ഇവിടിങ്ങനാണ് ഭായ്.... - കൊറോണ കാലത്തെ ബഹ്റൈൻ
ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം മാത്രം ജനസംഖ്യ വരുന്ന ബഹ്റൈൻ, അറബ് രാജ്യങ്ങളിൽ വെച്ച് ഏറ്റവും മികവുറ്റ സ്വതന്ത്രഘടനയുള്ള കൊച്ചു ദ്വീപാണ്. അതിൽ മൂന്നിൽ രണ്ടു ഭാഗം സ്വദേശികളും ബാക്കി വിദേശികളായി നമ്മളെ പോലെയുള്ള ധാരാളം രാജ്യക്കാരും കുടിയേറിയിരിക്കുന്നു. സാക്ഷാൽ ജനക്ഷേമ ഭരണം എന്നത് എന്താണെന്നു കാണിച്ചു തരുന്ന അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ. വികസന കാര്യങ്ങളിൽ ജനപ്രതിനിധികളായാലും അതീവ ജാഗ്രത പാലിക്കുന്നുണ്ട്. ആരോഗ്യകാര്യങ്ങളിലും, റോഡ് നിയമങ്ങളിലും, ശിക്ഷ നടപ്പാക്കുന്നതിലെ ജാഗ്രതയിലും, ഭീകരതക്കെതിരെയും, സാംസ്‌കാരിക ഉന്നമനത്തിലും, മറ്റു തൽസമയ കാര്യനിർവ്വഹണത്തിലും കാലാവസ്ഥ പ്രവചനത്തിലൂടെ ഉള്ള മുൻകരുതലുകളിലും, സാംസ്‌കാരിക−ആത്മീയ കാര്യങ്ങളിലും മറ്റനേകം വിഷയങ്ങളിലും ഭരണകൂടത്തിന്റെ കാര്യക്ഷമതയും കരുതലും പ്രശംസനീയം തന്നെ. സഹിഷ്ണുതയും സൗഹാർദവും കൈമുതലായുള്ള ഈ കൊച്ചു പറുദീസ ലോകരാഷ്ടങ്ങൾക്കു തന്നെ എല്ലാ അർത്ഥത്തിലും മാതൃകയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്.
കൊറോണ കാലത്ത് കരുതലോടെ ബഹ്റൈൻ
ഈ കൊറോണകാലത്തും, ഗൗരവകരമായ കൃത്യനിർവ്വഹണത്തിലൂടെ ഇവിടെയുള്ള ഭരണാധികാരികൾ ദേശത്തെ സംരക്ഷിച്ചു പോരുന്നു. ജാഗ്രത ഉണ്ടെങ്കിൽ കൊറോണയേയും നിലക്ക് നിർത്താം എന്ന് ഇവർ തെളിയിക്കുന്നു. കൊറോണയുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി നിരവധി മലയാളികൾ പലയിടങ്ങളിലായി മരണം വരിച്ചു കൊണ്ടിരിക്കുന്നത് അത്യന്തം ഖേദകരമാണെന്നു പറയാതെ വയ്യ. എന്നാൽ ബഹ്റൈനിലെ പ്രവാസികൾ ഇതുവരെയായി സുരക്ഷിതരാണ്. ഇതുവരേയും അസാധാരണമായി വലിയ നിയന്ത്രണങ്ങൾ രാജ്യത്ത് വേണ്ടി വന്നിട്ടില്ല. അടിയന്തിരാവസ്ഥയോ പൂർണ്ണ അടച്ചിടലോ ഉണ്ടായില്ല. ജനജീവിതം സാധാരണമാണ് എന്ന് പറയാം. സർക്കാർതല വകുപ്പുകൾ വലിയൊരു ശതമാനം വീടുകളിൽ ജോലി തുടരുന്നുണ്ട്. ഭൂരിഭാഗം മേഖലയിലും ഓൺലൈൻ കയ്യടക്കിയതിനാൽ എല്ലാ ജോലികളും നടക്കുന്നുണ്ട്. പ്രൈവറ്റ് സെക്ടറിലും ജോലികൾ ഇതുവരെയും നിലച്ചിട്ടില്ല. കൺസ്ട്രക്ഷൻ മേഖലയും സജീവമാണ്. ലുലു ഹൈപ്പർമാർക്കറ്റ് പോലെ മിക്ക കച്ചവടകേന്ദ്രങ്ങളും, ഗ്രോസറികളും, ബാങ്ക്, ബേക്കറി, കോൾഡ്സ്റ്റോറുകൾ തുടങ്ങി അത്യാവശ്യ സർവിസുകളെല്ലാം തുറന്നിട്ടുണ്ട്. കരുതലുകളോടെ പൊതുഗതാഗതവും അനുവദിച്ചിട്ടുണ്ട്. എല്ലായിടത്തും സ്‌ക്രീനിങ്ങും കർശന നിയന്ത്രണങ്ങളുമുണ്ടെന്ന് മാത്രം. ഈ രീതിയിൽ ഏപ്രിൽ 23 വരെ രണ്ടാം ഘട്ടവും തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. നിയന്ത്രണങ്ങളോടെ ചില വാണിജ്യസ്ഥാപനങ്ങൾ കൂടി തുറന്നു പ്രവർത്തിക്കാനും അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം സൗദിയിൽ നിന്നുള്ള യാത്രക്കാരുടെ വരവ് നിലച്ചതോടെ വലിയ ട്രാഫിക്കുകളും ഇല്ലാതായിരിക്കുന്നു. രാജ്യത്തിനു പുറത്തേക്കും അകത്തേക്കുമുള്ള പ്രവേശനം പൂർണമായും സർക്കാർ നിയന്ത്രണത്തിൽ മാത്രമാണ് എന്നത് രോഗവ്യപനത്തെ ഗണ്യമായി കുറച്ചിട്ടുണ്ട്. ഈയ്യിടെയെയി കൊറോണ രോഗികളിൽ മലയാളികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും വേഗത്തിൽ സുഖപ്പെട്ടു വരുന്നതും ക്രമാതീതമായി രോഗികൾ വർദ്ധിക്കുന്നില്ല എന്നതും, മരണസംഖ്യ വർദ്ധിക്കുന്നില്ലെന്നതും ആശ്വാസമാണ്. തൊഴിൽ മേഖലയിലും ഭരണാധികാരികൾ കാര്യമായ ഇളവുകൾ പ്രഖ്യാപിച്ച് സാന്പത്തിക ആഘാതം വരാതെ ശ്രദ്ധിക്കുന്നുണ്ട്. റെസ്റ്റാറന്റുകൾ, േസ്റ്റഷനറി, ടൈലിറിങ, മൊബൈൽ കട, തുടങ്ങിയയിടങ്ങളിലെ ജോലി ചെയ്യുന്നവർക്കും ദിവസ കൂലിക്കാർക്കും ഇപ്പോൾ കുറച്ച് വിഷമഘട്ടമാണെങ്കിൽ പോലും ഇവർക്ക് വേണ്ട താത്കാലിക ആശ്വാസം നൽകാൻ പല സംഘടനകളും മത്സരിച്ചു രംഗത്തുണ്ട്. അതുകൊണ്ടു തന്നെ നന്ദിയോടെ ഭരണകൂടത്തെയും സന്നദ്ധ പ്രവർത്തകരെയും അഭിനന്ദിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നു ഇവിടെയുള്ള പ്രവാസികൾ.
ബഹ്റൈനിലെ കൊറോണ നാൾവഴികൾ
ഈ കാലത്തിന്റെ ‘കാലൻ’ ആയ കൊറോണയെ പിടിച്ചു കെട്ടാൻ ഈ കൊച്ചു രാജ്യം നടത്തിയപ്രവർത്തനങ്ങളുടെ ഒരു തിരനോട്ടമാകട്ടെ ഇവിടെ. ലോകം മുഴുവനും കൈയ്യടക്കി, ഒരു ലക്ഷത്തോളം പേരുടെ ജീവനെടുത്ത്, ഭീകര താണ്ഡവമാടുന്ന മഹാമാരിയായ കോവിഡ് 19 നെ പിടിച്ചു കെട്ടാൻ പറ്റാതെ വന്പൻ ലോകരാഷ്ട്രങ്ങൾ തകർന്നടിയുന്ന കാഴ്ച കണ്ടിരിക്കുന്പോൾ ഇത്തരമൊരു തിരിഞ്ഞുനോട്ടത്തിന് പ്രസക്തിയേറുന്നു.
ഫെബ്രുവരി 21 നു ഇറാനിൽ സമീപകാലത്ത് പോയിരുന്ന ഒരു ബഹ്റൈനി സ്വദേശിയായ സ്കൂൾ ബസ് ഡ്രൈവർ അസുഖ ബാധിതനായി എന്നറിയുന്നതോടൊയാണ് ബഹ്റൈൻ കൊറോണയുടെ പിടിയിലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്ന് മുതലിന്നുവരെ ബഹ്റൈൻ ഭരണകൂടം കൈകൊണ്ട കരുതൽ നടപടികൾ മാതൃകാപരമാണ്. ഫെബ്രുവരി 22 നു ശേഷം വന്ന പല കേസുകളും ഇറാനിൽ തീർത്ഥാടനത്തിന് പോയി ദുബായ്, ഷാർജ വഴി വന്നവരാണെന്നു കണ്ടെത്തിയതോടെ അവിടുന്നുള്ള വിമാനങ്ങളെ നിയന്ത്രിച്ചു കൊണ്ടായിരുന്നു ഇതിന് തുടക്കമിട്ടത്. തുടർന്ന് ഫെബ്രുവരി 26നു, 25 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. അതേസമയം ഇവിടെയുള്ള ഇന്ത്യക്കാരുടെ കുട്ടികൾ പഠിച്ചിരുന്ന സ്കൂളുകളിലെ സി. ബി. എസ്. ഇ നടത്തിയിരുന്ന ബോർഡ് പരീക്ഷകൾ നിയന്ത്രണങ്ങളോടെ നടത്തപ്പെട്ടു.
കൊറോണ കേസുകൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവരെ സ്ക്രീൻ ചെയ്യാനും യാത്രാ നിയന്ത്രണങ്ങൾ കൊണ്ടുവരാനും യാത്രക്കാരുടെ വിശദ വിവരങ്ങൾ ശേഖരിക്കാനും അസുഖ ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യാനും അവരെ ചികിൽസിക്കാനും ആരംഭിച്ചു. ഇറാനിൽ നിന്ന് വന്നവരെ ഹോം ക്വാറന്റെയിനിൽ കഴിയാനും നിർദേശിച്ചു. രാജ്യത്തെ എല്ലാ ജനങ്ങളോടും കരുതൽ വേണമെന്നും ആഹ്വാനം ചെയ്തതിനൊപ്പം മാസ്‌ക്കുകളും സാനിറ്റൈസറുകളും ധരിക്കാനുള്ള നിർദേശങ്ങളും പുറത്ത് വന്നു. പല മാളുകളിൽ നിന്നും ഇവ സൗജന്യമായി വിതരണം ചെയ്യപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരാകാതെയിരിക്കാൻ അധികൃതരുടെ നിരന്തരമായ വാർത്തസമ്മേളനങ്ങൾ ആരംഭിച്ചു. പല വിമാനങ്ങളും റദ്ദ് ചെയ്തു. എയർപോർട്ടിലെ അണുവിമുക്തമാക്കൽ തുടർന്നു. ഫെബ്രുവരി 27ഓടെ 33 കൊറോണ രോഗികൾ ആശുപത്രിയിൽ പ്രവേശിച്ചു. ഇതിന് ശേഷം മൊബൈൽ സ്വാകുഡുണ്ടാക്കി ഇറാൻ സന്ദർശിച്ചവരുടെ വീടുകൾ തോറും ചെന്ന് പരിശോധന നടത്തി രോഗികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഇറാൻ സന്ദർശിച്ച മുഴുവനാളുകളും 444 എന്ന നന്പറിലേക്കു വിളിക്കാൻ സർക്കാർ ഉത്തരവ് പ്രകടിപ്പിച്ചു. അടുത്ത ദിവസം 39 കേസ് കൂടി വന്നപ്പോൾ, ഇറാനിൽ നിന്ന് തിരിച്ചെത്തിയവരെ കണ്ടെത്തി, സ്രവ പരിശോധന ഊർജിതമാക്കി തുടങ്ങി. അങ്ങിനെ പോസറ്റീവ് കേസുള്ളവരെ ആശുപത്രിയിലാക്കാനും മറ്റുള്ളവരുമായുള്ള സന്പർക്കം തടയാനുമായുള്ള നടപടികൾ ശക്തമായി. അതേസമയം ചിലർ വീട്ടിൽ അടങ്ങി കഴിയാതെ ഇറങ്ങി നടന്നത് ഇവിടേയും ഭീഷണിയായി.
മാർച്ച് 4−നു മുന്പായി 50 കേസുകൾ വന്നതോടെ സർക്കാർ റാപിഡ് ടെസ്റ്റുകൾ ഊർജിതമാക്കി. ഇവിടെയുള്ള ഒരു ഐ ക്ലിനിക്കിൽ ഇറാനിൽ പോയിരുന്ന ഒരു വ്യക്തി സന്ദർശിച്ചതായി മനസിലാക്കുകയും, പിന്നീട് ഇയാൾ വഴി ആ ക്ലിനിക്കിലെ മലയാളികൾ അടക്കമുള്ള ജീവനക്കാർക്ക് വൈറസ് ബാധ പിടിപ്പെട്ടതായും മനസിലാക്കി. ഇതൊടൊപ്പം ബഹ്റൈനി പൗരൻ താമസിച്ചിരുന്ന ഗ്രാമത്തിൽ അദ്ദേഹവുമായി സന്പർക്കത്തിൽപ്പെട്ടവരേയും നിരീക്ഷണത്തിലാക്കി. ഇവിടെ നനിരവധി പേർക്ക് കൊറോണ ബാധിച്ചതായും തുടർന്നുള്ള പരിശോധനയിൽ തെളിഞ്ഞു. മാർച്ച് 12നാണു ലോകാരോഗ്യ സംഘടന കൊറോണയെ, മഹാമാരിയായി പ്രഖ്യാപിച്ചത്. പ്രായ ലിംഗ നിറ ദേശ വേഷ വ്യത്യാസമില്ലാതെ ലോകജനതയെ മുഴുവന്‍ ഒറ്റയടിക്ക് വിഴുങ്ങാൻ ശ്രമിക്കുന്ന ഈ ഭൂതം മനുഷ്യവർഗ്ഗത്തെ മാത്രമാണ് ‘മിത്രമായി’ കാണുന്നത് എന്നായിരുന്നു കണ്ടെത്തൽ. വൈറസ് എപ്പോ എങ്ങിനെ എത്ര തോതിൽ, എത്ര വേഗത്തിൽ പടർന്നു പിടിക്കും എന്നതിന്റെ പല റിപ്പോർട്ടുകളും മാറിമറിഞ്ഞു വരാൻ തുടങ്ങി.
