വീണ്ടും ബഹ്റൈനിൽ ദേശീയദിനമെത്തുന്പോൾ
സുമ സതീഷ്
ബഹ്റൈനെ സംബന്ധിച്ചടുത്തോളം ഡിസംബർ മാസം ഏറെ വിലപ്പെട്ടതും, സർക്കാർ തല ആഘോഷങ്ങളുടെ മാസവും, മിക്കവരും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന തണുത്ത കാലാവസ്ഥയും ഉള്ള മാസമാണ്.
കഴിഞ്ഞ വർഷം കല, സംഗീതം, ബഹ്‌റൈനിന്റെ ചരിത്രം, പൈതൃകം എന്നിവ ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികളുടെ ഒരു നിരയുമായി ഡിസംബറിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ദേശീയ ദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. നാഷണൽ മ്യൂസിയം ഓഫ് ബഹ്‌റൈൻ “മനാമ ഉറങ്ങുന്നില്ല” എന്ന 12 മണിക്കൂർ ദൈർഘ്യമുള്ള സാംസ്‌കാരിക മേളയും മറ്റു നിരവധി പരിപാടികളായിരുന്നു അന്ന് അരങ്ങേറിയതെങ്കിൽ ഇത്തവണ സർവ്വസമ്മതനും രാജ്യം രൂപപ്പെട്ട നാൾ മുതൽ അധികാരത്തിലേറി ദീർഘ കാലം നാട് ഭരിച്ചെന്ന ഖ്യാതിയുമുള്ള, ആദരണീയനായ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗവും, കോവിഡ് നിയന്ത്രണങ്ങളും ഒരു പരിധിവരെ ഇത്തവണ ആഘോഷങ്ങളെ ബാധിക്കുക തന്നെ ചെയ്യും. എങ്കിലും നവംബർ മുതൽക്ക് തന്നെ പരിമിതമായ രീതിയിൽ ആണെങ്കിലും പതിവ് പോലെ അലങ്കാരങ്ങളാൽ ഈ കൊച്ചു ദ്വീപ് മനോഹരിയായി തുടങ്ങിയിരിക്കുന്നു.
മാസത്തിന്റെ ആദ്യദിനം, ഡിസംബർ1 തന്നെ ബഹ്റൈൻ വനിതാ ദിനാചരണത്തോടെയാണ് ആരംഭിക്കുന്നത്. രാജപത്നിയും ബഹ്റൈൻ വനിതാ സുപ്രിം കൌൺസിൽ ചെയർപേഴ്സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ കീഴിൽ എല്ലാ മേഖലയിലും വനിതകളെ ഉയർത്തികൊണ്ടു വരാനും അവരെ ശാക്തീകരിക്കാനും രാജ്യത്ത് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ബഹ്റൈനിൽ സ്ത്രീകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു മേഖലയുമില്ലെന്ന് തെളിയിക്കുന്നതാണ് ഇവിടെയുള്ള ഓരോ മുന്നേറ്റങ്ങളും എന്ന് കിരീടാവകാശിയും പുതിയ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
2001 മുതൽക്കാണ് വനിതകൾക്കായുള്ള പരമോന്നത സമിതി, സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിൽ വനിതകളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനും, രാജ്യങ്ങളുടെ പ്രൗഢി പ്രതിഫലിപ്പിക്കുന്ന തരത്തിൽ സ്ത്രീകളെ ഉയർത്താനും ശ്രമിച്ച് വരുന്നത്. സ്ത്രീകളെ രാഷ്ട്രീയമായും സാന്പത്തികമായും സാമൂഹികമായും ശാക്തീകരിക്കാനും കൗൺസിൽ വലിയ ശ്രമമാണ് നടത്തിവരുന്നത്. സ്ത്രീകളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ നീക്കുന്നതിനും, സ്ത്രീകളെ ദുരുപയോഗം ചെയ്യാതിരിക്കാനും, പൊതു സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ, സ്ത്രീപക്ഷ നിലപാടുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ പദ്ധതികൾ കൊണ്ടുവരാനും സുപ്രീം കൗൺസിൽ ഫോർ വുമൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
മഹാമാരിയുടെ ഇടയിലും പ്രശസ്തമായ ഫോർമുല വൺ കാറോട്ട മത്സരങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാനും ബഹ്റൈൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നു. ഇത്തവണ പൊതുജനങ്ങൾക്ക് ഈ കായിക മാമാങ്കം കാണാൻ അവസരമില്ലാതിരുന്നിട്ടും കോവിഡിനെതിരെ പടപൊരുതുന്ന ആരോഗ്യ പ്രവർത്തകരെയും കുടുംബത്തെയും സൗജന്യമായി മുൻനിരയിൽ ഇരുത്താൻ എടുത്ത പ്രധാനമന്ത്രിയുടെ തീരുമാനം അത്യധികം ശ്രദ്ധിക്കപ്പെട്ടു. ഒപ്പം അറബ് സർക്കാരിന്റെ എക്സ് ലെൻസി അവാർഡുകളിൽ അഞ്ചേണ്ണം ബഹ്റൈനിലെ വിവിധ മന്ത്രലയങ്ങൾക്കു ലഭിച്ചതും വലിയ നേട്ടമാണ്. സ്വദേശികളെയും വിദേശികളെയും രണ്ടു തട്ടിൽ കാണാതെ ഒരു പോലെ സേവനങ്ങൾ നൽകി ജനങ്ങളെ സന്തോഷിപ്പിക്കാൻ ഈ രാജഭരണത്തിന് സാധിക്കുന്നുണ്ട്.
2020 തുടങ്ങിയത് മുതൽ ഈ കൊച്ചു പവിഴ ദ്വീപിലെ വിശേഷങ്ങൾ ഒത്തിരി ഒത്തിരി പറയാനുണ്ട്. ഇന്ന് മുതൽ വരുന്ന ദിവസങ്ങളിൽ അതൊക്കെ പങ്കു വെച്ചു കൊണ്ട് ദേശീയ ദിനാചരണത്തിന്റെ ഭാഗമാകാം.