വയലാർ രാമവർമ്മയുടെ മായിക ഗാനവസന്തം


പിപി സുരേഷ്

ഒരു നീണ്ട കാലഘട്ടം മുഴുവൻ ശ്രോതാക്കളെ വശ്യ സുന്ദരമായ ഗാനസാഗരത്തിൽ ആറാടിച്ച സിനിമാ ഗാന രചയിതാവായിരുന്നു വയലാർ രാമവർമ്മ. അപൂർവ പ്രതിഭയായിരുന്ന വയലാർ രാമവർമ്മ 1928 മാർച്ച്‌ 25നു വയലാറിൽ ജനിച്ച് 1975 ഒക്ടോബർ 27 നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മലയാള സിനിമാ നാടക ഗാന ചരിത്രത്തിലെ സുവർണകാലമായിരുന്നു വയലാർ രാമവർമ്മ ജീവിച്ചിരുന്ന കാലം.1500 ലധികം സിനിമാ ഗാനങ്ങളും 140 ലധികം നാടക ഗാനങ്ങളും കുറെയേറെ കവിതകളും അദ്ദേഹം രചിച്ചു. 47 വർഷത്തെ ഹ്രസ്വമായ ജീവിതത്തിൽ അദ്ദേഹം സ്പർശിക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ രചനകൾ ഭക്തി, പ്രണയം, വിപ്ലവം, പ്രതികാരം, സ്വപ്നം,നിരാശ, ധാർമികരോഷം, വാത്സല്യം, അതിഭീകരമായ മരണം എന്ന മഹാസത്യം എന്നിങ്ങനെ നീളുന്ന ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചു.

കാവ്യ മധുരിമയേറിയ ഗാനങ്ങൾ രചിച്ചുകൊണ്ട് സാധാരണ ജനങ്ങളുടെ ആസ്വാദനതലം തിരിച്ചറിഞ്ഞു അദ്ദേഹം. ലളിത കോമള കാന്ത പദങ്ങളും അവയുടെ ഔചിത്യമേറിയ സമ്മേളനവും ചേർത്ത് ശ്രവണ സുന്ദരമായ ഗാനങ്ങൾ സൃഷ്ടിച്ചു.

വയലാർ രാമവർമ്മയുടെ കാവ്യസരണിയിലൂടെ ഒരു ഹ്രസ്വ പര്യടനമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. തിരക്കഥ മുഴുവൻ സൂക്ഷ്മമായി ഗ്രഹിച്ചു ഔചിത്യമേറിയ ഗാന രചന നിർവഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി.

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ.. പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല... അശ്വമേധം എന്ന നാടകത്തിൽ കെ. എസ്. ജോർജ് പാടിയ ഈ ഗാനത്തിന്റെ ലാളിത്യവും ഭാവശോഭയും എടുത്തു പറയേണ്ടതാണ്. അവ ഇന്നും നിലനിൽക്കുന്നു. അശ്വമേധം 1967ൽ സിനിമയായപ്പോൾ ഗാനങ്ങൾ എല്ലാം തന്നെ വയലാർ രാമവർമ്മയാണ് രചിച്ചത്. കാവ്യസാംപുഷ്ടത ഏറിയ ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയി.

ഒരിടത്തു ജനനം ഒരിടത്തു മരണം ചുമലിൽ ജീവിതഭാരം വഴിയറിയാതെ മുടന്തി നടക്കും വിധിയുടെ ബലിമൃഗങ്ങൾ ഞങ്ങൾ വിധിയുടെ ബലിമൃഗങ്ങൾ എന്ന ഗാനത്തിൽ ഒരു കുഷ്ഠരോഗിയുടെ അതിദയനീയ മായ അവസ്ഥ ഹൃദയസ്പർശിയായി വിവരിച്ചിട്ടുണ്ട് അദ്ദേഹം. ബി. വസന്ത പാടിയ വിഷാദ മധുരമായ ഗാനമായ

തെക്കുംകൂർ അടിയാതി തളിരു പുള്ളോത്തി സർപ്പം പാട്ടിനു പാടാൻ പോയ്‌ കുടവും കിണ്ണവും വീണയും കൊണ്ടു കൂടെ പുള്ളോനും പാടാൻ പോയ്‌ എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.

