ജനുവരി ഒരോർ‍മ്മ


കെ.എൽ‍. ശ്രീകൃഷ്ണദാസ്

ബഹുമുഖപ്രതിഭയായിരുന്ന പി. പത്മരാജൻ‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ജനുവരി 24 ന് 27 വർ‍ഷം കഴിയുകയാണ്. മൂന്നു ദശാബ്ദത്തോളം ആയിട്ടും ഇന്നും അദ്ദേഹത്തിന്‍റെ കഥകൾ‍ വായിക്കപ്പെടുന്നു, നോവലുകൾ‍ ചർ‍ച്ച ചെയ്യപ്പെടുന്നു. ചലച്ചിത്രങ്ങൾ‍ പ്രേക്ഷകർ‍ ആവേശത്തോടെ ആസ്വദിക്കുന്നു. അദ്ദേഹത്തിന്‍റെ രചനകളെയോ ചലച്ചിത്രങ്ങളെയോ വിശകലനം ചെയ്യാനല്ല ഈ ലേഖനം. ഒരു പ്രിയ സുഹൃത്തിനോടുള്ള സ്നേഹോഷ്മളമായ ബന്ധത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓർ‍മ്മിക്കുകയാണ് ഞാൻ‍ ഈ വരികളിൽ‍.

1970 ജൂൺ‍ മാസത്തിൽ‍ ആയിരുന്നു കേന്ദ്ര ഇൻ‍ഫർ‍മേഷൻ‍ സർ‍വ്വീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട എന്‍റെ ആദ്യ നിയമനം. ജൂൺ‍ ഒന്നിന് ഞാൻ‍ തിരുവനന്തപുരത്ത് കേന്ദ്രഗവൺമെന്‍റിന്‍റെ ഫീൽ‍ഡ് പബ്ലിസിറ്റി ഓഫീസറായി ചാർ‍ജെടുത്തു. വഴുതക്കാട്ടുള്ള ആകാശവാണി നിലയത്തിന്‍റെ നേരെ എതിർ‍വശത്തായിരുന്നു എന്‍റെ ഓഫീസ്. ആകാശവാണിയിൽ‍ എന്‍റെ ഒരു അകന്ന ബന്ധുവും കൂടിയായ എൽ‍. പ്രതാപ വർ‍മ്മ പ്രമുഖ ന്യൂസ് റീഡർ‍മാരിൽ‍ ഒരാളായിരുന്നു. “വായിക്കുന്നത് പ്രതാപൻ‍” എന്ന പേരിൽ‍ അദ്ദേഹം ഏറെ പ്രസിദ്ധൻ‍ ആയിരുന്നു. അദ്ദേഹമാണ് എന്നെ പത്മരാജനുമായി പരിചയപ്പെടുത്തിയത്. പത്മരാജൻ‍ അന്ന് ആകാശവാണിയിൽ‍ അനൗൺ‍സർ‍ ആയിരുന്നു.

അതീവ സുമുഖനും ഘനഗംഭീരമായ ശബ്ദത്തിന്‍റെ ഉടമയും ആയിരുന്ന പത്മരാജൻ‍ ആകർ‍ഷകമായ വ്യക്തിത്വം കൊണ്ട് അനുഗ്രഹീതനായിരുന്നു. പത്മരാജൻ‍ സാഹിത്യരംഗത്ത് അന്നേ പ്രസിദ്ധൻ‍ ആയിരുന്നു. അക്കാലത്ത് ഞാനും ധാരാളം കഥകൾ‍ എഴുതിയിരുന്നതിനാൽ‍ ഞങ്ങൾ‍ വളരെ അടുത്ത സുഹൃത്തുക്കളാകാൻ‍ ഏറെക്കാലം വേണ്ടി വന്നില്ല. പൂജപ്പുരയിൽ‍ താമസിച്ചിരുന്ന പത്മരാജനും കരമന ശാസ്ത്രിനഗറിൽ‍ താമസിച്ചിരുന്ന പ്രതാപനും ഞാനും ഒരുമിച്ചാണ് പലപ്പോഴും ഓഫീസിലേക്കും തിരിച്ചും പൊയ്ക്കൊണ്ടിരുന്നത്. ആ കാൽ‍നടയാത്രകളിൽ‍ സാഹിത്യവും സിനിമയും സംഗീതവും ഒക്കെ ചർ‍ച്ചാവിഷയങ്ങൾ‍ ആയിരുന്നു. പിന്നീട് ഞാൻ‍ സ്ഥലം മാറ്റവും പ്രമോഷനും ഒക്കെ ആയി എറണാകുളത്തേക്കും ന്യൂഡൽ‍ഹിയിലേക്കും പോയി. പത്മരാജൻ‍ ആകാശവാണി വിട്ടു ചലച്ചിത്രരംഗത്ത് പ്രവേശിച്ച് വളരെ വേഗം സ്ഥിര പ്രതിഷ്ഠ നേടി.

