വിജയത്തിന്റെ സൂത്രവാക്യം...
ഫാ. മോനായി കെ.ഫിലിപ്പ്
വിപ്ലവനായകനും, ദീർഘനാൾ ഭരണാധികാരിയായും, ദീർഘനേരം തുടർച്ചയായി പ്രസംഗം നടത്തിയതിനുമൊക്കെ റെക്കോർഡ് സ്ഥാപിച്ച ഫിദൽ കാസ്ട്രോ ഓർമ്മയായി. ക്യൂബ എന്ന ചെറിയ രാജ്യം പല പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും, ലോകത്തിലെ മറ്റു രാജ്യങ്ങൾക്കൊപ്പം കിടപിടിക്കുന്ന സ്ഥാനത്തേക്ക് അവരോധിക്കാൻ നിരന്തര പരിശ്രമം നടത്തിയ ഫിദലിന്റെ മുദ്രാവാക്യം ‘വിജയത്തിലേക്ക് എല്ലായ്പ്പോഴും’ എന്നതായിരുന്നു. ലോകനേതാക്കളുടെ പട്ടികയിൽ വേറിട്ട സ്ഥാനത്തിന് അർഹനായ അദ്ദേഹത്തിന്റെ വിജയമന്ത്രം നമുക്ക് ജീവിക്കാൻ പ്രചോദനമായി അവശേഷിക്കുന്നു.
വിജയമെന്ന ഗിരിശൃംഗത്തിൽ എത്താൻ ആശിക്കാത്ത ആരും തന്നെ ഭൂതലത്തിലില്ല. അത് സ്വായത്തമാക്കാൻ അത്യാവശ്യമായി വേണ്ട ചില ഘടകങ്ങൾ ഇവിടെ വിചിന്തനം ചെയ്യപ്പെടുകയാണ്. അതിൽ പ്രധാനപ്പെട്ടത് ‘ലക്ഷ്യബോധമാണ്’. ഇത് ഓരോരുത്തർക്കും വ്യത്യസ്തമാണ്. അത് അഭിരുചികൾക്കും, താലന്തുകൾക്കനുസരിച്ചും, വളർത്തപ്പെട്ട സാഹചര്യങ്ങൾക്കും അനുസരിച്ച് മാറ്റമുണ്ടാകും. എന്റെ ജീവിതത്തിൽ ഇന്നതായി തീരണം അല്ലായെങ്കിൽ അടുത്ത ഇത്ര വർഷത്തിനിടയിൽ എനിക്ക് അത് നേടിയെടുക്കണമെന്ന മനോഭാവമാണ് എല്ലാവർക്കും ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉയർന്ന ലക്ഷ്യബോധമുള്ളവർക്ക് മാത്രമെ വിജയത്തിന്റെ ഉന്നത സോപാനത്തിലെത്താൻ സാധിക്കുകയുള്ളു.
എന്റെ ഒരു സുഹൃത്തിന്റെ മകന് വളരെ ചെറുപ്പം മുതലെ ഉള്ള തീവ്രമായ ആഗ്രഹമായിരുന്നു നേവിയിൽ ജോലി ലഭിക്കണമെന്നത്. അതിനു വേണ്ടി അവൻ ശരീരഭാരം കുറയ്ക്കുവാൻ തയ്യാറായി. ഇപ്പോൾ നേവിയിൽ നല്ല ഒരു ഓഫീസറായി ജോലി ചെയ്യുന്ന ചെറുപ്പക്കാരൻ തന്റെ ജോലിയിൽ വളരെ സംതൃപതനാണ് എന്ന് മാത്രമല്ല ചെറിയ കാലം കൊണ്ട് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറാനും സാധിച്ചു. ഇതിന്റെ പിന്നിലുള്ള യാഥാർത്ഥ്യമെന്നത് മറ്റൊന്നുമല്ല, അവന്റെ ലക്ഷ്യബോധമാണ് എന്നത് വ്യക്തമാണ്. ലക്ഷ്യബോധം ഉണ്ടായാൽ മാത്രം വിജയത്തിലെത്താൻ സാധിക്കില്ല. എന്നാൽ അതിനായി ചെയ്യേണ്ടത് ചിട്ടയായ ജീവിതശൈലിയാണ്. ഓരോ പ്രവർത്തനത്തിലും ബഡ്ജറ്റ്, ഷെഡ്യൂൾ എന്നിവ അത്യാവശ്യമാണ്.
അതിനനുസരിച്ച് പ്രവർത്തിച്ചാൽ മാത്രമെ വിജയം സുനിശ്ചിതമാക്കാൻ സാധിക്കുകയുള്ളു. വ്യക്തമായ പ്ലാനിംഗോടുകൂടെ ജീവിക്കുന്നവർക്ക് മാത്രമെ വിജയത്തിലെത്താൻ സാധിക്കുകയുള്ളു. അല്ലാത്തവരുടെ ജീവിതം ആശങ്കകളും, അതുപോലെ ടെൻഷൻ നിറഞ്ഞതുമായിരിക്കും. ലഭ്യമായ സമയത്തെ നമ്മുടെ ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അലസരായി സമയത്തെ വെറുതെ കളയുക എന്നതല്ല മറിച്ച് ഏറ്റവും ക്രിയാത്മകതയോടെ പ്രവർത്തിക്കുന്നതാണിത്. ഇങ്ങനെ ആയാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളുടെ മദ്ധ്യത്തിലും, നമ്മുടെ പ്രവർത്തനങ്ങൾ തടസമില്ലാത്തതാകുന്നു എന്നതാണ് പ്രത്യേകത.
വിജയത്തിലെത്താൻ അത്യാവശ്യമായി ഉണ്ടാകേണ്ട മറ്റൊരു ഗുണവിശേഷം ‘ആത്മവിശ്വാസമാണ്’. എനിക്ക് ഇന്ന കാര്യം ചെയ്യാൻ സാധിക്കുമെന്ന വിശ്വാസമാണിത്. ഇതാണ് ബുദ്ധിമുട്ടുള്ള കാര്യവും, സാഹസികമായതുമായ പ്രവർത്തനങ്ങൾ നിവർത്തിക്കാൻ ഒരാളെ ഒരുക്കുന്നത്. ആത്മവിശ്വാസമുള്ളവർക്കെ ജീവിതത്തിലെ കോണിപ്പടികൾ കയറുവാനാകു എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ജീവിതത്തിൽ അത് ഉണ്ടാക്കിയെടുക്കണം. അത് സ്വയം ആർജ്ജിക്കേണ്ട ഒരു ഗുണവിശേഷമാണ്.
എന്നാൽ ഇതും ഓവർകോൺഫിഡൻസും തമ്മിൽ വ്യത്യാസമുണ്ട്. ഓവർകോൺഫിഡൻസ് പലപ്പോഴും അപകടത്തിനിടയാക്കും. സ്വയാഭിമാനം, ആത്മവിശ്വാസം എന്നിവയാണ് പ്രവർത്തന വിജയത്തിലേക്ക് നയിക്കുന്നത്. യാതൊരു തരത്തിലുള്ള പ്രതിസന്ധികളും, ഇതിനെ തളർത്തുവാൻ ഇടയാക്കരുത്. എന്തുസംഭവിച്ചാലും നഷ്ടപ്പെടുവാൻ ഇടയാകാതെ നോക്കേണ്ടത് ആത്മവിശ്വാസമാണ്.
ലക്ഷ്യബോധത്തോടെയും, ചിട്ടയായ പ്രവർത്തനത്തോടെയും, ആത്മവിശ്വാസത്തോടെയും പ്രവർത്തിച്ച് ജീവിത വിജയത്തിലേക്ക് എത്താനായി നമുക്ക് പരിശ്രമിക്കാം. ഫിദൽ കാസ്ട്രോ നമ്മുടെ സ്മരണയിൽ വിജയത്തിന്റെ പ്രതീകമായി നിൽക്കുന്നത് പ്രചോദനമായി ജീവിതത്തെ ധന്യതയിലേക്ക് നയിക്കാം.