ഇത് നമ്മുടെ കരുണ വറ്റാത്ത ഹൃദയം, ജാഗ്രത്തായ മസ്തിഷ്‌കം
അനിൽ വേങ്കോട്
ബി കെ എസ് - ഡിസി പുസ്തകോൽസവവും ആർട്ട് കാർണിവലും വിന്റെർ ഫെസ്റ്റ് എന്ന പേരിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ പുരോഗമിക്കുകയാണ്. ഡിസംബർ 13നു ആരംഭിച്ചു ഡിസംബർ 22 വരെനീളുന്ന പത്തുദിവസത്തെ സാംസ്കാരികോത്സവം. നിരവധി വലിയ ആഘോഷങ്ങൾക്ക് എല്ലാ വർഷവും ബഹ്‌റൈൻ വേദിയാകാറുണ്ട്. എന്നാൽ സാമാജം വർഷം തോറും സംഘടിപ്പിക്കുന്ന പുസ്തകോത്സവങ്ങൾ സമ്മാനിക്കുന്ന സാംസ്കാരികമായ ഉണർവ് സമാനതകളില്ലാത്തതാണ്. ഈ പത്തുനാളുകളിലായി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒരു സംഘം എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരും ഇവിടെ യെത്തുന്നു എന്നാതാണ് ഇതിലേറ്റം പ്രധാനം.
ഷാർജ ബുക് ഫെസ്റ്റോ, ജെയ്‌പൂർ ബുക് ഫെസ്റ്റോ പോലെ അത്രയധികം വിപുലമല്ലങ്കിലും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സാധ്യതകളിൽ നിന്ന് നോക്കുന്പോൾ ഒരു മികച്ച സംഘാടനമാണിതെന്ന് ബോധ്യപ്പെടും. പാഠപുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മാത്രം കണ്ട് പരിചയമുള്ള എഴുത്തുകാരെ നേരിൽ കാണാനും അവരോട് സംവദിക്കാനും എഴുത്തുകാരുടെ കൈയ്യൊപ്പോടെ പുസ്തകങ്ങൾ സ്വന്തമാക്കാനും ലഭിക്കുന്ന അസുലഭ അവസരമാണിത്.
അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രിയ എഴുത്തുകാരെനേരിൽ കണ്ട്ചോദ്യങ്ങൾ ചോദിച്ച് സംസാരിക്കാൻ ലഭിക്കുന്ന ഈ അവസരം ഒരു വിദ്യാർത്ഥിയിൽ സൃഷ്ടിക്കുന്ന ഊർജ്ജമെന്തെന്ന് മനസ്സിലാക്കി കുട്ടികളെ ഇത്തരം വേദികളിലേയ്ക്ക് കൊണ്ടുവരാൻ ഭൂരിപക്ഷം രക്ഷിതാക്കളും പ്രത്യേക താത്‌പര്യം പ്രകടിപ്പിക്കുന്നില്ലായെന്നത് ദു:ഖകരമാണ്. ക്ലാസ്സുമുറികൾക്ക് പുറത്തും ജീവൻ വയ്ക്കുന്നതാണ് തന്റെ പാഠപുസ്തക ഉള്ളടക്കങ്ങൾ എന്ന തിരിച്ചറിവ് തന്നെ ഒരു വിദ്യാർത്ഥിയുടെ ഉള്ളിൽ വിജ്ഞാന തൃഷ്ണ ഉണർത്തുന്നതാണ്. ആ നിലയിൽ ഈ പുസ്തകോൽസവത്തെ ബഹ്‌റൈൻ പ്രവാസികൾ വിശിഷ്യാ മലയാളികൾ പൂർണ്ണ മനസ്സോടെ നെഞ്ചേറ്റേണ്ടതായിട്ടുണ്ട്, വിജയിപ്പിക്കേണ്ടതുണ്ട്.
ഡിസംബർ പതിമൂന്നിനു പ്രസിദ്ധ സിനിമാ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പുസ്തകോൽസവം ഉത്ഘാടനം ചെയ്തു. അനീതികൾ നാട്ടുനടപ്പുപോലെ സാർവ്വത്രികമായിതീരുന്ന ഇക്കാലത്ത് മൗനത്തിന്റെ വൽമീകങ്ങൾ പൊട്ടിച്ച് നാം ചോദ്യങ്ങൾ ചോദിച്ചുതുടങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.
തന്റെ സ്നേഹിത ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടപ്പോഴാണ് താൻ സമൂഹമദ്ധ്യത്തിലേയ്ക്ക്വന്ന് ഇങ്ങനെ സംസാരിച്ചുതുടങ്ങിയതെന്നും ഇനിയെങ്കിലും നാമത് ചെയ്തില്ലങ്കിൽ നമുക്കായി മരിച്ചവരോടും നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്നവരോടും സ്നേഹമില്ലാത്തവരായി നാം തീരുമെന്നും പ്രകാശ്രാജ് ഓർമ്മിപ്പിച്ചു. ‘നമ്മെ വിഴുങ്ങുന്ന മൗനം’ എന്ന പ്രകാശിന്റെ പുസ്തകം വേദിയിൽ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിനു മുന്പായി മലയാള കവിതകളെ ആസ്പദമാക്കി ശ്രീലക്ഷ്മി കോറിയോഗ്രാഫി ചെയ്ത ഒരു നൃത്തവും ഉണ്ടായിരുന്നു.
രണ്ടാം ദിവസം ഡോ. ബാലശങ്കർ നരേന്ദ്ര മോഡിയെക്കുറിച്ച് രചിച്ച പുസ്തകത്തിന്റെ പ്രകാശനം നടന്നു. ബി ജെ പിയുടെ എം പി മീനാക്ഷി ലേഖി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയ്ക്ക് പുസ്ത്കം കൈമാറി പ്രകാശനകർമ്മംനിർവ്വഹിച്ചു. ഡിസംബർ 15നു കവി കെ ജി ശങ്കരപ്പിള്ള, നോവലിസ്റ്റ് കെ വി മോഹൻ കുമാർ ഐ എ എസ് എന്നിവരുമായി മുഖാമുഖം നടന്നു. കവിതയുടെ ഭാവുകത്വത്തിൽ വരുന്ന മാറ്റം കാലത്തോടോപ്പം കവിത സഞ്ചരിക്കുന്നതിന്റെ ലക്ഷണമാണെന്ന് കെ ജി എസ് അഭിപ്രായപ്പെട്ടു. തീക്ഷ്ണമായ മനുഷ്യാവാകാശ ലംഘനങ്ങളിലൂടെയാണ് ഈ കാലം കടന്നു പോകുന്നതെന്നും ഇവിടെ ഇരയോടോപ്പം നിൽക്കാനുള്ള കരുണാദ്രമായ മനസ്സ് സാഹിത്യ രചനയിൽ ഏർപ്പെടുന്നവർക്ക് ഉണ്ടായിരിക്കണമെന്നും കെ വി മോഹൻ കുമാർ അഭിപ്രായപ്പെട്ടു.
ബഹ്‌റൈൻ കേരളീയ സമാജം മലയാളത്തിനു സമ്മാനിക്കുന്ന ഏറ്റവും മികച്ചസമ്മാനമാണ് ബി കെ എസ് സാഹിത്യ പുരസ്കാരം. മലയാള സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പുരസ്കാരമായി ഇത് മാറിയിട്ടുണ്ട്. ഈ വർഷത്തെ ബി കെ എസ് സാഹിത്യ പുരസ്കാരത്തിനു അർഹനായാത് പ്രശസ്ത കഥാകൃത്ത് എൻ എസ് മാധവനാണ്. ഡിസംബർ 16 നു പുസ്തകോത്സവവേദി സാഹിത്യ പുരസ്കാരസമർപ്പണത്തിന്റേതായിരുന്നു. സാഹിത്യത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ബി കെ എസ് സാഹിത്യ പുരസ്കാരം കെ ജി ശങ്കരപ്പിള്ള എൻ എസ് മാധവനു സമർപ്പിച്ചു. കഥയുടെ ശില്പ സൗകുമാര്യത്തിൽ എൻഎസ് മാധവനുണ്ടാക്കിയ നവത്വം വളരെ വലുതാണെന്ന് കെ ജി എസ് അഭിപ്രായപ്പെട്ടു.
സി വി രാമൻ പിള്ളയുടെ ഭാഷാ ശില്പത്തിന്റെ തുടർച്ച മാധവനിൽ ദർശിക്കാനാകുമെന്നും മലയാള കഥയെ ചൂഴ്ന്ന്നിന്ന മൗനത്തിന്റെയും ശൂന്യതയുടെയുംമഹാ വിസ്പോടമാണ് ഹിഗ്വിറ്റ എന്ന കഥയിൽ നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബഹുത്വമാർന്ന ഒരു പുതിയ ഭാരതീയത നിർവ്വചിക്കുകയായിരുന്നു മാധവൻകഥകളിലൂടെ ചെയ്തത്. അതുവഴി ഒരു പുതിയ മാനുഷികതയുടെ രൂപരേഖയും ഈ കഥകൾ നമുക്ക് മുന്നിൽ വച്ചു. മാധവന്റെ ഭാഷയ്ക്കുള്ളിൽ കവിത ലയിച്ചുകിടപ്പുണ്ട്.
പിൽകാലത്ത് ഇന്ത്യൻ രാഷ്ട്രീയഭൂമികയ്ക്ക് വന്ന ഭാവപകർച്ചകളെ അതിലൊളിച്ചിരുന്ന ഭീകരതകളെ വളരെ നേരത്തെ തന്നെ കാണാൻ മുംബെ പോലുള്ള കഥകളിൽ മാധവനു കഴിഞ്ഞു. ജനവിരുദ്ധമായ ഒരു അധികാരവ്യവസ്ഥയെഅസ്തിരപ്പെടുത്തുന്നതാണ് മാധവന്റെ കഥകളെന്ന് കെ ജി എസ് പറഞ്ഞു. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നതാണ് എൻ എസ് മാധവന്റെ കഥകളെന്ന് കെ വി മോഹൻ കുമാർ അഭിപ്രായപ്പെട്ടു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള സാക്ഷ്യപത്രം സമർപ്പിച്ചു. അനിൽ വേങ്കോട് മാധവന്റെ രചനാലോകത്തെ സദസ്സിനു പരിചയപ്പെടുത്തി.
പുരസ്കാര സമർപ്പണ ചടങ്ങിനു മുന്നോടിയായി സമാജംചിത്രകാലാ ക്ല്ബ് എൻ എസ്സിന്റെ ഹിഗ്വിറ്റ എന്ന കഥ വായിക്കുകയും ആ വായനാ വേളയിൽ കഥ ചിത്രീകരിക്കുകയും ചെയ്തു. ഭാഷയിൽ കഥയെന്ന മാധ്യമത്തിൽ അനുവാചകനിൽ ആഴത്തിൽ വേരൂന്നിയ മലായാളകഥാ സാഹിത്യത്തിലെ എക്കാലെത്തെയും മികച്ച കഥകളിലൊന്നായ ഹിഗ്വിറ്റ ചിത്രകലയുടെ മാധ്യമത്തിലേയ്ക്ക് ആവിഷ്കരിക്കുന്പോൾ ഒരു പ്രമേയത്തെ കലയുടെ രണ്ട് മാധ്യമങ്ങൾ പിൻപറ്റുന്നതെങ്ങനെയെന്ന് ബോധ്യമാവുകയായിരുന്നു. ബിജു എം സതീഷ്, ഹരീഷ് മേനോൻ, ദിനേശ് മാവൂർ, ഹീരാ ജോസഫ്, ജയരാജ് ശിവ, മുരളീ കൃഷ്ണൻ, ഫാത്തിമ ഖമീസ്, റാണി രൻജിത്ത്, സവിതസുധീർ എന്നിവരാണ് ഹിഗ്വിറ്റയുടെ ചിത്രീകരണം നടത്തിയ ചിത്രകാർ. മനോജ് കഥ വായിച്ചു.
ഡിസംബർ 16,17 തീയതികളിൽ സാഹിത്യ ക്യാന്പ് നടന്നു. ബഹ്‌റൈനിലെ എഴുത്തുകാരും വായനക്കാരുമായി എഴുപത്തഞ്ചോളം ആളുകൾ ക്യാന്പ്പിൽ രണ്ടു ദിവസമായി പങ്കെടുത്തു. കവിതയുടെ മേഖല കെ ജി ശങ്കരപ്പിള്ളയും കഥ നോവൽ എന്നിവ എൻ എസ് മാധവനും കെ വി മോഹൻ കുമാറും ക്യാന്പിൽ വിശദീകരിച്ചു. രചനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രചനയിൽ ലോകത്തിൽ പുലർത്തേണ്ടജാഗ്രതയും യുവ എഴുത്തുകാർക്ക് പകർന്നു നൽകാൻ ഈ ക്യാന്പിന് കഴിഞ്ഞു.
വളരെ മികച്ച അനുഭവമായിരുന്നു രണ്ടു ദിവസത്തെ ക്യാന്പ് സമ്മാനിച്ചതെന്ന് ക്യാന്പ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പതിനേഴിനു വൈകുന്നേരം പുസ്തകോത്സവ വേദിയിൽ സോഫിയ ഷാജഹാന്റെ ‘ ഒറ്റ മുറിവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം കെ വി മോഹൻ കുമാർ ഐ എ എസ് നിർവ്വഹിച്ചു. കുട്ടികൾക്ക് പതിനേഴാം തീയതി കെ വി മോഹൻ കുമാർ ഐ എ എസിനോടും പതിനെട്ടാം തീയതി ശ്രീജൻ പാൽസിംഗിനോടും സംവദിക്കാൻ അവസരമുണ്ടായി. സമാജം ചിൽഡ്രൻസ് വിഭാഗമാണ് ഇതിനു നേതൃത്വം നൽകിയത്.
ശാസ്ത്ര കുതുകികളായ കുട്ടികൾക്ക് ശ്രീജനോടുള്ള മുഖാമുഖം പുത്തനനുഭവമായി. പ്രപഞ്ചത്തിനു കീഴിൽ എന്തും ചോദിക്കൂ പറയാം എന്ന ധൈര്യത്തിൽ ഒരാൾകുട്ടികളുടെ മുന്നിലിരിക്കുകയും അവർ ചൊവ്വയിലേയ്ക്കും ചന്ദ്രനിലേയ്ക്കും നക്ഷത്ര സമൂഹങ്ങളിലേയ്ക്കും തുടരെ തുടരെ ചോദ്യങ്ങളെറിയുകയും ചെയ്യുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു. കുട്ടികളെ ശാസ്ത്രത്തിലും സാഹിത്യത്തിലും വിജ്ഞാന അന്വേഷണത്തിലും ഇത്തരത്തിൽ പ്രചോദനം ചെയ്യുന്ന പരിപാടികൾ ഈ വിജ്ഞാനോൽസവത്തിലൂടെ സംഭവിക്കുന്നുവെന്നതാണ് പുസ്തകോത്സവങ്ങൾ നൽകുന്ന വലിയ സംഭാവന. ഡിസംബർ പതിനെട്ടിനു നടന്ന കളരിപ്പയറ്റ്, മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നിവയും പത്തൊന്പതിനു നടന്ന കാവ്യസന്ധ്യയും മികച്ച നിലവാരം പുലർത്തി.
നാളെ പ്രശസ്ത ശാസ്ത്രകാരൻ നന്പി നാരായണൻ എത്തിച്ചേരും കൂടാതെ വേദിയിൽ നാളെ മൈക്രോ നാടകങ്ങളും അവതരിപ്പിക്കും. ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും ഉത്സവമായിരുന്നുബി കെ എസ് - ഡിസി പുസ്തകോത്സവം.