ടായിരുന്നു. രാഷ്ട്രീയ പരമായ കാരണങ്ങളുണ്ടായിരുന്നു. കരുത്തരും സുപരിചിതരുമായ വ്യക്തിത്വങ്ങളുടെ താൽപ്പര്യങ്ങളുണ്ടായിരുന്നു. ഇന്നു പക്ഷേ സ്ഥിതി തികച്ചും വ്യത്യസ്തമായിരിക്കുന്നു. എന്താണ് ലോകം ഇതുവരെ ദർശിച്ചതിൽ ഏറ്റവും വലിയ ഈ കൂട്ടപ്പലായനത്തിന്‍റെ യഥാർത്ഥ കാരണം എന്നതു സംബന്ധിച്ചു പോലും നമുക്കു വ്യക്തതയില്ലാത്ത സ്ഥിതി. അഥവാ നമ്മൾ കാണുന്ന കാരണങ്ങളൊക്കെത്തന്നെ ചിലരുടെയോ ചില കൂട്ടായ്മകളുടെയോ കുൽസിത, സങ്കുചിത താൽപ്പര്യങ്ങൾ നടപ്പാക്കിയെടുക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗം മാത്രമാണ് എന്ന തരത്തിലുള്ള ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിലൊക്കെ എത്രയൊക്കെ വാസ്തവത്തിന്‍റെ അംശമുണ്ടെന്നറിയാൻ കാത്തിരിക്കുകയേ വഴിയുള്ളൂ.
കഴിഞ്ഞ വർഷം ഉണ്ടായതിന്‍റെ അന്പതു ശതമാനത്തിലുമധികമാൾക്കാർ ഇക്കൊല്ലം ആഗസ്റ്റുവരെക്കൊണ്ടുതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ അഭയാർത്ഥികളായി എത്തിക്കഴിഞ്ഞെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർത്ഥികാര്യ വിഭാഗം നൽകുന്ന കണക്കുകൾ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതലെന്ന തലത്തിലേക്കെത്തിയിരിക്കുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമായതാണ് ഇതിനു കാരണം. ഐ.എസിന്‍റെ ആവിർഭാവവും ക്രമാതീതമായ വളർച്ചയും ആഭ്യന്തര സംഘർഷം രൂക്ഷമായിരുന്ന സിറിയൻ പ്രശ്നത്തെ കൂടുതൽ വഷളാക്കി. ഇതോടെ ആയുസുമാത്രമെങ്കിലും നിലനിർത്തുകയെന്ന ലക്ഷ്യത്തോടേ സിറിയയുടെ മണ്ണുപേക്ഷിച്ചു പലായനം ചെയ്യാൻ തീരുമാനിച്ചവരുടെ എണ്ണം സ്വാഭാവികമായിത്തന്നെ കൂടുകയും ചെയ്തു. ജീവൻ പണയം വെച്ചുള്ള ഈ യാത്രയിൽ ഒരുപാടൊരുപാടു ജീവനുകൾ പിടഞ്ഞില്ലാതായി. പലായനം ചെയ്യുന്നവരെ നിർദ്ദയം വേട്ടയാടിയ തീവ്രവാദികളും പ്രതികൂല കാലാവസ്ഥയും കടലും അഭയാർത്ഥികൾ തന്നെയുമൊക്കെ ഈ ആയുസ്സവസാനിക്കാത്ത അന്ത്യങ്ങൾക്കു കാരണമായി. സഖ്യസേനയുടെ ആക്രമണങ്ങൾക്കു മുന്പിലും ഐ.എസ്സിന്‍റെ കരുത്തു വർദ്ധിച്ചു എന്നത് അഭയാർത്ഥിപ്രശ്നത്തെ ഏറെ ഗുരുതരമായിത്തന്നെ ബാധിച്ചു. ഇതിനിടെ സഖ്യ സൈന്യത്തിന്‍റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും സംജാതമായി. ഐ.എസ്സിനെതിരായ സഖ്യ സേനയുടെ പോരാട്ടത്തിനു മൂർച്ചപോര എന്നത് സത്യമാണ്. ഐ.എസ്സിനെ ഇല്ലായ്മ ചെയ്യുന്നതിനെക്കാൾ അമേരിക്കക്കും കൂട്ടർക്കും താൽപ്പര്യം ശത്രുവായ സിറിയൻ നായകൻ ബാഷർ അൽ അസദിനെ സ്ഥാനഭൃഷ്ടനാക്കുക എന്നതാണ്. അമേരിക്കയുടെ നിതാന്ത ശത്രുവായ റഷ്യയാവട്ടെ ഇതൊട്ടു സമ്മതിക്കുന്നുമില്ല. ഈ സ്വാർത്ഥ താൽപ്പര്യങ്ങളുടെ സംഘർഷത്തിൽ ഐ.എസ് പ്രശ്നം ആത്യന്തികമായി പരിഹരിക്കപ്പെടാതെ പോകുന്നു. അതുകൊണ്ടു തന്നെ ഐ.എസ് അമേരിക്കൻ സൃഷ്ടിയാണെന്ന ഗോസിപ്പിന്‍റെ പ്രചാരവും തുടരുന്നു.
“ഐ.എസ് ഒരിക്കലും ഇസ്രായേലിനെ ആക്രമിക്കില്ല. കാരണം ഒരു പട്ടിയും സ്വന്തം വാലു കടിച്ചു മുറിക്കില്ല” എന്നർത്ഥം വരുന്ന ഒരു സോഷ്യൽ മീഡിയ കമന്‍റ് അടുത്തിടെ മലയാളത്തിലെ ഒരു വിവാദ സിനിമക്കാരന്‍റേ്തായി ഉണ്ടായി. ഇതും പോകുന്നത് അതേ വഴിക്കു തന്നെയാണ്. എന്നാൽ അന്താരാഷ്ര രംഗത്തെ പലകാര്യങ്ങളിലുമെന്നപോലെ ഇതിനും ഒരു കേന്ദ്രങ്ങളിൽ നിന്നും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സ്വന്തം ഐ.എസ് പ്രേമത്തിനു മറയിടാൻ സിനിമക്കാരൻ നടത്തിയ അഭ്യാസമാണ് സോഷ്യൽ മീഡിയ പോസ്റ്റ് എന്നു മറ്റൊരു വിഭാഗം പറയുന്പോൾ നമുക്ക് മൗനം പാലിക്കേണ്ടി വരുന്നു.
അതിനിടെയാണ് പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥിപ്രശ്നം തന്നെ ചില ഗൂഢ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന അടുത്ത ആരോപണത്തിന്‍റെ വരവ്. ഇതു വാസ്തവമല്ലെന്ന് പ്രഥമ ദൃഷ്ട്യാ നമുക്കു വിലയിരുത്താം. പക്ഷേ ഹങ്കറിയടക്കമുള്ള ചിലയിടങ്ങളിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ ഒരുവിഭാഗം അഭയാർത്ഥികളുടെ പലായനത്തിനു പിന്നിൽ ഇത്തരം ചില കാണാപ്പുറങ്ങളുണ്ടോയെന്ന സംശയം ജനിപ്പിക്കുന്നതാണ്.
പിറന്ന മണ്ണും സന്പാദ്യങ്ങളുമെല്ലാമുപേക്ഷിച്ച് ഉറ്റവരും ഉടയവരുമായി ജീവൻ പണയം വെച്ച് സിറിയൻ മണ്ണിൽ നിന്നുള്ള സാധാരണ പലായനം. അങ്ങനെയെത്തുന്ന സംഘങ്ങളിൽ യാത്രക്കിടെ ചിലരെങ്കിലും മരിച്ചു പോയിട്ടുണ്ടാവാം. എങ്കിലും ഇത്തരം സംഘങ്ങളിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഒക്കെയുണ്ടാവും. പക്ഷേ കഴിഞ്ഞ ദിവസം ഹങ്കറിയിൽ ഒരു റയിൽവേ േസ്റ്റഷനിൽ എത്തിയ അഭയാർത്ഥി സംഘത്തിൽ യുവാക്കൾ മാത്രമാണുണ്ടായിരുന്നത് എന്നാണ് ഒരു റിപ്പോർട്ട്. ഈ യുവാക്കൾ ഐ.എസ് പോലെയുള്ള ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ ഭാഗമാകാനുള്ള സാദ്ധ്യതയിലോക്കാണ് റിപ്പോർട്ടു വിരൽ ചൂണ്ടുന്നത്. അണമുറിയാത്ത അഭയാർത്ഥിപ്രവാഹം യൂറോപ്പിൽ കടന്നു കയറി കാലുറപ്പിക്കാനുള്ള അവസരമായി തീവ്രവാദികൾ ഉപയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ അതുയർത്തുന്ന ഭീഷണി വളരെ വലുതായിരിക്കും.
അഭയം കൊടുത്ത അറബിയെ കൂടാരത്തിനു പുറത്താക്കിയ ഒട്ടകത്തിന്‍റെ കഥ വളരെ പ്രശസ്തമാണ്. അത്തരത്തിലൊരനുഭവമാണ് പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ കാത്തിരിക്കുന്നത് എന്ന് ചില വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു. സൗദി അധികൃതരുടേതായി ദി ഇൻഡിപ്പെൻ്‍ഡന്‍റ് പത്രം റിപ്പോർട്ടു ചെയ്ത ഒരു വാർത്ത ഈ വാദത്തെ ചൂടു പിടിപ്പിച്ചു. ജർമ്മനിയിലെ അഭയാർത്ഥികൾക്കായി സൗദി 200 ആരാധനാലയങ്ങൾ നിർമ്മിച്ചു നൽകുമെന്നായിരുന്നു ഈ വാർത്ത. സ്വന്തം സഹോദര സ്ഥാനത്തു കാണേണ്ട സിറിയക്കാരുടെ കാര്യത്തിൽ സൗദിയടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ വേണ്ടത്ര കരുതൽ കാട്ടുന്നില്ല എന്ന ആരോപണത്തിന് ഇത് ആക്കം കൂട്ടി. എന്നാൽ ഈ വാർത്ത സൗദി അധികൃതർ നിരാകരിച്ചു. ഒപ്പം പലതരത്തിൽ പതിനായിരക്കണക്കിനു സിറിയൻ പൗരന്മാർക്ക് അഭയമൊരുക്കിയതു സംബന്ധിച്ച വിശദാംശങ്ങളും സൗദി പുറത്തു വിട്ടു. ഇതോടെ ഈ ആരോപണങ്ങളും കെട്ടടങ്ങിയ മട്ടാണ്.
പശ്ചിമേഷ്യക്കു പുറത്ത് സെർബിയയിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹം ഇന്നലെ ഒരു റെക്കോഡു സംഖ്യയിലെത്തി. സെർബിയയിൽ നിന്നും ഇന്നലെ മാത്രം നാലായിരത്തിലധികം അഭയാർത്ഥികളാണ് ഹംഗറിയുടെ അതിർത്തി താണ്ടിയത്. ഇവിടങ്ങളിൽ നിന്നെല്ലാമുള്ള അഭയാർത്ഥികളിൽ ഏറിയകൂറും ലക്ഷ്യം െവയ്ക്കുന്നത് ജർമ്മനിയെയാണ്. ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ അടക്കമുള്ളവർ അഭയാർത്ഥികളെ ഇരുകൈകളും നീട്ടി വരവേൽക്കുന്നു. അഭയാർത്ഥികൾ അതി വേഗം ജർമ്മൻ ഭാഷ പഠിച്ചെടുക്കുകയും രാഷ്ട്ര നിർമ്മാണത്തിലെ ക്രിയാത്മക പങ്കാളികളാവുകയും ചെയ്യുമെന്ന് മെർക്കൽ പ്രത്യാശ പ്രകടിപ്പിക്കുന്നു. അതു ശുഭോദർക്കമാണ്. പക്ഷേ ഈ കൂടിയേറ്റ വിഭാഗങ്ങളുടെ സാധാരണ സ്വഭാവരീതികൾ പരിഗണിക്കുന്പോൾ അതിൽ വലിയൊരു വിഭാഗം അഭയം കൊടുത്ത രാഷ്ട്രങ്ങൾക്കു ഭാവിയിൽ വലിയ തലവേദനകൾക്കു കാരണമാകാൻ തന്നെയാണു സാദ്ധ്യത.