വ്രതം തീര്‍ക്കുന്ന ഊർജ്ജ സ്രോതസ്സുകൾ
ഹംസ മേപ്പാടി
ഭൂമിയുടെ ആകര്‍ഷണ വലയത്തെ ഭേദിച്ച് പുറത്തേക്ക് കടന്നുപോകുന്ന എന്തിനും ഗുരുത്വാകര്‍ഷണത്തെ പിന്തള്ളുവാനും ലക്ഷ്യസ്ഥാനത്ത് കുതിച്ച് എത്തുവാനുമുള്ള ഊര്‍ജ്ജം കൈവരിക്കല്‍ അനിവാര്യമാണ്. സംഭരിക്കുന്ന ഊര്‍ജ്ജത്തിന്റെ തോതും അളവുമാണ് അതിന്റെ ലക്ഷ്യത്തെ പ്രാപിക്കാനുള്ള കഴിവിനെ നിര്‍ണ്ണയിക്കുന്നത്. വിക്ഷേപണത്തറയില്‍നിന്ന് കുതിക്കുമ്പോള്‍ അതിന്റെ ഭാരത്തെയും ഗുരുത്വാകര്‍ഷണത്തെയുമൊക്കെ മറികടക്കാനുള്ള ഊര്‍ജ്ജം ഉയരങ്ങളിലേക്കുള്ള യാത്രയിലുടനീളം ചിലവഴിക്കാനിരിക്കുന്ന ഊര്‍ജ്ജത്തെക്കാള്‍ പരമാവധി ആയിരിക്കണം അല്ലെങ്കില്‍ തുടക്കത്തിലെ അത് മണ്ണിലേക്ക് തന്നെ കൂപ്പ്കുത്തും. മനുഷ്യന്‍ അവന്റെ ആത്മീയാരോഹണത്തിന്റെ വഴികള്‍ നിര്‍ണ്ണയിക്കുന്നതും നിശ്ചയിക്കുന്നതും ഇതേ രീതിയിലാണ്. മണ്ണോട് പറ്റി നില്‍ക്കുന്നവര്‍ക്ക് ഒരിക്കലും വിണ്ണിന്റെ മാറിലെ അനശ്വരലോകത്തേയ്ക്ക് വിക്ഷേപണം നടത്താന്‍ കഴിയില്ല. നിരര്‍ത്ഥകവും നശ്വരവും നൈമിഷീകവുമായ ലൗകിക സുഖങ്ങളില്‍ കണ്ണും കനവും പൂഴ്ത്തുന്നവര്‍ ഇച്ഛകളുടെ ഭാരവും അടങ്ങാത്ത ആഗ്രഹങ്ങളോടുള്ള ആകര്‍ഷണവും നിമിത്തം വിക്ഷേപണത്തറയില്‍ തന്നെ തകര്‍ന്നടിഞ്ഞു പോകും.
വ്രതം ആത്മീയാരോഹണത്തിനുള്ള ഊര്‍ജ്ജം സംഭരിക്കുവാനുള്ള വിനാഴികയാണ്. വ്രതം തീര്‍ക്കുന്ന നിശബ്ദതയിലും ഏകാന്തതയിലും ആരാധനയുടെ, സാധനയുടെ അരിക് പറ്റി തന്റെ ഉള്ളില്‍ തന്നെ ഘനനം ചെയ്ത് ഓരോ നോമ്പ് കാരനും ഈ കുതിപ്പിനുള്ള ഊര്‍ജ്ജം സ്വായത്തമാക്കേണ്ടതുണ്ട്. തന്റെയും ഇതര സൃഷ്ടിപ്രപഞ്ചത്തിന്റെയും ഉത്ഭവം നിലനില്‍പ്പ് പരിണിതി തുടങ്ങിയവയെ അവന്റെ മനോവ്യാപാര മേഖലകളാക്കി വേണം ഈ ശക്തിസംഭരണം. മറ്റ് ഏത് ആരാധനാ അനുഷ്ടാനങ്ങളെക്കാളും വ്രതത്തിലാണ് മനുഷ്യന്‍ ദൈവവുമായി അടുത്ത് ഇടപഴകുന്നത്. അത് കൊണ്ട് തന്നെയാണ് വ്രതത്തിന്റെ പ്രതിഫലം ഇതര അനുഷ്ഠാനങ്ങള്‍ക്ക് ഉപരി അല്ലാഹു സ്വയം ഏറ്റെടുത്തത്. കാരണം വ്രതം ബാഹ്യമായതിനെക്കാള്‍ ആന്തരീകമായി നടക്കുന്ന അനുഷ്ടാന മുറയാണ്. “മനുഷ്യ പുത്രന്റെ സര്‍വ്വ കര്‍മ്മങ്ങളും അവനുള്ളതാണ് എന്നാല്‍ വ്രതം എനിക്കുള്ളതാകുന്നു അതിന്റെ പ്രതിഫലം നിര്‍ണ്ണയിക്കുന്നത് ഞാനാണ്...” (ഹദീസ്) അന്ന പാനീയങ്ങളുടെ ത്യജനം വ്രതത്തിന്റെ ഭാഗീകമായ നിബന്ധനകളില്‍ ഒന്ന് മാത്രമാണ്.
