പുസ്തകങ്ങൾ തൃകാലങ്ങളിലും ഒരേ സമയം പാർക്കുന്നു
അനിൽ വേങ്കോട്
ബി കെ എസ് - ഡിസി പുസ്തകോൽസവത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രമുഖ തെന്നിന്ത്യൻ താരം പ്രകാശ് രാജ് നാം ഈ കെട്ട കാലത്തിൽ പുലർത്തുന്ന മൗനം വെടിയേണ്ടതിന്റെ ആവശ്യകത ഉന്നിപ്പറയുകയുണ്ടായി. നമ്മുടെ രാജ്യത്ത് പിറന്ന് വീഴുന്ന ഓരോ കുഞ്ഞിനും അവന്റെ/ അവളുടെ ജീവിതത്തിന്റെ തളിരിലകൾ വിടർത്തി വളർന്നു പന്തലിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാടേണ്ടതുണ്ട് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യ ജീവിതത്തിന്റെ പ്രത്യക്ഷങ്ങൾ ഏതെങ്കിലും ഒരു മേഖലയിൽ ഒതുങ്ങുന്നതല്ല. അത് ഒരു രാജ്യത്ത് തടസ്സങ്ങളില്ലാതെ ലഭ്യമാക്കുകയെന്നതാണ് ആധുനികമായ ഒരു രാഷ്ട്രത്തിന്റെ പരമമായ ലക്ഷ്യം. ഭക്ഷണവും, പാർപ്പിടവും, ലിംഗ സ്വാതന്ത്ര്യവും, സഞ്ചാരസ്വാതന്ത്ര്യവും ലഭിക്കാനും വിശ്വാസങ്ങളിലും ആശയങ്ങളിലും സഞ്ചരിക്കാനും സർവ്വോപരി ചിന്തിക്കാനും അവ വെളിപ്പെടുത്താനും ഇടവും വലിപ്പവും ഉള്ളതാകണം ഒരു രാഷ്ട്രം. നമ്മുടെ നാട് അങ്ങനെയല്ലാതെയായി തീരുന്പോൾ അതിനു നേരെ മൗനം വെടിഞ്ഞു പ്രതികരിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയായിരുന്നു പ്രകാശ് രാജ്.
മനുഷ്യ ജീവിത പ്രകാശനങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരുമേഖലയാണ് പുസ്ത്കങ്ങളിലൂടെ എഴുത്തുകാർ വെളിപ്പെടുത്തുന്നത്. അത് ചിന്തയുടേയും ഭാവനയുടെയുംചരിത്രത്തിന്റെ സൂക്ഷ്മ ദേശങ്ങളുടെയും വെളിപ്പെടുത്തലാണ്. അതുകൊണ്ട് ഒരു പുസ്തകത്തിനു ഇരിക്കാൻ ഇടമുണ്ടങ്കിൽ ആപുസ്തകത്തിലെ ഭാവനയ്ക്ക് സഞ്ചരിക്കാൻ ആ നാട്ടിൽസ്വാതന്ത്ര്യമുണ്ടങ്കിൽ അവിടെ മനുഷ്യനും സ്വൈരമായി ഇറങ്ങി സഞ്ചരിക്കാൻ കഴിയും എന്നതാണ് സത്യം. കുട്ടനാടൻ ദളിത്ജീവിതത്തിന്റെ കഥപറയുന്ന എസ് ഹരീഷിന്റെ മീശയ്ക്ക് സഞ്ചരിക്കാൻ സ്വാതന്ത്ര്യം നമ്മുടെ കേരളത്തിൽ ഇല്ലങ്കിൽ ഒരുദളിതനും സ്വൈരമായി സഞ്ചരികാവുന്ന ഇടമല്ല ഇത് എന്ന് നമുക്കുറപ്പിക്കാം. ലെസ്ബിയൻ പ്രണയത്തിന്റെ കഥ പറയുന്ന സംഗീതാ ശ്രീനിവാസന്റെ ആസിഡ് എന്ന നോവലിനു തൃശൂരിൽ സഞ്ചാര സ്വാതന്ത്ര്യമുണ്ടെങ്കിൽ അവിടെ പതിയെ ലെസ്ബിയൻ പ്രണയ ജോഡികൾക്ക് ഇറങ്ങി നടക്കാൻ കഴിഞ്ഞെന്നുവരും.
പുസ്തക സ്വാതന്ത്ര്യം മനുഷ്യ ജീവിത സ്വാതന്ത്ര്യം തന്നെയാണെന്ന് എഴുത്തുകാരും സാഹിത്യ പ്രവർത്തകരും പറയുന്നത് അതുകൊണ്ടാണ്. പലപ്പോഴും നാട്ടിലിറങ്ങും മുന്പ് മനുഷ്യർ ജീവിതത്തിലേയ്ക്ക് ഇറങ്ങുന്നത് പുസ്തകങ്ങളിലോ മറ്റ്കലാ രൂപങ്ങളിലോ ആണ്. കേവലം ഫാഷനുകൾ പോലും അങ്ങനെയാണല്ലോ നമ്മളിലേയ്ക്ക് വരുന്നത്. സിനിമ കഴിഞ്ഞ ഒരുനൂറ്റാണ്ടിലെ മനുഷ്യ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിപ്പണിതു എന്ന് കാണാവുന്നതാണ്. ചന്ദുമേനോൻ ഇന്ദുലേഖയെ സൃഷ്ടിച്ചപ്പോൾ അഭ്യസ്ത വിദ്യരായ നായികമാർ നമ്മുടെ നാട്ടിൽ സർവ്വസാധാരണമായിരുന്നില്ല. ഒരിക്കൽ ഏട്ടിൽ പ്രത്യക്ഷപ്പെടുന്നപശുക്കൾ പതിയെ നാട്ടിലിറങ്ങി നടക്കാൻ തുടങ്ങും. അതിനാൽ പുസ്തകങ്ങളുടെ ലോകം മനുഷ്യൻ നിർമ്മിച്ചെടുക്കാൻ പോകുന്ന ലോകത്തിന്റെ ബ്ലൂപ്രിന്റാണ്. പുസ്തകോൽസവങ്ങൾ ദേശീയോത്സവങ്ങളായിത്തീരണം എന്നു പറയുന്നതിന്റെ കാരണവും അതാണ്. അത് നാളത്തെ ലോകത്തെ പ്രദർശിപ്പിക്കുകയാണ്, ഇന്നില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ച് വിലപിക്കുകയാണ്, നമ്മുടെകണ്ണ് ഇനിയും കണ്ടിട്ടില്ലാത്ത കാഴ്ചകളെയും മനുഷ്യ ജീവിതങ്ങളെയും വെളിപ്പെടുത്തുകയാണ്.
