കാഴ്ചകൾ, ഉൾക്കാഴ്ചകൾ
അഡ്വ: സുജ മേനോൻ
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? പ്രപഞ്ചം ഉണ്ടായത് ബിഗ് ബാംഗ് വഴിയോ അതോ ദൈവം വഴിയോ? ബിഗ് ബാംഗ് എങ്കിൽ അതിനു ആസ്പദമായ ഘടകങ്ങൾ ആരുണ്ടാക്കി? ദൈവമോ? എങ്കിൽ ആ ദൈവം എങ്ങനെ ഉണ്ടായി? ഇതെല്ലം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആണ്. ദൈവവിശ്വാസികൾ പറയും ദൈവം ആണ് എല്ലാത്തിനും ആധാരം എന്ന്. അവിശ്വാസികൾ അങ്ങനെ അല്ലെന്ന് പറഞ്ഞു വിശ്വാസങ്ങളെയും ആചാരങ്ങളെയും തള്ളി പറയും, അല്ലെങ്കിൽ അങ്ങനെയുള്ള വിഷയങ്ങളിൽ നിസ്സംഗത പാലിക്കും. പ്രപഞ്ചസത്യം നമ്മുടെ കൈവെള്ളയിലല്ല എന്നിരിക്കെ, വിശ്വാസികൾ അവരുടെ വിശ്വാസത്തിന് അനുസരിച്ചും അല്ലാത്തവർ അതിനനുസരിച്ചും ജീവിക്കട്ടെ. അതല്ലേ അതിന്റെ ഒരു ശരി.
ഇനി ശബരിമല പ്രശ്നം. പ്രശ്നം എന്ന വാക്കിൽ തന്നെ ഒരു വലിയ പ്രശ്നം ഇല്ലേ! യഥാർത്ഥത്തിൽ അവിടെ ഒരു പ്രശ്നം ഉണ്ടാവേണ്ട കാര്യം ഉണ്ടോ? ഉണ്ടെങ്കിൽ അതെങ്ങിനെ ഉണ്ടായി? ഇല്ലെങ്കിൽ ആരാണ് അത് ഉണ്ടാക്കിയത്?
ജാതിമതഭേദമെന്യേ എല്ലാ വിശ്വാസികളും നാൽപ്പത്തൊന്നു ദിവസം കഠിനവ്രതം എടുത്ത്, സ്വാമിമാരും മാളികപ്പുറങ്ങളുമായി, അയ്യപ്പന് തുല്യമായ ദൈവസത്ത ഉൾക്കൊണ്ട് പോയിരുന്ന ആരാധനാലയമാണ് ശബരിമല സന്നിധാനം.
അമ്മയുടെ വിശ്വാസത്തിനനുസരിച്ച്്, വീട്ടിൽ രണ്ടു നേരം വിളക്ക് കൊളുത്തുന്നതിന് അപ്പുറം നാമം ജപിക്കുകയോ അന്പലത്തിൽ പോകുകയോ ചെയ്യാതിരുന്ന ഒരു മിലിറ്ററി ഉദ്ദ്യോഗസ്ഥന്റെ മകളാണ് ഞാൻ. അമ്മയുടെ തറവാട്ടിൽ അവധിക്കു പോകുന്പോൾ, അവിടെ നാൽപ്പത്തൊന്നു ദിവസം വ്രതം എടുത്തും, മാല ഇട്ടും, എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചും, കൊട്ടും ജപവുമായി ശബരിമലയിൽ പോയിരുന്ന അമ്മാവന്മാരെയും കണ്ടിട്ടുണ്ട്. അവരുടെ കൈയിൽ ശാസ്താവിന് അർപ്പിക്കാൻ നെയ്ത്തേങ്ങ നിറച്ചു കൊടുത്തയച്ചിട്ടുമുണ്ട്. അപ്പോൾ കൗതുകത്തോടെ ഒരു ചെറുപുഞ്ചിരിയുമായി നോക്കിനിൽക്കുന്ന അച്ഛന്റെ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. അച്ഛന്റെ അവിശ്വാസത്തോട് അമ്മയുടെ വീട്ടുകാരോ, അമ്മയുടെയും അമ്മാവന്മാരുടെയും വിശ്വാസത്തോട് അച്ഛനോ പുച്ഛിച്ചു കണ്ടിട്ടില്ല. നിസ്സംഗത പാലിച്ചിട്ടില്ല. പരസ്പര ബഹുമാനം ആണ് എന്നും കണ്ടിരുന്നത്.
ഇപ്പോൾ ശബരിമല വിഷയം ചർച്ച ചെയ്യപെടുന്പോഴും ഞാൻ ആലോചിക്കുന്നത്− എന്തിനാണീ ചർച്ച? ഇപ്പോഴത്തെ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ− എന്തിനാണീ ജഗപൊക? വിശ്വാസികൾ അവരുടെ വിശ്വാസിത്തിനനുസരിച്ചു പ്രവർത്തിക്കട്ടെ, ജീവിക്കട്ടെ. അല്ലാത്തവർ അതിൽ കയറി ഇടപെടാതിരിക്കുക, അഭിപ്രായം പറയാതിരിക്കുക. അതല്ലേ മര്യാദ.
ശബരിമല ആചാരങ്ങൾ അനുസരിച്ച് പത്തിനും അന്പതിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾ, അതായത് ആർത്തവം ആരംഭിക്കുന്ന പ്രായത്തിനു മുൻപും അത് നിലച്ചതിനു ശേഷവും ഉള്ള പ്രായത്തിൽ പെട്ട പെൺകുട്ടികളും സ്ത്രീകളും, മാത്രം പോയിരുന്നതാണ് ശബരിമല സന്നിധാനം. പക്ഷെ ഇപ്പോൾ സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നു. ഏതു പ്രായത്തിൽ പെട്ട സ്ത്രീകൾക്കും അവിടെ ദർശനം നടത്താം. ആ വിധിയിൽ ഒരു റിവ്യൂ പെറ്റീഷനും നിലനിൽക്കുന്നു. റിവ്യൂ എന്ന വാക്കിന്റെ അർത്ഥം തന്നെ പുനർചിന്തിക്കുക എന്നാണ്. പുനർചിന്തിക്കാൻ ഇന്ത്യ മഹാരാജ്യത്തിന്റെ പരമോന്ന നീതിപീഠം തീരുമാനിച്ചിരിക്കെ, ‘സുപ്രീം കോടതി വിധി വന്നേ− ഞങ്ങൾ യുവതികളെ പ്രച്ഛന്നവേഷം ധരിപ്പിച്ചാണെങ്കിലും ശബരിമല കയറ്റുമെ’ എന്ന് ഒരു കൂട്ടർ ധാർഷ്ട്യം കാണിക്കുന്നത് എന്തുകൊണ്ട്?
റിവ്യൂ ഹർജി അവിടെ നിൽക്കട്ടെ. ഒരു മതം നിഷ്കർഷിക്കുന്ന ആചാരാനുഷ്ടാനങ്ങൾ പാലിക്കണോ, അതോ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അത് കാര്യമാക്കാതെ വിട്ടുകളയണോ എന്ന നിസ്സാരചോദ്യത്തിനു അപ്പുറത്തേയ്ക്ക് കാര്യങ്ങൾ പോയിരിക്കുന്നു. കേരളസംസ്ഥാനം ഭരിക്കുന്നവർ അതിനപ്പുറത്തേയ്ക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.
സുപ്രീംകോടതി വിധി വന്നപ്പോൾ ഉത്തരവാദിത്വം ഉള്ള ഒരു ഭരണകൂടം എന്ന നിലക്ക് സംസ്ഥാന സർക്കാരിന് ചെയ്യാമായിരുന്ന കാര്യങ്ങൾ− ഒന്നുകിൽ, റിവ്യൂ ഹർജി നിലനിൽക്കുന്ന സ്ഥിതിക്ക് വിശ്വാസികളുടെ വികാരങ്ങളെ മാനിച്ച് ഹർജിക്ക് ഒരു തീരുമാനം ആകുന്നവരേക്കും യുവതികൾ മല ചവിട്ടാതെ നോക്കാമായിരുന്നു. അവിശ്വാസികൾ ആയ കുറച്ചു യുവതികൾ ഒഴികെ മറ്റു സ്ത്രീകളാരും അതിനു ശ്രമിക്കാത്ത സ്ഥിതിക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യവും അല്ലായിരുന്നു. അതുമല്ലെങ്കിൽ, വിധി നടപ്പാക്കാൻ ഔത്സുക്യം(!) ഉള്ള ഒരു ഭരണകൂടം എന്ന നിലക്ക് ശബരിമല തന്ത്രിയോടും, പന്തളം രാജകുടുംബത്തോടും, കേരളത്തിലെ ഹിന്ദു സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടനകളുടെ നേതാക്കന്മാരോടും കൂടിയിരുന്ന് വിഷയം ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്താമായിരുന്നു. അത് ചെയ്തിരുന്നുവെങ്കിൽ, എല്ലാ ആചാരങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഹിന്ദുക്കൾക്ക് സമ്മതമായ ഒരു പൊതുതീരുമാനത്തിൽ എത്താൻ ഒരുപക്ഷെ സാധിക്കുമായിരുന്നു.
മാർക്സും, എൻഗേൽസും, കമ്മൂണിസം എന്ന പ്രത്യയശാസ്ത്രം വഴി കമ്യുണിസ്റ്റ്കാരെ പഠിപ്പിച്ചത് ശത്രൂവിനെയും എതിരഭിപ്രായം പറയുന്നവരെയും ഉന്മൂലനം ചെയ്യുകയും അതുവഴി മറ്റൊരു രാഷ്ട്രീയ പാർട്ടിയെയും, സംഘടനയെയും വളരാൻ അനുവദിക്കാതെ, ഏകാധിപത്യപരമായി വാഴ്ച നടത്തുക എന്നത് മാത്രമാണോ ?
ഒരു സമുദായത്തിന്റെ ആചാരങ്ങളെ മാത്രം സംസ്ഥാനഭരണകൂടം ലക്ഷ്യമിടുന്നതെന്തു കൊണ്ട് എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ കുറ്റം പറയാൻ ആകുമോ? അതല്ലെങ്കിൽ, ഇതര മതസ്ഥരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്പോൾ, അത് മതപരമോ, സാമൂഹികമോ, നിയമപരമോ ആവട്ടെ, അതിൽ യാഥാസ്ഥിതിക സമുദായനേതാക്കന്മാരുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരിന്, ഹിന്ദുക്കളുടെ ആചാരവിഷയങ്ങൾ വരുന്പോൾ മാത്രം ചോര തിളക്കുന്നത് എന്തുകൊണ്ട്, എന്ന് ന്യായമായി സംശയിച്ചാൽ അതിൽ തെറ്റുണ്ടോ?
ഇതെഴുതുന്പോൾ തന്നെ ഭാരതപൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കേണ്ടി വരുന്ന ഒരു ഗതികേടിലേക്കു ഒരു വ്യക്തിയെ കൊണ്ടുചെന്നെത്തിക്കുക എന്നതാണോ ഇവരുടെ ഗൂഡ ഉദ്ദേശം? കേരളജനതയെ അങ്ങനെ തരം തിരിക്കാൻ പ്രേരിപ്പിച്ച്, ഒരു വർഗീയകലാപം ഉണ്ടാക്കി, കുറ്റം മുഴുവൻ കേരളത്തിൽ ഭൂരിപക്ഷം എന്ന് പറയപ്പെടുന്ന ഒരു മതത്തിനെ പ്രതിനിധീകരിക്കുന്ന സംഘടനകളിലേക്ക് അടിച്ചേൽപ്പിക്കുക എന്ന അജണ്ട കൂടി ഇതിനു പുറകിൽ ഇല്ലേ?
അല്ലെങ്കിൽ, ശബരിമല വിഷയത്തിൽ ഹിന്ദുവിന് പ്രധാനം എന്ന് തോന്നുന്ന ഓരോ ആചാരത്തിനും കോടതി കയറി ഇറങ്ങി അനുകൂലവിധി നേടിയെടുക്കാൻ തത്രപ്പെടുത്തുക എന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാൻ മാത്രം സംസ്ഥാനം ഭരിക്കുന്ന ജനപ്രതിനിധികൾ അധഃപതിക്കുന്നത് എന്തുകൊണ്ട്?
അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കുക, ശിഖണ്ധി വേഷം കെട്ടിച്ചു യുവതികളെ ശബരി മല കയറ്റാൻ വേണ്ട ഒത്താശ ചെയ്തുകൊടുക്കുക എന്നീ കലാപരിപാടികളിൽ, ഹൈക്കോടതിയുടെ രൂക്ഷവിമർശനങ്ങളെ വകവെയ്ക്കാതെ ഏർപ്പെടുക! ഇതെല്ലം ജനപ്രതിനിധികൾക്കു ചേർന്ന പ്രവർത്തികളോ! അസഹിഷ്ണുത എന്ന് കൂവിവിളിക്കുന്നവരുടെ സഹിഷ്ണുതയോ ഇത്?
പശുവധം, കോൺഗ്രസ് ഭരിക്കുന്ന കാലം മുതൽ ചില സംസ്ഥാനങ്ങളിൽ നിയമപ്രകാരം നിരോധിച്ചിരിക്കെ, ഉത്തർപ്രദേശിൽ ഭൂതക്കണ്ണാടി വെച്ചുനോക്കിയപ്പോൾ, അയൽക്കാർ തമ്മിലുള്ള തർക്കം ഗോഹത്യയിൽ അവസാനിച്ചതായി കണ്ട്, അതിന്റെ പേരിൽ ബീഫ് ഫെസ്റ്റ് നടത്തിയും, പിന്നീട് ചുംബനസമരവും ഇപ്പോൾ ആർപ്പോ ആർത്തവവും സംഘടിപ്പിക്കുന്ന ഒരു ജനസമൂഹം ഉള്ളതുകൊണ്ടാണോ സ്വാമി വിവേകാനന്ദൻ പണ്ട് കേരളത്തിനെ ഭ്രാന്താലയം എന്ന് വിളിച്ചത്? അങ്ങ് ഉത്തർ പ്രാദേശിലേക്കു തിരിച്ചു വെച്ചിരിക്കുന്ന ദൂരദർശിനി ഒന്ന് മാറ്റിവെച്ച് കേരളത്തിനെ കണ്ണ് തുറന്നൊന്നു നോക്കിയാൽ മതി സത്യം മനസ്സിലാവാൻ. പക്ഷെ, അതിനൊക്കെ കേരളത്തിലെ ബുദ്ധിജീവികൾക്കും, സ്വതന്ത്ര ചിന്താഗതിക്കാർക്കും സമയം എവിടെ!
മര്യാദ, സാമാന്യമര്യാദ, എന്നീ വാക്കുകളുടെ അർത്ഥമറിയാത്തവരുടെ കരങ്ങളിലേയ്ക്ക് തീപ്പൊരി പോലെ ഒരു വിധി എറിഞ്ഞു കൊടുത്താൽ എന്തു സംഭവിക്കും? കത്തും! കത്തി! ഇനി നീറോ ചക്രവർത്തിമാർ വയലിൻ വായിച്ചു രസിക്കട്ടെ.