‘നാം വിതയ്ക്കുന്നത് നാം കൊയ്യുന്നു’
ഇതൊരു പ്രകൃതി നിയമമാണ്. ഇന്ന് നാം ഒരാൾക്ക് ഒരു ഉപകാരം ചെയ്‌താൽ എപ്പോഴെങ്കിലും പ്രത്യുപകാരം എവിടെ നിന്നെങ്കിലും ലഭിക്കാതെയിരിക്കുകയില്ല. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. നമ്മുടെ ചിന്തയോ പ്രവൃത്തിയോ പെരുമാറ്റമോ എന്ത് തന്നെ ആയിരുന്നാലും ഉടനെയോ അല്ലെങ്കിൽ അൽപ്പം വൈകിയോ കൃത്യമായി നമ്മിലേയ്ക്ക് തിരിച്ചു വരും. ആദരവോടും സ്നേഹത്തോടും നാം മറ്റുള്ളവരെ സ്വീകരിച്ചാൽ അവ നമുക്ക് തിരികെ കിട്ടാതിരിക്കില്ല. ചില മാതാപിതാക്കൾ പരാതിപ്പെടുന്നു, അവരുടെ മക്കൾ അവരെ സ്നേഹിക്കുന്നില്ല. എന്നാൽ മറിച്ചൊരു ചോദ്യമുണ്ട്, അവർ സ്വാർത്ഥ ലേശമില്ലാതെ അവരുടെ മക്കളെ സ്നേഹിക്കുന്നുണ്ടോ?
ഒരു ഗ്രാമീണ ബാലകൻ അമ്മയുമായി വഴക്കിട്ടപ്പോൾ അരിശം മൂത്ത് അമ്മയോട് ഗർജിച്ചു. ‘ഞാൻ നിന്നെ വെറുക്കുന്നു, ഞാൻ നിന്നെ വെറുക്കുന്നു!’ അത് പറഞ്ഞിട്ട് അവൻ അവിടെ നിന്നില്ല. അമ്മയെ ഭയന്ന് പുറത്തേയ്ക്ക് പോയി. അടുത്തുള്ള ഒരു താഴ് വരയിലെത്തി. അവിടെയും അവൻ മുന്പേ പറഞ്ഞ വാക്കുകൾ ഉച്ചത്തിൽ പറഞ്ഞു. തൽക്ഷണം അതേ ശബ്ദത്തിലും വികാരത്തിലും ആരോ ആ വാക്കുകൾ വിളിച്ചു പറയുന്നതായി കേട്ടു.’ഞാൻ നിന്നെ വെറുക്കുന്നു, ഞാൻ നിന്നെ വെറുക്കുന്നു!’ ഇത് കേട്ടപ്പോൾ ആ കുട്ടി നടുങ്ങിപ്പോയി. അവനു ഭയമായി. അവൻ തിരികെ വീട്ടിലേക്ക് ഓടി അമ്മയുടെ അടുത്ത് എത്തി പറഞ്ഞു, ‘അവിടെ താഴെ ഒരാൾ എന്നോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ഞാൻ നിന്നെ വെറുക്കുന്നു എന്ന്’. അവൻ പറഞ്ഞ വാക്കുകളുടെ പ്രതിധ്വനിയാണ് അവൻ കേട്ടതെന്ന് മനസിലാക്കിയ അമ്മ അവനെ സ്വാന്തനപ്പെടുത്തിയിട്ട് പറഞ്ഞു, ‘മോൻ മുന്പേ പോയ സ്ഥലത്ത് ചെന്ന് നിന്നുകൊണ്ട് അതേ ശബ്ദത്തിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുക’. അമ്മയുടെ നിർദേശം സ്വീകരിച്ച് അവൻ താഴവരയിൽ പോയി അപ്രകാരം ചെയ്തപ്പോൾ തിരിച്ച് കേട്ടത് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന ശബ്ദമാണ്. പ്രകൃതി പ്രതിധ്വനി കൊണ്ട് അനുഗ്രഹീതമാണ്; മനുഷ്യ ജീവിതവും. പ്രതിധ്വനി ഉണ്ട് എന്ന് തിരിച്ചറിയാതെ മുന്നോട്ട് പോയാൽ നിരാശയായിരിക്കും കൊയ്തെടുക്കുക. ഈ സത്യം വലിയ പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഇംഗ്ലീഷിൽ ‘ബുമറാങ്’ എന്ന ഒരു പദമുണ്ട്. ഇത് ഓസ്ട്രേലിയയിലെ ആദിവാസികൾ ഉപയോഗിക്കുന്ന വളഞ്ഞ ശാസ്ത്രം ആണ്. അതിന്റെ പ്രത്യേകത, അത് തൊടുത്ത് വിട്ടാൽ വിട്ട ആളിന്റെ അടുക്കലേക്ക് തിരിച്ചു വരുന്നു എന്നതാണ്. അതുകൊണ്ട് ജീവിതത്തിലെ തിരിച്ചടികൾക്ക് ഈ പദം ഉപയോഗിക്കുന്നു. മറ്റുള്ളവർക്ക് ദ്രോഹം ചെയ്‌താൽ അത് നമ്മിലേക്ക് തിരിച്ചെത്തുമെന്നുള്ളത് ജീവിത സത്യമാണ്. അത് പോലെ നന്മ ചെയ്‌താൽ അതും തിരിച്ചെത്താതെയിരിക്കുകയില്ല. ബഞ്ചമിൻ ഫ്രാങ്ക്ളിൻ ഒരിക്കൽ പറഞ്ഞു, “മറ്റുള്ളവരോട് നിങ്ങൾ നന്നായി വർത്തിച്ചാൽ നിങ്ങൾക്ക് തന്നെ അത് നല്ലതായി അനുഭവപ്പെടും”. നന്മ തിരിച്ച് കിട്ടണമെന്ന് പ്രതീക്ഷിച്ച് കൊണ്ട് പ്രവർത്തിക്കേണ്ടതില്ല. നന്മ തനിയെ കൈവന്നുകൊള്ളും. എമേഴ്സൺ പ്രസ്ഥാപിച്ചു, “ജീവിതത്തിലെ ധന്യമായ ഒരു സത്യം, ഒരുവൻ ആത്മാർത്ഥമായി അപരനെ സഹായിക്കാൻ ഉദ്യമിച്ചാൽ നിശ്ചയമായും ആ വ്യകതിക്കും സഹായം ലഭിക്കുമെന്നുള്ളതാണ്”. നന്മ മാത്രം പ്രവർത്തിച്ച് ജീവിച്ചവർക്ക് എന്ത് കൊണ്ട് തിന്മ പ്രതിഫലമായി ലഭിച്ചു എന്ന് ചില ജീവിതാനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട് ചിലർ ചോദിച്ചേക്കാം. നന്മയുടെ പ്രതിഫലം ഉടനെ ആയിരിക്കില്ല എന്ന് മാത്രം. ചിലർക്ക് അംഗീകാരവും കൈവരിക്കുന്ന സ്വാധീനവും അടുത്ത തലമുറയിൽ മാത്രമേ പ്രകടമാവുകയുള്ളൂ. മറ്റുള്ളവരിൽ നിന്ന് നന്മയും സ്നേഹവുമാണ് നാം പ്രതീക്ഷിക്കുന്നതെങ്കിൽ കാലാവധി കൂടാതെ അവ നൽകുവാൻ നാം സന്നദ്ധരാകണം. ‘നിങ്ങളോട് മറ്റുള്ളവർ എങ്ങനെ വർത്തിക്കണമെന്ന് നിങ്ങൾ ഇച്ചിക്കുന്നുവോ അങ്ങനെ അവരോടും നിങ്ങൾ വർത്തിക്കുക. എടുക്കുന്നതിനെക്കാൾ ഉത്തമം കൊടുക്കുന്നതാണ്’. ധർമ്മ ശാസ്ത്രത്തിന്റെ സാരാംശം ഇതാണ്.
ഇപ്പോഴും മലയാളികളുടെ ഇടയിൽ അഭ്യസ്ത വിദ്യരിൽ പോലും പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. ജോൺ പനയ്ക്കൽ ഒരു മന്ത്രവാദിയാണെന്നും അയാളെ കണ്ടാൽ ശത്രുക്കൾ ആവാഹിച്ചു വിട്ട ബാധയെല്ലാം ഒഴിപ്പിക്കുമെന്നും തെറ്റിദ്ധരിച്ച് ഒരു അഭ്യസ്ത വിദ്യക്കാരൻ സമീപിക്കുകയുണ്ടായി. എന്റെയടുത്ത് എത്തുന്നതിന് മുന്നേ അയാൾ വിലക്കപ്പെട്ടു. ആഭിചാരത്തിലും മന്ത്രവാദത്തിലും അന്ധമായി വിശ്വസിക്കുന്ന ഇത്തരക്കാർ ശത്രുക്കളെ വക വരുത്തുവാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അവരിലേക്ക് തന്നെ ന്യൂന ഊർജമായി മടങ്ങി വരുമെന്നതിൽ തർക്കമില്ല. പുറമെ പരസ്യമായി പറയാൻ അറയ്ക്കുന്ന ഒരു വാക്കാണ് കൂടോത്രം. ഒരു ഗൂഡമായ സൂത്രമായിരിക്കാം ലോപിച്ച് കൂടോത്രം ആയത്. ഭക്ഷ്യ വസ്തുക്കളിലും മറ്റും മന്ത്രം ജപിച്ച് കൂടോത്രം ചെയ്ത് ആളുകളെ വക വരുത്തുവാൻ വെന്പുന്ന പലരും കൂടോത്രത്തിന്റെ പിറകെ ഓടാറുണ്ട്. ‘ആരാണ്ട് ഏതാണ്ട് ചെയ്തിട്ടുണ്ട്, അതുകൊണ്ടാണ് ഈ ദുരവസ്ഥ’ എന്ന് ചില ആത്മീയ ആചാര്യന്മാർ പോലും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാറുണ്ട്. ധനമാണ് ഇതിന്റെയൊക്കെ ഗൂഡ ലക്ഷ്യം. നാം ഒരു സത്യം മനസ്സിലാക്കിയിരിക്കണം, നമുക്ക് ചുറ്റുമുള്ള മണ്ധലത്തിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും ഉണ്ട്. നെഗറ്റീവ് എനർജിയുടെ കൂടാരങ്ങളെ ഉത്തേജിപ്പിച്ച് ഒരുവനിലേക്ക് അത്തരം എനർജി പ്രവഹിപ്പിച്ച് അവന്റെ സമനില തെറ്റിക്കാൻ ആര് ശ്രമിച്ചാലും ആ എനർജി തിരികെ പ്രഭവസ്ഥാനത്തേക്ക് തന്നെ തിരികെ വരും. ഇര പോസിറ്റീവ് എനർജിയാൽ നിറഞ്ഞ് നിൽക്കുന്ന ആളാണെങ്കിൽ തൊടുത്തു വിടുന്ന നെഗറ്റീവ് എനർജി ഉടൻ തന്നെ ആര് തൊടുത്ത് വിടുന്നുവോ ആ ആളിലേക്ക് തന്നെ എത്തുമെന്നർത്ഥം. അങ്ങനെയെങ്കിൽ ഇതിന്റെ ആവശ്യമെന്ത്? മന്ത്രവാദവും ആഭിചാരവും നിലവിലെങ്ങാനും ഫലം ചെയ്യുമെന്നു വിശ്വസിക്കുന്നവർ മേൽ പറഞ്ഞ സത്യം അറിഞ്ഞിരിക്കുന്നത് നല്ലത്. മന്ത്രവാദിയായ ഒരു മനുഷ്യന്റെ അപമൃത്യുവിനെ കുറിച്ച് വ്യക്തമായ അറിവുള്ളത് കൊണ്ടാണ് പതുക്കെ മാത്രം കൈകാര്യം ചെയ്യുന്ന കൂടോത്രത്തെ ഇത്ര പരസ്യമായി ഞാൻ ഖണ്ധിച്ചത്.
‘വരുമൊരുനാൾ സുഖം, ഒരുനാൾ ദുഃഖം, ഉലകിലെല്ലാമിത് നിയമം’ എന്ന കവി വാക്യം എത്ര അന്വർത്ഥമാണ്. ആധുനിക ഇസ്രായേലിന്റെ രാഷ്ട്രപിതാവ് ഡേവിഡ് ബെൻഗൂറിയൻ എഴുതി: ഒരു യാഥാർത്യ വാദിയാണെങ്കിൽ നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കണം. In order to be a realist you must believe in miracles. നമ്മുടെയൊക്കെ ജീവതത്തിൽ പലപ്പോഴും അത്ഭുതങ്ങൾ നടക്കുന്നുണ്ട്. പക്ഷേ അവയെ തിരിച്ചറിയാനും അവയുടെ കാരണങ്ങളോട് പ്രതിബദ്ധത ഉള്ളവരായിരിക്കാനും നാം മറക്കുന്നു. ഇന്നിന്റെ വലിയ നഷ്ടമാണത്. സ്വന്തം ജീവിതത്തിലെ അത്ഭുതങ്ങളെ തിരിച്ചറിയണമെങ്കിൽ ജീവിതം നല്ല വിത്ത് വിതക്കുന്നതായി തീരണം. മറ്റുള്ളവർ നമ്മോടെങ്ങനെ എന്നതിനെ അപഗ്രഥിച്ച് തല പുണ്ണാക്കാതെ ‘ഞാൻ അവരോടെങ്ങനെ’ എന്നതിനെപ്പറ്റി ചിന്തിച്ച് മുന്നേറുന്പോൾ ജീവിതത്തിൽ ചെറുതും വലുതുമായ അത്ഭുതങ്ങളുടെ പരന്പര തന്നെ ദർശിക്കാൻ സാധിക്കും. ഒരു ദിവസം രാവിലെ എട്ടര മണിക്ക് 80 കഴിഞ്ഞ ഒരു വൃദ്ധൻ ഒരു ഡോക്ടറുടെ മുറിയിലേയ്ക്ക് കടന്നു വരുന്നു. അദ്ദേഹത്തിന്റെ വലതു കയ്യിലെ മുറിവിന്റെ കുത്തിക്കെട്ട് എടുക്കാറായോ എന്ന് പരിശോധിക്കാനാണ് വരവ്. ഡോക്ടർ സാവധാനത്തിൽ കിറ്റുമായി രോഗിയെ സമീപിച്ചു. ബാൻഡേജ് സാവകാശത്തിൽ അഴിച്ചു മാറ്റുന്പോൾ രോഗി അൽപം ധൃതി പിടിച്ചു. തനിക്ക് 9 മണിക്ക് മറ്റൊരു അപ്പോയിമെന്റ്് ഉണ്ട്. ഒട്ടും വൈകിക്കാതെ വിടണമെന്നായിരുന്നു അഭ്യർത്ഥന. ഡോക്ടർ അന്വേഷിച്ചു, എന്താണ് 9 മണിക്ക് ചെയ്യാനുള്ളത്? ഏതെങ്കിലും ഓഫീസിൽ എത്താനാണോ? അതോ, മറ്റേതെങ്കിലും ഡോക്ടറെ കാണുന്നതിനാണോ? ഇത്ര കൃത്യമായി സമയം പാലിക്കത്തക്ക കാര്യമെന്ത്? ഡോക്ടറുടെ ചോദ്യത്തിനുത്തരമായി രോഗി പറഞ്ഞു. എനിക്ക് 9 മണിക്ക് ഒരു നഴ്സിംഗ് ഹോമിലെത്തി എന്റെ ഭാര്യയുമൊത്ത് പ്രഭാത ഭക്ഷണം കഴിക്കാനുണ്ട്. അപ്പോൾ ഡോക്ടർ നഴ്സിംഗ് ഹോമിലുള്ള ഭാര്യയുടെ ആരോഗ്യത്തെ പറ്റി അന്വേഷിച്ചു. അവർ നഴ്സിംഗ് ഹോമിലായിട്ട് കുറെക്കാലമായെന്നും അൽസ്ഹൈമർ എന്ന രോഗത്തിനടിമയാണെന്നും മറ്റുമുള്ള വിവരങ്ങൾ പറഞ്ഞു. ഓർമ്മ മറഞ്ഞ് മറവി സംഭവിക്കുന്ന സ്ഥിതിയാണ് ഈ രോഗത്തിനുള്ളത്. ശാരീരികമായി മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലായിരിക്കും. പക്ഷെ തലച്ചോറിനുണ്ടായ വൈകല്യം കൊണ്ട് ഓർമ്മ ഒട്ടും തന്നെ ഉണ്ടാകില്ല. ഡോക്ടർ ചോദിച്ചു, താങ്കൾ അൽപ്പം വൈകിയാൽ ഭാര്യ അസ്വസ്ഥയാകുമോ? അപ്പോൾ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുമോ? മറുപടി, ‘അവൾ എന്നെ തിരിച്ചറിയുക പോലുമില്ല. കഴിഞ്ഞ അഞ്ചു വർഷമായി അവൾ ഈ അവസ്ഥയിലാണ്’. അത് കേട്ടപ്പോൾ ഡോക്ടർക്ക് സഹതാപവും അതോടൊപ്പം ആശ്ചര്യവും ഉണ്ടായി ചോദിച്ചു. ‘താങ്കൾ ആരാണെന്ന് തിരിച്ചറിയാത്ത അവസ്ഥയിലായിട്ടും എല്ലാ പ്രഭാതത്തിലും അവരോടൊന്നിച്ച് ഭക്ഷണം കഴിക്കാൻ കൃത്യമായി പോകാറുണ്ടോ?’ ഡോക്ടറുടെ കരത്തിൽ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, ‘she does not know me, but I still know who she is’. അവർക്ക് എന്നെ അറിയാൻ സാധിക്കുകയില്ല. എന്നാൽ അവൾ ആരാണെന്ന് എനിക്കറിയാം. ഈ വാക്കുകൾ ഡോക്ടറുടെ ഹൃദയത്തെ സ്പർശിച്ചു. മനുഷ്യ ബന്ധങ്ങളുടെ ഉദാത്തഭാവം ഇവിടെ കാണാവുന്നതല്ലേ? നിസ്സാര കാര്യങ്ങൾക്ക് പോലും വഴക്കടിച്ച് വിവാഹ കോടതിയിലെത്തി വിവാഹമോചനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം പെരുകി വരുന്ന ഈ കാലത്ത് മനുഷ്യ മനസ് മനസിലാക്കേണ്ട ഒരു സനാതന സത്യമുണ്ട്. യഥാർത്ഥ സ്നേഹം മാംസ ബന്ധമല്ല, ദൈവദത്തമാണ്, അത് നൈമിഷികമല്ല, ശാശ്വതമാണ്; അത് വാങ്ങുന്നതല്ല, കൊടുക്കുന്നതാണ്; അത് സ്വാർത്ഥപൂരിതമല്ല, സ്വയാർപ്പണം ചെയ്യുന്നതാണ്. ഈ തിരിച്ചറിവുണ്ടാകുന്പോൾ നല്ലത് വിതക്കുവാനും നല്ലത് കൊയ്യുവാനും നമുക്ക് സാധിക്കും. അപ്പോഴാണ് അത്ഭുതങ്ങളുടെ മാലപ്പടക്കം നമ്മുടെ ജീവിതത്തിൽ പൊട്ടുന്നത്. അത്തരം അത്ഭുതങ്ങളുടെ ഒരു അനുഭവസാക്ഷ്യ കൂടാരമായി നാം മാറുന്പോൾ ജീവിതലക്ഷ്യം അന്വർത്ഥമാകും. ജീവിതം ഒരു സുഗന്ധമായി മാറണമെങ്കിൽ മറ്റുള്ളവരെ കുറിച്ചുള്ള എരിവോടെ എരിഞ്ഞ് ജീവിക്കണം, മെഴുകുതിരിയെപ്പോലെ, ചന്ദനത്തിരി പോലെ. കരയാനും എരിയാനും മനസില്ലാത്തവരാണ് മറ്റുള്ളവരുടെ ജീവിതം കൂടെ കരിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച പ്രതിഭാ സന്പന്നനായിരുന്ന ഒരു ശാസ്ത്ര ദാർശനികനായിരുന്നു തെയ്യാദി ഷാർദിൻ. അദ്ദേഹം സ്നേഹത്തെ കുറിച്ച് നടത്തിയിട്ടുള്ള പ്രസ്താവന ഇന്ന് വളരെ പ്രസക്തമാണ്. കാറ്റിനെയും തിരമാലകളെയും പ്രവാഹത്തെയും ഗുരുത്വാകർഷണത്തേയും നാം അപഗ്രഥിച്ച് വിജയം വരിച്ച ശേഷം ഒരു നാൾ നാം സ്നേഹത്തിന്റെ ഊർജ്ജത്തെ സായത്തമാക്കി പ്രവർത്തന ക്ഷമമാക്കും. അത് മാനവ ചരിത്രത്തിലെ അവിസ്മരണീയമായ സംഭവമായിരിക്കും. അഗ്നി കണ്ടെത്തിയതുപോലെയുള്ള മറ്റൊരു സംഭവം. നമ്മുടെ ഓരോരുത്തരുടെയും അന്തരാത്മാവിൽ കുടികൊള്ളുന്നത് സ്നേഹത്തിനു വേണ്ടിയുള്ള അന്തർ ദാഹമാണ്. കാറ്റിനെ ആരും കണ്ടിട്ടില്ല. നമുക്ക് ദൃഷ്ടിയിൽ പെടുന്നത് കാറ്റുളവാക്കുന്ന ചലനങ്ങളും തരംഗങ്ങളും ആണ്. സ്നേഹത്തിന്റെയും സ്രോതസ് നമുക്ക് ദൃശ്യമല്ല. അണുവിൽ ലീനമായിരിക്കുന്ന ഊർജ്ജത്തെ അദ്ദേഹം വിശേഷണം ചെയ്യുന്നു. ഓരോ കോശത്തിലും ഊർജ്ജവും ഉൾക്കൊള്ളുന്നു. ആ ഊർജ്ജമാണ് കോശങ്ങളെ ബന്ധിപ്പിക്കുന്നതും അവയ്ക്ക് ചൈതന്യം നൽകുന്നതും. അത് സ്നേഹമാണെന്നാണ് ഷാർദിന്റെ സിദ്ധാന്തം. ഈ പ്രപഞ്ചത്തിലെ ഘടകങ്ങളെ പരസ്പരം ആകർഷിക്കുന്നതും പരസ്പരം ഐക്യത്തിൽ നിർത്തുന്നതും സ്നേഹമെന്ന ഊർജ്ജമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഗുഹാ മനുഷ്യൻ അഗ്നി കണ്ടു പിടിച്ചപ്പോൾ ഉണ്ടായതിലും അധികമായ ആശ്ചര്യം ഈ പുതിയ സിദ്ധാന്തത്തിലുണ്ട്. സ്നേഹത്തിന്റെ ഊർജ്ജം വിതക്കപ്പെടുന്പോൾ സ്നേഹത്തിന്റെ നിരവധി മേനി വിളവെടുക്കുവാൻ നമുക്ക് കഴിയും; കാരണം വിതക്കുന്നതാണ് നാം കൊയ്യുന്നത്.
ഡോ. ജോൺ പനയ്ക്കൽ