ഇതോടെ ഇറാനിൽ കുടുങ്ങിയ ബഹ്റൈനി സ്വദേശികളെ ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കാൻ ഇവിടെയുള്ള സർക്കാർ തീരുമാനിച്ചു. ഒപ്പം എത്തിയ മുഴുവൻ ആളുകളേയും പ്രത്യേക നിരീക്ഷണത്തിൽ മാറ്റി പാർപ്പിച്ചു. ഏതാണ്ടെല്ലാവരും കൊറോണ ബാധിതരായിരുന്നു. ഭരണകൂടത്തിന്റെ വളരെ ജാഗ്രതയോടെയുള്ള ഇത്തരം പ്രവർത്തികൾ രോഗം രാജ്യത്തു നിയന്തിക്കപെട്ടു. കേരളം ആദ്യ വുഹാൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ സ്വീകരിച്ച ഫലപ്രദമായ നടപടികൾ തന്നെ ആണ് ഇവിടെ ബഹ്റൈനും കൈകൊണ്ടു വരുന്നത്. എന്നാൽ ഇറാന്റെ തെറ്റായ നടപടികളും ചില ഒറ്റപെട്ട ആളുകളുടെ ശ്രദ്ധക്കുറവുമാണ് രോഗം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടാനിടയായത്. എന്തായാലും ഇത്തരമൊരു സാഹചര്യം മുന്പിൽ കണ്ടാണ് ചിലയിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ സർക്കാർ സജ്ജമാക്കിയിരുന്നത്. ഒപ്പം സ്വദേശികളോടും, വിദേശികളോടും സന്നദ്ധ സേവനത്തിനു ആഹ്വനം ചെയ്യുകയും ഇതിനായി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. 30,000 രത്തിലധികം പേർ ഇതിൽ താത്പര്യം കാണിച്ച് മുന്പോട്ട് വന്നത് ഭരണ കർത്താക്കൾക്കു വലിയ കരുത്തായി.
മാർച്ച് 15 നു സൽമാബാദിലെ ലേബർ ക്യാന്പിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 400 പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. ബന്ധപ്പെട്ട കെട്ടിടങ്ങൾ താത്കാലികമായി അടച്ചിട്ടു. മാർച്ച് പകുതി ആയപ്പോഴേക്കും കൊറോണ രോഗികളുടെ എണ്ണം നൂറു കടന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ള ബഹ്ൈറിനി സ്ത്രീയുടെ മരണം മാർച്ച് 16നായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. അത് ഗൾഫ് രാജ്യങ്ങളിലെ തന്നെ ആദ്യ കോവിഡ് മരണമായി. മാർച്ച് 17 ന് സി.ബി.എസ്.ഇയുടെ പരീക്ഷകൾ അടക്കം മറ്റെല്ലാ പരീക്ഷകളും മാറ്റി വെച്ചതോടെ ബഹ്റൈനിൽ പത്താം തരത്തിന്റെ ഒരു പരീക്ഷയും പന്ത്രണ്ടാം ക്ലാസ്സിലെ ചില ഗ്രൂപ്പിലെ രണ്ടും മൂന്നും പേപ്പറുകളുടെ പരീക്ഷകളും നടക്കാതെ വന്നു. മാർച്ച് 18−നാണ് ജനത്തെ ആശ്വാസം കൊള്ളിച്ച വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായത്. പതിനൊന്നു മാർഗ്ഗ നിർദേശങ്ങളോടെ 4 .3 ബില്യൺ ദിനാർ പ്രഖ്യപിച്ചു കൊണ്ട് കൊറോണ കാലഘട്ടം മറികടക്കാനുള്ള ബൃഹദ് പദ്ധതിക്കു തുടക്കം കുറിച്ചു. ഒപ്പം സ്വദേശിവിദേശി വ്യത്യാസമില്ലാതെ മൂന്നു മാസത്തെ രാജ്യത്തെ വൈദ്യതിയുടേയും വെള്ളത്തിന്റേയും ബില്ലുകൾ സർക്കാർ അടക്കുമെന്നും കൊറോണ കാലഘട്ടത്തിലെ ബഹ്റൈിനി സ്വദേശികളുടെ ശന്പളം നൽകുമെന്നും ഭരണകൂടം പ്രഖ്യാപിച്ചു. മാർച്ച് 19 ആയപ്പോഴേക്കും രാജ്യത്ത് 14,800 ടെസ്റ്റുകൾ നടത്തുകയുണ്ടായി. ആദ്യം കൊറോണ കണ്ടെത്തിയ ഗൾഫ് രാജ്യവും ആദ്യ മരണം ഉണ്ടായ രാജ്യവും കൂടുതൽ ദ്രുത പരിശോധന നടത്തിയ രാജ്യവും, വേഗത്തിലും എണ്ണത്തിൽ കൂടുതലായി കൊറോണ മുക്തരാകുന്നവരുടെ രാജ്യവും രോഗികളുടെ എണ്ണം ഗുണിതങ്ങളായി മറാത്ത രാജ്യവും എല്ലാം ബഹ്റൈൻ തന്നെ ആയിരുന്നു. ഈ കാലത്ത് ധാരാളം വ്യാജ വാർത്തകൾ പ്രചരിച്ചത് രാജഭരണം കണ്ടില്ലെന്നു നടിച്ചില്ലെന്ന് മാത്രമല്ല, അവരെ ശിക്ഷിക്കാനും കൊറോണ റിപോർട്ടുകൾ കൊടുക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും നടപടികൾ ആസൂത്രണം ചെയ്തു. ടാസ്ക് ഫോഴ്സ്ന്റെ നേതൃത്വത്തിൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിനെ കോവിഡ് 19ന്റെ ആശുപത്രിയാക്കി മാറ്റി.
മാർച്ച് 20ന് വീണ്ടും കടുത്ത നടപടിയിലേക്കു നയിക്കുന്ന കേസുകൾ ഉടലെടുത്തു. രോഗികളുടെ എണ്ണം കൂടിയതോടെ മതകാര്യലായങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തലാക്കാൻ തീരുമാനമായി. എല്ലാവിധ വിനോദ കായിക മത്സരങ്ങളും ഉപേക്ഷിക്കപ്പെട്ടു. ജാഗ്രതാ നിർദേശങ്ങൾ കർശനമാക്കി. നിരീക്ഷണത്തിൽ ഇരിക്കുന്നവർ നിയമം ലംഘിച്ചാൽ വലിയ തോതിൽ 2000 ദിനാർ പിഴ ഈടാക്കാനും തടവ് ശിക്ഷക്കും തീരുമാനമായി. കൊറോണ കേസുകൾ ഇരുന്നൂറു കടന്നതിനോടൊപ്പം രണ്ടു മരണവും കൂടി റിപ്പോർട്ട് ചെയ്തതോടെ കർശന നിയന്ത്രണങ്ങളുമായി പോലീസ് ഇറങ്ങിത്തിരിച്ചു. അഞ്ചിൽ കൂടുതൽ ആളുകൾ എവിടെയും കൂടി നില്കരുതെന്ന് ഉത്തരവ് പുറത്ത് വന്നു. അന്പത് ശതമാനം സർക്കാർ ജീവനക്കാരും വീടുകളിൽ നിന്നും ജോലി ചെയ്യാൻ തീരുമാനിച്ചു. അവശ്യസേവനങ്ങൾ നിർത്തലാക്കാതെയും മാളുകളിലും ഗ്രോസറികളിലും അകലം പാലിച്ചും പ്രായമായവരേയും ഗർഭിണികളേയും കുട്ടികളേയും പ്രത്യേകം പരിഗണിക്കാൻ ആഹ്വനം ചെയ്തും സർക്കാർ ജനങ്ങളുടെ വിശ്വാസത്തെ കയ്യിലെടുത്തു. ഇവിടുത്തെ പാർലിമെന്റ് അംഗങ്ങൾ ഉൾപ്പടെയുള്ളവർക്ക് കോവിഡ് 19 ടെസ്റ്റുകൾ നടത്തിയതോടൊപ്പം ജനങ്ങളെ ഏതെല്ലാം രീതിയിൽ കൊറോണ ബാധിക്കും എന്ന കൂടിയാലോചനകൾ നടത്തി സർക്കാർ പ്രഖ്യാപിച്ച പാക്കേജുകൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
മൂന്നാമത്തെ മരണവും രേഖപ്പെടുത്തിയതോടെ ഓൺലൈൻ ഷോപ്പിങ്ങ് വർധിപ്പിക്കാൻ നടപടികൾ കൈകൊണ്ടു. ഹോട്ടലുകളും അത്യാവശ്യമല്ലാത്ത എല്ലാ കടകളും അടപ്പിച്ചു. വീടുകളിലേക്കുള്ള ഭക്ഷണ വിതരണം ഹോം ഡെലിവറി, ടേക്ക് എവേ എന്ന രീതിയിലാക്കി. മാർച്ച് 26 മുതൽ ഭാഗികമായി കർഫ്യൂ ആകാമെന്ന നിർദേശം ജനപ്രതിനിധികൾ ഉന്നയിച്ചു. പക്ഷെ അതുണ്ടായില്ലെങ്കിലും കർശനമായ സുരക്ഷാ നടപടികൾ രാജ്യമെങ്ങും കൈക്കൊള്ളാൻ നിർദേശം കൊടുത്തു. മുന്പേ റെജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ഗ്രാമങ്ങളിലടക്കം ജനനിബിഡമായിടത്തൊക്കെ അണുവിമുക്തമാക്കി. ഒറ്റപ്പെടുത്തിയുള്ള ചികിത്സ നൽകാനായി വിപുലമായ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കി, ഒപ്പം ഇറാനിൽ കുടുങ്ങിയ കൂടുതൽ ബഹ്റൈനിലെ സ്വദേശികളെ തിരികെയെത്തിച്ചു. ഇറാൻ സംഘം എന്ന് തിരിച്ചെത്തുന്നുവോ അപ്പോഴെല്ലാം കൊറോണ കേസുകളും കൂടി വന്നു. തുടർന്ന് സന്പർക്കം വഴി കേസുകൾ കൂടാതിരിക്കാൻ ഭരണകൂടം ശക്തമായ നിർദേശങ്ങളും പിഴകളും ശിക്ഷകളും ഏർപ്പാടാക്കി. മാർച്ച് അവസാന വാരത്തിൽ അന്പത് ശതമാനത്തോളം രോഗികൾ സുഖപ്പെട്ടു എന്നത് വലിയ ആശ്വാസമായി. നെഗറ്റീവ് റിസൾട്ട് കിട്ടി ആശുപത്രി വിട്ടവരും പതിനാലു ദിവസത്തെ ഒറ്റപ്പെട്ട ജീവിതം തുടരാൻ നിർബന്ധിതരായിരുന്നു.