പതിനായിരം തലക്കെട്ടുകളിൽ പുസ്തകങ്ങൾ വിരുത്തി വച്ചിരിക്കുന്ന ഒരു ഹാൾ ഈ ഭൂമിയെക്കാളും വലിയ പ്രദേശത്തെ അടക്കം ചെയ്തിട്ടുണ്ട്. കാലത്തിലും അത് വർത്തമാനത്തിൽ മാത്രമായിട്ടല്ല സ്ഥിതി ചെയ്യുന്നത് മൂന്നുകാലങ്ങളിലും ഒരേ സമയം പാർത്തുകൊണ്ടാണ് ഈ പുസ്തകങ്ങൾ ശയിക്കുന്നത്. അച്ചടിച്ചവരികളിലൂടെ സഞ്ചരിച്ച് പോകുന്പോൾ നിങ്ങൾ അച്ചടിക്കാത്ത ഒരുലോകത്തെ കുറിച്ചുകൂടി വരികൾക്കിടയിൽ വായിക്കും. ആടുജീവിതത്തിലെ നജീബിനെ വായിച്ചു പോകുന്ന പ്രവാസി ഇടയ്ക്ക് പുസ്തകം മടക്കി വച്ച് എഴുതപ്പെടാതെ ക്കിടക്കുന്ന തന്റെ തന്നെജീവിതം വായിക്കും. വീണ്ടും അവൻ പുസ്തകം മറിച്ച് നജീബിനെ വായിക്കും. ഇതാണ് വായനയുടെ രസതന്ത്രം. ആദ്യം നിങ്ങൾപുസ്തകത്തിലേയ്ക്കും പിന്നെ നിങ്ങളിലേയ്ക്കും സഞ്ചരിക്കുന്നഒരു ഇരുദിശാ പ്രവർത്തനമാണത്.
അനിതാ തന്പിയുടെ ആലപ്പുഴവെള്ളം വായിക്കുന്പോൾ കലങ്ങിയ ആലപ്പുഴവെള്ളത്തിലേയ്ക്കും അവിടെനിന്ന് തിരിഞ്ഞ് കലങ്ങിയ നമ്മുടെ ഉള്ളിലേയ്ക്കും കടക്കും. എത്ര കഴുകിയാലും വെളുക്കാത്ത പാത്രത്തെക്കുറിച്ച് അനിത എഴുതിയത് വായിക്കുന്പോൾ നാം നമ്മളിലേയ്ക്ക് നോക്കും. എത്ര വാസനസോപ്പ് തേയ്ച്ചിട്ടും എത്ര വിശുദ്ധഗ്രന്ഥ പാരായണം ചെയ്തിട്ടും എത്ര മത പ്രഭാഷണ പരന്പര കേട്ടിട്ടും വെണ്മവരാത്ത താനെന്ന ഈ പാത്രത്തെക്കുറിച്ച് അത് കെട്ടിക്കിടന്ന് ദുഷിക്കുന്നതിനെക്കുറിച്ച് അത് ഊർന്നിറങ്ങുന്നമണ്ണിനെക്കുറിച്ച് അതിൽ ഉരിരു പിടിച്ച് വളരുന്ന ജീവനുകളെക്കുറിച്ച്, അത് ബാഷ്പീകരിച്ച് പറക്കുന്ന ആകാശങ്ങളെക്കുറിച്ച് ഘനീഭവിച്ച് പെയ്തിറങ്ങുന്ന മഴയെക്കുറിച്ച് ഇങ്ങനെ ഇങ്ങനെ സാഹിത്യം രാസവ്യതിയനങ്ങളുടെ പരന്പര സൃഷ്ടിക്കും . മൂർത്തമായ ജീവിതംതുടിച്ചു നിൽക്കുന്ന ചൈതന്യ പ്രദേശങ്ങളാണ് പുസ്തകങ്ങൾ, പുസ്തകോൽസവങ്ങൾ വിശ്വപ്രദർശനങ്ങളും.
'ആദിയും മദ്ധ്യവുംഅന്തവും ഞാൻ തന്നെ’ എന്ന് കൃഷ്ണൻ അർജ്ജുനനോട് പറയുന്നു. പുസ്തക സഞ്ചയവും അത് തന്നെ പറയുന്നു. ചരിത്രത്തിലും വർത്തമാനത്തിലും ഭാവി ഭാവനയിലേയ്ക്കും ചാഞ്ഞ് നിൽക്കൊന്നൊരു തൃകാല വാസത്തിന് പുസ്തകങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. വരിക സഞ്ചാരിയാവുക....