1988 ൽ‍ ഞാൻ‍ കേന്ദ്ര ഫിലിം സെൻ‍സർ‍ ബോർ‍ഡിന്‍റെ കേരളത്തിലെ മേധാവി ആയി നിയമിതനായി. അതേ വർ‍ഷം പത്മരാജൻ‍ സംവിധാനം ചെയ്ത അപരൻ‍ എന്ന ചിത്രം സെൻ‍സറിംഗിന് എത്തി. ജയറാം ആദ്യമായി ചലചിത്ര രംഗത്തേയ്ക്ക് കടന്നു വന്നത് ഈ ചിത്രത്തിലൂടെയാണ്. രൂപസാമ്യം കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വത്തിന്‍റെ പ്രമേയം ഏറെ വ്യത്യസ്തമായിരുന്നു. മധു, പാർ‍വ്വതി തുടങ്ങിയവർ‍ ഒക്കെ അഭിനയിച്ച ആ ചിത്രത്തിലെ ചില സംഭാഷണങ്ങൾ‍ സെൻ‍സർ‍ നിയമങ്ങൾ‍ക്ക് വിരുദ്ധമായതിനാൽ‍ കട്ട് ചെയ്യേണ്ടി വന്നു. റീജിയണൽ‍ ഓഫീസറായ ഞാനും നാലു ഉപദേശക സമിതി അംഗങ്ങളും ചേർ‍ന്നാണ് ഓരോ ചിത്രവും സെൻ‍സർ‍ ചെയ്യുക. ചിത്രത്തിൽ‍ കട്ടുകൾ‍ വന്നത് പത്മരാജന് ഒട്ടും ഇഷ്ടപ്പെട്ടില്ല. കട്ടുകൾ‍ ഏതൊക്കെ എന്നു വിശദീകരിക്കാൻ‍ നിർ‍മ്മാതാവിനെയും സംവിധായകനെയും ഓഫീസർ‍ ചർ‍ച്ചയ്ക്ക് വിളിക്കാറുണ്ട്. ചർ‍ച്ച കഴിഞ്ഞു നിർ‍മ്മാതാവ് പുറത്തേയ്ക്ക് പോയപ്പോൾ‍ പത്മരാജൻ‍ പരിഭവത്തോടെയും അൽ‍പ്പം ദേഷ്യത്തോടെയും പറഞ്ഞു:

“എന്തോന്നാ ദാസേ ഈ ചെയ്തത്.? ദാസും ഒരു എഴുത്തുകാരനല്ലേ?

ഇങ്ങനാണോ സെൻസർ‍ ചെയ്യുന്നത്? സാറെന്നൊക്കെ വിളിക്കാത്തതുകൊണ്ടാണോ?”

ഞാൻ‍ ചിരിച്ചു. പത്മരാജന് ദേഷ്യം കൂടി.

“എന്തിനാ ചിരിക്കുന്നത്?”

ഞാൻ‍ പറഞ്ഞു:− “ഞാൻ‍ പത്മരാജനോട് ഒരു ചോദ്യം ചോദിച്ചോട്ടെ?

“ചോദിക്കു. ചോദിക്കു.” പത്മരാജൻ‍ ഗൗരവത്തിൽ‍ ഇരുന്നു.

“ഒരു പടം എങ്ങിനെ സംവിധാനം ചെയ്യണം എന്നു ഞാൻ‍ പറഞ്ഞാൽ‍ പത്മരാജൻ‍ കേൾ‍ക്കുമോ?”

“ഇല്ല. ഒരിക്കലുമില്ല. ആര് പറഞ്ഞാലും കേൾ‍ക്കത്തില്ല.”

“അപ്പോൾ‍ പിന്നെ ഒരു പടം എങ്ങിനെ സെൻ‍സർ‍ ചെയ്യണം എന്നു പത്മരാജൻ‍ പറഞ്ഞാൽ‍ ഞാൻ‍ കേൾ‍ക്കണോ?”

