ബഹുസ്വരതയുടെ ഭാരതം, സഹിഷ്ണുതയുടെയും

തേവലക്കര ബാദുഷ
“ഗ്രാമം തോറും നമ്മുടെ
പാദം ക്ഷേമം വിതറി നടക്കട്ടേ,
കൂരകൾ തോറും നമ്മുടെ കൈത്തിരി
കൂരിരുൾ കീറി മുറിക്കട്ടേ,
അടി പതറാതെ ജനകോടികൾ
പുതു പുലരിയിലേയ്ക്ക് കുതിക്കട്ടേ.....,
ഭാരതം, ബ്രിട്ടീഷ് കൈകളിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മ പുതുക്കലാണ് ജനുവരി 26ന് നാം ഇന്ത്യൻ റിപ്പബ്ലിക് ദിനമായി ആഘോഷിക്കപ്പെടുന്നത്. മഹത്തായ നമ്മുടെ രാജ്യം ഒരു പരമോന്നത റിപ്പബ്ലിക് ആയിട്ട് ഇന്നേയ്ക്ക് ഏഴു പതിറ്റാണ്ടുകളാകുന്നു. ഈ അവസരത്തിൽ ആ ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നൽകിയ മഹാരഥൻമാർക്ക് മുന്നിൽ നമുക്ക് ശിരസ്സ് നമിക്കാം... ഉറക്കെ പറയാം, “മേരാ ഭാരത് മഹാൻ”.
1947 ആഗസ്റ്റ് 15ന് അർദ്ധരാത്രിയിൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലർവെട്ടത്തിലേയ്ക്ക് കാൽവെച്ചെങ്കിലും ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 നായിരുന്നു. ഡോ. രാജേന്ദ്രപ്രസാദ് ഭാരതത്തിന്റെ പ്രഥമ രാഷ്ട്രപതിയായി നിയോഗിക്കപ്പെട്ടതും ആ ജനുവരി ഇരുപത്തിയാറിന് തന്നെ. സ്വാതന്ത്രാനന്തരം നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയതോടെ മഹത്തായ ഒരു സംസ്കൃതി, നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തിൽ നിന്ന് മോചനം നേടുകയായിരുന്നു. ഇപ്പോൾ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ബഹുമതിയോടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ പുതുശക്തിയായി പരിലസിക്കുകയാണ്.
എന്നാൽ ഇന്ന് ഒരു രാഷ്ട്രമെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഭീകര പ്രവർത്തനങ്ങളാണ് മിക്ക ലോകരാജ്യങ്ങളെയും പോലെ മുന്പ് ഇന്ത്യയ്ക്കും പ്രധാന ഭീഷണി ആയിരുന്നതെങ്കിൽ, ഇന്ന് മതേതര ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. സഹിഷ്ണുതയും ബഹുസ്വരതയും നഷ്ടപ്പെട്ട ഇന്ത്യയെയാണ് നമുക്കെവിടെയും കാണാൻ കഴിയുക.
ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും ലോകരാജ്യങ്ങൾക്കിടയിൽ ഏറെ പ്രശസ്തമായിരുന്നു. ഇന്നത്തെ ഇന്ത്യയിൽ ഇവ രണ്ടിനും സ്ഥാനമില്ലാതെയായിരിക്കുന്നു. ‘നാനാത്വത്തിൽ ഏകത്വ’മെന്നത് നമുക്ക് ഏറെ അഭിമാനം നൽകിയിരുന്നുവെങ്കിൽ, ഇന്ന് ഇന്ത്യയുടെ ഭരണകർത്താക്കൾ ഈ ആപ്തവാക്യത്തിൽ ഏറെ അതൃപ്തരാണ് എന്നത് നമ്മെ ഏറെ ഖിന്നരാക്കുന്നു. ഇത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജനതയുടെ സ്വാതന്ത്ര്യത്തിന് അതിർവരന്പുകൾ നിശ്ചയിക്കുന്നു. ഇപ്പോഴിതാ കേവലം പശുവിൻ്റെ പേരിലും മറ്റും നടക്കുന്ന നരഹത്യ തുടരുന്നത് ഹൃദയ ഭേദകം തന്നെയാണ്. മുഹമ്മദ് അഖിലാഖ്‌മാരും ജുനൈദുമാരും ഇനിയും ആവർത്തിക്കപ്പെടാതിരിക്കട്ടെ.
അയൽരാജ്യത്ത് നിന്നുള്ള ഭീകരർ ഇന്ത്യയുടെ മാറിൽ ചോരക്കളങ്ങൾ തീർത്തപ്പോഴും ഇന്ത്യ പാലിച്ച സംയമനം ഭീരുത്വമെന്ന് ആരും വിധിയെഴുതിയില്ല. മേഖലയിൽ സമാധാനം സൃഷ്ടിക്കാനും നയപരമായ സമീപനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനും ഭരണപ്രതിപക്ഷങ്ങൾ ഏകാഭിപ്രായം പുലർത്തി. ഇത്തരം സമീപനമാണ് ഇന്ത്യയ്ക്ക് ലോകരാജ്യങ്ങൾക്കിടയിൽ എന്നും മതിപ്പ് നൽകുന്നതും. ഇപ്പോഴിതാ രാജ്യത്തിനകത്ത് നടക്കുന്ന ഫാസിസത്തിന്റെ കടന്നു കയറ്റം ലോകരാജ്യങ്ങൾക്കിടയിൽ ചില്ലറയൊന്നുമല്ല അവമതിപ്പുണ്ടാക്കിയിട്ടുള്ളത്.
ഭീകരതയെയും ഫാസിസത്തെയും ഒരുപോലെ ഉൻമൂലനാശം ചെയ്യാൻ ഈ റിപബ്ലിക് ദിനത്തോടനുബന്ധിച്ചു നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങൾക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നിൽ മാതൃകയായി കാഴ്ച െവയ്ക്കാം.
മനുഷ്യനെ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വേർതിരിക്കുന്ന ഹിംസാത്മകമായ പ്രവൃത്തികൾ നടത്തി ശിഥിലീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്ക് മേൽ വ്യക്തമായ അധീശത്വം നേടാൻ നമുക്ക് കൈകോർത്ത് പിടിക്കാം. സമൂഹ മനഃസാക്ഷിയെ അടുത്തറിഞ്ഞ് ഈ വിധ്വംസക ശക്തികളെ നമ്മുടെ ഭാരത മണ്ണിൽ നിന്ന് തൂത്തെറിയാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം. ദേശത്തിന്റെ പരമമായ ധർമ്മം സഹിഷ്ണുതയായിരിക്കണമെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ വാക്കുകളും, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത് പോലെ ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നതെന്ന ഓർമപ്പെടുത്തലും ഈ റിപ്പബ്ലിക് ദിന വേളയിലും തുടർന്നും നമുക്ക് മറക്കാതിരിക്കാം. അതിനായി നമുക്കൊരുമിക്കാം. ഇനിയുള്ള റിപ്പബ്ലിക് ദിനങ്ങൾ ഇന്ത്യ പരമാധികാര രാജ്യമായതിന്റെ ഓർമ്മപ്പെടുത്തലിനുപരി ഇന്ത്യൻ മതേതരത്വം സംരക്ഷിക്കപ്പെടേണ്ടതിന്റെ കൂടി ഓർമ്മപെടുത്തലാകട്ടേ.
“അലസത അരുതേ നമ്മുടെ ലക്ഷ്യം
അരികെ, അരികെ, അരികേ”...
ജയ് ഹിന്ദ് !!!