അധ്യാപകർക്ക് വന്ദനം


സുമ സതീഷ് 
ബഹ്റൈൻ
 

ഇന്ന് ഒക്ടോബർ 5, 2021 ലോക അധ്യാപക ദിനമാണ്. യു. എൻ ഔദ്യോഗികമായി ഒക്ടോബർ അഞ്ചിനാണ് ഇന്റർനാഷണൽ ടീച്ചേട്സ് ഡേ ആഘോഷിക്കുന്നത്. 1966 ല്‍ യുനെസ്കോയും ഐ. എല്‍. ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ ഓർമ്മക്കാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. 100 ലേറെ രാജ്യങ്ങള്‍ ഒക്ടോബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. എങ്കിലും പല രാജ്യങ്ങളിലും അവരുടേതായ ടീച്ചേർസ് ഡേ നിലനിർത്തി പോരുന്നുണ്ട്. ഇന്ത്യയിൽ മുന്‍ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണൻെറ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണല്ലോ അധ്യാപക ദിനാഘോഷം.

ഇന്ന് ലോകത്ത് പല മേഖലയിലായി കോടികണക്കിന് അധ്യാപകരുണ്ട്. സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്. വിദ്യാഭ്യാസത്തിനും വികസനത്തിനുമായി അധ്യാപകര്‍ നല്‍കുന്ന മഹത്തായ സേവനത്തിന്‍റെ അംഗീകാരവും അതിനെ കുറിച്ചുള്ള അവബോധവും തൊഴിലിനെ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും അധ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഗണിക്കാനുള്ള അവസരമായും അവരിലേക്ക് ശ്രദ്ധ ആകർഷിക്കാനും കൂടിയാണ് ലോക അധ്യാപക ദിനാഘോഷം ലക്ഷ്യമിടുന്നത്.

അധ്യാപകൻ ആരായിരിക്കണം എന്നതിന് നിരവധി വ്യാഖ്യാനങ്ങളുണ്ടെങ്കിലും അധ്യാപനം എന്ന തൊഴിൽ, ആത്മാർത്ഥതയോടെ ചെയ്യുകയാണെങ്കിൽ അതൊരു പുണ്യ പ്രവർത്തിതന്നെയാണ്. കാരണം കുഞ്ഞുങ്ങളെ പഠിച്ചു അവരെ പഠിക്കാൻ സഹായിച്ചു നേരായ മാർഗ്ഗ നിർദേശങ്ങൾ നൽകി ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ്.

ക്ലാസ്സ്‌ റൂം സങ്കല്പവും വിദ്യാലയ അനുഭവവും അട്ടിമറിച്ച കൊറോണ കാലത്തെ അധ്യാപനം ഫലവത്താക്കാനും ഇന്റർനെറ്റ്‌ ഓൺലൈൻ കടമ്പകൾ കടക്കാനും, പഠിക്കാനും പഠിപ്പിക്കാനും ഇക്കൂട്ടർ നന്നേ പാടുപെട്ടിട്ടുണ്ടെന്ന പരമാർത്ഥം നമുക്കറിയാം. എത്രത്തോളം ദുർഘടമായിരുന്നു കടന്നു പോയ വഴികൾ എന്നും പറയേണ്ടതില്ലല്ലോ. ഒരു വർഷം കൊണ്ട് ഓൺലൈൻ ക്ലാസുകൾ ഏറ്റവും മികച്ച നിലയിലെത്തിക്കാൻ കൊറോണയും സഹായിച്ചു. എങ്കിലും കുട്ടികളേയും മാതാപിതാക്കളേയും അദ്ധ്യാപകരെയും ഓൺലൈൻ പഠനം എങ്ങനെയൊക്കെ സ്വാധീനിച്ചെന്നുള്ള വിവരം വളരെ വിപുലമായി കണ്ടെത്തേണ്ടിയിരിക്കുന്നു. കോവിഡ്-19 പാൻഡെമിക് കാലം, ലോകമെമ്പാടും വിപുലീകരിച്ച വിദ്യാഭ്യാസ സംവിധാനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കൂടി പഠിക്കേണ്ടതുണ്ട്.

നമ്മളെല്ലാവർക്കും പ്രിയപ്പെട്ട ധാരാളം അധ്യാപകരുണ്ടാകും. അവരെ ബഹുമാനിക്കാൻ ഇന്ന് നിരവധി മാർഗങ്ങളുണ്ട്.കുട്ടികൾക്ക് അവരുടെ അധ്യാപകന് ഹൃദയംഗമമായ കാർഡുകൾ നൽകിക്കൊണ്ടോ, കരകൗശലവസ്തുക്കളോ ഡ്രോയിംഗുകളോ നിർമ്മിച്ചു കൊടുത്തോ ഒരു കവിത ചൊല്ലിയോ അഭിനന്ദനം പ്രകടിപ്പിക്കാൻ കഴിയുന്നു. നമുക്കന്ന് ഇത്തരം സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട അധ്യാപകർക്കും ലോകത്തെ മറ്റെല്ലാ ടീച്ചേഴ്‌സിനും വേണ്ടി സ്നേഹത്തോടെ ഊഷ്മളമായ ലോക അധ്യാപകദിനം ആശംസിച്ചുകൊള്ളുന്നു.

ഒപ്പം ചിലതു കൂടി.
കഴിഞ്ഞ കുറച്ചു നാളുകളുടെ കണക്കെടുത്താൽ തന്നെ ഞെട്ടിക്കുന്ന അരുംകൊലകളുടെ പ്രവാഹമായിരുന്നു. കേവലം പ്രേമ നൈരാശ്യമെന്ന ഓമന പേരിൽ കൊലക്കിരയായ പെണ്മക്കളുടെ നിർജ്ജീവമായ ശരീരം നെഞ്ചോട് ചേർത്ത് പിടിച്ച്, പൊട്ടിക്കരയുന്ന അമ്മമ്മാരെ നിരന്തരം നേരിട്ടു കൊണ്ടിരിക്കുന്ന കേരളീയർ ഞെട്ടിത്തരിച്ചിരിക്കയാണ്. എന്താണ് പോംവഴി?? കൂലംകശമായി ചിന്തിച്ചു പരിഹാരം ഉടനടി ഉണ്ടാവേണ്ടിയിരിക്കുന്നു. പാവനമായ പ്രേമമെന്ന തീവ്ര വികാരത്തെയാണ് ഇത്തരക്കാർ ഇല്ലാതാകുന്നത്.

പുതിയ യുഗത്തിലെ കുട്ടികളുടെ വഴി പിഴച്ച സഞ്ചാരത്തിന് അറുതി ഉണ്ടാക്കാൻ വിദ്യാഭ്യാസ മേഖലക്ക് വളരെവലിയ പങ്കു വഹിക്കാനാകും. ഒറ്റകെട്ടായി അതീവ ഗൗരവത്തോടെ വിദഗ്ധരുമായി ആലോചിച്ചു നല്ലൊരു മാർഗ്ഗ നിർദേശം കൈകൊള്ളുകയും നടപ്പിലാക്കുകയും വേണമെന്നാവശ്യപ്പെടുകയാണ് നമ്മൾ സാധാരണ അമ്മമാർ. അധ്യാപകർ മുൻപന്തിയിലുണ്ടാവണം.

ഇന്ന് കുട്ടികളുടെ മനഃസാന്നിധ്യം വർദ്ധിപ്പിക്കാനും ആത്മശുദ്ധി വരുത്താനും അവരവരിൽ  അന്തർലീനമായ ശക്തി അല്ലെങ്കിൽ കഴിവ് എന്താണെന്നു തിരിച്ചറിയാനും ഉതകുന്ന ഒട്ടനേകം വിദ്യകൾ നിലവിലുണ്ട്. അത് വിദ്യാർത്ഥികൾക്കായി സമർപ്പിക്കാനും അത്തരത്തിൽ പ്രാവീണ്യം നേടിയ അധ്യാപകരെ കണ്ടെത്താനും സ്കൂളുകൾ തന്നെ മുന്നിട്ടിറങ്ങണം. ലൈഫ്-സ്കിൽ എഡ്യൂക്കേഷനിലേക്കു മാറിയാൽ മാത്രമേ ഇന്ന് കാണുന്ന ലാക്ക് ഓഫ് കണ്ട്രോളും, ലാക്ക് ഓഫ് യൂണിറ്റിയും ഗൗരവമില്ലായ്മയും നമുക്ക് മാറ്റിയെടുക്കാനാകൂ. . ഓരോ വിദ്യാലയത്തിലും പ്രാപ്തരായ മന:ശാത്രജ്ഞരെ നിയമിച്ച്‌  അവശ്യാനുസരണം കുഞ്ഞുങ്ങളെ സാഹചര്യങ്ങൾ നേരിടാൻ സജ്ജരാക്കണം. കായിക കൂട്ടായ്മയിൽ നിന്ന് പോലും ആശയ കൂട്ടായ്മ ഉണ്ടാക്കണം. ഇങ്ങനെ വലിയൊരു വിപ്ലവത്തിലൂടെ മാത്രമേ ഓരോ കുഞ്ഞിനേയും ഉർജ്ജസ്വലരായ പൗരൻമാരാക്കി എടുത്ത് അവനവനിൽ ഉറങ്ങികിടന്നതിനെ ഉണർത്താനും നേരായ മാർഗ്ഗങ്ങളിലേക്ക് നയിക്കാനും സാധിക്കു.

ഇത്തരത്തിൽ രാജ്യാന്തര പൊളിച്ചെഴുത്ത് വിദ്യാഭ്യാസ മേഖലയിൽ അത്യാവശ്യമാണ്. യോഗ, പ്രാർത്ഥന, മെഡിറ്റേഷൻ,(ഓരോ പീരിയഡിലും അഞ്ചോ പത്തോ മിനിറ്റ്  ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള തന്ത്രങ്ങളും നടപ്പാക്കണം) ആരോഗ്യ പരിപാലനം, പരിസര സംരക്ഷണം, നിയമ വ്യവസ്ഥ സാമ്പത്തിക സ്ഥിതി പഠനം  എന്നിവ കുഞ്ഞു ക്ലാസുകളിൽ തന്നെ നിർബന്ധമാക്കണം.  വിദ്യാലയവും പരിസരങ്ങളും കുട്ടികളെ കൊണ്ട് തന്നെ ശുചികരിക്കാൻ ഏർപ്പാടുണ്ടാക്കണം. ചുറ്റുമുള്ള പ്രകൃതിയും കഴിക്കുന്ന ഭക്ഷണമുൾപ്പെടെ ഓരോന്നും എങ്ങിനെ എന്നും എന്തെന്നും പ്രാക്ടിക്കൽ ആയി അതായത് വളരെ ലളിതമായി എല്ലാമുണ്ടാക്കാമെന്നും കുഞ്ഞുങ്ങൾ അറിയണം. ആരോഗ്യമുള്ള ഭക്ഷണവും അത് നിലനിർത്താൻ വേണ്ട വിലപ്പെട്ട പലതും വീട്ടിനുള്ളിൽ സുലഭമായി ലഭ്യമാണെന്നും അത് പ്രാപ്തമാക്കാനുള്ള അറിവും വളരെ ചെറുപ്പത്തിലേ കുഞ്ഞുങ്ങൾക്ക് കിട്ടാൻ ഉതകുന്ന പാഠങ്ങൾ ഉണ്ടാവണം. അതുപോലെ ബാങ്കിംഗ് ഷോപ്പിംഗ് എന്നിവയുടെ ബാല പാഠങ്ങൾ നൽകണം. ശാസ്ത്രീയമായതും ശരിയായതുമായ കാര്യങ്ങൾ കുട്ടികൾ ഉൾക്കൊള്ളണം. അപ്പോഴേ അന്ധവിശ്വാസത്തെ തിരിച്ചറിയാനാകൂ.

അഗതികളോടും പ്രായമേറിയവരോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും കുടുംബത്തോടുമുള്ള കർത്തവ്യബോധവും സമൂഹത്തോടും ലോകത്തോടുമുള്ള പ്രതിബദ്ധതയും ഊട്ടി ഉറപ്പിച്ച്‌  നിശ്ചയ ദാർഢ്യത്തോടെ വർത്തമാനങ്ങളെ നേരിടാൻ കെല്പുള്ള കുട്ടികളാണ് നമുക്ക് വേണ്ടത്. അങ്ങനെ ഉള്ള സാഹചര്യം നമുക്കുണ്ടെങ്കിലും  അതൊക്കെ പ്രയോഗികമാക്കേണ്ടി ഇരിക്കുന്നു. ഇങ്ങനെ  ലോകത്തെ വാർത്തെടുക്കാനാകും എന്നതിന് ഉത്തമോദാഹരണമാണ് ഫിൻലൻഡ്‌ പോലുള്ള രാജ്യം. 

നമുക്കറിയാം ഒട്ടനേകം സവിശേഷതകളുള്ള ഒരു കൊച്ചു ദേശമാണ്  ഫിൻലൻഡ്‌. വടക്കേ യൂറോപ്യൻ രാജ്യമായ ഫിൻലാൻഡിന്റെ  തലസ്ഥാനം ഹെൽസിങ്കിയും നാണയം യൂറോയുമാണ്. സ്വീഡനും നോർവെയും റഷ്യയും ആണ് അതിർത്തി രാജ്യങ്ങൾ. സാൻറ്റാ ക്ലോസിന്റെ നാടെന്നറിയപെടുന്ന ഫിൻലൻഡ്‌ പ്രാവീണ്യമുള്ള യുവജനങ്ങളാൽ പേരുകേട്ടതും സ്ത്രീകളേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരുമാണ്. 'ആംഗ്രി ബേർഡ്‌സ്' എന്ന പ്രചുരപ്രചാരം നേടിയ കഥാപാത്രത്തിനും അത്യന്തം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിർമിക്കുന്ന ഒട്ടേറെ ഉത്പന്നങ്ങൾക്കും പേരുകേട്ട കൊച്ചു രാജ്യമാണിത്. നിബിഡ വനങ്ങളാൽ സമൃദ്ധമായ മഞ്ഞുമൂടിയ ഈ പ്രകൃതി മനോഹര രാജ്യത്തിൽ കള്ളത്തരമോ വഞ്ചനയോ ജയിലുകളോ ഇല്ല. നഷ്ടപെട്ട ഏതു മുതലും ഉടമസ്ഥന് തിരികെ ലഭിക്കുമെന്ന സവിശേഷത ആ രാജ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്. അവിടുത്തെ വിദ്യാഭ്യാസ രീതി തന്നെ ആണ് ആ നാടിൻറെ എല്ലാ അഭിവൃദ്ധിക്കും കാരണം. ഈ കൊച്ചു രാജ്യം നൂതനമായ വിദ്യാഭ്യാസ പരിഷ്‌കാരം വരുത്തി കൊണ്ട്  പുതിയ ചുവടുവെപ്പിനു  നാന്ദി കുറിച്ചുതോടെ അഭൂതപൂർവമായ വളർച്ച ഉണ്ടായെന്നാണ് വാർത്ത. അതായത് അവരവർക്കാവിശ്യമുള്ള വിഷയത്തിൽ പ്രാവീണ്യം നേടിയെടുക്കാനുള്ള സാഹചര്യങ്ങൾ വളരെ ചെറുപ്പത്തിലേ ഒരുക്കി കൊടുക്കുക എന്ന ഏറ്റവും മികച്ച വിദ്യാഭ്യാസ രീതി സ്വീകരിച്ച്‌  രാജ്യം ലോകത്തിനു മാതൃകയായിരിക്കുന്നു. ഇങ്ങനെ സാർവ്വ ജനകീയ വിദ്യാഭ്യാസ രീതി നമ്മുടെ രാജ്യങ്ങളും പിൻ തുടർന്നാൽ  കുടുംബത്തിനും രാഷ്ട്രത്തിനും ദേശത്തിനും നാടിനും എന്ന് വേണ്ട ലോകത്തിനു തന്നെ  വമ്പിച്ച  ഉയർച്ച നേടിത്തരുമെന്നതിൽ തർക്കം വേണ്ട. വിദഗ്‌ധ സമിതികളിലൂടെ ഉപേദശങ്ങൾ ആരാഞ്ഞു, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഗവർമെന്റുകൾ  ഇത്തരം സംവിധാനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ  ശ്രമിക്കുമെന്ന് പ്രത്യാശിക്കാം.

ഇന്നത്തെ വിദ്യാഭ്യാസശൈലിമൂലം അദ്ധ്യാപകരും രക്ഷകർത്താക്കളും കുട്ടികളിൽ  അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദം ഒട്ടേറെ പിരിമുറുക്കം ഉണ്ടാക്കുന്നുണ്ടെന്ന് പറയാതെ വയ്യ. സ്വന്തമായി എന്താകണമെന്ന തീരുമാനം പോലും എടുക്കാൻ ആകാതെ കൺഫ്യൂഷനിൽ വരുന്ന വിദ്യാർത്ഥികൾ ആണ് ഇന്നേറെയും. മികച്ച കുട്ടികളായാലും പഠനം വല്ലാത്തൊരു ഭാരമായി അനുഭവപ്പെടുന്നുണ്ട്. സാർവ്വ ജനകീയ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ലക്‌ഷ്യം കുട്ടികളെ സ്വയം അവരവരുടെ അഭിരുചിക്കനുസരിച്ച് വ്യക്തമായ, ഏകാഗ്രമായ, ശക്തമായ, അനുയോജ്യമായ തീരുമാനം എടുക്കാനാകുന്നു എന്നുള്ളതാണ്.  വിദ്യാഭ്യാസം കച്ചവടമാക്കാതെ അഴിമതി വിരുദ്ധരായ  നല്ല പ്രതിഭകളെ ഉല്പാദിപ്പിക്കാൻ ഇത്തരം നടപടികൾ വഴിതെളിയിക്കും. ഇന്ന് വിദ്യാലയങ്ങളും കലാലയങ്ങളും ഗുരുതരമായ പലപ്രശ്നങ്ങളും നേരിടുന്നുണ്ട്. ചിട്ടയായ വിദ്യാഭ്യാസത്തിലൂടെ കുഞ്ഞുങ്ങൾ വിദ്യാലയ അന്തരീക്ഷത്തെ സ്നേഹിച്ചു തുടങ്ങണം. നാളേക്ക് നമ്മെ കൊണ്ട് ലോകത്തിനു നേടാനേറെയുണ്ടെന്ന ബോധം, കുട്ടികളെ മറ്റു ദുഷിച്ച ചിന്തയിൽ നിന്നകറ്റും. ഒരു കുഞ്ഞും കുറ്റവാളിയായി ജനിക്കുന്നില്ല. മറിച്ച് ഓരോരുത്തരും ഏതെങ്കിലും ഒന്നിൽ മികച്ചവരായിരിക്കും.  വെസ്റ്റേൺ കൾച്ചറിലെ തെറ്റായവ പോലും മഹത്തായ എന്തോ ഒന്നാണെന്ന് കരുതി അതിന്റെ പിന്നാലെ കുതിക്കുന്ന രീതി മുളയിലേനുള്ളേണ്ടിയിരിക്കുന്നു. സ്കൂൾ കോളേജ്  പോലുള്ള വലിയ ഉന്നത നിലവാരത്തിൽ  പ്രവർത്തിക്കേണ്ടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അരാഷ്ട്രീയം രൂക്ഷമായി ബാധിക്കുന്നത് അവിടുത്തെ കുട്ടികളെ തന്നെ ആണ്. രാഷ്ട്രീയം കലാലയങ്ങളിൽ ആവശ്യമാണ്. (ഇന്നത്തെ കക്ഷി രാഷ്ട്രീയമല്ല യഥാർത്ഥ രാഷ്ട്രീയം) എന്നാൽ ന്യായത്തിനും നീതിക്കും വേണ്ടി ആവണമത്.    അല്ലാതെ  കൊടിയുടെ  നിറം നോക്കിയല്ല  തെറ്റും ശരിയും നിർണ്ണയിക്കേണ്ടത്. പൊതുമുതലുകൾ നശിപ്പിച്ചു കൊണ്ടുള്ള വിദ്യാർത്ഥി സമരങ്ങൾ നിരോധിക്കേണ്ടത് തന്നെ ആണ്. പകരം ആകർഷകമായ എത്രയോ രീതികളിലൂടെ ശ്രദ്ധ നേടാം സമർക്കാർക്ക്. ഏതു സമരത്തിനും അതിന്റെതായ പ്രാധാന്യം ജനങ്ങൾ കൊടുക്കണമെങ്കിൽ സമരം നിഷ്പക്ഷവും ന്യായവും  നിരുപദ്രവകരവുമാകണം.വിദ്യാലയം എന്നും സരസ്വതി നിലയമായി മാറണം.  വിദ്യാർത്ഥി വിദ്യാലയത്തെ സ്നേഹിക്കണമെങ്കിൽ, അദ്ധ്യാപകരെ  ബഹുമാനിക്കാനും മാതാപിതാക്കളെ അനുസരിക്കാനും സമൂഹത്തെ വണങ്ങാനും പഠിക്കണമെങ്കിൽ, വിദ്യാഭ്യാസരീതി അടിമുടി ഉടച്ചുവാർക്കൽ അത്യാവശ്യം തന്നെ. ഒപ്പം വിദ്യ കച്ചവടമാകാതെ നോക്കാനും വിദ്യാർത്ഥികൾ ബലിയാടുകൾ ആവാതിരിക്കാനും ഗവേണർണ്മെന്റ് കർശന നടപടി  സ്വീകരിക്കണം. ജീവിതത്തിൽ അനിവാര്യമായി വേണ്ട ശാരീരിക, വർഗ്ഗ, ലിംഗ വിദ്യാഭ്യാസവും പരസ്പരം ബഹുമാനിക്കാനുള്ള പാഠവും നൽകണം.മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ലഭ്യത ഇല്ലായ്മ ചെയ്യണം. എങ്കിൽ മയക്കു മരുന്നിന്റെ ഇരകളെയും കോഴയും സ്വർണവേട്ടയും സ്വകുടുംബത്തെ പോലും വിഷം നൽകി ഇല്ലാതാകുന്നതും  പ്രണയിനിയെ നിർദ്ധാക്ഷിണ്യം വെട്ടിയും കുത്തിയും അറുത്തും വെടിവെച്ചും കൊല്ലുന്നതും സർപ്പധ്വമ്സനവും  പീഡനവും ആത്മഹത്യകളും  ഒക്കെ കുറക്കാനാകും. മക്കളെ നല്ല വഴിക്കു നയിക്കേണ്ടത് ഉത്തരവാദപെട്ടവരുടെ കടമ ആണ്.  മാതാപിതാക്കളും   അദ്ധ്യാപകർക്കുമൊപ്പം  മാതൃക ആവേണ്ടവരാണ്,  ഭരണകർത്താക്കളും നേതാക്കളും. നയിക്കുന്നവരുടെ പിൻതലമുറ തോന്നിയ പോലെ ജീവിക്കുന്നത് അവർ നേടിയ വികല വിദ്യാഭ്യാസവും പരിഷ്ക്കാര ജീവിത രീതിയും ഒപ്പം സുലഭമായി ലഭ്യമാകുന്ന പണവും ലഹരികളുമാണ്. ഇതിനെയെല്ലാം അറുതിവരുത്താൻ സർക്കാരുകൾ തന്നെ മുൻകൈ എടുക്കണം.


എന്നും സന്മാർഗ്ഗ വിപ്ലവം സൃഷ്ടിക്കാൻ പറ്റുന്ന ശക്തരായ കുറേ അധ്യാപകരുമുണ്ടാകണം മുന്നിൽ. അവർക്കൊപ്പം നമുക്കും കൈകോർക്കാം. മാറ്റം അനിവാര്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed