അരുത്, വെറുതെ ഭീതി പരത്തരുത്


അഡ്വ: ജലീൽ

കഴിഞ്ഞാഴ്ച ബഹ്‌റൈനിലെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ഓൺലൈനിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരുപാട് പേർ ഷെയർ ചെയ്ത ആ വിഡിയോയിൽ പറയുന്നത് ബഹ്റൈനിൽ പ്രവാസ ജീവിതത്തിനു അന്ത്യമടുത്തു എന്നാണ്. വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന കച്ചവടക്കാരനും, വണ്ടി കഴുകുന്ന തൊഴിലാളിയും, വഴിപോക്കനും ഒക്കെ തീർത്തും ഹതാശരായി മടക്ക ടിക്കറ്റ് ബുക്ക് ചെയ്യാൻ നിൽക്കുന്നവരെ പോലെയാണ് സംസാരിച്ചത്. എന്നോട് സംസാരിച്ച ഒരുപാട് പേർ ഈ വീഡിയോ റെഫർ ചെയ്തു ബഹ്‌റൈനിലെ പ്രവാസികളുടെ ഇരുളടഞ്ഞ ഭാവിയെ കുറിച്ച് സംസാരിച്ചപ്പോൾ എന്താണ് യഥാർത്ഥ ചിത്രം എന്ന് പരിശോധിക്കണം എന്ന് തോന്നി.

ആ വീഡിയോ കണ്ടപ്പോൾ അതിൽ യാതൊരു വിധ സ്ഥിതിവിവര കണക്കുകളോ ഗവേഷണമോ ഇല്ലാതെ തികച്ചും വൈകാരികവും ഉപരിപ്ലവവുമായ നിരീക്ഷണങ്ങൾ മാത്രമേയുള്ളൂ. അതിൽ പ്രധാനമായും പ്രശ്നവൽക്കരിക്കുന്നത് ഏഷ്യൻ താമസക്കാർ (ഇന്ത്യൻ, പാക്കിസ്ഥാനി, ഫിലിപ്പൈനി, ബംഗ്ലാദേശി) വീടൊഴിഞ്ഞു പോകുന്നു, കുടുംബങ്ങളെ നാട്ടിലയക്കുന്നു, കച്ചവടസ്ഥാപനങ്ങൾ പൂട്ടുന്നു എന്നൊക്കെയാണ്. അതിനു കാരണമായി പറയുന്നത് വൈദ്യുതി നിരക്ക് വർദ്ധനയും, കച്ചവടം കുറഞ്ഞതും വാറ്റ് വന്നതും ഒക്കെയാണ്.

ശരിക്കും പ്രവാസികൾ നാട് വിടുന്നുണ്ടോ?

ആ വീഡിയോ വന്നതിനു ശേഷം ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്സ്&റെസിഡൻസ് വകുപ്പ് അണ്ടർ സെക്രെട്ടറി ഷെയ്ഖ് റാഷിദ് ബിൻ ഖലീഫ അൽ ഖലീഫ തന്നെ പത്രക്കുറിപ്പുമായി വന്നു. ബഹ്റൈനിൽ പ്രവാസികൾ നാട് വിടുന്നു എന്നത് തീർത്തും തെറ്റായ പ്രചാരണമാണ് എന്ന്. ഇനി നമുക്ക് ചില കണക്കുകൾ നോക്കാം.

എൽഎംആർഎ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2010 ആദ്യപാദത്തിൽ 457694 വിദേശി തൊഴിലാളികളാണ് ഉണ്ടായിരുന്നത്, അത് 2018 രണ്ടാം പാദം ആകുന്പോൾ 600857 ആയിരിക്കുന്നു. എന്നുവെച്ചാൽ രാഷ്ട്രീയ പ്രശനങ്ങളും സാന്പത്തിക മാന്ദ്യവും തൊഴിൽ നിയമ പരിഷ്കരണവും ഒക്കെ നടന്ന കാലഘട്ടമായിട്ടും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 143163 വിദേശതൊഴിലാളികൾ കൂടിയിരിക്കുന്നു. ഏതാണ്ട് 24% വർദ്ധനവ്. പത്തു കൊല്ലം കൊണ്ട് കൂടിയതല്ലേ ഇപ്പൊ പുതിയ ആളുകൾ വരുന്നുണ്ടോ എന്നാണു ചോദ്യമെങ്കിൽ അതും ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. 2010ൽ ശരാശരി 101064 പുതിയ വിസക്കാരാണ് വന്നതെങ്കിൽ അത് 2018 ആവുന്പോൾ പ്രതിവർഷം 158264 ആണ്. ഇനി നിങ്ങൾ തന്നെ നോക്കൂ, നിങ്ങൾക്കറിയാവുന്ന എത്ര പേർ ജോലി കിട്ടാതെ, അല്ലെങ്കിൽ കച്ചവടം പൂട്ടി ബഹ്‌റൈൻ വിട്ടിട്ടുണ്ട്? ഇല്ല എന്നോ വിരലിൽ എണ്ണാവുന്നതു എന്നോ ആയിരിക്കും ഉത്തരം. അപ്പൊ കാര്യങ്ങളെ സാമാന്യവൽക്കരിക്കുന്നതെങ്ങിനെ?

