യാത്രയുടെ ദർശനം
അശ്വതി പി. ആർ
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എം.എ ഫിലോസഫി സ്റ്റുഡന്റ്
''യാത്രകൾ പുസ്തകം വായിക്കുന്നത് പോലെയാണ് , വരാൻ പോകുന്നത് എന്താണെന്ന് നിർവചിക്കാൻ സാധിക്കില്ല'' സഞ്ചാരം എന്നത് ഒരു കുറിപ്പിനാലോ വാക്കുകളാലോ പ്രദർശിപ്പിക്കാൻ കഴിയുന്നതല്ല, അതൊരു അനുഭവമാണ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വേണ്ടുന്ന വഴിത്തിരിവുകൾ ആണ് ഓരോ യാത്രകളും .
ഓരോ മനുഷ്യനും വിവിധങ്ങളായ ചിന്തകളാൽ സമ്പന്നരാണ് . അത് പലതരത്തിലുള്ളതാവാം പല കൽപ്പനകളിൽ ഉള്ളതാവാം, യഥാർത്ഥത്തിൽ സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്നത്.അന്നന്നത്തെ ഭക്ഷണത്തിന് ഓടുന്ന കൂലിപ്പണിക്കാരന് ചിലപ്പോൾ ഈഫേൽ ടവറിന്റെ സൗന്ദര്യത്തെ വാനോളം വാഴ്ത്തണം എന്നുണ്ടാവില്ല. അതിനർത്ഥം എല്ലാ മനുഷ്യർക്കും അതേ അഭിപ്രായം തന്നെ അല്ല , ആരോ പറഞ്ഞു കേട്ട അല്ലെങ്കിൽ ചിത്രങ്ങളിലൂടെ കണ്ട് അത് അറിയാൻ വരുന്ന മറ്റൊരു രാജ്യക്കാരന് അത് അവന്റെ യാത്രയെ സഫലീകരിക്കുന്ന ഒരു സൃഷ്ടിയാണ്. ആ ഒരു കാഴ്ചയ്ക്ക് വേണ്ടിയാണ് അവൻ ആ യാത്ര ചെയ്തത് അതിനാൽ തന്നെ അവരത് നൂറ് ശതമാനം നീതിപുലർത്തിയ ഉദ്ദേശ സ്ഥാനം കൂടിയാകുന്നു.
യാത്രയും ലക്ഷ്യവും
ഒരു യാത്ര എന്നാൽ അത് ഒരു ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ പൂർത്തീകരിക്കണമെന്നൊന്നുമില്ല. കാരണം പല യാത്രകളുടെയും ഭംഗി എന്നു പറയുന്നത് പ്രതീക്ഷകളോടെ യാത്ര ചെയ്യുമ്പോഴാണ്. മനസ്സിൽ മെനഞ്ഞു കൂട്ടിയ ഒരു ദൃശ്യത്തിലേക്ക് ആയിരിക്കാം ആ യാത്ര. മിക്കപ്പോഴും, ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന സന്തോഷമായിരിക്കും. മുന്നിൽ നിൽക്കുന്നത് അവിടുത്തെ കാഴ്ചകളെക്കാളും അല്ലെങ്കിൽ മനുഷ്യനിലെ മെനഞ്ഞുണ്ടാക്കിയ സൗന്ദര്യമാണ് ഒരു ലക്ഷ്യസ്ഥാനം കൂടുതൽ മനോഹരവൽക്കരിക്കുന്നത്.
ജീവിതം ഒരു യാത്ര
സത്യത്തിൽ ഒറ്റ ഒരു ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയല്ലേ മനോഹരം. ആ യാത്രയിലെ പല ഘട്ടങ്ങളിലെ പല സംഭവങ്ങളുമല്ലെ മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. അവനെ അവനായി മാറ്റുന്നത്. ഓരോ യാത്രകളാണ് പലതും പഠിപ്പിക്കുന്നത്. ഒരിക്കലും ഒരാളുടെ ജീവിതം ഒരിടത്തു തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നില്ല. മനുഷ്യന് എന്നുമാത്രമല്ല ഭൂമിയിലെ ഓരോ ജീവികളും സ്വതന്ത്ര ജീവനുകളാണ് ,അവന് അവകാശമുണ്ട് തന്റേതായ യാത്ര തിരഞ്ഞെടുക്കാൻ പ്രതീക്ഷകൾക്കൊത്ത് എത്തിപ്പെടാൻ അതിനാൽ ഒരു സ്വതന്ത്ര യാത്രയാണ് ഓരോ കണങ്ങളും ആഗ്രഹിക്കുന്നത്. അപ്പോൾ ആ സ്വാതന്ത്ര്യം തന്നെയല്ലേ ആ ലക്ഷ്യസ്ഥാനം?
