നനഞ്ഞ പുസ്തകങ്ങൾ പറയുന്നത്


സോനാ പി.എസ്

വേനൽ ചൂടിൽ പൊള്ളി പിടഞ്ഞ പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്രയിലെ സ്വപ്നങ്ങളുടെ മെറിറ്റ് ലിസ്റ്റിൽ മഴ എന്ന രണ്ടക്ഷരം എന്നും ഉണ്ടായിരുന്നു. പ്രളയാനന്തരമുള്ള നാട്ടിലേക്കുള്ള എന്റെ വിമാനയാത്രയിൽ തൊട്ടടുത്തിരുന്ന രണ്ടുപേരും പറഞ്ഞിരുന്നത് മഴയെന്ന രണ്ടക്ഷരത്തിലൂടെ ഇല്ലാതായ മൂന്നക്ഷരമുള്ള ജീവിതത്തെ കുറിച്ചായിരുന്നു. മൂന്നാമനായ ഞാനും ഔപചാരികതകൾ ഒട്ടും തന്നെ ഇല്ലാതെ ആ മഴപെയ്തതിലേക്ക് ഇറങ്ങി നിന്നു. മഴ ഇല്ലാതാക്കിയത് മനുഷ്യർ തന്നെ മനുഷ്യർക്കിടയിലൂടെ പല പേരിൽ ചാലുകൾ കീറി ഉണ്ടാക്കിയെടുത്ത അതിർത്തികൾ കൂടിയെന്ന ഓർമപ്പെടുത്തലാകാം എന്ന് കുറച്ചു കഴിഞ്ഞപ്പോൾ തോന്നി.

കുറേ നേരം ആ ചർച്ച നീണ്ടു പോയി.. പലരുടെയും വിലപിടിച്ച ഓർമകളായും, നിധിയായും സൂക്ഷിച്ച പുസ്തകങ്ങളുടെ നഷ്ടങ്ങളും മഴ സമ്മാനിച്ച നികത്താനാവാത്ത വേദനകളിലൊന്നെന്ന് ആരോ സംസാരത്തിനിടയിൽ ഇടർച്ചയോടെ പറഞ്ഞു നിർത്തി. പതിഞ്ഞ ചിരിയിൽ ആ വേദനയിൽ പങ്കുകൊണ്ട് മറ്റു വിശേഷങ്ങളെ കുറിച്ച് പറഞ്ഞെങ്കിലും വീട്ടിലെത്തിയപ്പോൾ ആദ്യം തിരഞ്ഞത് കടലാസുപെട്ടിയിലും, ചില്ലലമാരയിലും, ഷെൽഫുകളിലും ഒതുക്കി അടക്കി വെച്ച പുസ്തകങ്ങൾ തന്നെയായിരുന്നു. പൊടി തട്ടി അവ വീണ്ടും ഹൃദയത്തോട് ചേർത്ത് എടുത്തു വെച്ചു വലിയൊരു ഭാഗ്യമെന്നപോലെ.

അതുകൊണ്ടു തന്നെ അടുത്ത ദിവസങ്ങളിലെ നഗര പ്രദിക്ഷണത്തിലെ വഴിയോര കാഴ്ചകളിൽ ഹൃദയത്തിൽ സ്പർശിച്ചത് വഴിയരികിൽ വെയിലേക്ക് തുറന്നു വെച്ചിരിക്കുന്ന പുസ്തകങ്ങളായിരുന്നു. നനഞ്ഞൊട്ടി, അച്ചടി മഷി അടുത്ത താളുകളിക്ക് പടർന്ന് പിടിച്ച ബാങ്കിലെയും, മറ്റ് ഉന്നത സ്ഥാപനങ്ങളിലെയും, ചെറുകിട വ്യവസായ സംരംഭങ്ങളിലെയും, കണക്കുകളും, പേരു വിവരങ്ങളും മറ്റും എഴുതി വെച്ച പുസ്തകങ്ങൾ , രഹസ്യ രേഖകളും, പണയത്തിലായ ആധാരങ്ങളും, കുട്ടികളുടെ പാഠ പുസ്തകങ്ങളുമെല്ലാം അവയിലുണ്ട്. വെയിലിന്റെ കനിവിനായി റോഡരികിൽ, വീട്ടുമുറ്റങ്ങളിൽ തുറസായ ഇടങ്ങളിലുമെല്ലാം വെയിലേറ്റ് ഈർപ്പം വറ്റി അവയെല്ലാം വീണ്ടും പഴയ കടലാസ് താളുകളായി മാറി രഹസ്യമായ അറകളിലേക്കും ഉടമസ്ഥരിലേക്കും മടങ്ങാൻ കാത്തിരിക്കുകയാണ് എന്ന് തോന്നി.