നവവധു ആകാൻ പോകുന്ന സരോജം എന്ന നിർധന യുവതിയുടെ ആകാംക്ഷയും ഔൽസുക്യവും ശുഭ പ്രതീക്ഷകളും മറ്റു വികാരങ്ങളും തുറന്നു കാട്ടുന്ന ഗാനമായ ഏഴു സുന്ദര രാത്രികൾ ഏകാന്ത സുന്ദര രാത്രികൾ, വികാര തരളിത ഗാത്രികൾ, വിവാഹ പൂർവ രാത്രികൾ എന്ന ഗാനം പി. സുശീല ഭാവസുന്ദരമായി ആലപിച്ചു. സരോജം കുഷ്ഠ രോഗിയാണെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു പാടുന്ന ഗാനം പി. സുശീല വിഷാദ മധുരമായി പാടി. കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി ഒരു കാരാഗൃഹമാണ് ഭൂമി തലയ്ക്കു മുകളിൽ ശൂന്യകാശം താഴെ നിഴലുകൾ ഇഴയും നരകം, ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി എന്തിനീ മണ്ണിൽ വരച്ചു വികൃതമായ്‌ എന്തിനീ മണ്ണിൽ വരച്ചൂ, പൂജയ്ക്കെടുക്കാതെ പുഴു കുത്തി നിൽക്കുമി പൂക്കളെ നിങ്ങൾ മറന്നൂ, പ്രതിരൂപമായി. ഈ വരികളൊക്കെ വയലാറിന്റെ രചന പാടവവും കാവ്യസമ്പുഷ്ടതയും വെളിപ്പെടുത്തുന്നു.

കേരള ഗവണ്മെന്റ് ആ കാലത്ത് അവാർഡുകൾ ഏർപ്പെടുത്തിയപ്പോൾ മികച്ച ഗായികയ്ക്കുള്ള അവാർഡ് പി. ലീലയ്ക്ക് ലഭിച്ചു. വയലാർ രചിച്ചു ദേവരാജൻ സംഗീതം പകർന്ന ഗാനം ഉജ്ജയിനിയിലെ ഗായിക ഉർവശി എന്നൊരു മാളവിക ശില്പികൾ തീർത്ത കാളിദാസന്റെ കൽ പ്രതിമയിൽ മാലയിട്ടു എന്ന ഗാനം അദ്ദേഹത്തിനും അവാർഡ് നേടികൊടുത്തു.

മലയാള സാഹിത്യത്തിൽ മഹാകാവ്യം എഴുതാതെ മഹാകവിയായ മഹാനുഭവാൻ ആണ് എൻ കുമാരനാശൻ. അദ്ദേഹത്തെ കുറിച്ച് വയലാർ എഴുതിയ ഗാനം ജീവിക്കാൻ മറന്നു പോയ സ്ത്രീ എന്ന സിനിമയിലുണ്ട്. വീണപൂവിന്റെ വസന്തതിലകം എന്ന വൃത്തവും ഇതിവൃത്തവും ദർശന സവിശേഷതകളും പ്രതീക ആത്മകമായ കാവ്യരചന സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ ഗാനം വയലാർ രചിച്ചതിങ്ങനെ.. 
വീണപൂവേ കുമാരനാശാന്റെ വീണപൂവേ വിശ്വ ദർശന ചക്ര വാളത്തിലെ നക്ഷത്രമല്ലേ നീ ഒരു ശുക്ര നക്ഷത്രമല്ലേ നീ
വിഷാദ വതി നീ കൊഴിഞ്ഞു വീണപ്പോൾ വിരഹമുണർത്തിയ വേദനകൾ നിൻ വേദനകൾ വർണ പീലി തൂലിക കൊണ്ടൊരു വസന്ത തിലകമാക്കി ആശാൻ വിണ്ണിലെ കല്പ ദൃമത്തിന് കൊമ്പിലെ വാടാമലർ ആക്കി....

1969ൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമയിലും കുമാരനാശാനെ പരാമർശിക്കുന്ന ഗാനമുണ്ട്. പല്ലനയാറിൻ തീരത്തു പദ്മ പരാഗ കുടിരത്തിൽ വിളക്ക് വയ്ക്കും, യുഗ കന്യക ഒരു വിപ്ലവഗാനം കേട്ടു. മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ മാറ്റുവിൻ.. മാറ്റുവിൻ

1965ൽ ചേട്ടത്തി എന്ന സിനിമയിൽ വയലാർ അഭിനയിച്ചിട്ടുണ്ട്. ആദിയിൽ വചനമുണ്ടായി ആ വചനം രൂപമായി എന്ന ഗാനരംഗത്തിലാണത്.

1964ൽ റിലീസ് ചെയ്ത കാവ്യമേള എന്ന സിനിമയിലെ അതിമനോഹരമായ ഗാനമാണ് ദേവി ശ്രീദേവി തേടി വരുന്നൂ ഞാൻ നിൻ ദേവാലയ വാതിൽ തേടി വരുന്നൂ ഞാൻ അമ്പലനടയിലും കണ്ടില്ല നിന്നെ അരയൽത്തറയിലും കണ്ടില്ല ആശ്രമവനത്തിലും അന്തപുരത്തിലും, അല്ലി പൂങ്കാവിലും കണ്ടില്ല എന്ന ഗാനം.

കാവ്യമേള യിലെ ഗാനമായ സ്വപ്‌നങ്ങൾ.. സ്വപ്നങ്ങളെ.. നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ, നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമി ലോകം.. എന്ന ഗാനം ഇന്നും മലയാളികളുടെ പ്രിയഗാനങ്ങളുടെ പട്ടികയിൽ തുടരുകയാണ്.

അഗ്നിപുത്രി എന്ന സിനിമയിൽ ശിവരഞ്ജിനി രാഗത്തിലുള്ള ഗാനം പി. സുശീല പാടിയ കണ്ണ് തുറക്കാത്ത ദൈവങ്ങളെ കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളേ... മറക്കു നിങ്ങളീ ദേവദാസിയെ മറക്കൂ.., നിത്യകന്യകയിലെ ഭാവ സുന്ദരമായ ഗാനമായ കണ്ണുനീർ മുത്തുമായകാണാൻ എത്തിയ കതിരൂ കാണാക്കിളി ഞാൻ.. എന്നോടിത്ര പരിഭവം തോന്നുവാൻ എന്തു പറഞ്ഞു ഞാൻ...വൈകാരിക സമ്പൂർണതയും മറ്റു പല വികാരങ്ങളും തുടിക്കുന്നുണ്ട് ഈ വാക്കുകളിലൂടെ...

വയലാറിന്റെ രചന പാടവം എടുത്തു കാട്ടുന്ന കുറെ ഗാനങ്ങൾ 1965ൽ ഇറങ്ങിയ ശകുന്തളയിൽ ഉണ്ട്. കന്യകേ...സ്വർണത്താമര യിതളിലുറങ്ങു കണ്വ തപോവന കന്യകെ
ആരുടെ അനുരാഗ മല്ലിക നീ ആരുടെ സ്വയംവര കന്യക നീ ചൂടാത്ത നവരത്ന മണി പോലെ ചുംബനം അറിയാത്ത പൂ പോലെ നുള്ളാത്ത തളിർ പോലെ മീട്ടത്ത ശ്രുതി പോലെ നുകരാത്ത മധു പോലെ ഇത്രയും ഉപമകൾ വയലാർ കവിതയിൽ സന്നിവേശിപ്പിച്ചു എന്ന ഗാനം ഇതിലൊന്ന് മാത്രം.

ചെമ്മീൻ എന്ന സിനിമയിലെ ധീവരരുടെ ജീവിത തുടിപ്പുകൾ ഉള്ള ഗാനമാണ് , പണ്ടൊരു മുക്കുവൻ മുത്തിന് പോയി പടിഞ്ഞാറൻ കാറ്റത്തു മുങ്ങിപ്പോയി അരയത്തി പെണ്ണ് തപസ്സിരുന്നു അവനെ കടലമ്മ കൊണ്ടു വന്നു..എന്ന ഗാനം.

