നിനക്കും എനിക്കും ഇടയിലെ സാമൂഹികാകലം
മീനു കൃഷ്ണൻ
അതിജീവനത്തിന്റെ ഒരു വലിയ പാതയിലൂടെയാണ് മനുഷ്യൻ കടന്ന് പോകുന്നത്. രോഗം വരുത്തി വക്കുന്ന തൊഴിലില്ലായ്മ, പട്ടിണി, സാന്പത്തിക അസ്ഥിരത തുടങ്ങി നാനാ തരത്തിലുള്ള അസ്വാരസ്യങ്ങൾക്കുമപ്പുറം മനുഷ്യനെന്ന നിലയിൽ അവന് സമൂഹത്തോട് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ ഒരു കെട്ടുറപ്പിനെയാണ് കൊറോണ എന്ന അതി സൂക്ഷ്മ വൈറസ് ഇല്ലാതാക്കിയിരിക്കുന്നത്. കൊറോണ എനിക്ക് തന്ന ഏറ്റവും വലിയ പാഠവും ഇതാണ്. മനുഷ്യൻ ആത്യന്തികമായി സമൂഹജീവിയാണ്. സമൂഹത്തിൽ നിന്നകന്ന് അവനൊരു ജീവിതമില്ല. എല്ലായിടങ്ങളിലും അവൻ സ്വാർത്ഥതയുടെ പ്രതീകമായും മത്സര ബുദ്ധി ഉള്ളവനായും വ്യാഖ്യാനിക്കപ്പെടുന്നെങ്കിലും മത്സരിക്കാനും മുന്നോട്ട് പോകാനും തീർച്ചയായും മറ്റൊരുവൻ വേണം. ഇതാണ് സത്യം.
കഴിഞ്ഞ മാർച്ചിലാണ് ലോക്ക്ഡൗൺ എന്ന വാക്ക് നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത്. (ഗാന്ധിജിയുടെ ആത്മകഥയിൽ ഒരിടത്ത് ഈ വാക്ക് പരാമർശിക്കപ്പെട്ടതായി ഓർക്കുന്നു) അടച്ചിരിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതിന് പിന്നാലെ, കൊറോണ എന്ന ഓമനപ്പേരിനെ കൊവിഡ് 19 എന്ന അവകാശ പേര് കൊടുത്ത് ഗൂഗിളിൽ സെർച്ച് ബട്ടൻ അമർന്നപ്പോഴേക്കും, ആശാൻ തന്റെ സംഹാര താണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു. നിയന്ത്രണ രേഖകൾക്കിപ്പുറം തങ്ങൾക്ക് ചുറ്റും വൈറസുകൾ പടരുന്നത് കാണാതിരിക്കാൻ പലരും കണ്ണടച്ച് ഇരുട്ടാക്കി നോക്കി. വീടും നാടും കടന്ന് അന്താരാഷ്ട്ര നിലവാരത്തിൽ വളർന്ന ലോകം മുഴുവൻ വിഴുങ്ങാൻ പാകത്തിൽ ഉള്ള ഭീകരന്റെ യഥാർത്ഥ മുഖം സ്ക്രീനിൽ തെളിഞ്ഞപ്പോഴാണ് ഇരിക്കുന്നിടം ഒലിക്കുന്നതായി പലരും അറിഞ്ഞ് തുടങ്ങിയത്. പൊതു ഇടങ്ങൾ പ്രിയമല്ലാതായത് പെട്ടെന്നായിരുന്നു.
നടവഴിയിൽ നിന്നുള്ള പിൻ നടത്തം, കൂടുന്പോൾ ഇന്പമേറുന്ന കുടുംബങ്ങളെ സമൃദ്ധമാക്കി. ഒരു വിശ്രമം, ഒരു തിരിഞ്ഞുനോട്ടം അത് അനിവാര്യമായിരുന്നു. മനുഷ്യരാശി മുഴുവൻ ഒരു വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയൊ എന്നന്തിച്ച് കാട് കയറിയ പല ജീവനും പഴയ ഇടങ്ങളിലെ പുതിയ നിശബ്ദത കണ്ട് തിരികെ വന്നു. ഒരു ബ്രേക്ക് എടുക്കാം എന്ന് കരുതിയ നമുക്കാണ് തെറ്റിയത്. തൊഴിലിടങ്ങൾ എന്നേക്കുമായി അന്യമാകുമെന്ന ബോധം പതുക്കെയെങ്കിലും നമ്മളറിഞ്ഞു തുടങ്ങി. പുറത്തിറങ്ങാൻ നമുക്ക് തിടുക്കമായി. സാധ്യമല്ലെന്ന തിരിച്ചറിവാണ് മനുഷ്യനെ നടുക്കി കളഞ്ഞത്. വ്യക്തി വ്യതിരേകങ്ങൾക്കിടയിൽ ഒരു മനുഷ്യന് ഒത്തുകൂടൽ എത്രകണ്ട് അനിവാര്യമാണെന്ന് ഇന്ന് നമ്മളറിയുന്നു.
