മാറ്റത്തിന്റെ തരൂര്‍കാലം
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ എല്ലാ കാലത്തെയും ശക്തികേന്ദ്രം ജനകീയരായ നേതാക്കളാണ്. ആശയങ്ങളും ആദര്‍ശങ്ങളുംപോലെ പ്രവര്‍ത്തകര്‍ക്കിടയില്‍ നേതാക്കളും വലിയ സ്വാധീനവും വിപ്ലവവും സൃഷ്ടിച്ചു. കോണ്‍ഗ്രസിന്റെ തുടക്കകാലം മുതല്‍ അത് പ്രകടവുമാണ്. ശശി തരൂരിന്റെ കടന്നു വരവും സൂചിപ്പിക്കുന്നത് അതു തന്നെയാണ്. മാറുന്ന കാലത്തെ മാറുന്ന വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ തരൂരിനായി എന്നതാണ് അദ്ദേഹത്തിന്റെ വിജയം. തരൂരിന്റെ ജനകീയതയുടെ അടിത്തറയും അതാണ്. തരൂരിലൂടെ കോണ്‍ഗ്രസിന് പുതിയ മുന്നേറ്റം കുറിക്കാനാകും എന്നതില്‍ സംശയമില്ല.
സമീപകാലത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാവിനും ലഭിക്കാത്ത പിന്തുണയാണ് തരൂരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും മാധ്യമങ്ങളും വാര്‍ത്തയാക്കുന്നതും അതുകൊണ്ടുതന്നെ. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലൊക്കെയും വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ കേള്‍ക്കാനും അറിയാനും അത്രമേല്‍ ജനങ്ങള്‍ മുന്നോട്ടു വരുന്നു. ഒരു നേതാവ് വളരുന്നു എന്നതിന്റെ ഉത്തമ സൂചനയും ഇതുതന്നെ. പുത്തന്‍ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്നതുകൊണ്ടുതന്നെ തരൂര്‍ പ്രവര്‍ത്തകര്‍ക്കിടയിലും വേറിട്ട ശബ്ദമാകുന്നു.
എല്ലാ കാലത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നെടുംതൂണുകള്‍ യുവാക്കളാണ്. തരൂരിന്റെ വരവോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുത്തനുണര്‍വോടെ പ്രവര്‍ത്തിക്കുന്നതും യുവാക്കളാണ് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ തരൂരിനെ കൃത്യമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയണം. ജനകീയ അടിത്തറ ശക്തമാക്കുന്ന കാലത്ത് കോണ്‍ഗ്രസിന് തരൂരിനെപോലെയൊരു നേതാവിന്റെ സാന്നിധ്യം പകരുന്ന പ്രതീക്ഷകള്‍ ചെറുതല്ല. സീനിയര്‍ നേതാക്കളടക്കം തരൂരിന് പിന്തുണ നല്‍കുന്നതും അതുകൊണ്ടുതന്നെ.
തരൂരിനെ കേള്‍ക്കാന്‍ എത്തുന്ന ജനവിഭാഗങ്ങളെ ശ്രദ്ധിച്ചു നോക്കൂ. യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് അതില്‍ ഏറേയും. കേവലമൊരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ശബ്ദമല്ല തരൂരിന് പലപ്പോഴും. അതൊരു പ്രഭാഷകന്റെ ഊര്‍ജത്തോടെ, സാമൂഹിക നിരീക്ഷകന്റെ ആര്‍ജവത്തോടെയുമാണ് ജനങ്ങളിലേക്ക് എത്തുന്നത്. തരൂരിന്റെ വാക്കുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റും തലമുറയുടെ സ്പന്ദനവുമുണ്ടെന്ന് കേള്‍വിക്കാര്‍ക്കറിയാം. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള ഏറ്റവും വലിയ ആയുധവും ശശി തരൂര്‍ തന്നെ.
തരൂരിന്റെ രാഷ്ട്രീയത്തിലെ സ്ഥാനം എന്തുമാകട്ടെ, ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനമാണ് നാം തിരിച്ചറിയേണ്ടത്. കോണ്‍ഗ്രസ് ഉയര്‍ത്തി പിടിക്കുന്ന എല്ലാ ആശയങ്ങളുടേയും ആള്‍രൂപമായി തരൂര്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. സംഘപരിവാറിനോടുള്ള അദ്ദേഹത്തിന്റെ സമീപനം മുതല്‍ അത് വ്യക്തവുമാണ്. തരൂരിന്റെ നിലവിലെ യാത്രകള്‍പോലും കോണ്‍ഗ്രസിന്റെ ഉന്നമനം ലക്ഷ്യംവച്ചുള്ളതാണ്. എല്ലാ വിഭാഗത്തേയും ചേര്‍ത്തു നിര്‍ത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുക തന്നെ വേണം.
വ്യത്യസ്തതകള്‍ ഏറെയുള്ള നേതാവാണ് ശശി തരൂര്‍. ആശയങ്ങളിലും ആദര്‍ശങ്ങളിലും മാത്രം ഒതുക്കേണ്ടതല്ല അത്. എന്നാല്‍ രാഷ്ട്രീയത്തിനും അപ്പുറമുള്ള വ്യക്തിത്വത്തില്‍ നിര്‍ത്തേണ്ടതുമല്ല. ഒരു കാലഘട്ടത്തിന്റെ ആവശ്യമായി അദ്ദേഹം പരിണമിച്ചതും അവിടെയാണ്.
ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ,യുഎസ്എ)