കരതലാമലകം പോലെയുള്ള അർത്ഥ പൂർണമായ പദപ്രയോഗങ്ങൾ വയലാറിന്റെ കവിതകൾ കാണാം. കുട്ടികളുടെ മനഃശാസ്ത്രം സൂക്ഷ്മതയോടെ ഗ്രഹിച്ചു എഴുതിയ ഒരു ഗാനമാണ് ഓടയിൽ നിന്നു എന്ന സിനിമയിലെ അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവൻ എപ്പോ വരും അമ്മിണി താരക കുഞ്ഞിന്റെ കൂടെ അത്താഴം ഉണ്ണാൻ എപ്പോ വരും എന്ന ഗാനം.

നിഴലാട്ടം എന്ന ചിത്രത്തിലെ അതിസുന്ദരമായ ഗാനമാണ് സ്വർഗ്ഗ പുത്രി നവരാത്രി സ്വർണം പതിച്ച നിൻ സ്വര മണ്ഡലത്തിലെ സോപാന ഗായകനാക്കൂ എന്നെ നീ സ്വർഗ്ഗപുത്രി എന്ന ഗാനം.

നായിക അണിഞ്ഞൊരുങ്ങി നായകനെ കാത്തിരിക്കുന്ന അവസ്ഥയിൽ ആകാംക്ഷയോടെ വികാരനിർഭരയായി പാടുന്ന ഗാനമാണ് ഒതേനന്റെ മകനിലെ ഗാനമായ കദളീ വനത്തിൻ അരികില്ലല്ലോ കടത്തനാടൻ കളരി കളരി മുറ്റം വരെ പോയി വരാമോ കളമൊഴിയെ കിളിയെ എന്ന ഗാനം.

തുമ്പോലാർച്ചയിലെ , മഞ്ഞ പളുങ്കൻ മലയിലൂടെ മാനന്തവാടി പുഴയിലൂടെ , അല്ലി മലർ കുഴൽ തേനുമായി നീ ആടി വാ പാടി വാ പാണനാരെ എന്ന ഗാനവും, കൊടുങ്ങല്ലൂരമ്മയിലെ ഗാനമായ മഞ്ജു ഭാഷിണി മണിയറ വീണയിൽ മയങ്ങി ഉണരുന്ന തെതൊരു രാഗം എന്ന ഗാനവും എങ്ങിനയാണ് മലയാള ഗാനാസ്വാദകർ മറക്കുക.

സംസ്കൃതത്തിലും പുരാണ ഇതിഹാസങ്ങളിലും അഗധ അറിവുണ്ടായിരുന്നു വയലാറിന്. കഥാ സന്ദർഭത്തിന് അനുസരിച്ച് പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ദമയന്തിയും ദേവയാനിയും ഉഷയും ശീലവതിയും അർജുനനും ശ്രീകൃഷ്ണനും ഒക്കെ വയലാറിന്റെ കുറെ ഗാനങ്ങളുടെ ഭാഗമായിട്ടുണ്ട്.