എന്നാൽ ദിവസങ്ങളോളം തുറന്നു വെച്ച ബാങ്കുകളിലെയും മറ്റു രേഖകൾ അടങ്ങിയ പുസ്തകങ്ങൾക്ക് ചുറ്റും എത്തി നോക്കാൻ ഇഷ്ടപെടുന്നവരെന്നു പേര് കേട്ട മലയാളികളായ ആരും തന്നെ തടിച്ചു കൂടിയിട്ടില്ല എന്നതും, ഇപ്പോളും രേഖകളും കണക്കുകളുമെല്ലാം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി അവ സൂക്ഷിക്കാൻ പല സ്ഥാപങ്ങളും തുടങ്ങിയിട്ടില്ല എന്നതും മറ്റൊരു അത്ഭുതമായിരുന്നു. കാതങ്ങൾ അകലെയുള്ള ചന്ദ്രനെ തൊട്ട മനുഷ്യനിപ്പോളും തൊട്ടടുത്ത മുറിയിൽ താമസിക്കുന്നത് ആരാണെന്ന് അറിയില്ല എന്ന് പറയും പോലെയാണ് ലോകമെന്പാടും ബുദ്ധി കൊണ്ടും കഴിവ് കൊണ്ടും ഉയരങ്ങൾ താണ്ടിയ മലയാളികൾ ഇപ്പോഴും പാരന്പരഗതമായ ശൈലിയിൽ തന്നെയാണ് വിലപ്പെട്ട രേഖകളും, പുസ്തകങ്ങളും മറ്റു കാര്യങ്ങളും സൂക്ഷിക്കുന്നത്.

മഴയിൽ കുതിരാതെ, തീയിൽ എരിയാതെ ബാങ്ക്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫിസ്, ആശുപത്രി എന്നിവിടങ്ങളിലെ വിലപിടിച്ച രേഖകൾ എല്ലാം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. രേഖകളും പുസ്തകങ്ങളും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന ഏവർക്കും പരിചിതമായ ആധുനിക സാങ്കേതിക വിദ്യകളെല്ലാം ചെറിയ നഗരങ്ങളിലേക്കും നാട്ടിൻ പുറങ്ങളിലേക്കും കൂടി എത്രയും വേഗം വ്യാപിപ്പിക്കേണ്ടതുണ്ട്. കാരണം മിച്ച ഭൂമിയിൽ ഇനിയൊരു കൂര കെട്ടിപ്പൊക്കാൻ, പുതിയ വ്യവസായം തുടങ്ങാൻ ലോണിനും മറ്റുമായി വീടിന്റെ മുൻ ആധാരവും പിൻ ആധാരവും, വർഷങ്ങൾക്ക് മുൻപ് കരം അടച്ച രസീതുകളും, പിതാമഹന്മാരുടെ ബാങ്കിലെ അക്കൗണ്ട് രേഖകളും ചോദിച്ച് പാവങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥർ ഇപ്പോളും ഉണ്ട്. പ്രളയക്കെടുതിയിൽ വലഞ്ഞ പാവങ്ങളെ ഇനിയും രേഖകൾക്കും മറ്റുമായി വലയ്ക്കേണ്ടതുണ്ടോ?

You might also like

  • Lulu Exchange
  • Straight Forward

Most Viewed