ബഹ്റൈനിൽ ആണോ ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതി നിരക്ക്?

ചില സുഹൃത്തുക്കൾ എങ്കിലും അങ്ങിനെ വിശ്വസിക്കുന്നത് കണ്ടു. ആരോഗ്യകരമായ ഒരു സാന്പത്തിക വ്യവസ്ഥയിൽ സബ്‌സിഡികൾ ഒരു രാജ്യത്തിന്റെ സന്പദ്ഘടനയെ തകർക്കുന്ന ഒന്നാണ്. ക്ഷേമരാഷ്ട്രം എന്ന സങ്കൽപ്പത്തിന്റെ ഭാഗമായി വരുമാനം കുറഞ്ഞവരുടെയും ജീവിത നിലവാരം ഉയരട്ടെ എന്ന ആശയമുള്ളതു കൊണ്ടാണ് പല രാജ്യങ്ങളും വിവിധ വിഭാഗങ്ങളിലായി സബ്‌സിഡികൾ അനുവദിക്കുന്നത്. ബഹ്‌റൈനിലെ 98% ഇലക്ട്രിസിറ്റിയും ഉത്പാദിപ്പിക്കുന്നത് എണ്ണയിൽ നിന്നാണ് (നമ്മുടെ നാട്ടിലെ പോലെ ജല/ആണവ/താപ വൈദ്യുതി നിലയങ്ങൾ ഒന്നും ഉണ്ടാക്കാനുള്ള പ്രകൃതി വിഭവങ്ങൾ ഇല്ല എന്ന് സാരം) അറബ് ലോകത്താകെ ക്രൂഡ് ഓയിൽ വരുമാനം കൂപ്പുകുത്തിയ 2015നു ശേഷമാണ് ബഹ്‌റൈൻ അതുവരെ ഈടാക്കിയിരുന്ന 3000 യൂണിറ്റ് വരെ 3ഫിൽ‌സ്/കിലോവാട്ട് എന്ന നിരക്കിൽ നിന്നും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

ആ നിരക്ക് അന്നും ആഗോള ശരാശരിയേക്കാൾ 35 ഫിൽ‌സ് കുറവായിരുന്നു. ഘട്ടം ഘട്ടമായി മൂന്നു വർഷം കൊണ്ട് സബ്‌സിഡി പിൻവലിച്ച് യൂണിറ്റിന് 29 ഫിൽ‌സ് ആവുന്ന വിധം ആയിരുന്നു നിരക്ക് വർദ്ധന നടപ്പാക്കിയിരുന്നത്. അതുപ്രകാരം ഈ വർഷം മാർച്ചോട് കൂടി അവസാനഘട്ടം ആരംഭിക്കും. ഈ വർഷം മുതൽ സ്ലാബുകൾ എടുത്തു കളയുകയും ഗാർഹിക ആവശ്യത്തിന് എത്ര ഉപയോഗിച്ചാലും ഒരേ നിരക്ക് ഈടാക്കുകയും ചെയ്യുന്ന വിധമാണ് പരിഷ്കരണം.

ഏറ്റവും കൂടുതൽ വൈദ്യുതി നിരക്ക് ജർമ്മനിയിലാണ്. അവിടെ യൂണിറ്റിന് 120 ഫിൽ‌സ് വരും. ബഹ്‌റൈനിൽ അടുത്ത മാർച്ചിലെ നിരക്ക് വർദ്ധന ഉണ്ടായാൽ പോലും ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, അമേരിക്ക എന്നീ രാജ്യങ്ങളെക്കാൾ നിരക്ക് കുറവായിക്കും.

അപ്പൊ നിരക്ക് കൂടിയത് പ്രശ്നമല്ല എന്നാണോ?

അല്ല. പ്രശ്നമാണ്. പല കുടുംബങ്ങളുടെയും പ്രതിമാസ ബജറ്റ് താളം തെറ്റിയിട്ടുണ്ട്‌. കുറ്റം പറയലോ ഇട്ടെറിഞ്ഞു പോവലോ അല്ല പരിഹാരം. കൂടിയ നിരക്ക് എന്തായാലും കുറയാൻ പോകുന്നില്ല. പിന്നെ ചെയ്യാവുന്നത് ഉപഭോഗം കുറക്കുക എന്നത് മാത്രമാണ്. മറ്റേതു രാജ്യത്തെക്കാളും മികച്ചതാണ് ഇവിടുത്തെ ബില്ലിംഗ് രീതികൾ. നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ നോക്കൂ. എത്രയാണ് നിങ്ങളുടെ വൈദ്യുതി ഉപഭോഗം? ബഹ്‌റൈനിലെ പ്രതിമാസ ശരാശരി പെർ ക്യാപിറ്റൽ വൈദ്യുതി ഉപഭോഗം 1632 യൂണിറ്റാണ്. ഇത് ലോക ശരാശരിയായ 265 യൂണിറ്റിനെക്കാൾ ആറ് മടങ്ങ് കൂടുതലാണ്. ഇന്ത്യയിലെ ശരാശരി ആളോഹരി ഉപഭോഗം പ്രതിമാസം വെറും 95 ആണെന്ന് അറിയുന്പോഴാണ് നമ്മളെത്ര ധാരാളികൾ ആണെന്ന് മനസ്സിലാകുക.

ഇവിടെ ഏസി ഇടാതെ പറ്റുമോ എന്നൊക്കെ ന്യായീകരിക്കാൻ വരട്ടെ. നമ്മൾ എത്ര പേർ താമസിക്കുന്ന ഫ്ളാറ്റിന്റെ ബൾബുകളും ട്യൂബുകളും ഊർജ്ജോപയോഗം കുറഞ്ഞവയാക്കിയിട്ടുണ്ട്? ഉപഭോഗം കുറയ്ക്കാൻ ഇലക്ട്രിസിറ്റി ബോർഡ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ പറയുന്ന ഉപായങ്ങൾ നമ്മളെത്ര പേർ പ്രയോഗത്തിൽ കൊണ്ട് വന്നിട്ടുണ്ട്? തണുപ്പ് കാലത്ത് 24 മണിക്കൂറും സ്വിച്ച് ഓൺ ആയി കിടക്കുന്ന വാട്ടർ ഹീറ്ററുകൾ മാറ്റി സൗരോർജ്ജ ഹീറ്ററുകൾ വെയ്ക്കാൻ ഇനിയും എന്തിനാണ് അമാന്തിക്കുന്നത്? ചുരുക്കത്തിൽ പഴയ 3 ഫിൽ‌സ് കാലത്തെ പോലെ തന്നെ ധാരാളിയായി വൈദ്യുതി ഉപയോഗിക്കുകയും ബില്ല് വരുന്പോൾ പരിദേവനം നടത്തുകയും ചെയ്യുന്ന നമ്മുടെ രീതിയല്ലേ മാറേണ്ടത്.

വാറ്റ് വന്നപ്പോൾ ജീവിത ചെലവ് ഭീമമായി കൂടിയോ?

നമുക്ക് കണക്കുകൾ പരിശോധിക്കാം. അഞ്ചു ശതമാനമാണ് ബഹ്‌റൈനിലെ നികുതി നിരക്ക്. (ഇന്ത്യയിൽ കുറഞ്ഞ നികുതി ഇപ്പോൾ 18% ശതമാനമാണെന്ന് ഓർക്കണം) അതിൽ തന്നെ മാസച്ചെലവിലെ മുഖ്യ പങ്കായ വീട്ടുവാടകയ്ക്കും, ഒട്ടു മിക്ക ഭക്ഷണ പദാർത്ഥങ്ങൾക്കും, ചികിത്സയ്ക്കും, സ്കൂൾ ഫീയ്ക്കും നികുതിയില്ല. ചുരുക്കത്തിൽ ശരാശരി നാനൂറ് ദിനാർ പ്രതിമാസ ജീവിത ചെലവുള്ള ഒരാൾക്ക് അതിൽ ഏതാണ്ട് നൂറു ദിനാറിന് മാത്രമേ ടാക്സ് കൊടുക്കേണ്ടി വരുന്നുള്ളൂ. എന്നുവെച്ചാൽ മാസത്തിൽ 5 ദിനാർ ആണ് ജീവിത ചെലവിൽ വരുന്ന വർദ്ധനവ്.

ഇനി താഴെയുള്ള ഗ്രാഫ് കൂടി കാണുക. ഓരോ രാജ്യത്തെയും ജീവിതച്ചെലവിന്റെ മാനദണ്ധമായി സാന്പത്തിക വിദഗ്ദ്ധർ കണക്കാക്കുന്ന ഉപഭോക്‌തൃവില സൂചികയുടെ (Consumer Price Index -CPI) രാജ്യങ്ങൾ തമ്മിൽ കഴിഞ്ഞ എട്ട് വർഷം കൊണ്ടുണ്ടായ വാർദ്ധനവിന്റെ താരതമ്യം ആണത്. ഒരു രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും അവശ്യ സേവനങ്ങളുടെയും വിലയും ഉപഭോഗവും കണക്ക് കൂട്ടി അതിന്റെ വെയിറ്റെഡ് ആവറേജ് എടുത്താണ് സിപിഐ കണക്കു കൂട്ടുന്നത്.

ഇത് പ്രകാരം എട്ട് വർഷം കൊണ്ട് ഇന്ത്യയിലും പാകിസ്താനിലും അമേരിക്കയിലും ഒക്കെ ജീവിതച്ചെലവ് കുതിച്ചു ചാടിയപ്പോൾ ബഹ്‌റൈനിലെ വർദ്ധനവ് 15% മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇവിടം വിട്ടോടുന്നവർ എരിതീയിൽ നിന്നും വറചട്ടിയിലേക്കാണ് ചാടാൻ പോകുന്നത്.

എന്ത് കൊണ്ടാണ് ഫ്‌ളാറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്?

നിങ്ങൾ ഈയടുത്തു ടൂബ്‌ളിയിൽ പോയിട്ടുണ്ടോ. മൂന്നു വർഷം മുൻപ് വരെ വിജനമായിരുന്ന ഒരു പ്രദേശമായിരുന്നു അത്. അതുപോലെ തന്നെയാണ് ഹിദ്ദ്. ഇവിടങ്ങളിൽ ഒക്കെ മിഡിൽ ക്ലാസ് കുടുംബത്തിന് ബജറ്റിലൊതുങ്ങുന്ന ആയിരക്കണക്കിന് ഫ്ളാറ്റുകളാണ് പുതുതായി വന്നിട്ടുള്ളത്. മനാമയിലെയും ഗുദേബിയയിലെയും തിരക്കുകളിൽ നിന്നും പാർക്കിങ് ബുദ്ധിമുട്ടുകളിൽ നിന്നും ധാരാളം പ്രവാസികൾ ഇവിടങ്ങളിലേക്കു ചേക്കേറി കഴിഞ്ഞു. വീടുകളുടെ ലഭ്യത ആവശ്യത്തിനും അധികമാവുന്പോൾ സ്വാഭാവികമായും ഒഴിവുകൾ വരും. സംശയമുണ്ടെങ്കിൽ നിങ്ങളുടെ താമസ സ്ഥലത്തു നോക്കൂ. എത്ര ഫ്ളാറ്റുകൾ ഒഴിവുണ്ട്. ഊതിപ്പെരുപ്പിച്ച കണക്കുകൾക്കും സാമാന്യവൽക്കരണങ്ങൾക്കുമപ്പുറം യാഥാർത്ഥ്യം ഇവയൊക്കെയാണ്.

ഏതൊക്കെ കച്ചവടങ്ങളാണ് പൂട്ടിപ്പോയത്?

സാങ്കേതിക വിദ്യയിലും ഉപഭോക്താക്കളുടെ ജീവിത രീതിയിലും ഉണ്ടായ മാറ്റങ്ങളോടൊന്നും പ്രതികരിക്കാതെ പരന്പരാഗത രീതിയിൽ കച്ചവടം ചെയ്യുന്ന ചില സ്ഥാപനങ്ങൾ പൂട്ടിപ്പോയിട്ടുണ്ട്. ഉദാഹരണത്തിന് ചെറുകിട കോൾഡ് സ്റ്റോറുകൾ. ഉപഭോക്താക്കൾ കൂട്ടത്തോടെ സൂപ്പർ മാർക്കറ്റുകളിലേയ്ക്കു പോകുന്നതിനു കാരണങ്ങൾ ഉണ്ട്. ഒന്ന് കാർഡോ മൊബൈൽ വാലെറ്റോ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം എന്നത്. 90% കോൾഡ് സ്റ്റോറുകളിലും ഇതിനുള്ള സൗകര്യം ഇനിയും ഉണ്ടാക്കിയിട്ടില്ല. മറ്റൊന്ന് ഓഫറുകളും പ്രൊമോഷനും. ഒരു കോൾഡ് സ്റ്റോറും ഉപഭോക്താവിനെ ആകർഷിക്കാൻ ഒരു തരത്തിലുള്ള പദ്ധതിയും നടത്തുന്നില്ല. കാലം മാറുന്പോൾ അതിനൊത്ത് കച്ചവട രീതികളും മാറ്റാതെ കച്ചവടമില്ലെന്നു കുറ്റം പറഞ്ഞിട്ടെന്തു കാര്യം. മറ്റൊന്ന് സൂഖുകളിൽ നടക്കുന്ന വസ്ത്രങ്ങളുടെയും ഇലക്ട്രോണിക് ഉപകാരങ്ങളുടെയും കച്ചവടം. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ചുരിദാറും ബാഗും എത്രയോ വീട്ടമ്മമാർ സൂഖിൽ കടയിട്ടിരിക്കുന്നവരേക്കാൾ കൂടുതൽ കച്ചവടം നടത്തുന്നുണ്ട്. എന്ത് കൊണ്ടാണ് ആ കടയിൽ വെറുതെ നേരം കൊന്നിരിക്കുന്നവന് ഒരു വാട്സാപ്പ് ബ്രോഡ്കാസ്റ്റിംഗ് നടത്തി ഉൽപ്പന്നങ്ങളെ ആളുകളിലേയ്ക്ക്‌ എത്തിക്കാൻ തോന്നാത്തത്?

പതിനഞ്ച് വർഷം മുന്നേ ബഹ്റൈനിൽ ആദ്യമായി വന്നു ജോലിയന്വേഷിച്ചു നടക്കുന്പോൾ ഒരു പാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്. “എന്തിനാ വന്നത്? ഗൾഫിന്റെ കാലം ഒക്കെ കഴിഞ്ഞു. ഞങ്ങളൊക്കെയും കിട്ടിയതെടുത്തു രക്ഷപ്പെടാൻ നിക്കുകയാ” എന്ന്. അന്നങ്ങിനെ പറഞ്ഞവർ ഇപ്പോഴും ഇവിടെ ഉണ്ടെന്നു മാത്രമല്ല അവരുടെ മക്കളെ ഇവിടെ കൊണ്ട് വന്നു ജോലിക്കായി എന്റടുത്തു തന്നെ വന്നിട്ടും ഉണ്ട്. കുറ്റം പറഞ്ഞിരിക്കുന്നവർ പുതുതായൊന്നും ചിന്തിക്കാനും പ്രവർത്തിക്കാനും മടിയുള്ളവരാണ്. അവരെ ഉയർത്തിക്കാട്ടുന്പോൾ അനാവശ്യമായെങ്കിലും ഒരു ആശങ്ക പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

സൗദിയിലെ പോലെ ഉള്ള സ്വദേശിവൽക്കരണമൊന്നും ബഹ്‌റൈനിൽ നടപ്പാക്കാൻ സാധ്യതയില്ല. മാത്രവുമല്ല സ്വദേശികളുടെയും വിദേശികളുടെയും സ്റ്റാർട്ട് അപ്പ് ആശയങ്ങൾക്ക് അധികാരികളും ബാങ്കുകളും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതും ഉണ്ട്. പല കാര്യങ്ങൾ കൊണ്ടും പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ. അനാവശ്യമായി ഭീതി പരത്തുന്നവരോട് സ്ഥിതിവിവരക്കണക്കുകൾ വെച്ച് സംസാരിക്കുക. അത് ഈ രാജ്യത്തോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ഉപകാരസ്മരണയായിരിക്കും.

You might also like

Most Viewed