എന്‍റെ ചോദ്യം കേട്ട് പത്മരാജൻ‍ അൽ‍പനേരം മൗനമായിരുന്നു. മെല്ലെ മെല്ലെ ആ മുഖത്തെ ദേഷ്യം മാഞ്ഞു. പരിഭവം ഒരു മന്ദഹാസത്തിന് വഴിമാറി. പിന്നെ മെല്ലെ എണീറ്റ് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.”

“കാഞ്ഞ പുള്ളിയാ. എനിക്കറിയാന്‍മേലെ? ദാസ് എന്തെങ്കിലും ചെയ്യു.

സർ‍ട്ടിഫിക്കറ്റ് വേഗം കിട്ടിയാൽ‍ മതി”.

സൗഹൃദത്തിന്‍റെ ഒരു മഹാസാഗരമായിരുന്നു പത്മരാജൻ.‍ പിന്നീട് “സീസൺ‍”, “മൂന്നാം പക്കം” എന്നീ ചിത്രങ്ങളും ഞാൻ‍ തന്നെയാണ്‍ സെൻ‍സർ‍ ചെയ്തത്. ഒരു പ്രശ്നവും ഉണ്ടായില്ല. ഇടയ്ക്കു ഞാൻ‍ തമാശയായി പത്മരാജനോട് പറഞ്ഞു:

“എന്നെ സാർ‍ എന്നു വിളിക്കാത്തത് കൊണ്ട് പ്രശ്നം ഉണ്ടാക്കും കേട്ടോ?”

“ശ്ശെടാ! അതിപ്പഴും ഓർ‍ത്തിരിക്കുന്നോ? ഞാൻ‍ അപ്പഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞതല്ലെ? ക്ഷമിക്ക്.”

അങ്ങിനെ ആ സൗഹൃദം തുടർ‍ന്നു. 1990 അവസാനത്തിൽ‍ ഒരു ദിവസം പത്മരാജൻ‍ വിളിച്ച് പറഞ്ഞു.

“ദാസേ! അടുത്തയാഴ്ച ഒരു ദിവസം ജഗതിയിൽ‍ ഉള്ള എന്‍റെ ഫ്ളാറ്റിൽ‍ വരണം. നമുക്കൊരുമിച്ചു ഒരു ചെറിയ ഡിന്നർ‍. പ്യുവർ‍ വെജിറ്റേറിയൻ‍. പ്രതാപനും ചിലപ്പോൾ‍ വേണുവും (പ്രശസ്ത ക്യാമറാമാൻ‍) മാത്രം കാണും.

അങ്ങിനെ ഞങ്ങൾ‍ ഒത്തുകൂടി. രാത്രി ഏറെ നേരം സംസാരിച്ചിരുന്നു. യാത്ര പറഞ്ഞു ഇറങ്ങുന്പോൾ‍ പത്മരാജൻ‍ പറഞ്ഞു:

“ദാസിന്‍റെ ഡെപ്യൂട്ടേഷൻ‍ അവസാനിക്കുകയാണ്. അല്ലേ?”

“അതേ. ഞാൻ‍ മിക്കവാറും ന്യൂഡൽ‍ഹിക്ക് മടങ്ങും.”

പത്മരാജൻ‍ പറഞ്ഞ വാക്കുകൾ‍ ഞാൻ‍ ഇപ്പോഴും ഓർ‍ക്കുന്നു:

“എനിക്കു ദുഃഖമുണ്ട്. ഇനി അവിടെ വരുന്ന ഓഫീസറോട് ഇതുപോലെ എനിക്കു വഴക്കിടാനും ദേഷ്യപ്പെടാനും പറ്റില്ലല്ലോ.”

അന്നാണ് ഞങ്ങൾ‍ അവസാനമായി കണ്ടത്. പിന്നീട് കേട്ടത് ഹൃദയഭേദകമായ ആ ചരമവാർ‍ത്തയാണ്. എന്‍റെ അച്ഛന്‍റെ ശതാഭിഷേകം പ്രമാണിച്ച് ഞാൻ‍ ഗുരുവായൂരിൽ‍ ആയിരുന്നതിനാൽ‍ കോഴിക്കോട് നിന്നു മുതുകുളത്ത് കൊണ്ടുവന്ന ഭൗതികശരീരം അവസാനമായി ഒന്നു കാണാൻ‍ പോലും കഴിഞ്ഞില്ല. എങ്കിലും ആ ആത്മസുഹൃത്തിന്‍റെ ധന്യസ്മരണകൾ എന്നിൽ‍ എന്നും നിറഞ്ഞു നിൽക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed