ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഊഷ്മളമായ റിപ്പബ്ലിക് ദിനാശംസകൾ
അലോക് സിൻഹ
ഇന്ത്യൻ അംബാസഡർ
ഇന്ത്യയുടെ 70−ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. സാന്പത്തിക മേഖലയിൽ ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. 2017ൽ 100ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018ൽ 23ാം സ്ഥാനത്ത് എത്തിയതായി 2019ലെ ഡോയിംഗ് ബിസിനസ് റിപ്പോർട്ടിൽ ലോകബാങ്ക് വ്യക്തമാക്കുന്നു. തുടർച്ചയായി രണ്ടാം വർഷമാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. രണ്ടു വർഷത്തിനിടയിൽ ഇന്ത്യ 53 റാങ്കുകൾ നേടിയതായാണ് ഡോയിംഗ് ബിസിനസ്സിന്റെ വിലയിരുത്തൽ.
സാന്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും സ്വകാര്യ, വിദേശ നിക്ഷേപങ്ങൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഭാരത സർക്കാരിന്റെ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഒരൊറ്റ രാജ്യം, ഒരൊറ്റ മാർക്കറ്റ്, ഒരൊറ്റ ടാക്സ് സിസ്റ്റം മുതലായവ പരിഷ്കാരങ്ങളിൽ ചിലതാണ്. ഇന്ത്യയിൽ ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നത് മുന്പത്തേക്കാളും എളുപ്പവും സുതാര്യവുമാണ്.
പരന്പരാഗതമായി, ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം ഊഷ്മളമാണ്. ഈ ബന്ധം ഇന്നും ശക്തമായി തന്നെ നിലനിൽക്കുന്നു. 2018ൽ രാഷ്ട്രീയ, സാന്പത്തിക, സാംസ്കാരിക, സാമൂഹ്യ മേഖലകളിലെ ഉഭയകക്ഷി ബന്ധം വളരെയധികം വളർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1 ബില്ല്യൺ യുഎസ് ഡോളറാണ്.
ബഹ്റൈൻ സന്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണവും മേക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികളും നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഈ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും രണ്ട് രാജ്യങ്ങളിലെയും ഗവൺമെന്റുകൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനമായി നിൽക്കുന്നത് ഇവിടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സാന്നിദ്ധ്യമാണ്.
ബഹ്റൈന്റെ വളർച്ചയ്ക്കും വികാസത്തിനും ഇന്ത്യയുടെ പുരോഗതിക്കും ഇരുവരും നൽകുന്ന വലിയ സംഭാവനകളെ ഈ അവസരത്തിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ബഹ്റൈനും ഇന്ത്യക്കും വളർച്ചയും വികസനവും അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.