പണിപാളിയ സർക്കാരും പണികിട്ടിയ ജനങ്ങളും


ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാണ് സംസ്ഥാനത്തെ വോട്ടർമാർ. ഭാരം ചുമന്ന് നട്ടെല്ല് വളഞ്ഞു. ഭാരമൊന്ന് കുറയ്ക്കാൻ എന്തു ചെയ്യുമെന്ന് കരുതിയിരിക്കുമ്പോൾ ആണ് വിലക്കയറ്റവും സെസും കൂനിൻമേൽ കുരുവെന്ന കണക്ക് വന്നിരിക്കുന്നത്. ബഡ്ജറ്റിൽ പ്രതീക്ഷിച്ചതൊന്നുമില്ലെന്നു മാത്രമല്ല, ഉള്ളതിൽ കല്ലും മണ്ണും വാരിയിട്ട കണക്കെയായി കാര്യങ്ങൾ. വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു മാർഗവും ധനമന്ത്രിയുടെ ചിന്തയിൽ ഉണ്ടായില്ലെന്നത് മാത്രമല്ല, വോട്ടർമാരെ കൊള്ളയടിക്കാനുള്ള സൂത്രവിധികളും അദ്ദേഹം ബഡ്ജറ്റിലൂടെ കണ്ടെത്തിയിരിക്കുന്നു. എന്തു തന്നെയായാലും രണ്ടാം പിണറായി സർക്കാരിനെ ജനം മടുത്തുവെന്ന് വേണം കരുതാൻ. ഏറെ കൊട്ടിഘോഷിച്ച് അധികാരത്തിൽ എത്തിയ രണ്ടാം പിണറായി സർക്കാർ ജനദ്രോഹകരമായി മാറിയിട്ട് രണ്ടുവർഷം തികയുകയാണ്.

മുണ്ടുമുറുക്കി കുത്തി സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാമെന്ന് പറയുന്ന അധികാരവർഗം ഓരോദിവസവും ധൂർത്തിന്റെയും അഴിമതിയുടെയും ചൊങ്കോൽ വാഹകരാകുന്ന കാഴ്ചായാണുള്ളത്. ആവശ്യത്തിനും അനാവശ്യത്തിനും വാഹനങ്ങൾ വാങ്ങിക്കൂട്ടുക, മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കുക, വിവിധ കമ്മീഷനുകൾക്ക് നിർലോഭം പണം അനുവദിച്ച് ഇഷ്ടക്കാർക്ക് വാരിക്കോരി നൽകുക, സ്ഥിരം നിയമനങ്ങൾ അസ്ഥിരപ്പെടുത്തി താത്കാലിക നിയമനങ്ങൾ നൽകി പി.എസ്.സി എന്ന സംവിധാനത്തെ നോക്കുകുത്തിയാക്കുക എന്നിങ്ങനെ നീളുന്ന നാൾക്കുനാൾ പുറത്തുവരുന്ന നെറികേടിന്റെ ഭരണത്തുടർച്ച. കിറ്റും പെൻഷനും നൽകി സാധാരണ ജനത്തെ മായികാവലയത്തിൽപ്പെടുത്തി അധികാരം കൈപ്പിടിയിൽ ഒതുക്കിയവർ മതിമറക്കുകയാണ്. ജനത്തിന് ഒരു വിലയും കൽപ്പിക്കാതെ തോന്നിയപ്പടി ഭരിക്കുന്നവർ നാടിന് വിപത്തായി മാറിയിരക്കുന്നതിന്റെ തെളിവാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ.

