എം. എസ്. ബാബുരാജിനെ ഓർക്കുമ്പോൾ


എം. എസ്. ബാബുരാജിനെ ഓർക്കുമ്പോൾ

താമര കുമ്പിളല്ലോ മമ ഹൃദയം അതിൽ താത നിൻ സംഗീത മധു പകരൂ
എങ്ങനെ എടുക്കും ഞാൻ എങ്ങനെ ഒഴുക്കും ഞാൻ എങ്ങനെ നിൻ ആജ്ഞാ നിറവേറ്റും.. ദേവാ... ദേവാ....
കാവ്യ സുരഭിലതയും വശ്യ സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞൊഴുകുന്ന ഈ മധുര ഗാനം കേൾക്കുമ്പോൾ ഇതിനു മായിക സംഗീതം പകർന്ന മഹാ വ്യക്തിയെ ആരും ഓർത്തുപോകും. അതു മാറ്റാരുമല്ല. മലയാളികൾക്ക് പ്രിയപ്പെട്ട ബാബുരാജ് മാസ്റ്റർ തന്നെ. ജീവിതത്തെ സംഗീതവും സംഗീതത്തെ ജീവിതവും ആക്കി മാറ്റിയ എം. എസ്. ബാബുരാജിന്റെ 96ാം ജന്മവാർഷികദിനമാണ് മാർച്ച്‌ 3, 2025.

ഒട്ടേറെ മലയാള സിനിമാ ഗാനങ്ങൾക്കു മാസ്മരിക സംഗീതം പകർന്ന എം. എസ്. ബാബുരാജ് 1929 മാർച്ച്‌ 3നാണ് ജനിച്ചത്. മലയാളം സിനിമാ ഗാന സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന ആ മഹാപ്രതിഭ 1978 ഒക്ടോബർ 7ന് അന്തരിച്ചു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വശ്യ സുന്ദരമായ മലയാള സിനിമാ ഗാനങ്ങൾ പിറവിയെടുത്തു. അങ്ങനെ ആസ്വാദനതലം പുതിയ പരിവേഷം അണിഞ്ഞു. ഹിന്ദുസ്ഥാനി രാഗങ്ങളുടെ ചക്രവർത്തിയായി അദ്ദേഹം മാറി.

ആദ്യകാലത്തു നാടക ഗാനങ്ങൾക്ക് സംഗീതം പകർന്ന ഇദ്ദേഹം 1957ൽ രാമു കാര്യട്ടിന്റെ മിന്നാമിനുങ്ങ് എന്ന സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനായി രംഗപ്രവേശം ചെയ്തു. മലയാള സിനിമയുടെ ആദ്യകാല സംഗീതം പലപ്പോഴും മറ്റു ഭാഷാ ചിത്രങ്ങളുടെ സംഗീതത്തിന്റെ നിഴലിലായിരുന്നു. ഈ ഒരു സാഹചര്യത്തിൽ വളരെ വ്യത്യസ്തമായ ശൈലിയിൽ ബാബുരാജ് ഔചിത്യമേറിയ മധുര സംഗീതം നൽകിയ സിനിമാ ഗാനങ്ങൾ എക്കാലത്തെയും മികച്ച ഹിറ്റുകളായി മാറി. മലയാള സിനിമാ ഗാനങ്ങളെ ജന ഹൃദയങ്ങളോട് അടുപ്പിച്ചു നിർത്താൻ ബാബുരാജിന്റെ മികവുറ്റ സംഗീതം വഴിയൊരുക്കി. ജനകീയമായ അത്തരം ഗാനങ്ങൾ സാധാരണ ജനഹൃദയങ്ങളിൽ ആഴത്തിൽ വേരോടി ക്കൊണ്ട് ഇന്നും നിലനിൽക്കുന്നു.

1960കളിലെ സൂപ്പർഹിറ്റ് സിനിമകൾ ആയിരുന്നു കുട്ടിക്കുപ്പായം, സുബൈദ, കുപ്പിവള, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല എന്നിവ. ഇതിലൊക്കെ ഭക്തി, പ്രണയം, ഏകാന്തത, നിരാശബോധം, സ്വാതന്ത്ര്യം, പ്രകൃതി, മാതൃവാത്സല്യം, മരണം എന്ന മഹാസത്യം, നർമ്മം തുളുമ്പുന്ന മറ്റു സന്ദർഭങ്ങൾ എന്നിവയ്ക്കെല്ലാം ഔചിത്യമേറിയ അമൃത സംഗീതമാണ്
എം എസ് ബാബുരാജ് സന്നിവേശിപ്പിച്ചത്. ഗാനങ്ങൾ ഭാവോജ്വലങ്ങളായ കല്ലോലിനികൾ ആക്കി മാറ്റാനുള്ള സങ്കേതങ്ങൾ അവയിൽ ദർശികാവുന്നതാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ബാബുരാജ് സംഗീതം ഇന്നും ആസ്വദിക്കുന്നുണ്ട് എന്നത് ആണ് അതിന്റെ തെളിവ്. മനുഷ്യ മനസ്സുകളെ മാറ്റിയെടുക്കാൻ കെല്പുള്ളവ ആയിരുന്നു ബാബുരാജിന്റെ ഗാനങ്ങൾ. അനുവാചകരുടെ മിഴികളെ ഈറനണിയിക്കുന്ന ഗാനങ്ങൾ നിരവധിയാണ്. അവയെല്ലാം അനശ്വരമായി നിലനിൽക്കുന്നു.

ഏറ്റവും ജനകീയമായ ഗാനമായിരുന്നു ഉമ്മ എന്ന സിനിമയിൽ ജിക്കി പാടിയ

കദളി വാഴ കയ്യിലിരുന്നു കാക്കയിന്നു വിരുന്നു വിളിച്ചു വിരുന്നുകാര വിരുന്നുകാര വിരുന്നുകാര വന്നാട്ടെ....
ഒരു നാടൻ പെൺ കിടാവിന്റെ ഔൽസുക്യവും ആകാംക്ഷ യും വെളിപ്പെടുത്തുന്ന ലാളിത്യം തുളുമ്പുന്ന ഗാനമാണിത്.

ലൈലമജ്നുവിലെ അതിമനോഹരമായ ഗാനം. നിഷ്കളങ്ക ബാല്യങ്ങളുടെ മഹത്തായ സൗഹൃദം ആണ് തുറന്നു കാട്ടുന്നത്.
കൂട്ടിനിലങ്കിളി കുഞ്ഞാറ്റക്കിളി കൂടും വെടിഞ്ഞിട്ടു പോവല്ലേ
കൂട്ടിനു കിട്ടിയ തോഴനെ വിട്ടീ കുഞ്ഞാറ്റകിളി പോവില്ല....

പ്രണയ ഭാവങ്ങളുടെ വിവിധ തലങ്ങളെ തൊട്ടു തലോടുന്ന 4 ഗാനങ്ങൾ 1967ഇൽ റിലീസ് ചെയ്ത പരീക്ഷ എന്ന സിനിമയിൽ ഉണ്ട്.
പ്രണസഖി ഞാൻ വെറുമൊരു പാമര നാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണു ഊതും ആട്ടിടയൻ... പ്രണസഖി... ഞാൻ

സൂപ്പർ ഹിറ്റ് ആയ മറ്റൊരു ഗാനമാണ്
ഒരു പുഷ്പം മാത്രം എൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ച്ചുടിക്കുവാൻ .. ഒരു ഗാനം മാത്രം എൻ ഹൃദയത്തിൽ സൂക്ഷിക്കാം ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ

പരീക്ഷയിൽ എസ്. ജാനകി പാടിയ 2 ഗാനങ്ങൾ ഉണ്ട്
എൻ പ്രാണനായകനെ എന്തു വിളിക്കും എങ്ങനെ ഞാൻ നാവെടുത്തു പേര് വിളിക്കും
മധുരപേരായിരം മനസ്സിലുണ്ടെങ്കിലും മറ്റുള്ളോർ കേൾക്കേ ഞാൻ എന്തു വിളിക്കും

ശാരദയ്ക്കു വേണ്ടി തന്നെ ജാനകി പാടിയ മറ്റൊരു ഗാനം
അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ട് അരികിൽ ഇരിക്കെ സ്വരരാഗ സുന്ദരിമാർക്ക് വെളിയിൽ വരാൻ എന്തൊരു നാണം...
ഒരു കാലഘട്ടത്തിന്റെ ഗാനങ്ങൾ ആയിരുന്നു ഇവ.

അക്കാലത്തെ മിക്ക ഗാന രചയിതാക്കളുടെ ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം പകർന്നിട്ടുണ്ട്. വയലാർ, ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ ഇങ്ങനെ നീളുന്നു ആ ലിസ്റ്റ്.

അനാർക്കലി എന്ന ഉദയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും വയലാർ രചിച്ചതാണ്. ഇതിൽ അമൂല്യ സുന്ദര സംഗീതം നൽകി ബാബുരാജ്. പീ. സുശീല 6 ഗാനങ്ങൾ പാടിയിട്ടുണ്ട് ഈ സിനിമയിൽ.

പ്രണയ ഗാനം പാടുവാനായ പ്രമത വനത്തിൽ വന്നു ഞാൻ വിരഹ ഗാനം പാടി പാടി പിരിഞ്ഞു പോവുകയാണ് ഞാൻ..
ആർദ്രത തുളുമ്പുന്ന ശോകഗാനമാണിത്

നദികളിൽ സുന്ദരി യമുന യമുന സഖികളിൽ സുന്ദരി അനാർക്കലി അനാർക്കലി
ബി. വസന്ത എന്ന ഗായിക ഇതിനു ഹംമിങ്ങിലൂടെ വശ്യച്ചാരുത നൽകി.

ചക്രവർത്തി കുമാര ചക്രവർത്തി കുമാര നിൻ പ്രേമ സാമ്രാജ്യം എനിക്കല്ലേ എനിക്കല്ലേ
ബാബുരാജിന്റെ ഈ ഗാനം എൽ. ആർ. ഈശ്വരിയാണ് പാടിയത്.

ഇതിൽ തന്നെ സംഗീതത്തിന്റെ മഹത്വം വാഴ്ത്തുന്ന ഒരു ഗാനമുണ്ട്
സപ്ത സ്വര സുധ സാഗരമേ സ്വർഗീയ സംഗീതമേ

ലോറ നീ എവിടെ എന്ന സിനിമയിലെ ജനപ്രിയ ഗാനമാണ്
കിഴക്കേ മലയിലെ വെണ്ണിലാവോരു ക്രിസ്ത്യാനി പെണ്ണ് കഴുത്തിൽ മിന്നും പൊന്നും ചാർത്തിയ ക്രിസ്ത്യാനി പെണ്ണ്
ആന്ധ്രയിൽ നിന്നുള്ള എ. എം രാജയും ബി വസന്തയും ആണ് ഈ ഗാനം പാടിയത്. കെ. പി. ഉമ്മറും ഉഷാകുമാരിയും ആണ്‌ രംഗത്ത് എത്തിയത്.

കാട്ടുതുളസി എന്ന സിനിമയിൽ അതീവ ഹൃദ്യമായ ഗാനമാണ് എസ്. ജാനകി പാടിയത്
സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ പ്രേമ പൂജ പുഷ്പവുമായി തേടുവതാരെ ആരെ

എസ്. ജാനകി,ബി. വസന്ത എന്നിവർ ചേർന്ന് പാടിയ അതി മനോഹരമായ ഒരു ഭക്തി ഗാനമാണ് അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയിൽ.

പാവനനം ആട്ടിടയാ പാത കാട്ടുക നാഥാ പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ

പള്ളി മണിയുടെ അകമ്പടിയോടെ 2 സ്കൂൾ വിദ്യാർഥിനി കളാണ് രംഗത്തു. ഏറെ സാന്ത്വനം പകരുന്ന ഗാനമാണിത്.

അകലെ.. അകലെ.. നീലാകാശം അല തല്ലും മേഘ തീർത്ഥം
അരികിലെന്റെ ഹൃദയകാശം അല തല്ലും രാഗ തീർത്ഥം
വിശ്വമില്ല നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ
മിടുമിടുക്കി എന്ന സിനിമയിലെ ഈ ഗാനം എക്കാലത്തെയും മികച്ച യുഗ്മഗാനമാണ്.

യേശുദാസും എസ്. ജാനകിയും ആണ് പാടിയത്. സത്യനും ശാരദയും ആണ്‌ രംഗത്ത്.

ബാബുരാജ് പാടിയ ഒരു ഗാനം 1965 ലെ സുബൈദ എന്ന സിനിമയിൽ ഉണ്ട്

പൊട്ടിതകർന്ന കിനാവിന്റെ മയ്യത്തു കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണെ കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണെ കെട്ടു കഴിഞ്ഞ വിളക്കിൻ കരിഞ്തിരി കെട്ടിപ്പിടിച്ചു കരയുന്നതെന്തേ

ഹിന്ദുസ്താനി സംഗീതത്തിൽ ഹൃദയ ഹാരിയായ രാഗങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ചത് ബാബുരാജ് ആയിരുന്നു. യമുന കല്യാണി, ദേശ്, പഹഡി, മേഘ മൽഹാർ, ആഹിര് ഭൈരവ്, ഷഹാന, വൃന്ദവൻ സാരങ്, കേദാർ, ഡാർബാരി കാനഡ, ബിംപ്ലസ് ഇങ്ങനെ നീണ്ട നിര.

നൂറുകണക്കിന് ഗാനങ്ങളുടെ മധുര സംഗീതം ബാബുരാജിനെ അനശ്വരനാക്കി. അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടിയ ഗായകരും അനശ്വരരായി മാറി. അതിന് മാത്രം അർഹിക്കുന്ന അംഗീകാരം ബാബുരാജിന് മലയാള സിനിമ ലോകത്തു നിന്നും ലഭിച്ചിട്ടുണ്ടോ എന്ന് പുനർ വിചിന്തനം ചെയ്യേണ്ടതാണ്.

ഇന്നലെ മയങ്ങുമ്പോൾ ഒരുമണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു.. എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയിലെ ഈ മനോഹര ഗാനം.

ഈറനുടുത്തും കൊണ്ടമ്പറം ചുറ്റുന്ന ഹേമന്തരാവിലെ വെണ്മുകിലേ കണ്ണീരിൽ മുങ്ങിയൊരു കൊച്ചു കിനാവുകൾ എന്തിനീ ശ്രീ കോവിൽ ചുറ്റിടുന്നു വൃധ എന്തിനീ ദേവനെ കൈ കൂപ്പുന്നു. ശോക ഗാനങ്ങളിൽ മുൻപന്തിയിൽ നില്കുന്നു എസ്. ജാനകി ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിൽ പാടിയ ഈ ഗാനം.

ഭദ്രദീപം എന്ന സിനിമയിൽ സത്യം. ജാനകി പാടിയ അതി സുന്ദര മായ ഗാനം.
കാളിന്ദി തടത്തിലെ രാധ കണ്ണന്റെ കളിതോഴി രാധ ദ്വാരക പിടിയിൽ രുഗ്മിണി സ്വയംവര ഗോപുര പന്തലിൽ പോയി.

ഭാവന ചിറകു വിരിച്ചു വീണ്ണിലേക്ക് ഉയരുന്ന സ്വപ്നസുന്ദരമായ ഗാനം
ഉമ്മ എന്ന ചിത്രത്തിലെ ഗാനം
എങ്കണ്ണിന്റെ കടവിലടുത്താൽ കാണുന്ന പൂങ്കവിങ്കൽ മാണിക്യ വീണ മീട്ടണ റാണിയുണ്ട്...

തത്വചിന്താപര മായ ഒരു ശോകഗാനം കുട്ടിക്കുപ്പായത്തിലുണ്ട്.
പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും പൊട്ടിക്കരയിക്കും ജീവിതം ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാണെന്നും ജീവിതം.

മലബാറിൽ കല്യാണവീടുകളിൽ മാത്രം ഒതുങ്ങി നിന്ന ഒപ്പന പാട്ടുകൾക്കു പുതിയ പരിവേഷം നൽകി സിനിമകളിൽ അവതരിപ്പിച്ചു ബാബുരാജ്. പ്രേക്ഷക ലക്ഷങ്ങൾ ഇരുകയ്യും നീട്ടി അവ സ്വീകരിച്ചു. കുട്ടിക്കുപ്പായം എന്ന സിനിമയിലെ എൽ. ആർ. ഈശ്വരിയും സംഘവും പാടിയ പ്രസിദ്ധമായ ഗാനം
പുള്ളി മാനല്ല മയിലല്ല മധുരകരിമ്പല്ല മാരി വില്ലോത്ത പെണ്ണാണ് പൊട്ടിച്ചിരിക്കണ മുത്തുകുടമാണ് പത്തര മാറ്റുള്ള പൊന്നാണ്

കുട്ടിക്കുപ്പായത്തിലെ തന്നെ മറ്റൊരു ജനപ്രിയ ഗാനം
ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ കരയല്ലേ ഖൽബിൻ മണിയെ കൽ കണ്ട കനിയല്ലേ

കുപ്പിവള എന്ന സിനിമയിലെ അതീവ ഹൃദ്യമായ ഗാനം
കണ്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ എനിക്ക് കണ്ണുകളെന്തിനു വേറെ.. കാണാനുള്ളത് കരളിൽ പകരാൻ ഞാനുണ്ടല്ലോ ചാരെ കണ്ണായി ഞാനുണ്ടല്ലോ ചാരെ...

വളരെ പ്രസിദ്ധമായ ഗാനങ്ങൾ ആയിരുന്നു കാർത്തിക എന്ന സിനിമയിലെത്
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമര മൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിരിഞ്ഞ നീ പൂഞ്ചേല പരുവത്തിൽ പൂവായി

ഇക്കരെയാണെന്റെ താമസം അക്കരയാണെന്റെ മാനസം പൊന്നണി ഞ്ഞെത്തിയ മധുമാസം എന്നുള്ളിൽ ചൊരി യുന്നു രാഗരസം...

കണ്മണിയെ..കണ്മണി യെ കരയാതുറങ്ങു നീ
കണ്ണിനു കണ്ണായി നിന്നെ വളർത്താൻ അമ്മയില്ലേ നിന്നരികിൽ.. അരികിൽ

സുബൈദ എന്ന സിനിമയിലെ ഏറെ ജനപ്രിയമായ ഗാനമാണ്
ഒരു കുടുക്ക പൊന്നു തരാം..

മലയാള സിനിമാ സംഗീത ലോകത്തിൽ ചിരസ്‌മരണീയനായ എം. എസ്. ബാബുരാജിന്റെ പാവന സ്മരണയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

പി പി സുരേഷ്

You might also like

Most Viewed