പ്രവാസിയുടെ മധുരമൂറും നോമ്പ്


നൗഷാദ് മഞ്ഞപ്പാറ

അല്ലാഹുവിന്റെ അനുഗ്രഹത്താൽ പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസം വീണ്ടും പെയ്തിറങ്ങുന്നു. ചെയ്തുപോയ തെറ്റുകളിൽ നിന്ന് തിരിഞ്ഞു നടത്തം. ആ തെറ്റുകൾ കഴുകി കളഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങാൻ ഒരവസരം കൂടി. ഖുർആൻ അവതരിച്ച പുണ്യ മാസത്തിൽ സ്വർഗീയ കവാടം തുറന്ന്  തന്നിരിക്കുന്നു.  തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങാനുള്ള അവസരം. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ..

ഗൾഫ് നാടുകളിൽ വിശുദ്ധവും ശാന്തവുമായ അന്തരീക്ഷമാണ് റമദാൻ പകരുന്നത്. എല്ലാ ആഗ്രഹങ്ങളും താൽപര്യങ്ങളും അല്ലാഹുവിനൊപ്പമാകുന്ന നിമിഷങ്ങൾ. അല്ലാഹു  പവിത്രമാക്കിയ മാസമാണിത്. റഹ് മത്ത് അഥവാ ദൈവ കൃപ, മഗ്ഫിറത്ത് അഥവാ പാപമോചനം, ഇത്ഖ് അഥവാ നരക വിമുക്തി എന്നിങ്ങനെ  മൂന്ന് ഭാഗങ്ങൾ ആയാണ് റമദാൻ വിഭജിക്കപ്പെട്ടിരിക്കുന്നത്. സമൂഹത്തിലെ അവശരോട് കടപ്പെട്ട് ജീവിക്കണമെന്ന് ഓർമിപ്പിക്കുന്ന മാസം കൂടിയാണിത്. സമ്പത്ത് ദൈവഹിത പ്രകാരം അർഹതപ്പെട്ടവർക്കായി നൽകുന്ന സകാത് നിലനിർത്താൻ കൽപനയുണ്ട്.

പ്രവാസികൾ ജീവിതം മെച്ചപ്പെടുത്താൻ പ്രയത്നിക്കുമ്പോഴും സകാത്തിലൂടെ നോമ്പിന്റെ വിശുദ്ധി മനസിലാക്കുകയും നിർധനർക്കും നിരാലംബർക്കും താങ്ങും തണലുമാകുവാൻ എല്ലാ അർഥത്തിലും മുൻപന്തിയിലാണ്. പ്രവാസി മലയാളികൾ ഏറെയുള്ള ബഹ്‌റൈനിൽ വിവിധ സംഘടനകളുടെയും കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. മത, ജാതി വർണ വ്യത്യാസമില്ലാതെ പ്രവാസികൾ ഒരേ മനസോടെ ഇതിൽ പങ്കാളിയാകുന്നതും മനോഹര കാഴ്ചകളാണ്. എന്നാൽ കൊറോണ എന്ന മഹാമാരി ലോക രാജ്യങ്ങളിൽ മുഴുവൻ പടർന്നു പിടിച്ചതോടെ രണ്ട് വർഷം കൊണ്ട് ഒരു ഗൾഫ് രാജ്യങ്ങളിലും അതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്. ഓരോ രാജ്യത്തെയും നിയമങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ്. അടുത്ത റമദാൻ വരുമ്പോഴെങ്കിലും സമൂഹ നോമ്പ് തുറയും, ഒത്തുകൂടലുകളും നടത്തുവാനുള്ള അനുകൂല സാഹചര്യം ലഭിക്കുവാൻ നാഥനോട് നെഞ്ചുരുകി പ്രാർഥിക്കാം.

ഓരോ പ്രവാസിയും അവന്റെ ഉള്ളിന്റെയുള്ളിൽ അനുഭവിക്കുന്നൊരു ആത്മസംതൃപ്തിയുണ്ട്. അതേസമയം പ്രവാസം ജീവിതത്തെ പെട്ടെന്ന് കവർന്നെടുക്കും. കാലവും സമയവും പോകുന്നത് അറിയില്ല. ഒരുതരം മാന്ത്രികവും മായികവുമായ അവസ്ഥ. വെള്ളിയാഴ്ചകൾ മാത്രം മനസ്സിൽ തങ്ങി നിൽക്കും. ഈ ദിവസങ്ങൾക്കപ്പുറത്തുള്ള ദിവസങ്ങൾക്കൊന്നും പ്രവാസ ജീവിതത്തിൽ പ്രസക്തി ഇല്ല. മറ്റ് പ്രവാസി സമൂഹത്തെക്കാൾ ഗൾഫുകാരൻ തനിക്കുള്ളതിൽനിന്നും ഒരു പങ്ക് ഇല്ലാത്തവന് കൊടുക്കും. ഭക്ഷണവും പണവും ഇല്ലാതെ പോകുന്നത് തന്റേതല്ലാത്ത കാരണത്താലുള്ള ഒരു തരം സാമൂഹികമായ നാടുകടത്തലാണ്. അത് തന്നെയാണ് ഗൾഫ്കാരന്റെ അരക്ഷിതാവസ്ഥ. നോമ്പ് കാലം അവന്റെ ഭൂതകാലത്തെ പ്രകാശപൂരിതമാക്കുകയും സാമൂഹിക ബന്ധങ്ങളെ കൂടുതൽ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

ഗൾഫ് മലയാളികളുടെ സ്മരണകളിൽ നാട്ടിൽ താൻ അനുഭവിച്ച ഭൂത കാലത്തെ നോമ്പും ചീരണിയും തറാവീഹ് നമസ്കാരവും രാപ്രസംഗങ്ങളും നാട്ടിൻ പുറത്തെ ചെറിയ ചെറിയ സേവനകൂട്ടായ്മകളും ഇരമ്പിയെത്തും.  ഗൾഫ് മലയാളിയെ നോമ്പ് നാടിന്റെ ഓർമകളിലേക്ക് തൊട്ട് വിളിക്കുകയാണ്‌. ഇനിയും ഒരുപാട് റമദാനുകളെ വരവേൽകുവാൻ പടച്ച തമ്പുരാൻ നമുക്ക് എല്ലാവർക്കും ആഫിയതുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ.. ആമീൻ

You might also like

Most Viewed