പി. ഭാസ്കരൻ; കാവ്യ സുരഭിലതയുടെ മഞ്ഞണി പൂനിലാവ്

പി പി സുരേഷ്
മഞ്ഞണി പൂനിലാവ് പേരാറിൻ കടവിങ്കൽ മഞ്ഞൾ അരച്ചുവച്ചു നീരാടുമ്പോൾ
ഗ്രാമീണ വിശുദ്ധിയും കാവ്യ സുരഭിലതയും ഗ്രുഹാതുരത്വവും നിറഞ്ഞു ഒഴുകുന്ന, നഗരമേ നന്ദി എന്ന സിനിമയിലെ ഈ മനോഹര ഗാനം കേൾക്കുമ്പോൾ ഇതിന്റെ രചയിതാവിനെ കുറിച്ച് ആരും ഓർത്തു പോകും. അപൂർവ പ്രതിഭശാലിയായ പി. ഭാസ്കരൻ മാസ്റ്ററാണ് ആ മഹദ് വ്യക്തി. നൂറു കണക്കിന് സിനിമാ ഗാനങ്ങളും മറ്റു കവിതകളും രചിച്ച പി. ഭാസ്കരൻ മാസ്റ്റർ ലാളിത്യമേറിയ പദവലികളെ സമന്വയിപ്പിച്ചു കൊണ്ട് ചലച്ചിത്ര ഗാനങ്ങൾക്കു പുതിയ ആസ്വാദന തലം സൃഷ്ടിച്ചു. മലയാള ചലച്ചിത്ര ലോകത്തു നിറഞ്ഞു നിന്ന പി. ഭാസ്കരൻ 1924 ഏപ്രിൽ 21നു കൊടുങ്ങല്ലൂരിൽ ജനിച്ചു. കവി, ചലച്ചിത്ര ഗാന രചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായി. അദ്ദേഹം തന്റെ ഇഹലോകവാസം അവസാനിപ്പിച്ചത് 2007 ഫെബ്രുവരി 25നാണ്.
ചെറിയ പ്രായത്തിൽ തന്നെ പി. ഭാസ്കരൻ കാവ്യ രചന തപസ്യ ആക്കി മാറ്റി. മലയാള സിനിമയുടെ ബാലദശയിൽ തന്നെ അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നു വന്നു.
മലയാളത്തിലെ ആദ്യകാല സിനിമാ ഗാനങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായ ശൈലിയിലൂടെ പി ഭാസ്കരൻ തന്റെ ഗാനങ്ങൾ ഏറെ ജനകീയമാക്കി. സാധാരണ ജനങ്ങളിൽ ആഴത്തിൽ വേര് ഓടിക്കൊണ്ട് ആ ഗാനങ്ങൾ ഇന്നും നിലനിൽക്കുന്നു. അറുപതുകളിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പെട്ടവയായിരുന്നു കുട്ടിക്കുപ്പായം, സുബൈദ, കുപ്പിവള എന്നിവ. ഇതിലെ പി. ഭാസ്കരന്റെ വശ്യ ചാരുതയേറിയ ഗാനങ്ങൾക്ക് എം. എസ്. ബാബുരാജ് ഔചിത്യമേറിയ സംഗീതം പകർന്നു. അതോടൊ അന്ന് വരെ ഉണ്ടായിരുന്ന ചലച്ചിത്ര ഗാന സാഹിത്യം പുതിയ വഴിതിരിവിലേക്കു നീങ്ങുകയായിരുന്നു.
വിപ്ലവം, ഭക്തി, പ്രണയം, ഏകാന്തത, നിരാശാ ബോധം സ്വാതന്ത്ര്യം, പ്രതികാരം, മാതൃ വാത്സല്യം, അനുരാഗ നൊമ്പരം, പ്രകൃതി, അതി ഭീകരമായ മരണം എന്ന മഹാസത്യം എന്നിങ്ങനെ പി. ഭാസ്കരന്റെ തൂലിക കടന്നു ചെല്ലാത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം. നീലക്കുയിൽ എന്ന സിനിമ രാഷ്‌ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. അതിലെ ഗാനങ്ങൾ എല്ലാം പി. ഭാസ്കരന്റേതാണ്. ചലച്ചിത്ര ഗാന ശാഖയുടെ നവോത്ഥാന കാലമായ അമ്പതുകളിൽ മലയാളിത്തം തുളുമ്പുന്ന ഗാനരചന നിർവഹിക്കുന്നതിൽ പി. ഭാസ്കരൻ കർശനമായ ചിട്ടയാണ് പാലിച്ചിരുന്നത്. അതിനാൽ അനൗചിത്യം എവിടെയും കാണാൻ കഴിയില്ല. ലളിത കോമള മായ പദങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് ഭാവ സമ്പൂർണത വരുത്തുക എന്നത് പി. ഭാസ്കരന്റെ സവിശേഷതയായിരുന്നു. ആ അനശ്വര ഗാനങ്ങൾ ലോകമെങ്ങും ഉള്ള മലയാളികൾ ഇന്നും ആസ്വദിക്കുന്നു.