യാത്ര ചെയ്യുക എന്നത് തന്നെ ഒരു കലയാണ്. അത് ചെയ്യുന്നവൻ കലാകാരനുമാണ്.
മനുഷ്യൻ തൻറെ ജന്മവാസനകൾ വളർത്താൻ ഇഷ്ടപ്പെടുന്നവനാണ്. അതിനുദാഹരണമാണ് തന്റെ ഒഴിവുസമയങ്ങളിൽ അവൻ പ്രകടിപ്പിക്കുന്ന ചേഷ്ഠകൾ, സമയം ചെലവഴിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ. ഇങ്ങിനെ ചുമ്മാതെയുള്ള ഹോബികളിൽ നിന്നും പെർഫെക്ഷനിലേക്ക് എത്തുന്നതും ഒരു സഞ്ചാരം തന്നെയല്ലേ? അതിൽ അവന്റെ പരിശ്രമം ഉണ്ട്. സ്വതന്ത്രമായ കാഴ്ചപ്പാടുകൾ ഉണ്ട് . ഇതുപോലെ തന്നെയാണ് യാത്ര അനുഭവങ്ങളും. മനസ്സിൽ വരച്ചിടുന്ന ലക്ഷ്യങ്ങളെ പ്രാപ്തമാക്കാൻ ഓടുന്ന യാത്ര അതൊരു കല തന്നെയാണ്. കാരണം ആ കലയ്ക്ക് അനുസരിച്ച ദേശങ്ങൾ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. മനസ്സിൽ പച്ചപ്പും ഹരിതാഭയും വിരിഞ്ഞു നിൽക്കുന്ന മനുഷ്യൻ മെട്രോപൊളിറ്റൻ സിറ്റി ഒഴിവാക്കി പ്രകൃതിയോട് ഇണങ്ങിയ ചുറ്റുപാടിനോട് ആയിരിക്കും കൂടുതൽ ആകർഷണം പുലർത്തുക. ഒരു കലാകാരന് മാത്രമേ അവന്റെ ആ കലയോടു മുഴുവനായും ആത്മാർത്ഥത പുലർത്താൻ കഴിയുക.
യാത്രകൾ വിശാലമായ മനസ് സമ്മാനിക്കും, അത് വഴി ബൗധികവും വൈകാരികവുമായ വികസനവും ഉണ്ടാകുന്നു.
ഒരു സഞ്ചാരം എന്നത് സാമ്പത്തികം കൊണ്ട് മാത്രം നടക്കുന്ന ഒന്നല്ല, അതിന് അതിന്റേതായ മറ്റു വശങ്ങളും ഉണ്ട്. ഒരു ഹൃദയത്തിന്റെ സൗന്ദര്യം അടിസ്ഥാനപെടുത്തിയായിരിക്കും സഞ്ചാരം നീങ്ങുക. കാഴ്ചകളാൽ സമ്പന്നവും ശുദ്ധ ഹൃദയത്തിൽ അനുഭവങ്ങൾ വരവേൽക്കുവാനും കഴിഞ്ഞില്ലെങ്കിൽ യാത്രകൾ തികച്ചും വ്യർത്ഥമാകും, ഉറപ്പ് !
ഓരോ യാത്രകളും ഓരോ പുതിയ അധ്യായങ്ങളാണ്. അതിൽ നിന്ന് പഠിക്കാനും അവ ജീവിതത്തിൽ പ്രായോഗികമാക്കേണ്ടതുമുണ്ട് .മുൻപേ പറഞ്ഞതുപോലെ ലോകത്തിന്റെ പല കോണിലും വിഭവസമൃദ്ധമായ അനേകം പാഠങ്ങളാണ് ഓരോ സഞ്ചാരിയെയും കാത്തിരിക്കുന്നത്. പല സാഹചര്യങ്ങളും പല ചിന്താഗതികളും പല ദൃശ്യവിസ്മയങ്ങളും ആണ് അവരുടെ മുമ്പിൽ അണിനിരക്കുന്നത്. ആ യാഥാർത്ഥ്യത്തെ സ്വീകരിക്കുന്നവൻ ആണ് ഒരു സഞ്ചാരി. ഈ ഇടപാടിലൂടെ അവൻ ബുദ്ധിപരമായും വികാരഭരിതമായും ഉള്ളിൽ പുരോഗമിക്കുകയാണ്. കാരണം ഓരോ പ്രദേശങ്ങൾക്കും അതിന്റേതാ ചരിത്രവും പ്രാധാന്യവും ഉണ്ടായിരിക്കും. അപ്പോൾ അവിടേക്ക് പുതുതായി എത്തുന്നവൻ താനെവിടെയാണ് നിൽക്കുന്നത് എന്ന് ബോധവാനാകാൻ താല്പര്യം പ്രകടിപ്പിക്കുന്നു. ഇതിനാൽ അറിവ് ഇവിടെ മുന്നോട്ടു നിൽക്കുന്നു. പിന്നെ ഏത് സാഹചര്യങ്ങളിലും യുക്തിപരമായി പെരുമാറുന്നതിലൂടെ ബൗധികപരമായ വികാസം ആണ് സാധ്യമാകുന്നത്. ഈ അനുഭവം ജീവിതം മൊത്തം കൊണ്ടുനടക്കാവുന്ന ഒരു ഗുണമാണ്. ഇമോഷണൽ ഡെവലപ്മെൻറ് ഇന്നത്തെ കാലത്ത് കുറഞ്ഞു വരുന്നതായി കാണപ്പെടുന്നു ചുറ്റുപാടുമായി ഉൾവലിഞ്ഞു നിൽക്കുന്ന സമൂഹമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെടണമെന്നല്ല, മറിച്ച് മറ്റുള്ളവരുടെ കണ്ണീര് കാണുമ്പോഴെങ്കിലും അതും എന്നെ പോലെയുള്ള ഒരു മനുഷ്യ ജീവിയല്ലേ എന്നു കരുതിയുള്ള പരിഗണന എങ്കിലും വെക്കുന്നത് നല്ലതാണ്.
യാത്രയിൽ പാലിക്കേണ്ട ചിട്ടവട്ടങ്ങൾ - ഏതൊരു കാര്യത്തിനും ഒരു എത്തിക്സ് ഉള്ളതുപോലെ സഞ്ചാരത്തിനും ഒരു എത്തിക്സ് സൈഡ് ഉണ്ട്.
ഇത് തികച്ചും വ്യക്തിപരമാണ്. സഞ്ചാരത്തിലൂടെ പല സംസ്കാരങ്ങളിലൂടെയും, പുതിയ അനുഭവങ്ങളിലൂടെയുമാണ് മനുഷ്യൻ കടന്നുപോകുന്നത് അതിനാൽ മനുഷ്യന്റെ ചിന്തയെയും സങ്കല്പ ഭാവനകളെയും തിരുത്തി കുറിക്കാനുള്ള ഒരു ശക്തി അതിനുണ്ട്. ഇത്തരം കാര്യങ്ങൾ പോസിറ്റീവും നെഗറ്റീവും ഉണ്ടെന്നതിനാൽ അത് സൂക്ഷിക്കണം. എല്ലാവരും ഓരോരുത്തരുടെയും പുരോഗമനത്തിലോട്ട് ആയിരിക്കണം ജീവിതം നയിക്കേണ്ടത്. പുരോഗമനം എന്ന് പറയുമ്പോൾ തന്നെ സാമ്പത്തികമായും ഉണ്ട് ഗുണപരമായതുമുണ്ട്. തന്റെ സാമ്പത്തിക വളർച്ചയ്ക്ക് കഷ്ടപ്പെടുന്ന വ്യക്തി എപ്പോഴും നല്ല മാർഗം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. അവിടെയാണ് എത്തിക്സിന് പ്രാമുഖ്യം വരുന്നത്. തെറ്റായ രീതിയിൽ എന്ത് സ്വന്തമാക്കിയാലും അത് പിന്നീട് നഷ്ടപ്പെടും. സ്വന്തം സത്യത്തെ ചേർത്തുപിടിക്കുന്നവർ മാത്രമേ ജീവിതം എന്ന മഹാ മത്സരത്തിൽ ട്രോഫി വാങ്ങുകയുള്ളു. ചില സന്ദർഭങ്ങളിൽ പ്രോത്സാഹന സമ്മാനങ്ങൾ ആയിരിക്കും ലഭിക്കുക എങ്കിലും ഓവറോൾ ഗ്രേഡ് പോയിൻറ് കാത്തിരിക്കുന്നത് ഇവർക്കായിരിക്കും. സ്വന്തം സ്വത്വത്തെ കാത്ത് സൂക്ഷിച്ചാവണം മനുഷ്യന്റെ ജീവിതയാത്രയും ജീവിതത്തിന്റെ ഭാഗമായി നടത്തുന്ന യാത്രകളും ഉണ്ടാകാൻ. നല്ലൊരു വ്യക്തിത്വം കൂടെപിറപ്പായാൽ യാത്രാനുഭവങ്ങളും മറ്റൊരു തലത്തിൽ എത്തും.
തന്റെ ചുറ്റുപാടിനെ അറിയാനും അവിടെനിന്ന് പഠിക്കാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും കഴിവുള്ളവരാണ് യഥാർത്ഥ സഞ്ചാരികൾ. ഒരു നാടിനെ അറിയാൻ അവരുടെ രീതികളിലൂടെ കടന്നു പോകേണ്ടിവരും. അന്നാട്ടിലെ സംഭവവികാസങ്ങൾ ചിലപ്പോൾ അവിടെ പോകുന്നവർ ഉൾക്കൊള്ളണം എന്നില്ല. എന്നും വെച്ച് ചെന്നയുടനെ അതിനെ എതിർക്കാൻ നമ്മൾക്ക് അവകാശമില്ല. അവിടുത്തെ ആചാരം എന്താണെന്നും എന്തുകൊണ്ട് അന്നാട്ടുകാർ അതിനെ ഏറ്റെടുത്തെന്നും ചിന്തിക്കേണ്ടത് അനുയോജ്യമാണ്. എപ്പോഴും ഓർക്കുക എല്ലാത്തിനും കാരണങ്ങളുണ്ട് ഈ തക്കതായ കാരണങ്ങൾ മതിവരാത്ത സാഹചര്യങ്ങളിൽ ആണ് നമ്മൾ പ്രതികരിക്കേണ്ടത്.
അടുത്തത് ഒരു സഞ്ചാരി എപ്പോഴും അവിടുത്തെ ഒരാൾ ആയി പെരുമാറുന്നതായിരിക്കും ഏറ്റവും നല്ലത്. അത്തരമൊരു സംഭാഷണ കൈമാറ്റത്തിലൂടെയാണ് അറിവ് ലഭിക്കുക. തികച്ചും വ്യത്യസ്തനായി നിന്നാൽ മറ്റൊരാളായി കാണുന്നതിലൂടെ ശരിയായ ആശയവിനിമയം നടക്കുകയില്ല. ആ ഒരു സംഭാഷണം ഇല്ലാത്തതു വഴി ആ രാജ്യത്തെ കുറിച്ചുള്ള ചരിത്രപരവും സാംസ്കാരികപരവുമായ വലിയ അറിവുകൾ ആണ് നിങ്ങൾക്ക് നഷ്ടപ്പെടുക.
സഞ്ചരിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളൊക്കെ പാലിച്ചും അവരുടെ എത്തിക്സിനും സ്വകാര്യതകൾക്കും സഞ്ചാരികൾ മൂല്യംകൊടുക്കേണ്ടതാണ്. ഓരോ മനുഷ്യരും വ്യത്യസ്തരാണ് അതിനാൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമാണെന്ന് മനസ്സിലാക്കി വേണം പരസ്പരം പെരുമാറാൻ. തന്റെ അഭിപ്രായങ്ങളോട് നീതിപുലർത്തുന്നതോടൊപ്പം സംസാരിക്കുന്ന വ്യക്തിയുടെ അഭിപ്രായത്തോടും പുച്ഛം കലരാതെ കേട്ടിരിക്കാനും മനസ്സിലാക്കാനും സാധിക്കണം. പ്ലാസ്റ്റിക് നിരോധനം, സാമൂഹിക ചിട്ടകൾ പാലിക്കേണ്ട സാഹചര്യങ്ങൾ എന്നിവ അറിഞ്ഞു പെരുമാറേണ്ട മേഖലകളാണ്. ഉദാഹരണത്തിന് പുരോഗമനം അധികം എത്തിപ്പെടാത്ത ചില സ്ഥലങ്ങളിൽ ക്യാമറയും കൊണ്ടുപോകുമ്പോൾ അത് അവരെ സന്തോഷിപ്പിക്കണമെന്നില്ല. കാരണം അവരുടെ സ്വകാര്യതയെ നശിപ്പിക്കുന്ന പോലെ ആയിരിക്കും അതിനെ കാണുക. ചിലപ്പോൾ അതിനെതിരെ അവർ അക്രമാസ്കതരായി പെരുമാറിയെന്നും വരും.
സഞ്ചാരത്തിലൂടെ ഉൾകൊള്ളുക എന്നൊരു ക്വാളിറ്റി നമുക്ക് ലഭിക്കുന്നു. നമ്മുടെ സഞ്ചാരത്തിനിടയിലും എത്തിപ്പെടുന്ന ലക്ഷ്യസ്ഥാനത്തും നമ്മൾ കണ്ടറിയാത്ത കാര്യങ്ങളോട് പൊരുത്തപ്പെടാനും അതിനെ ഉൾക്കൊള്ളാനുമുള്ള മനസ്സ് മനുഷ്യനിൽ ഉണ്ടാകുന്നു. സഞ്ചാരികളിൽ നിന്നുമുള്ള ആശയവിനിമയം കാരണം അന്നാട്ടുകാർക്കും ഇങ്ങനെ ഒരു മാനസികാവസ്ഥ ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ കൊച്ചി എന്ന നഗരത്തിൽ കൂടുതലായും വിദേശികൾ വരുന്ന ഒരു സ്ഥലമാണ്. ആ ഒരു ഇടപ്പെടൽ കാരണം അവിടെ അതിന്റേതായ പുരോഗമനം വന്നിട്ടുണ്ട്. അവിടത്തെ മനുഷ്യരുടെ ചിന്താഗതികൾ മാറിയത് ഇങ്ങിനെയാണ്. നൈറ്റ് ലൈഫ് , പുതിയ ഭക്ഷണരീതി എന്നിവയൊക്കെ വരുന്നത് അതിനോടുള്ള സ്വീകാര്യത കൊണ്ടാണ്. അതിലൂടെ മറ്റുള്ളവരെ മനസ്സിലാക്കാനും അവർ എന്തുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നതും പറയുന്നതും എന്നൊക്കെ സ്വന്തമായി ചിന്തിച്ച് അറിയാനും ഇതിലൂടെ സാധിക്കുന്നു. നമ്മുടെ ഗുണങ്ങളൊക്കെ കളഞ്ഞ് മറ്റുള്ളവരെ പിന്തുടരുക എന്നതല്ല സ്വീകാര്യതയുടെ അർത്ഥം, നമ്മുടെ ഗുണങ്ങൾക്കൊപ്പം മറ്റുള്ളവരുടെ സമ്പ്രദായങ്ങളെയും തരംതാഴ്ത്തി കാണാതിരിക്കാൻ ഉള്ള മനസ്സ് ഉണ്ടാകണം. എല്ലാവരും അങ്ങനെ ആയിരുന്നാൽ മനുഷ്യരുടെ കുറവുകൾ നിസ്സാരവൽക്കരിച്ച് സസന്തോഷം ജീവിക്കാൻ കഴിഞ്ഞേനെ. അങ്ങനെ ഒരു മനസ്സ് കെട്ടിപ്പിടുത്തേണ്ട യാത്രയാകണം ഓരോ മനുഷ്യനും നടത്തേണ്ടത്.
യാത്രയുടെ ദോഷങ്ങൾ
എല്ലാത്തിനും ഒരു നെഗറ്റീവ് സൈഡ് ഉണ്ടെന്നു പറയുന്ന പോലെ ചില പോരായ്മകൾ ഇവിടെയും ഉണ്ട്. പാറിപറന്ന് നടക്കുന്നതിലൂടെ ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ എന്ന് പറയാറുണ്ട്. പ്രത്യേകിച്ചും റൈഡേഴ്സിന് ഉദ്ദേശിച്ചാണ് ഇങ്ങനെ കേട്ടിട്ടുള്ളത്. കുടുംബത്തിന് പ്രാധാന്യം നൽകാതെ കടമകളിൽ നിന്ന് ഒളിച്ചോടുന്നുവെന്നാണ് കുറ്റപ്പെടുത്താറുള്ളത്. എന്നാൽ ഇതൊക്കെ പൊതുവായ സ്റ്റീരിയോ ടൈപ്പുകൾ ആണെന്നാണ് എന്റെ അഭിപ്രായം. ചിലപ്പോൾ കുടുംബം നോക്കുന്നതിനൊടൊപ്പം തന്റെ പാഷന് കൂടി പ്രാമുഖ്യം നൽകേണ്ടത് ഒരാളുടെ ഉത്തരവാദിത്വം തന്നെയാണ്. ദാർശനികമായി പറയുകയാണെങ്കിൽ ഒരു വ്യക്തിയെ സംബന്ധിച്ച് അവന്റെ ആഗ്രഹങ്ങൾ നേടുമ്പോൾ സന്തോഷിക്കാനും നേടിയെടുക്കാതെ ആകുമ്പോൾ നിരാശപ്പെടുവാനും മാത്രമേ സാധിക്കൂ. മറ്റേതു വ്യക്തിക്കും അവനോളം അത് അറിയാൻ കഴിയില്ല. അവനവന് വേണ്ടി ജീവിക്കുമ്പോൾ മാത്രമേ അത് ലൈഫ് ആകുന്നുള്ളൂ. അതിലെ അനുഭവങ്ങളിലൂടെയാണ് പലതും പഠിക്കുന്നതും ജീവിതകാഴ്ചപാടുകൾ മെച്ചപ്പെടുത്തുന്നതും. ഇങ്ങനെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ ലൈഫിന്റെ ഒരു ഭാഗം മാത്രമാണ് മറ്റുള്ളവർ. രക്ഷിതാക്കളും മക്കളും പോലും അങ്ങിനെയാണ്. അവന്റെ ജീവിതത്തെ തൃപ്തിപ്പെടുത്താൻ അവനവനെ കഴിയൂ എന്നതാണ് സത്യം. അതിനാണ് ഈ ജീവിതയാത്രകൾ നടത്തേണ്ടത്.
പല സംസ്കാരവും നേടിയെടുക്കുമ്പോൾ തന്റെ സ്വന്തം സംസ്കാരത്തിന് വിലകുറഞ്ഞതായി കാണുന്നത് ഒരു നെഗറ്റീവ് സൈഡ് ആണ്. എല്ലാത്തിനും അതിന്റേതായ കഴമ്പുണ്ടെന്ന് തിരിച്ചറിയുന്നിടതാണ് ഇക്വാലിറ്റി ഉണ്ടാകുന്നത്. മനസ്സിന്റെ ഭാവനകൾക്കും ഇതിൽ പ്രാധാന്യമുണ്ട്.
സൗന്ദര്യബോധം ഇല്ലാത്തവൻ അല്ലെങ്കിൽ അത് വളർത്താത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾ ലോകത്തിലെ ഏത് സുന്ദര സൃഷ്ടിയെയോ പ്രദേശത്തെയോ ആസ്വദിക്കാൻ ഒന്നു മടിക്കും.
ഭാവന ശക്തിയുള്ളവർ സ്വന്തം അടുത്തുള്ള കാഴ്ചയെ പോലും തന്റെ ഹാപ്പിനെസ്സിൽ ചേർക്കും. സഞ്ചരിക്കുന്ന രാജ്യങ്ങളിൽ മോശമായി പെരുമാറുന്നത് മോശം സംസ്കാരം പ്രതിഫലിപ്പിക്കുന്ന കാര്യമാണ്. യാത്ര വേളകളിൽ ഒരു വ്യക്തി അവനെ മാത്രമല്ല അവന്റെ നാടിനെയും പ്രതിനിധീകരിക്കുന്നു. ആ ഒരു തിരിച്ചറിവോടുകൂടി പെരുമാറേണ്ടത് അയാളുടെ ചുമതല ആണ്. കൂടാതെ പല ടൂറിസ്റ്റ് ഏജൻസികളിൽ നിന്നും വരുന്ന ഫീഡ്ബാക്കിനോട് ചേർത്തുവച്ച് പറയുകയാണെങ്കിൽ അവരുടെ ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള യാത്രകൾക്ക് ഏജൻസി തയ്യാറാക്കുന്ന ഫൈവ്സ്റ്റാർ ഹോട്ടൽസ് ,ലക്ഷ്വറി കോച്ച് തുടങ്ങിയ കാര്യങ്ങൾ വൃത്തിഹീനമായി ഉപയോഗിക്കുന്നതും തെറ്റാണ്. ഇത്തരം സഞ്ചാരികൾ, യാത്രകളെ വെറും വിനോദമായി മാത്രമാണ് കാണുന്നത്.
താൻ കാശുകൊടുത്ത് ആസ്വദിക്കുന്നു. അതിനെതിരെ പറയുവാൻ ആരും ആളല്ല എന്നൊരു ചിന്താഗതിയാണ് അത്. പണത്തിനും മീതേ പരുന്തും പറക്കില്ല എന്നൊരു ചിന്താഗതിയാണ് ഇവിടെ പ്രകടമാകുന്നത്. ആഘോഷിക്കുവാൻ വന്നെങ്കിൽ അത് ചെയ്തു പോകുകയെന്നും, അതിന്റെ അനന്തര ഫലങ്ങൾ തങ്ങളെ ബാധിക്കുന്നില്ലെന്നുമുള്ള ഈ കാഴ്ചപ്പാട് നല്ലതല്ല. ഈ ഒരു വ്യക്തികൾ പോയി കഴിഞ്ഞാൽ പിന്നീട് ആ ഏജൻസിയെ ബന്ധപ്പെടുന്ന എല്ലാ അന്നാട്ടുകാരെയും ഇവർ ഇങ്ങനെയാണ് കാണുക. കൂടാതെ ആ ഒരു കമ്പനിക്ക് നഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. യാത്രകൾ എന്നത് ഒരിക്കലും ആഡംബരത്തിന്റെയും ആർഭാടത്തിന്റെയും മാത്രമല്ല. അത് ജീവിതത്തിന്റെ ശരിയായ വഴികളായി കാണണം. അതിലൂടെ നല്ല പഠിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഒരാളുടെ ചീത്ത പാഠങ്ങൾ മറ്റുള്ളവർക്ക് എറിഞ്ഞു കൊടുക്കുകയല്ല ചെയ്യേണ്ടത്. വ്യക്തിത്വവികസനവും, ആത്മസംതൃപ്തിയും ഒരുപോലെ നേടാൻ കഴിയുന്ന ഒന്നായി യാത്രയെ പരിഗണിക്കണം.
സന്തോഷം = യാത്ര
ഇത്തരത്തിലൊരു ഫോട്ടോ പുതിയ കാലത്തെ പലരുടെയും സ്റ്റാറ്റസുകളിലും സ്റ്റോറികളിലും കാണാൻ സാധിക്കുന്നുണ്ട്. ഓരോ യാത്രകളും
ഇത്തരത്തിൽ സന്തോോഷമാണ് തരേണ്ടത്. ജീവിതത്തോട് സന്തോഷം കാണിക്കുമ്പോൾ അത് തിരിച്ച് നമ്മുക്ക് തന്നെ ലഭിക്കുന്നു. ഈ സന്തോഷം ലഭിക്കുവാൻ കുറെ ചവിട്ടുപടികൾ ഉണ്ടെന്ന കാര്യം മറക്കേണ്ട. പേഴ്സണാലിറ്റി, ആറ്റിറ്റ്യൂഡ് , ഇക്വാലിറ്റി സെൻസ് അങ്ങനെയേറെ. താനാണ് എല്ലാം എന്ന് നടക്കുന്നവർക്ക് ഇത് കിട്ടുകയുമില്ല. താൻ ഇല്ലെങ്കിലും ഇതൊക്കെ നടക്കും എന്നുള്ളവനും ഇതു കിട്ടുകയില്ല. തന്റെ കൂടി വ്യക്തിത്വം ചേരുമ്പോഴാണ് സമൂഹത്തിൽ ഇത് സംഭവിക്കുകയുള്ളൂ എന്ന ശക്തമായ ബോധം ഉള്ളവർക്കാണ് സംതൃപ്തിയിലൂടെ സന്തോഷം നേടാൻ സാധിക്കും.