മറ്റു രാജ്യങ്ങളിലെ പോലെ കൊറോണ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഇല്ലാത്തതും ഉന്നത നിലവാരമുള്ള രക്ഷാപ്രവർത്തനവും ആയപ്പോൾ ലോകാരോഗ്യ സംഘടന ബഹ്റൈൻ എന്ന കൊച്ചു രാജ്യത്തെ പ്രകീർത്തിച്ചു മുന്പോട്ട് വന്നു. കൊറോണയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തരുന്ന വെബ്സൈറ്റുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ആരംഭിച്ചത് ജനങ്ങളുടെ ഇടയിലെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ−ഗവർമെന്റ് അതോറിറ്റി ബി അവേർ ബഹ്റൈിൻഎന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ വിവരങ്ങളും കോവിഡ് 19, ഏറ്റവും പുതിയ വാർത്തകളും ഒക്കെ നൽകുന്നതിനൊപ്പം അടുത്തുള്ള രോഗികളുടെ വിവരങ്ങൾ രോഗി സന്ദർശിച്ച സ്ഥലങ്ങൾ തുടങ്ങി കൂടുതൽ വിവരങ്ങൾ ഈ പ്രോഗ്രാമിലൂടെ ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. മാർച്ച് 26 മുതൽ ഏപ്രിൽ 9, വരെ സൂപ്പർമാർകറ്റ്, ഗ്രോസറി, ബേക്കറി, ബാങ്കുകൾ പിന്നെ ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങൾ ഒഴിച്ച് ബാക്കി എല്ലാ അനിവാര്യവാണിജ്യ സ്ഥാപനങ്ങളും അടച്ചിട്ടു. മാർച്ച് 28ന് രാജ്യത്തെ പ്രമുഖ ഹോട്ടലുകളുൾപ്പടെയുള്ള സ്ഥലങ്ങളെ താത്കാലികമായി ആശുപത്രിയാക്കി മാറ്റി. മാർച്ച് 30 നു മനാമയിലും മറ്റു മൂന്നിടത്തുമായി ആരോഗ്യപ്രവർത്തകർ തൊഴിലാളികൾക്കുവേണ്ടി കോവിഡ് 19 പരിശോധന സാംപിൾ സ്റ്റേഷനുകൾ ഉണ്ടാക്കി. സിവിൽ ഡിഫെൻസിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം അയ്യായിരത്തി അറുനൂറിലധികം സ്ഥലങ്ങളെ അണുവിമുക്തമാക്കി.
ഏപ്രിൽ ഒന്നായപ്പോഴേക്കും ലേബർ ക്യാന്പിൽ നിന്ന് നാല്പത്തിയെട്ടും നാലു വിദേശികളും അടക്കം 52 പുതിയ പോസിറ്റീവ് കേസുകൾ വന്നെങ്കിലും കൊറോണ നിയന്ത്രണത്തിലാണെന്നും ഈ മഹാമാരിയെ നേരിടാനുള്ള ത്രാണിയും കരുതലും ബഹ്റൈനുണ്ടെന്നും ഭരണകൂടം ഉറപ്പു നൽകി. അസംബ്ലി യോഗങ്ങൾ വെട്ടിച്ചുരുക്കി വീഡിയോ കോൺഫറൻസ് വഴി ചർച്ചകൾ തുടർന്ന്, അനാഥരെ സഹായിക്കാനും വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ നിയമലംഘനം നടത്തിയാൽ അവരെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി. കോടതി കാര്യങ്ങൾ വെട്ടിക്കുറച്ചും വൈറസിനോടുള്ള യുദ്ധം പ്രഖ്യാപിച്ച് ബഹ്റൈൻ എല്ലാ മേഖലകളും മുന്നിട്ടു നിന്നു. സ്വകാര്യ മേഖലയിലെ ഒരു ലക്ഷം വരുന്ന ബഹ്റൈിൻ തൊഴിലാളികൾക്കു വേണ്ടി 215 മില്യൺ ബഹ്‌റൈൻ ദിനാർ മാറ്റിവെച്ചു. ഗാർഡനുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങി എല്ലാ പൊതുഇടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രവാസികളുടെ ഇടയിൽ ഉൾപ്പടെ ധാരാളം സംഘടനകൾ സേവനസന്നദ്ധരായി മുന്നോട്ടു വന്നു. മുന്നേ പ്രഖ്യാപിച്ച ഇലക്ടിക് ബില്ലുകളുടെ അടക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഇത് പ്രകാരം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ബില്ലുകളാണ് സർക്കാർ അടക്കുക. ഈ മാസങ്ങളിലെ ബില്ലുകൾ കഴിഞ്ഞ വർഷത്തേക്കാളും അധിയകമായി വന്നിട്ടുണ്ടെങ്കിൽ അത് ഉപഭോക്താവ് തന്നെ വഹിക്കണം.
ഏപ്രിൽ 3 −ന് 84 പുതിയ കൊറോണ കേസുകളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ബഹ്റൈൻ ചേന്പർ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തക സംഘം, സൂപ്പർ മാർക്കറ്റുകളിലും മറ്റു അത്യാവശ്യ സർവീസ് നടത്തുന്നിടത്തും സന്ദർശനം നടത്തി കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി. ആവശ്യത്തിന് വേണ്ട ഭക്ഷണ സാമഗ്രികൾ ഉണ്ടെന്നു ഉറപ്പു വരുത്തി, പ്രത്യേകം ഇറക്കുമതി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. സർക്കാരിന്റെ കീഴിലുള്ള എഴുപത് ശതമാനം ജീവനക്കാരും വീടുകളിൽ നിന്നും ജോലി തുടരാൻ തീരുമാനമായി. ഏപ്രിൽ 4 −ന് മുപ്പത് പുതിയ രോഗികൾ അഡ്മിറ്റ് ആയി. ഏപ്രിൽ 5 −ന് 15 പുതിയ കേസുകളാണുണ്ടായത്. പ്രവാസികൾക്കായി കൊറോണ വൈറസ് റാൻഡം പരിശോധനകൾ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ മെഡിക്കൽ സെന്ററുകളിലും നടത്തി. ഐസൊലേഷനിൽ കഴിയുന്ന എല്ലാവർക്കും കൈവളകൾ (ബ്രേസ്‌ലെറ്റ്) വിതരണം ചെയ്തു. ഇത് ധരിക്കുന്നയാൾ പതിനഞ്ചു മീറ്റർ അകലം തങ്ങളുടെ മൊബൈലിൽ നിന്ന് മാറിയാൽ പോലും വാണിംഗ് മെസ്സേജ് കിട്ടത്തക്ക രീതിയിലാണ് പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്നത്. ഏപ്രിൽ 6 −ന് 12 പുതിയ കേസുകൾ മാത്രമാണ് ഉണ്ടായത്.
ഏപ്രിൽ 7ന് 56 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ രാജാവുമായി നടത്തിയ ഫോൺ സംസാരത്തിൽ കൊറോണക്കെതിരെ കൈകൊള്ളേണ്ട നടപടികളെ കുറിച്ച് വിശദമായി ചർച്ചകൾ നടത്തി. ഏപ്രിൽ 8ന് രാജ്യത്തെ അഞ്ചാമത്തെ മരണവും 55 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. നിയന്ത്രണങ്ങളുടെ ഒന്നാം ഘട്ടം ഏപ്രിൽ ഒന്പതിന് അവസാനിച്ചെങ്കിലും തുടർന്നും പുതിയ 11 നടപടികളും ജാഗ്രതയുമായി, ഏപ്രിൽ 23 വരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ തീരുമാനിച്ചു. പുറത്തിറങ്ങുന്പോൾ നിർബന്ധമായും മാസ്കുകൾ ധരിക്കാൻ ഉത്തരവിട്ടു.
ഏപ്രിൽ 9ന് 12 പുതിയ രോഗികൾ കൂടി രജിസ്റ്റർ ചെയ്യപ്പെട്ടു. അപ്പോഴേക്കും മൊത്തം 52,804 കൊറോണ ടെസ്റ്റുകൾ ആണ് ബഹ്റൈൻ നടത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടിയിരുന്ന ഒരു ഡോക്ടർ ക്ലിനിക്കിൽ പോയി നിയമം ലംഘിച്ചതിനു ഒരു മാസം തടവും 2000 ദിനാർ പിഴയും പിന്നീട് നാടുകടത്തൽ നടപ്പാക്കാനുള്ള ശിക്ഷയും നൽകി രാജ്യം ശക്തമായ സന്ദേശവും നൽകി. പ്രതിരോധ പ്രവർത്തനങ്ങളിൽ ആര് തടസ്സം നിന്നാലും ശിക്ഷ നൽകുമെന്ന് പലതവണ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കുന്ന സംഭവമായി മാറി ഡോക്ടർക്ക് ലഭിച്ച ശിക്ഷ. കൊറോണയുടെ ഓരോ ഘട്ടത്തിലും വിവിധ രാജ്യങ്ങളിലുള്ള ബഹ്റൈനിലെ അംബാസിഡർമാരുമായി വിദേശ മന്ത്രാലയം നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. ബഹ്‌റൈനിലെ സ്വദേശികളുടെ സ്കൂൾ വിദ്യാഭ്യാസം ഓൺലൈനിൽ ആരംഭിക്കാനും സാധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്കൂളുകളിലും സമാനമായ തരത്തിലുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളിൽ ഉപയോഗിച്ച മാസ്കുകൾ അശാസ്ത്രീയമായ രീതിയിൽ നിക്ഷേപ്പിക്കുന്നതും, ഇടക്ക് തൊഴിലാളികൾ കൂട്ടം കൂടുന്നതും ഒഴിച്ചാൽ ബഹ്റൈനിലെ പൊതുസമൂഹം വളരെ നല്ല സഹകരണമാണ് ഈ മാരിക്കെതിരെ കൈക്കൊള്ളുന്നത്. സ്വന്തമായും കൂട്ടമായും ധാരാളം സന്നദ്ധ സംഘടനകളും ഐ.എൽ.എ, എൽ.എം.ആർ.എ, ബഹ്റൈൻ കേരള സമാജം, മറ്റിതര സംഘടനകൾ തുടങ്ങി ആവശ്യക്കാരെ കണ്ടെത്തി സഹായിക്കുന്നുണ്ട്.
ഏപ്രിൽ 10ന് 44 തൊഴിലാളികളും ബാക്കി വിദേശിയരുമടക്കം 64 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. മാസ്കുകൾ നിർബന്ധമാക്കിയതോടെ ഒരു മില്യൺ ഫേസ് മാസ്കുകളാണ് രാജ്യത്ത് ലഭ്യമാക്കിയത്. ഇത് ധരിക്കാതെ വെളിയിൽ കണ്ടാൽ അഞ്ച് ദിനാർ പിഴ ഈടാക്കും. പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി ഹൈടെക് വൈറസ് യൂണിറ്റുകൾ സജ്ജമാക്കി. ഇതോടൊപ്പം എക്സിബിഷൻ സെന്ററിൽ വെച്ച് രോഗപരിശോധനയ്ക്കായുള്ള ഡ്രൈവ് ത്രൂ സൗകര്യം കൂടി നടപ്പാക്കിയിട്ടുണ്ട്. വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ സഞ്ചരിച്ചു കൊണ്ട് സാന്പിൾ ശേഖരിക്കുകയും പരിശോധന ഫലം നൽകുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഏപ്രിൽ 11 ന് 38 പുതിയ കേസുകൾ ആണ് ഉണ്ടായത്. ഇതോടൊപ്പം പ്രദേശവാസികളുടെ മാനസിക നില തകരുന്ന രീതിയിലുള്ള വ്യാജ വീഡിയോകളോ അറിയിപ്പുകളോ ഷെയർ ചെയ്യരുതെന്ന താക്കീത് വീണ്ടും സർക്കാർ പുറപ്പെടുവിച്ചു. ഏപ്രിൽ 12 വരെ ആകെ 1136 കേസുകൾ, അതിൽ 572 പേർ ആശുപതിയിലും 558 പേർ സുഖം പ്രാപിച്ചവരും ആണ്. ആറ് മരണമാണ് ആകെ നടന്നത്.
സ്വകാര്യസ്ഥാപനങ്ങളിൽ കൊറോണ കാലഘട്ടം പ്രതികൂലമായി ബാധിക്കാതിരിക്കാൻ ഭരണകൂടം ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈനിസേഷന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ നിശ്ചിത ശതമാനം ബഹ്റൈനികൾ നിർബന്ധമായും ജോലി ചെയ്യണം എന്നുണ്ട്. സർക്കാർ ജോലിക്കാർക്കൊപ്പം അവരുടെ കൂടി സുരക്ഷ ഭരണകൂടം കാര്യമായി ശ്രദ്ധിക്കുന്നു എന്നതാണ് ഇതുവരെ ഉള്ള നടപടികൾ വ്യക്തമാക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളിൽ രോഗശാന്തിക്ക് പോകുന്ന വിദേശികളിൽ നിന്നും നേരത്തേ നിശ്ചിത തുക ഈടാക്കിയിരുന്നതും നിർത്തലാക്കിയിട്ടുണ്ട്. ഒപ്പം ബില്ല് അടവും സാലറിയും വിസയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അടക്കേണ്ട തുകയും വാടക ലീസ് തുടങ്ങി പല ഇളവുകളും പ്രഖ്യാപ്പിച്ചു കൊണ്ട് തീരുമാനമെടുത്തു കൊണ്ടും ഭരണകൂടം സ്വകാര്യ സ്ഥാപനങ്ങൾക്കു വലിയ ഭാരങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. സ്കൂൾ കോളേജ് ഫീസ് കുറക്കുന്നതിലും വേഗത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം രാജ്യത്ത് അനിധികൃതമായി താമിസിക്കുന്നവർക്ക് അധിക പിഴകളില്ലാതെ തിരികെ പോകാൻ സാധിക്കുന്നതിന്റെ ഭാഗമായി പൊതുമാപ്പ് കൂടി രാജ്യം പ്രഖ്യാപ്പിച്ചിട്ടുണ്ട്. പക്ഷെ അതേ സമയം കൊറോണോയുടെ വിപത്ത് വർദ്ധിക്കുകയാണെങ്കിൽ നാളെ എന്ത് എന്ന ആശങ്ക ലോകത്ത് എല്ലായിടത്തുമുള്ളത് പോലെ തന്നെ ഇവിടെയുള്ളവരെയും അലട്ടുന്നുണ്ട്. .
വാഴ്ത്താം മുൻനിരയിലുള്ള എല്ലാ ആരോഗ്യ പ്രവർത്തകരെയും..
1950 മുതൽ എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യദിനമായി ആഘോഷിക്കപ്പെടുന്നുണ്ട്. ഇന്നത്തെ കൊറോണ കാലഘട്ടത്തിനിടയിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന നാളാണിത്. അതുകൊണ്ടു തന്നെ കോവിഡ് −19 നെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന ബഹ്റൈനിലെ ധീരരായ നഴ്‌സുമാർക്കും ഡോക്ടർമാർക്കും ആരോഗ്യ സംരക്ഷണ വിദഗ്ധർക്കും എല്ലാ സംഘടനകളും ഉദ്യോഗസ്ഥരും,ആരോഗ്യമന്ത്രാലയവും ചേർന്ന് ഈ ദിനത്തിൽ അഭിവാദ്യം അർപ്പിച്ചു. കൂട്ടമായി കൈയ്യടിച്ചും, സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശങ്ങളിലൂടെയും ഇവർ നന്ദി അറിയിച്ചു. നമുക്കും കൈകൂപ്പാം ആ വലുപ്പമുള്ള മനസ്സുകളെ. കാരണം അവരാണിന്നു ഈ ലോകത്തെ പിടിച്ചു നിർത്തുന്നത. അവരില്ലെങ്കിൽ ഒന്നുമില്ലെന്നായിരിക്കുന്നു. ഒപ്പം ഈ ദിനവും കടന്നു പോകും എന്ന പ്രത്യാശയും ഈ നാളുകളിൽ കൂടെയുണ്ടാകട്ടെ..
സുമ സതീഷ്