നിസ്സഹായതയുടെ നിശബ്ദ നിലവിളികൾ
നിശ്ചലമായി കിടക്കുന്ന കുഞ്ഞു നിഷ്ക്കളങ്കതയാണ് കഴിഞ്ഞായാഴ്ച്ച ലോകത്തെ കരയിപ്പിച്ച കാഴ്ചയുടെ കണ്ണുനീർ.
ബോംബുകളും, നിറതോക്കുകളും മിസൈലുകളും കൊണ്ട് മരണം താണ്ധവമാടുന്ന ഭൂമികയിൽ മനസ്സ് മരവിച്ച് പിറന്ന നാട്ടിൽ നിന്നും പാലായനം ചെയ്യപ്പെടുന്ന കോടിക്കണക്കിന് സിറിയൻ ജനതയുടെ അലമുറകളും, നിലവിളികളും അശ്രദ്ധമായി ഉറങ്ങിക്കിടക്കുന്ന ലോക മനസ്സാക്ഷിക്ക് മുന്പിൽ തന്റെ ജീവത്യാഗം കൊണ്ട് ഉറക്കെ കേൾപ്പിക്കുകയായിരുന്നു ഐലാൻ കുർദി എന്ന കുഞ്ഞു ബാലൻ.
കരുണ നിലച്ചിട്ടില്ലാത്ത കടലു പോലും കരയിൽ കൊണ്ട് വന്ന് കിടത്തിയ ആ പിഞ്ചു ശരീരം ലോകത്തോട് ഒരുപാട് കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. ലക്ഷകണക്കിന് മനുഷ്യർ മരിച്ചൊടുങ്ങിയിട്ടും കോടിക്കണക്കിന് ആളുകൾ അഭയാർത്ഥികളായിട്ടും സിറിയ എന്ന കൊച്ചു രാജ്യത്തെ കുറിച്ചും അവിടുത്തെ പാവങ്ങളെ സ്വീകരിക്കാനും ഒരു കുഞ്ഞു ശരീരത്തിന്റെ വേദനാനിർഭരമായ ആത്മബലി വേണ്ടി വന്നു നമ്മൾക്ക്. അഭയാർത്ഥി പ്രശ്നത്തിനപ്പുറം അറുതിയില്ലാത്ത ഈ കുരുതിക്ക് എന്ത് പരിഹാരം എന്നതിനെപ്പറ്റി അന്താരാഷ്‌ട്ര വേദികളിൽ ഇനിയും ഒരു ചർച്ചയും ഉയർന്നു കേട്ടിട്ടില്ല. ശീതയുദ്ധ കാലഘട്ടത്തിൽ തങ്ങൾ തന്നെ പോറ്റി വളർത്തുകയും പിന്നീട് ലോകത്തിനു തന്നെ ഭീഷണിയാവുകയും ചെയ്ത ‘അൽഖ്വയ്ദ’യുടെ വേരുകൾ വരെ പിഴുതെറിയുന്നതിൽ ഒരു പരിധി വരെ വിജയിച്ച ‘അമേരിക്ക’ എന്ത് കൊണ്ട് ഐ.എസിന്റെ കാര്യത്തിൽ കണ്ണടക്കുന്നു എന്നത് ഗൗരവമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ചോരച്ചാലുകൾ തീർത്ത് അധികാരം സ്ഥാപിക്കാൻ മിനക്കെടുന്ന പ്രാകൃത സംസ്കാരത്തിന്റെ പുനരാവിഷ്കരണത്തിനെതിരെ അന്താരാഷ്‌ട്ര കൂട്ടായ്മകൾ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
ഒപ്പം തന്നെ സമാധാന പരമായി മുന്പോട്ട് പോകുന്ന രാജ്യങ്ങളിൽ അധിനിവേശ മനസ്സോടെ ഇടപെടലുകൾ നടത്തുകയും തെളിയിക്കാൻ പറ്റാത്ത കാരണങ്ങൾ കൊണ്ട് ലോകത്തിന്റെ കണ്ണ് മൂടിക്കെട്ടി ആഭ്യന്തര യുദ്ധത്തിലേക്കും നിലക്കാത്ത നിലവിളികളിലേക്കും പൊട്ടിത്തെറികളിലേക്കും തള്ളി വിടുന്ന സാമ്രാജ്യത്വ കുത്തകകൾക്കെതിരെയും ലോക മനസാക്ഷി ഉണരുക തന്നെ ചെയ്യേണ്ടതാണ്.
ഒരേസമയം വേട്ടക്കാരനായും, ഇരകളോടൊപ്പവും എന്ന സമീപനത്തിൽ നിന്നു കൊണ്ട് രക്തച്ചൊരിച്ചിലുകൾ അവസാനിപ്പിക്കാൻ കഴിയില്ല. ഭീകരതക്കെതിരെ തുറന്ന യുദ്ധം ചെയ്യുന്നതിനിടയിൽ തന്നെ അന്യായമായ അധിനിവേശത്താൽ അസ്വസ്ഥരാവുന്ന ചെറുപ്പക്കാർ ഭീകര വാദത്തിലേക്ക് വഴുതി വീഴുന്ന അവസ്ഥയും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ചുരുക്കത്തിൽ അമേരിക്കയുടെ അന്യായ അധിനിവേശങ്ങളും അതിനുള്ള തത്പര കക്ഷികളായ ഭീകരവാദികളുടെ പ്രതികൃയകളും സാധാരണക്കാരുടെ ജീവിതം കൂടുതൽ കൂടുതൽ ദുരിതമയമാക്കുന്നു. പിറന്ന നാട്ടിൽ നിന്നും ലക്ഷ്യ ബോധമില്ലാതെ ഇനിയൊരു തിരിച്ചു വരവ് സ്വപ്നം കാണാതെ ആഴിക്കു മുകളിലൂടെ പഴകിയ ബോട്ടുകളിൽ പാലായനം ചെയ്യപ്പെടുന്ന പതിനായിരങ്ങൾ ‘ഐലാൻ കുർദി’ എന്ന തുർക്കി കടപ്പുറത്ത് തിരമാലകളെത്തിച്ച സിറിയൻ കുഞ്ഞിന്റെ ചിത്രത്തോടെ ലോകത്തിന്റെ കണ്ണീരാവുകയാണ്. പ്രത്യക്ഷത്തിൽ ഇടപെടലുകൾ കാണാൻ കഴിഞ്ഞില്ലെങ്കിലും സിറിയൻ പ്രശ്നത്തിലും പാശ്ചാത്യർക്ക് അവരുടെതായ അജണ്ടകൾ ഉണ്ടെന്ന കാര്യം കൂടുതൽ കൂടുതൽ വ്യക്തമാക്കപ്പെടുകയാണ്.
പല രാജ്യങ്ങളും അഭയാർത്ഥികൾക്കു മുന്പിൽ അതിർത്തികൾ അടച്ചിടുന്നതും, പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ടിയർഗ്യാസ്, ലാത്തിയടി, കല്ലേറ് തുടങ്ങിയ പറ്റാവുന്ന രീതിയിലെല്ലാം ഈ പാവങ്ങളെ പ്രതിരോധിക്കുന്നു. അതിർത്തികളിലെത്തുന്നവരെ കൂട്ടത്തോടെ പിടികൂടി പട്ടിണിക്കിടുന്നതും മനസാക്ഷി മരവിപ്പിക്കുന്ന ദാരുണ ദൃശ്യങ്ങൾ തന്നെയാണ്.
ചില ചിത്രങ്ങൾ അങ്ങിനെയാണ് അത് ലോകത്തോട് ഒരു ചരിത്രം തന്നെ നിശബ്ദമായി വിളിച്ചു പറയും. അമേരിക്ക വിയറ്റ്‌നാമിൽ വിതച്ച മരണത്തിന്റെ ഭയാനകമായ സാക്ഷ്യപ്പെടുത്തലായിരുന്നു ചാങ്ങ് ബാങ്ങ് ഗ്രാമത്തിൽ ബോംബു വന്നു വീണപ്പോൾ തീ പിടിച്ച് വസ്‌ത്രം ഉരിഞ്ഞ് ശരീരമാസകലം പൊള്ളലേറ്റ് നഗ്നമായി ഓടിപോകുന്ന ഫാൻ കിം ഫുക് എന്ന ഒന്പത് വയസ്സുകാരിയുടെ ചിത്രം. ഈ ഭീകര ദൃശ്യം പകർത്തിയ ‘നിക്ഉട്ടിൻ’ എന്ന ഫോട്ടോഗ്രാഫർ പിന്നീട് പുലിസ്റ്റർ ബഹുമതിക്ക് അർഹനായി.
ഇതേ പോലെ സൗത്ത് ആഫ്രിക്കൻ പത്രപ്രവർത്തകനായിരുന്ന കെവിൻ കാർട്ടർ, സുഡാനിലെ പട്ടിണിയുടെ കരളലിയിപ്പിക്കുന്ന കഥകൾ വിളിച്ചു പറയുന്ന ചിത്രവും ലോക മനസാക്ഷിയുടെ നൊന്പരമായിരുന്നു. പട്ടിണിമൂലം മരിക്കാനിരിക്കുന്ന ഒരു കുഞ്ഞും പിറകിൽ തന്റെ ഇരയെ കാത്തിരിക്കുന്ന കഴുകനുമായിരുന്നു ആ ചിത്രത്തിൽ.
മേൽപ്പറഞ്ഞ രണ്ടു പടങ്ങളും മനസിലേൽപ്പിച്ച ആഴത്തിലുള്ള മുറിവിനേക്കാൾ ഒരു പക്ഷെ അപ്പുറത്തായിരിക്കും മെഡിറ്ററേനിയൻ കടലിലൂടെ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കടലിൽ വീണ് പിന്നീട് കരയിലേക്കെത്തിയ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം മനുഷ്യമനസ്സിൽ വേദനയുളവാക്കുന്നത്. ഒരുപാട് ചോദ്യങ്ങൾ മനുഷ്യ രാശിയോട് ചോദിക്കുന്നുണ്ട് ഈ ചിത്രം. മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യരെയും കരയിച്ച ആ പിഞ്ചു ബാലൻ തന്റെ മരണം കൊണ്ട് ഒരിക്കൽ കൂടെ ഇതിനകം ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചു തീർന്ന കോടിക്കണക്കിനാളുകൾ അഭയാർത്ഥികളായ സിറിയയിലെ രക്ത പങ്കിലതയിലേക്ക് നിശബ്ദമായി ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ചെയ്തിരിക്കുന്നത്.
അവസാനമായി ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയ ഷാന്ദഹാൻ കാളിയത്തിന്റെ ‘ഐലൻ കുർദിയുടെ ദൈവരാജ്യം’ എന്ന കവിതയിലെ രണ്ടു വരി കൂടി കുറിച്ചാലെ ഈ കുറിപ്പ് പൂർണമാകു എന്ന് തോന്നുന്നു.
‘നീ കമിഴ്ന്നു കിടന്നുറങ്ങുന്ന
കടൽപ്പരപ്പിൽ, അഭയാർത്ഥിയുടെ വഞ്ചിയല്ല
എന്റെ ഹൃദയമാണ് മുങ്ങിപ്പോയത്
അതിർത്തിയിൽ ദൈവരാജ്യത്തെക്കുറിച്ച്
മാത്രം ആകുലപ്പെട്ട്
കാഞ്ചി വലിക്കുന്നവൻ
നിന്റെ ചെറിപ്പഴം പോലെ തുടുത്ത
ഹൃദയം കണ്ടതേയില്ല’
ഇസ്മായിൽ പതിയാരക്കര