വ്രതം സമ്പൂര്‍ണ്ണമാകുന്നത് ശാരീരിക മനോവ്യാപാര വ്യവഹാരങ്ങള്‍ ദൈവ ഹിതത്തിന്റെ ഭൂമികയില്‍ സമ്മേളിക്കുമ്പോഴാകുന്നു. കണ്ണും കാതും അടങ്ങുന്ന മറ്റ് ബാഹ്യാവയവങ്ങളും മസ്തിഷ്കവും മനസ്സും അടങ്ങുന്ന ആന്തരീകാവയവങ്ങളും ആമൂലാഗ്രം മനുഷ്യനെ പരിവര്‍വര്‍ത്തിപ്പിക്കാനും പുനര്‍ സൃഷ്ടി നടത്താനും ഒരുങ്ങുമ്പോള്‍ വ്രതം ഒരു ചാലക ശക്തിയായി പരിണമിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ പരിണാമമാണ് മനുഷ്യനെ സംസ്കൃതനും ഒരു ശക്തിസ്ത്രോതസ്സിന്റെ ഉടമയുമാക്കി മാറ്റുന്നത്. ഇവിടെ നിന്നാണ് തിന്മക്കെതിരെ ഉരുത്തിരിയുന്ന പ്രതിരോധശേഷി രൂപപ്പെടുന്നത്. പ്രവാചകന്‍ (സ) പറഞ്ഞു: “ വ്രതം ഒരു പ്രതിരോധമാണ്. അതിനെ അയാള്‍ തകര്‍ക്കാത്തിടത്തോളം..” ശത്രുപക്ഷത്തിന്റെ ആക്രമണങ്ങളില്‍ സുരക്ഷിതത്വവും പ്രതിരോധവും തീര്‍ക്കാന്‍ കഴിയുന്ന ജയിച്ചടക്കാനാകാത്ത കോട്ടയാണ് വ്രതം എന്ന് മറ്റു ചില സന്ദര്‍ഭങ്ങളില്‍ അവിടുന്ന് ഓര്‍മ്മപ്പെടുത്തി. “വ്രതമനുഷ്ടിക്കൂ അരോഗരാകൂ..” എന്ന് അവിടുന്ന് പറയുമ്പോള്‍ മനുഷ്യന്റെ ശാരീരികമായ പ്രതിരോധ ശേഷി തകര്‍ത്ത് കടെന്നെത്തുന്ന രോഗത്തെക്കുറിച്ച് മാത്രമല്ല. മറിച്ച് മനുഷ്യന്റെ മനോനിലയില്‍ കടന്നുകയറുന്ന ആനാരോഗ്യകരമായ ചിന്തകളും വികാരങ്ങളും കടെന്നെത്താതിരിക്കാനുള്ള ആരോഗ്യത്തെക്കുറിച്ച് കൂടിയാണ്. വ്രതം നോമ്പ്കാരനെ ബലപ്പെടുത്തുകയാണ്. ലൗകിക ദൗര്‍ബല്ല്യങ്ങളുടെ തിരയനക്കങ്ങളില്‍ തകരാതെ തിന്മയുടെ കൊടും കാറ്റുകളില്‍ ആടിയുലയാതെ സുസ്ഥിരനും സുശക്തനുമായി നീങ്ങാന്‍ അവനെ സഹായിക്കുന്നു വ്രതം. അതിനാല്‍ നോമ്പ് ദിനമായാല്‍ ആമാശയം ശൂന്യമാകുമ്പോള്‍ നിറയേണ്ടത് നോമ്പ്കാരന്റെ ആത്മാവാണ്.