ആരോമലുണ്ണിയിലെ ഗാനമായ ഉദയഗിരി കോട്ടയിലെ ചിത്രലേഖേ ഉർവശി ചമയുന്നൊരു ചന്ദ്രലേഖേ ഉഷയെവിടെ സഖി ഉഷയെവിടെ ഉഷസ്സെവിടെ, അങ്കത്തട്ടു എന്ന സിനിമയിലെ ഗാനമായ സ്വപ്നലേഖേ നിന്റെ സ്വയംവര പന്തലിൽ ഞാൻ പുഷ്പക പല്ലക്കിൽ പറന്നു വന്നു എന്റെ മംഗള ശീതള മാല ചാർത്താൻ ഭവൻ മത്സരകളരിയിൽ ജയിച്ചു വന്നു, താര എന്ന സിനിമയിലെ ഒരു ഗാനമായ കാളിദാസൻ മരിച്ചു കണ്വ മാമുനി മരിച്ചു അനസൂയ മരിച്ചൂ പ്രിയംവദ മരിച്ചു ശകുന്തള മാത്രം മരിച്ചില്ല, സീതാദേവി സ്വയം വരം ചെയ്തൊരു ത്രേത യുഗത്തിലെ ശ്രീ രാമൻ കാൽവിരൽ കൊണ്ടൊന്നു തൊട്ടപ്പോൾ പണ്ട് കാട്ടിലെ കല്ലൊരു മോഹിനിയായി, ആദ്യത്തെ കഥയിലെ ഗാനമായ ശുക്ര ആചാര്യരുടെ സുരഭി വനത്തിൽ സ്വർഗത്തിൽ നിന്നൊരാൾ വന്നു സംക്രമ സന്ധ്യ ദീപത്തിന് മുൻപിൽ ചമ്രം പടിഞ്ഞു അവനിരുന്നു മുഖം ചന്ദ്ര ബിംബം പൊലിരുന്നു, ഓടയിൽനിന്ന് എന്ന സിനിമയിൽ എ. എം രാജ പാടിയ മാനത്തു ദൈവമില്ല, മണ്ണിലും ദൈവമില്ല, മനസ്സിനുള്ളിലാണ് ദൈവം എന്നീ ഗാനങ്ങളും ശ്രദ്ധേയമായവയാണ്.

വടക്കൻ പാട്ടു സിനിമകൾക്ക് ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത് വയലാർ ആയിരുന്നു. ഒതേനാന്റെ മകനിലെ ഗാനമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ ചന്ദനം പൂക്കുന്ന ദിക്കിൽ, തൃത്താ പൂവിനു മുത്തം കൊടുക്കുന്നു തൃക്കാർത്തിക രാത്രി, ദത്തു പുത്രനിലെ ഗാനമായ തുറന്നിട്ട ജാലകങ്ങൾ അടചോട്ടെ തൂവൽ കിടക്ക വിരിചോട്ടെ എന്നീ ഗാനങ്ങളും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

പ്രകൃതി വർണനയിൽ വയലാർ എന്നും മുന്നിട്ടു നിന്നു. നദികളെക്കുറിച്ച വയലാർ കുറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1962ൽ ഭാര്യ എന്ന സിനിമയിലെ ഗാനം എ. എം. രാജയും പി. സുശീലയും പാടിയ പെരിയാറെ, പെരിയാറെ പർവത നിരയുടെ പനിനീരെ കുളിരും കൊണ്ടു കുണുങ്ങി നടക്കും മലയാളി പെണ്ണാണ് നീ, നദി എന്ന സിനിമയിലെ പുഴകൾ... മലകൾ... പൂവനങ്ങൾ ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ, സന്ധ്യകൾ മന്ദാര ചാമരം വീശുന്ന സുന്ദര ശീതള മണൽ പുറങ്ങൾ തുടങ്ങിയ ഗാനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നൽകിയ ആഹ്വാനങ്ങളാണ്. എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമായ ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവപ്പുഴ പിന്നെയും ഒഴുകി എന്ന ഗാനവും നമുക്കിവിടെ പ്രതിപാദിക്കാം.

കാട്ടൂതുളസി എന്ന സിനിമയിൽ പി. സുശീല പാടിയ ഗാനമായ ഗംഗായാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വൻ ഈ വഴി വന്നൂ അന്നാരം പൊന്നാരം കാട്ടിനകത്തൊരു പെണ്ണിനെ മോഹിച്ചു നിന്നൂ, കളക്ടർ മാലതിയിലെ നിരാശകാമുകന്റെ വിഷാദ മധുരമായ ഗാനം ഭാരതപുഴയിലെ ഓളങ്ങളെ.. ഓളങ്ങളെ പഴയൊരു പ്രേമകഥ ഓർമയില്ലേ... ഓർമയില്ലേ, അനാർക്കലി എന്ന സിനിമയിലെ ഗാനമായ നദികളിൽ സുന്ദരി യമുനാ യമുനാ.. യമുനാ.. സഖികളിൽ സുന്ദരി അനാർക്കലി.. അനാർക്കലി എന്നിവയും നദികളെ ആസ്പദമാക്കി വയലാർ എഴുതിയ ഗാനങ്ങളാണ്.

You might also like

Most Viewed