അനശ്വര പ്രണയത്തിന്റെ കഥയായ ലൈലാ മജ്നുവിലെയും വിപ്ലവത്തിന്റെ വീര്യം തുടിക്കുന്ന മൂലധനത്തിലെയും ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നതാണെന്നു ഓർക്കേണ്ടതുണ്ട്. സാമൂഹ്യ വ്യവസ്ഥിതിയുടെ ഏറ്റവും താഴെ കിടയിലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളിൽ അഭിമാനബോധവും വിപ്ലവ വീര്യവും പകർന്ന ഒട്ടേറെ കൃതികൾ പി. ഭാസ്കരന്റെ അനുഗ്രഹീതമായ തൂലികയിൽ നിന്നും പ്രവാഹിച്ചിട്ടുണ്ട്. അനശ്വരതയിലേയ്ക്ക് കൈ പിടിച്ചുയർത്തിയതും ഇത്തരം കൃതികളിലെ ആഹ്വാനങ്ങളാണ്. ലളിത കോമള കാന്ത പദങ്ങളുടെ
സമന്വയത്തിലും അവയ്ക്കു ഭാവ ചാരുത പകരുന്നതിലും കവിതയുടെ ആത്മാവ് തൊട്ടറിയുന്നതിലും പി. ഭാസ്കരൻ അതീവ ശ്രദ്ധാലു ആയിരുന്നു
അദ്ദേഹത്തിന്റെ ഒറ്റക്കമ്പിയുള്ള തംബുരു ആത്മകഥ അംശം ഉള്ള കൃതിയാണ്. ഇതിനു പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
അദ്ദേഹം എഴുതിയ ഹിരോഷിമയിലെ അമ്മ എന്ന കൃതിയുടെ പ്രമേയം മനുഷ്യ മനസ്സിന്റെ നിയന്ത്രണമില്ലാത്ത പ്രയാണമാണ്. എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യ മനസ്സിന്റെ പൂർത്തീകരണം ഇല്ലാത്ത അവസ്ഥ. മനുഷ്യരാശി യെ സർവനാശത്തിലേക്കു നയിക്കുന്ന വൻക്തികളുടെ നേർക്കുള്ള കൂരമ്പുകളായി തന്നെ നില കൊള്ളുന്നു. അദ്ദേഹത്തിന്റെ ഏറ്റവും സവിശേഷതയാർന്ന കൃതികളിൽ ഒന്നാണ് വയലാർ ഗർജിക്കുന്നു എന്നത്. ആത്മാഭിമാനത്തിനു ക്ഷതം ഏൽക്കുമ്പോൾ ഉണ്ടാകുന്ന സ്ഫോടനാത്മകമായ സ്ഥിതി വിശേഷത്തിന്റെ ബഹിർഗമനം എന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം.
കുറെ നല്ല സിനിമകളും പി. ഭാസ്കരൻ സംവിധാനം ചെയ്തിട്ടുണ്ട്. നീലക്കുയിൽ. അന്വേഷിച്ചു കണ്ടെത്തിയില്ല, തച്ചോളി മരുമകൻ ചന്തു, കള്ളിചെല്ലമ്മ, ഇരുട്ടിന്റെ ആത്മാവ്, അമ്മയേക്കാണാൻ, ആദ്യ കിരണങ്ങൾ.. ഇങ്ങനെ നീളുന്നു പട്ടിക. മലയാള സിനിമാ ഗാന സാഹിത്യം സമ്പന്നമാക്കിയ മഹാനുഭാവനായ പി. ഭാസ്കരനെ പ്രബുദ്ധ കേരളം വിസ്മരിക്കാതിരിക്കട്ടെ. അദ്ദേഹത്തിന്റെ പ്രശസ്തമായ ചില ഗാനങ്ങളുടെ വിവരങ്ങൾ താഴെ നൽകുന്നു.
നഗരമേ നന്ദി എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം രചിച്ച
നഗരം നഗരം മഹാസാഗരം
മഹാസാഗരം കളിയും ചിരിയും മീതെ
ചളിയും ചുഴിയും താഴെ പുറമെ
പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാൻ വിടാത്ത കാമുകി..
മുറപ്പെണ്ണ് എന്ന സിനിമയിലെ ശ്രദ്ധേയമായ ഗാനമായ
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരും ഒലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ
ഭാർഗവിനിലയത്തിലെ
താമസമെന്തെ വരുവാൻ പ്രണസഖി
എന്റെ മുൻപിൽ താമസമെന്തെ അണയാൻ പ്രേമമയി...
തച്ചോളി ഒതേനൻ എന്ന സിനിമയിൽ
അഞ്ജനകണ്ണെഴുതി ആലില താലി ചാർത്തി അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം കുടുമയിൽ ചൂടാനൊരു കുടമുല്ല മലർ മാല കോർത്തിരുന്നു
രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രത്തിലെ
നാഴിയുരി പാല് കൊണ്ടു നാടാകെ കല്യാണം
നാലഞ്ചു തുമ്പ കൊണ്ടു മാനത്തൊരു പൊന്നോണം...
ആദ്യ കിരണങ്ങൾ എന്ന സിനിമയിലെ
പതിവായി പൗർണമി തോറും പടി വാതിലിനപ്പുറമെത്തി..
കണി വെള്ളരി കാഴ്ച വെക്കും കനക നിലാവേ.. കനക നിലാവേ...
ഇതിൽ തന്നെയുള്ള
ഭാരതമെന്നാൽ പാരിന് നടുവിൽ കേവലമൊരു പിടി മണ്ണല്ല..
ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മ ഗൃഹമല്ലോ...
മൂലധനം എന്ന സിനിമയിലെ
സ്വർഗ്ഗ ഗായികേ ഇതിലെ ഇതിലെ..
സ്വപ്ന ലോലുപേ ഇതിലെ.. ഇതിലെ..
ഹൃദയ മണിയറയിൽ നിന്നെൻ കല്പന മധുര ഭാഷിണിയാൽ മന്ത്രിക്കുന്നു....
നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ
മാമലകൾകപ്പുറത്തു മരതക പട്ടുടുത്തു
മലയാളമെന്നൊരു നാടുണ്ട്.. കൊച്ചു മലയാള മെന്നൊരു നാടുണ്ട്.
തുറക്കാത്ത വാതിൽ എന്ന സിനിമയിലെ
നാളികേരത്തിന്റെ നാട്ടിൽ എനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് അതിൽ നാരായണ കിളി കൂടു പോലുള്ളൊരു നാലു കാലോല പുരയുണ്ട്....
പകൽകിനാവ് എന്ന സിനിമയിലെ
കേശാദി പാദം തൊഴുന്നേൻ കേശവ കേശാദി പാദം തൊഴുന്നേൻ...
ഗുരുവായൂർ കേശവൻ എന്ന സിനിമയിലെ അതി മനോഹരമായ ഗാനം
നവകാഭിഷേകം കഴിഞ്ഞു. ശംഖാഭിഷേകം കഴിഞ്ഞു..
നളിന വിലോചനൻ ഗുരുവായൂരപ്പന്റെ കമനീയ വിഗ്രഹം തെളിഞ്ഞു....
അഭിജാത്യം എന്ന സിനിമയിലെ സുന്ദര ഗാനം...
മഴ മുകിലൊളി വർണൻ ഗോപാല കൃഷ്ണൻ കുടമുല്ല കൊണ്ടൊരു കുര ലാരം കെട്ടി.. കുരലാരം കെട്ടി...
കള്ളിചെല്ലമ്മയിലെ
കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ കനകാമ്പരങ്ങൾ വാടി..
കടത്തു വള്ളം യാത്രയായി.. യാത്രയായി... കരയിൽ നീ മാത്രമായി..
ഇതിൽ തന്നെയുള്ള
മാനത്തെ കായലിൽ മണപ്പുറത്തിന്നൊരു
താമര കളിതോണി വന്നടുത്തു.. താമര കളിതോണി...
മലബാറിൽ മാത്രം ഉപയോഗിക്കുന്ന ചില പാദങ്ങൾ പി. ഭാസ്കരന്റെ ഗാനങ്ങളിൽ കാണാം. ഇവ ഗാനങ്ങളുടെ ആകർഷ ണിയത വർധിപ്പിച്ചിട്ടുണ്ട് എന്നുള്ള സവിശേഷത എടുത്തു പറയേണ്ടതാണ്. കല്യാണ വീടുകളിൽ മാത്രം ഒതുങ്ങിയിരുന്ന ഒപ്പന പാട്ടുകൾക്കു പുതിയ മായിക പരിവേഷം നൽകി അത്യകർഷകമായി സിനിമകളിൽ അവതരിപ്പിച്ചു പി. ഭാസ്കരൻ. അവയുടെ വശ്യ ചാരുത സൗന്ദര്യ സങ്കല്പങ്ങളിലൂടെ ശ്രവണ സുന്ദരമാക്കി.
കുട്ടിക്കുപ്പായം എന്ന സിനിമയിലെ എൽ. ആർ. ഈശ്വരി പാടിയ മൂന്നു ഗാനങ്ങൾ ഏറെ പ്രചാരം നേടി.
പുള്ളി മാനല്ല.. മയിലല്ല.. മധുര കരിമ്പല്ല.. മാരി വില്ലോത്ത പെണ്ണാണ്.. ഇവൾ മാരി വില്ലോത്ത പെണ്ണാണ്...
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ കരയല്ലേ.. ഖൽബിൻ മണിയെ കൽ ക്കണ്ട കനിയല്ലേ.. അരിമുല്ല പൂവളപ്പിൽ പടച്ചവൻ വിരിയിച്ച തൂ മലരല്ലേ അഴകിന്റെ പൂന്തോപ്പിൽ ആടാൻ വന്നൊരു മയിലല്ലേ....
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരം ആയിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലോ ഉല്ലാസ കൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവൊന്നു വരുമല്ലോ....
പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും പൊട്ടിക്കരയിക്കും ജീവിതം.. ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടക മാണെന്നും ജീവിതം...
കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ
കുങ്കുമ പൂവുകൾ പൂത്തു എന്റെ തങ്ക കിനാവിൽ താഴ്‌വരയിൽ...
അതിൽ തന്നെ ബി. വസന്ത പാടിയ മനോഹരമായ ഗാനം
കാർത്തിക വിളക്ക് കണ്ട് പോകുമ്പോൾ എന്നെ കാമദേവൻ
കണ്മുനയാൽ എയ്തല്ലോ കോവിലിനരികത്തെ എഴിലം പാലയാൽ കോമള യാമിനി താലം ചൂടി...
പരീക്ഷ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു.
പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ.. ഗാനലോക വീഥികളിൽ വേണു വൂതു മാട്ടിടയൻ.. പ്രാണസഖി ഞാൻ...
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ....
എസ്. ജാനകി പാടിയ രണ്ടു ഗാനങ്ങൾ
അവിടുന്നെൻ ഗാനം കേൾക്കാൻ ചെവി യോർത്തിട്ട രികിൽ നിൽക്കേ സ്വര രാഗ സുന്ദരി മാർക്കു വെളിയിൽ വരാൻ എന്തൊരു നാണം...
എൻ പ്രാണ നായകനെ എന്തു വിളിക്കും എങ്ങനെ ഞാൻ നാവെടുത്തു പേര് വിളിക്കും.. സഖി...
ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമയിലെ വിഷാദ ഗാനമായ
ഈറനുടുത്തും കൊണ്ടമ്പരം ചുറ്റുന്ന ഹേമന്ത രാവിലെ
വെണ്മുകിലേ കണ്ണീരിൽമുങ്ങി യോരെൻ കൊച്ചു കിനാവുകൾ
എന്തിനീ ശ്രീ കോവിൽ ചുറ്റിടുന്നു.. എന്തിനീ ദേവനെ കൈ കൂപ്പുന്നു...
അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു.
പാവനനാം ആട്ടിടയാ.. പാത കാട്ടുക നാഥാ.. പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ...
ദേവാ.. ദേവാ.. താമര കുമ്പിളല്ലോ മമ ഹൃദയം അതിൽ താത നിൻ സംഗീത മധു പകരൂ...
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു....