"അനുഗ്രഹങ്ങളുടെ പുണ്യമാസം"


പരിശുദ്ധ റമദാൻ മാസത്തിന് സ്വാഗതമോതിക്കൊണ്ട് ശഅബാൻ മാസം വിട പറയുമ്പോൾ വിശ്വാസികൾക്ക് ആവേശവും സന്തോഷവും പകർന്ന് പുണ്യങ്ങളുടെ പൂക്കാലം വരികയാണ്. പരിശുദ്ധ റമദാനെ വരവേൽക്കാൻ ആത്മീയ ഉൾപ്പുളകത്തോടെ സ്വീകരിക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി ക്കഴിഞ്ഞു. വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് സ്വാഗതമോതുകയാണ് ലോക ഇസ്ലാമിക സമൂഹം.സഹോദര സമുദായങ്ങളിലെ പലരും അന്ന പാനീങ്ങൾ ഉപേക്ഷിച്ച് മുസ്ലിം സുഹൃത്തുക്കളോടൊപ്പം ചേർന്ന് നോമ്പ് എടുക്കുന്ന കാഴ്ച പ്രവാസ ലോകത്ത്കൂടുതലായി കാണപ്പെടുന്നുണ്ട്.സൗഹൃദവും, സാഹോദര്യവും, സ്നേഹം പങ്കുവയ്ക്കലും ഒന്നിച്ചിരുന്നുള്ള ഇഫ്താറും, പ്രവാസ ലോകത്ത് ചിരപരിചിതമാണ്. പരിശുദ്ധ റമദാന്റെ രാപ്പകലുകൾ പാപമോചനത്തിന്റെ വിലപ്പെട്ടനിമിഷങ്ങളാണ്.ഈ സുവർണ്ണ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കുന്നിടത്താണ് വിജയം.ഇസ്ലാമിക ചരിത്രത്തിന്റെ ഗതിനിർണയിച്ച ബദറിന്റെ വിജയ പശ്ചാത്തലമാണ് റമദാന്റെ മറ്റൊരു സവിശേഷത. ലൈലത്തുൽ ഖദറിന്റെ സാന്നിധ്യം ആത്മീയതയുടെ ഉച്ചസ്ഥായിയാണ്.

ആരെങ്കിലും വിശ്വാസത്തോടുകൂടിയും പ്രതിഫലം ആഗ്രഹിച്ചും നോമ്പ് എടുത്താൽ അവന്റെ മുൻകാല പാപങ്ങൾഅല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. അങ്ങനെ എത്രയെത്ര അനുഗ്രഹങ്ങളും പുണ്യങ്ങളുമാണ്,വി ശ്വാസിയെ കാത്തിരിക്കുന്നത്. വിശ്വാസിക്ക് സ്വന്തത്തെ നിയന്ത്രിക്കാനും ആത്മവിചാരങ്ങൾക്കനുസൃതമായി ശരീരത്തെ മെരുക്കിയെടുക്കാനുമുള്ള ഉൾക്കരുത്താണ് വ്രതത്തിലൂടെ ലഭ്യമാകുന്നത്.അല്ലാഹുവിനോടുള്ള വിധേയത്വം തനിക്ക് പരമപ്രധാനമാണെന്നും, അതിനു മുന്നിൽ ശാരീരിക അഭിലാഷങ്ങൾ പോലും അപ്രസക്തമാണെന്ന പ്രതിജ്ഞയാണ് വ്രതത്തിലൂടെ പ്രാവർത്തികമാക്കുന്നത്.

ദരിദ്രനും ധനികനും തമ്മിലുള്ള അകൽച്ച കുറയ്ക്കാൻ പര്യാപ്തമായ ഒരു മാധ്യമം കൂടിയാണ് വ്രതാനുഷ്ഠാനം. ഭൗതിക ജീവിതത്തിലെ സുഖലോലുപതയിൽ കഴിയുന്ന പലർക്കും തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ കഴിഞ്ഞുകൂടുന്ന പട്ടിണി പാവങ്ങളുടെ വിശപ്പിന്റെ വില മനസ്സിലാക്കാൻ സാധിക്കാറില്ല. പത്തു പതിനഞ്ച് മണിക്കൂർ അന്ന പാനീയങ്ങൾ വർജിക്കുക വഴി ദരിദ്രനെയും വിശപ്പിനെയുംഅറിയാൻ കഴിയും.അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങൾ എത്ര വലുതാണെന്നും അതിൽ നിന്നൊരു പങ്ക് പാവങ്ങളുടെ അവകാശമാണെന്നും അതവർക്ക് നൽകണമെന്നും വ്രതംഅവരെ ഓർമ്മിപ്പിക്കുന്നു. നാവിനെ നിയന്ത്രിക്കാൻ കഴിയുന്നവർവലിയ ഭാഗ്യവാന്മാരാണ്. നോമ്പ് അതിനുള്ള പരിശീലനം നൽകുന്നു. തെറ്റായ വാക്കും പ്രവർത്തിയും ഒഴിവാക്കാൻ തയ്യാറായില്ലെങ്കിൽ അവൻ അന്യപാനീയങ്ങൾ വെടിഞ്ഞതുകൊണ്ട് പടച്ചവന് ഒരാവശ്യവുമില്ല എന്ന പ്രവാചക വചനവും ഈ റമദാൻ കാലയളവിൽ ഗൗരവപൂർവ്വം വിലയിരുത്തുക.

✍️ നൗഷാദ് മഞ്ഞപ്പാറ

You might also like

Most Viewed