എസ്. കെ. പൊറ്റെക്കാട് - കോഴിക്കോടിന്റെ മഹാനായ കഥകാരൻ

പി പി സുരേഷ്
മലയാളം കണ്ട് ഏറ്റവും പ്രസിദ്ധനായ സഞ്ചാര സാഹിത്യകാരനായിരുന്നു ശങ്കരൻ കുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട് എന്ന എസ് കെ പൊറ്റെക്കാട്. അദ്ദേഹം 1913 മാർച്ച് 14നു കോഴിക്കോട്ടു ജനിച്ചു. സഞ്ചാര സാഹിത്യ ശാഖയിലെ ഭാസുര നക്ഷത്രമായിരുന്ന അദ്ദേഹം 1982 ഓഗസ്റ്റ് 6 നാണ് അന്തരിച്ചത്. നോവലിസ്റ്റ്, ചെറുകഥാ കൃത്ത്, ലോകാസഭ അംഗം എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ചു. മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന ആ മഹാനുഭാവന്റെ പാവന സ്മരണയ്ക്കു മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ഓർത്തെടുക്കട്ടെ.
1936ഇൽ അദ്ദേഹം കോഴിക്കോട് ഗുജറാത്തി സ്കൂളിൽ അധ്യാപകനായി. പിന്നീട് ബോംബെ യാത്ര നടത്തി. അവിടെ ഉദ്യോഗസ്ഥനായി.സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന നാൽപതുകളിൽ ബോംബെയിലെ തിക്താനുഭവങ്ങളെ കുറിച്ച് കൃതികൾ എഴുതി. സാങ്കേതിക വിദ്യ ഏറെയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത പഴയ കാലത്തു അതി സാഹസികമായ യാത്രകൾ നടത്തി ചരിത്രം സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ നാടൻ പ്രേമം, മൂടുപടം, പുള്ളിമാൻ എന്നീ കൃതികൾ സിനിമ ആയിട്ടുണ്ട്. ബാലിദ്വീപ്, ഇന്നത്തെ യൂറോപ്പ്, കാപ്പിരികളുടെ നാട്ടിൽ, നൈൽ ഡയറി, സിംഹള ഭൂമി, മലയാ നാടുകളിൽ, ഇൻഡോണേഷ്യൻ ഡയറി, വിഷകന്യക, ഒരു ദേശത്തിന്റ കഥ, ഒരു തെരുവിന്റെ കഥ എന്നിവയാണ് പ്രധാന കൃതികൾ. ലളിത കോമള കാന്ത പദാ വലികളാൽ സമ്പന്നമാണ് ഓരോ കൃതിയും. അതിലൂടെ അദ്ദേഹം ജനഹൃദയങ്ങളെ കീഴടക്കി.
ഒരു കാലത്തു ചൂടപ്പം പോലെ വിറ്റഴിഞ്ഞ എസ്. കെ യുടെ കൃതികളിൽ വലിയൊരു വിഭാഗം യാത്ര വിവരണങ്ങളായിരുന്നു. അവ കേവലം യാത്ര വിവരണം മാത്രമായിരുന്നില്ല. ജീവിതഗന്ധികളായ മണി മുത്തുകൾ ആയിരുന്നു. സന്ദർശിക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക മൂല്യങ്ങളെ സൂക്ഷ്മ മായി നിരീക്ഷിച്ചു മനസ്സിലാക്കി രചന നിർവഹിക്കുക എന്നതായിരുന്നു എസ്. കെ യുടെ സവിശേഷത. 70 വർഷങ്ങൾക്ക് മുൻപ്, ഇന്ന് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങൾ ആയിരുന്നു ലോകത്തിൽ യാത്ര എന്നത്.അത് അതി സാഹസികം തന്നെയായിരുന്നു. ദീർഘമായ കപ്പൽ യാത്രകൾ ആണ് അദ്ദേഹം അന്ന് തെരഞ്ഞെടുത്തത്.ഏറെ ജനപ്രിയങ്ങളായ എസ്. കെ യുടെ യാത്രാ വിവരണകൃതികൾ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപെട്ടു. പഴയ തലമുറയിലുള്ളവർ ഈ പുസ്തകങ്ങൾ അമൂല്യ നിധികളായി ഇന്നും സൂക്ഷിക്കുന്നു.
അനായാസം ആശയവിനിമയം നടത്തിയിരുന്ന അദ്ദേഹം പലതരം ഭാഷകൾ, വേറിട്ട സംസ്കാരങ്ങൾ ഒക്കെ നേരിട്ട് കണ്ട് അനുഭവിച്ചിട്ടുണ്ട്. പ്രതിബന്ധങ്ങൾ ഏറെ ആയിരുന്നു എങ്കിലും അവയെ അതിജീവിച്ചു മുന്നേറാനുള്ള വൈഭവം എസ്. കെ യുടെ കൃതികളിൽ പ്രകടമാണ്.
1953 ഇൽ ബാലിദ്വീപ് സന്ദർശിച്ചു അദ്ദേഹം. 1970 ൽ പത്താം തരത്തിൽ കേരള മലയാളം പാഠവലിയിൽ ഒന്നാമത്തെ പാഠമായിരുന്നു ഉൾനാട്ടിലെ ഒരുത്സവം. ഇത് എസ് കെയുടെ ബാലിദ്വീപ് എന്ന കൃതിയുടെ ഭാഗമാണ്. 1953 മാർച്ച് 14ആം തീയതി എസ്. കെ യുടെ ജന്മദിനത്തിൽ അദ്ദേഹം കണികണ്ടത് പ്രഭാത സൂര്യ രശ്മികളിൽ വെട്ടിത്തിളങ്ങുന്ന, ബാലിദ്വീപിലെ ആഗങ്മാസ് എന്ന മലയായിരുന്നു. ബാലീ ദ്വീപിന് കേരളവും ആയുള്ള തുല്യത അതി മനോഹരമായി ഈ കൃതിയിൽ വർണിച്ചിട്ടുണ്ട്. ബാഞ്ചർ സക്തിയിലെ നെൽ പാടങ്ങൾകിടയിലൂടെ ചോക്കോരടെ എന്ന ആതിഥേയന്റെ കൂടെ പുര പങ്കാജി എന്ന അമ്പലത്തിൽ ഉത്സവം കാണാൻ പോയതാണിനെ കുറിച്ചാണ് ഉൾനാട്ടിലെ ഒരുത്സവത്തിൽ വിവരിക്കുന്നത്. കരളേകം, നീല ശംഖ്പുഷ്പം, ചേമ്പ്, വാഴ, തെങ്ങു എന്നിവയെല്ലാം ബാലിയിൽ അദ്ദേഹം കണ്ടു. ചേവായൂരിലെ രാരു നായരുടെ കടയിൽ കണ്ട ഓലചൂട്ട് ചൂണ്ട എന്ന പേരിലും അദ്ദേഹം ബാലിയിൽ കണ്ടു. അതോടൊപ്പം അപ്പത്തട്ടുകളും കെട്ടു കാഴ്ചകളും.
1962ൽ എസ്. കെ. തലശ്ശേരി ലോകസഭ മണ്ഡലത്തിൽ നിന്നു ജയിച്ചു ലോക സഭയിൽ അംഗമായി. 1980ൽ രണ്ടാമത്തെ ജ്ഞാന പീഠം ഒരു ദേശത്തിന്റെ കഥ എന്ന ആത്മകഥാപര മായ നോവലിന് എസ്. കെ യ്ക്ക് ലഭിച്ചു. . കോഴിക്കോട് മുക്കം എന്ന സ്ഥലത്തെ അതിരണിപ്പാടം എന്ന കുഗ്രാമത്തിന്റെ കഥയായിരുന്നു അത്. ശ്രീധരൻ ആണ് പ്രധാന കഥാപാത്രം. വളർന്നു, പഠിച്ചു ഉദ്യോഗസ്ഥനായി ജന്മ ഗ്രാമത്തിലേക്കു വർങ്ങൾക്ക് ശേഷം വരുകയും, പഴയ സുഹൃത്തുക്കളെ സന്ദർശിക്കുകയും, അവർക്കു സമ്മാനങ്ങൾ കൊടുത്തു പഴയ കാര്യങ്ങൾ ഗൃഹതുരത്വത്തോടെ പങ്കു വയ്ക്കുകയും ചെയ്യുന്ന ഈ കൃതി പുതിയ തലമുറ വായിച്ചിരിക്കേണ്ടത് അത്യാവശ്യം തന്നെ.
ഏക് ദേശ് കി കഹാനി എന്ന ശീർഷകത്തിൽ ഈ കൃതി ഹിന്ദിയിൽ ലഭ്യമാണ്. അതിനും മികച്ച കൃതിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതു പോലെ കോഴിക്കോടിന്റെ ജീവനാഡി ആയ മിഠായി തെരുവിന്റെ കഥയാണ് ഒരു തെരുവിന്റെ കഥ. അതിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അദ്ദേഹം മയ്യഴിയിൽ ആണ് ചന്ദ്രകാന്തം എന്ന വീട് നിർമിച്ചത്. എസ്. കെ യുടെ ഭാര്യ ശ്രീമതി ജയവല്ലി 1980 ൽ നിര്യാതയായി.
മലയാളത്തിന്റെ പ്രതിനിധിയായി, അറിവിന്റെ ഉറവകൾ തേടി, ഭൂഖണ്ഡങ്ങളെ കയ്യിലൊതുക്കിയ ആ മഹാനുഭവാൻ നമ്മളെ ആനന്ദ സാഗരത്തിൽ ആറാടിച്ചു തന്റെ സ്വത സിദ്ധമായ ശൈലിയിൽ. കോഴിക്കോട് നഗരത്തിൽ ഇന്നും കാണാം അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന പ്രതിമ. നമ്മളോട് പറഞ്ഞു തീരാത്ത എന്തൊക്കയോ വിശേഷങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു. മലയാള സാഹിത്യലോകവും പ്രബുദ്ധ കേരളവും ചിരസ്‌മരണീയനായ ഈ മഹാനു ഭാവനെ മറക്കാതിരിക്കട്ടെ വിസ്‌മൃതിയിലേക്ക് പോകാതെ എസ്. കെ യുടെ കൃതികളെല്ലാം ഉൾപ്പെടുത്തി കൊണ്ടു വായന സംസ്ക്കാരം പുനർജനിക്കട്ടെ.