പൊലീസിനെ നിയന്ത്രിക്കാൻ കെൽപ്പില്ലാത്ത ആഭ്യന്തരമന്ത്രിയായി മുഖ്യമന്ത്രി മാറിയതും നാം കണ്ടു. പൊലീസിലെ ഗുണ്ടാരാജ് മറനീക്കി പുറത്തെത്തിയത് നാടിനാകെ നാണകേടാണ് സമ്മാനിച്ചത്. ആരോഗ്യമേഖലയിലെ അനാരോഗ്യപ്രവണതയും സാധരണജനത്തിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ശ്വാസം കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതും സ്‌കൂൾ വിദ്യാർത്ഥി പേവിഷ ബാധയേറ്റു മരിച്ചതും ആരോഗ്യസംരക്ഷകരുടെ അനാസ്ഥയാണ്. സ്ത്രീ സുരക്ഷയിലും കുട്ടികളുടെ സംരക്ഷണത്തിലും സംസ്ഥാനം പിന്നാക്കം പോകന്നതും നാളെയുടെ ഭീഷണിയാണ്. വിദ്യാഭ്യാസം നേടിയ പുതുതലമുറ ജോലി അന്വേഷിച്ച് നാട് വിടേണ്ടി വരുന്നത് നമ്മുടെ സംവിധാനങ്ങളുടെ പോരായ്മയാണ്. നമ്മുടെ യുവാക്കളെ നമുക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. സ്വർണ്ണക്കടത്തും മയക്കുമരുന്ന് വിപണനവുമായി പുതുതലമുറ വഴിതെറ്റുമ്പോൾ മദ്യവും ലോട്ടറിയും വിളമ്പി പണം കണ്ടെത്താനാണ് സർക്കാർ ശ്രമം നടത്തുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സേവന മേഖല ദീർഘശ്വാസം വലിക്കുന്ന അവസ്ഥയാണുള്ളത്. ലൈഫ് ഭവന പദ്ധതിയും അഴിമതിയിൽ കൂപ്പുകുത്തിയപ്പോൾ സാധാരണക്കാരന്റെ വീടെന്ന സ്വപ്നമാണ് ഇല്ലാതായത്. വിഴിഞ്ഞത്ത് തുറമുഖത്തിനായി കുഴിയൊഴിപ്പിക്കപ്പെട്ടവർ കടപ്പുറത്ത് അലയുമ്പോഴും നമ്മുടെ ഭരണകർത്താക്കൾക്ക് നൊമ്പരമൊന്നുമില്ല. അദാനി പോർട്ടിന്റെ താത്പര്യങ്ങൾ മാത്രം കാണുന്ന ഇടനിലക്കാരന്റെ റോളിലാണ് ഇവിടെ നമ്മുടെ സർക്കാർ. വോട്ട് ചെയ്തവന്റെ ആശയും ആഗ്രഹവും കുഴിച്ചുമൂടപ്പെടുകയാണ്. തുടർ ഭരണത്തെ വോട്ടർമാർ ഭയപ്പെട്ടു എന്നുവേണം കരുതാൻ.

സർവമേഖലയിലും തുടരുന്ന പ്രതിസന്ധിയും അസമത്വവും അശാന്തിയും ദാരിദ്രവും വിതയ്ക്കുന്ന കാലം വിദൂരമല്ല. തിരിച്ചറിവുകൾ ഉണ്ടാകേണ്ട സമയമായിരിക്കുന്നു. ഭരണകക്ഷിയിൽ നിന്ന് പോലും നീരസങ്ങളും വാക്കുളകളും ഉയർത്തുവരുന്നു. നടക്കുന്നത് ശരിയല്ലായെന്ന് ഘടകക്ഷികൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അപ്പോഴും പിണറായി എന്ന ഒറ്റയാൾ പട്ടാളത്തിന്റെ കൽപ്പനകളിൽ മുട്ടിടിച്ച് നിൽക്കുകയാണ് സംസ്ഥാന സർക്കാർ. ഭരണസംവിധാനങ്ങൾ മുഴുവൻ ഒരുപാർട്ടിയും നേതാവും കൂടി ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നത് നാളെയിലെ രാഷ്ട്രീയ കേരളത്തിന്റെ നാശമാണ് വ്യക്തമാക്കുന്നത്. ജനത്ത പരിഹസിക്കുന്ന തരത്തിലുള്ള ജനപ്രതിനിധികളുടെ കമന്റുകൾ നൽകുന്ന സൂചനകളും അപകടങ്ങൾ നിറഞ്ഞതാണ്. രണ്ടാം സർക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ജനജീവിതത്തെ തകിടംമറിക്കമ്പോൾ നാനാദിക്കുകൾ നിന്നും ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളിൽ അതിജീവനത്തിന്റെ പ്രത്യാശകളുണ്ട്. നൊമ്പരപ്പെടുന്നവരുടെ കണ്ണീരിൽ അധികാരത്തിൽ മത്തുപ്പിടിച്ച ഭരണവർഗം ഒലിച്ചുപോകുന്ന കാലം വിദൂരമാകില്ല.

ജെയിംസ് കൂടല്‍
(ചെയർമാൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, യുഎസ് എ)

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed