റിപ്പബ്ലിക് ദിനം
എബിൻ രാജു കിഴക്കേതിൽ
ഇന്ന് ഭാരതം അതിന്റെ 70ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രണ്ട് നൂറ്റാണ്ടോളം നീണ്ടുനിന്ന ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി, ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായാണ് ജനുവരി 26ന് നമ്മൾ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ഭരണം നിർവ്വഹിക്കുകയും ചെയ്യുന്ന സന്പ്രദായമാണ് റിപ്പബ്ലിക് (ഗണതന്ത്രം). റിപ്പബ്ലിക് രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു. ഭരണഘടനയിലേയ്ക്കും റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രത്തിലേയ്ക്കും നമുക്കൊന്ന് തിരിഞ്ഞുനോക്കാം.
1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും രാജ്യത്ത് സ്വതന്ത്ര ഭരണവും ഇന്ത്യയുടെ പരമോന്നത ഭരണഘടനയും നിലവിൽ വന്നത് 1950 ജനുവരി 26നാണ്. 1947 മുതൽ 1950 വരെയുള്ള ഈ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. സി. രാജഗോപാലാചാരി ആയിരുന്നു ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ. 1950 ജനുവരി 26ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ ഭരണഘടന
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. ലിഖിത ഭരണഘടനയുള്ള റിപ്പബ്ലിക് രാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. ഇന്ത്യൻ ഭരണഘടനയ്ക്ക് 395 അനുച്ഛേദങ്ങൾ ഉണ്ട്. ഏറ്റവുമധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഇന്ത്യയുടേത് തന്നെയാണ്. 1949 നവംബർ 26−നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26ന് അത് പ്രാബല്യത്തിൽ വന്നു.
1946−ലെ കാബിനറ്റ് മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച കോൺസ്റ്റിറ്റുവന്റ് അസംബ്ലിക്കായിരുന്നു ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല. അസംബ്ലിയിൽ പ്രാദേശിക നിയമസഭകളിലെ പ്രതിനിധികളും നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും ഉൾപ്പെടെ 389 അംഗങ്ങളുണ്ടായിരുന്നു. ഭാരതം വിഭജിക്കപ്പെട്ടപ്പോൾ സഭയുടെ അംഗത്വം 299 അംഗങ്ങളായി ചുരുങ്ങി.
1946, ഡിസംബർ 9ന് ചേർന്ന ആദ്യ സഭയുടെ താത്കാലിക ചെയർമാൻ ഡോ. സച്ചിദാനന്ദ സിൻഹ ആയിരുന്നു. 1946 ഡിസംബർ 11ന് ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ റാവു ആയിരുന്നു. 29 ആഗസ്റ്റ്, 1947−ന് സഭ, അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ. ബി.ആർ അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ. റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ഭരണ ഘടനയുടെ മുഖ്യ ശിൽപി ഡോ.ബി.ആർ അംബേദ്കർ ആണ്.
ഇന്ത്യൻ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവെയ്ക്കുന്നത് 1950 ജനുവരി 25−നാണ്. തുടർന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത് 1950 ജനുവരി 26−നായിരുന്നു. ഇതിന്റെ ഓർമ്മയ്ക്ക് എല്ലാ വർഷവും ജനുവരി 26−ാം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.
ജീവിക്കുന്ന പ്രമാണം എന്നാണ് ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിക്കുന്നത്. ബ്രിട്ടൻ, അമേരിക്ക, റഷ്യ, കാനഡ, ആസ്‌ട്രേലിയ, ജർമ്മനി എന്നീ രാജ്യങ്ങളുടെ ഭരണഘടനകളിൽനിന്നും ചില അടിസ്ഥാന തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയിലേയ്ക്ക് കടമെടുത്തിട്ടുണ്ട്. പ്രായപൂർത്തിയായവർക്ക് വോട്ടവകാശം, മതേതരത്വം, ഏക പൗരത്വം, മൗലീകാവകാശങ്ങൾ, മൗലീക നിയമനങ്ങൾ എന്നിവ ഭരണഘടന ഉറപ്പാക്കുന്നു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഭേദഗതി ചെയ്യാവുന്ന ഒന്നാണ് ഭരണഘടനയെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം
“നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര− സ്ഥിതിസമത്വ −മതനിരപേക്ഷ− ജനാധിപത്യ −റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, ഇവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ധതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽവെച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏകദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.”