ഒരു തരത്തിൽ പറഞ്ഞാൽ ഇതുമൊരു അടിയന്തരാവസ്ഥയാണ്. ബാങ്ക് ബാലൻസ് വേണ്ടുവോളം ഉണ്ടായിട്ടും കഞ്ഞിയും പയറും കഴിച്ചു കഴിയേണ്ട അനിവാര്യത; സിനിമ, ഉല്ലാസ കേന്ദ്രങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, ഹോട്ടലുകൾ ഇവയൊന്നും അടിസ്ഥാന ആവശ്യങ്ങൾ അല്ലെന്ന തിരിച്ചറിവിന്റെ അസ്വീകാര്യതയാണ് മരണത്തിന്റെ വഴി പോലും തിരഞ്ഞെടുക്കത്തക്കവിധം മനുഷ്യനെ നിസഹായനാക്കിയത്. ആംബുലൻസിന്റെ അവസാനിക്കാത്ത നിലവിളികളും, പോലീസ് വാഹനങ്ങളുടെ പട്രോളിങ്ങും ആരോഗ്യ പ്രവർത്തകരുടെ പുതച്ചുമൂടിയ ശരീരങ്ങളും നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. നാസി പട്ടാളത്തിന്റെ ഭീകരതയെ ഭയന്ന് സ്വയം ഒഴിച്ചു കഴിയാൻ വിധിക്കപ്പെട്ട ആൻഫ്രാങ്കിനോട് ഇന്ന് പതിവിൽ കവിഞ്ഞ പ്രണയമാണ്. ഇഷ്ടമുള്ള ഇടങ്ങളെല്ലാം അന്യമാകുന്ന അവസ്ഥയിലും ഉരുളക്കിഴങ്ങുകറി മാത്രം കഴിച്ച് മാസങ്ങളോളം ജീവിച്ച ആൻഫ്രാങ്ക് അതിജീവനത്തിന്റെ ശക്തയായ പോരാളിയായി നിലകൊള്ളുകയാണ്
ഒന്നോർത്താൽ രണ്ട് വർഷം മുന്പുണ്ടായ വെള്ളപ്പൊക്കത്തേക്കാൾ അതിനുമപ്പുറം മരണം വാഗ്ദാനം ചെയ്യുന്ന നിപയേക്കാൾ ഭീകരമാകുന്നു കൊറോണ. എന്തെന്നാൽ കൊറോണ നിശബ്ദനാണ്. നമുക്കു ചുറ്റും കാണാമറയത്തായി അവനെപ്പോഴുമുണ്ട്. നിനക്കും എനിക്കും ഇടയിൽ നാം സൃഷ്ടിക്കുന്ന സാമൂഹിക അകലമാണ് ഈ രോഗത്തിലേക്ക് നമുക്കുള്ള അകലം. കഴുത്തിൽപിടി വീഴുന്പോളല്ല അത് മുറുകുന്പോഴാണ് നാമറിയുന്നത്. പ്രതിരോധിക്കാൻ നമ്മളൊറ്റക്കാണ്. ചേർത്ത് പിടിക്കാൻ നമുക്ക് കൈകളില്ല. ബാക്കിയുള്ളത് ശുഭാപ്തിവിശ്വാസത്തിന്റെ ശക്തമായ ചട്ടക്കൂടാണ്. അർഹതയുള്ളവരുടെ അതിജീവനം കാലത്തിന് പുതിയതല്ല. അതിജീവിക്കാനുള്ള തീരുമാനം നമ്മുടേത് മാത്രമാണ്. എന്നാലും മനസ്സിന്റെ ആഴങ്ങളിലെവിടെയോ ഒരു നോവ്. ഒന്ന് ചേർന്നിരിക്കാൻ , നീ എനിക്ക് എത്രയും പ്രിയ്യപ്പെട്ടവൾ എന്ന് കൈകോർത്ത് നടക്കാൻ , സംശയത്തോടും ഭയത്തോടും അല്ലാതെ അപരനെ നോക്കിക്കാണാൻ അതിജീവനത്തിന്റെ എത്ര നാൾവഴികൾ കൂടി കഴിയണം!! കാത്തിരിക്കാതെ നിർവ്വാഹമില്ല. ഇതും കടന്നുപോവുക തന്നെ ചെയ്യും.