ശൂന്യമാക്കേണ്ടത് പിന്നോട്ട് പിടിച്ച് വലിക്കുന്ന അഭികാമ്യമല്ലാത്ത വികാരങ്ങളെയാണ്. നിറക്കേണ്ടത് നന്മയിലേക്ക് വഴിവെട്ടുന്ന സര്‍വ്വ ധനാത്മകമായ ആവേഗങ്ങളെയാണ്. നിഷേധാത്മകമല്ലാത്ത സാക്ഷത്തായ നിര്‍മ്മിതിയുടെ നാന്ദികുറിക്കുന്നത് ഇത്തരം മനസ്സുകളില്‍ നിന്നാണ്. വംശം വര്‍ണ്ണം മതം ദേശീയത തുടങ്ങി മാനവനെ കൊല്ലാനും കൊല്ലിക്കാനും ഉപയോഗിക്കുന്ന സര്‍വ്വ നിര്‍വ്വചനങ്ങളും മറികടന്ന് വിവേചനങ്ങള്‍ ഇല്ലാതെ “നിങ്ങളുടെ ഈ സമുദായം യഥാര്‍ഥത്തില്‍ ഒരൊറ്റ സമുദായമാകുന്നു; ഞാന്‍ നിങ്ങളുടെ രക്ഷിതാവും . അതിനാല്‍, എനിക്ക് വഴിപ്പെടുവിന്‍.” (ഖുര്‍ആന്‍ 21: 92) എന്ന വിതാനത്തില്‍ എത്തുന്നത്. നിര്‍മ്മിതിയുടെ ആണിക്കല്ല് നോമ്പിന്റെ സാക്ഷാല്‍കാരമായ തഖ്‌വയാകുമ്പോള്‍ തകര്‍ക്കപ്പെടാനാകാത്തതാണ് ഇവിടെ ഓരോ നോമ്പകാരനും തങ്ങളുടെ ഉള്ളില്‍ പടുത്തുയര്‍ത്തുന്നത്. “എന്തു തോന്നുന്നു, ദൈവത്തോടുള്ള ഭക്തിയിലും സംതൃപ്തിയിലും തന്റെ കെട്ടിടത്തിനു അസ്തിവാര
മിട്ടവനാണോ ഉത്തമന്‍; അതല്ല, അടിമണ്ണിളകി ഇടിഞ്ഞുവീഴാന്‍ പോകുന്ന മണല്‍ത്തിട്ടയുടെ വക്കില്‍ കെട്ടിടം പണിയുകയും, അങ്ങനെ അവനെയുംകൊണ്ട് അത് നേരെ നരകാഗ്നിയില്‍ വീഴുകയും ചെയ്തവനോ? ഇത്തരം ധിക്കാരികളായ ജനത്തിന് അല്ലാഹു ഒരിക്കലും നേര്‍വഴി കാണിക്കുന്നില്ല.അവര്‍ പടുത്തുയര്‍ത്തിയ ഈ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ എന്നും സംശയം ജനിപ്പിച്ചുകൊണ്ടേയിരിക്കും. അവരുടെ ഹൃദയങ്ങള്‍ ശിഥിലമാവുകയെന്നല്ലാതെ (ഇനി അതില്‍നിന്നു രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല). അല്ലാഹു അഗാധജ്ഞാനമുള്ളവനും യുക്തിമാനുമാകുന്നു” (ഖുര്‍ആന്‍ 9:109). വ്രതത്തില്‍ നിന്ന് ആര്‍ജ്ജിച്ചെടുക്കുന്ന ബലത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് ഒരിക്കലും തകര്‍ക്കപ്പെടുകയില്ല. അതവന്റെ വിക്ഷേപണത്തറയും അന്വശരതയുടെ ആരാമങ്ങളിലേക്ക് കുതിച്ചെത്താനുള്ള ഊര്‍ജ്ജ സ്ത്രോത സ്സുമായി പരിണമിക്കും. തീര്‍ച്ച!