ഒരു പ്രളയ ഓർമ്മ
സജി മാർക്കോസ്
ഭാഗ്യത്തിനോ ദൗർഭാഗ്യത്തിനോ മഹാപ്രളയ കാലത്ത് കേരളത്തിലുണ്ടായിരുന്നു. കുട്ടിക്കാലം ഹൈറേഞ്ചിൽ ആയിരുന്നതുകോണ്ട് മഴയും ഉരുൾപൊട്ടലും നിർത്താതെ പെയ്യുന്ന മഴയും ഞങ്ങൾക്ക് പുതുമയല്ല. മൂന്നു മാസം വരെ സൂര്യനെ കാണാതിരുന്ന വർഷക്കാലം ഉണ്ടായിട്ടുണ്ട്. കിഴക്കെ മലയിൽ നിന്നും കുത്തിയൊഴുകി വരുന്ന വെള്ളത്തിൽ പാടത്തെ തോട് പോട്ടുന്നത് മിക്കവാറും രാത്രിയിൽ ആയിരിക്കും. എത്ര ഉറക്കത്തിലും തോടു പൊട്ടി പാടത്തിലേയ്ക്ക് വെള്ളം ഇരച്ചുകയറുന്ന ശബ്ദം അപ്പച്ചന് തിരിച്ചറിയാം. ടോർച്ചും ചൂട്ടുമായി രാത്രി തന്നെ തണുത്ത് വെറുങ്ങലിച്ച് പണി തുടങ്ങും. നേരം വെളുക്കുമ്പോൾ പാടമെല്ലാം നിറഞ്ഞു കിടക്കുന്ന വെള്ളം ഞങ്ങൾക്ക് കൗതുക കാഴ്ചയാണ്. കിഴക്ക് മോസ്ക്കോ മല മുതൽ പടിഞ്ഞാറ് മന്നാൻ കാണിയുടെ പാടം വരെയും കലങ്ങി തവിട്ടു നിറത്തിൽ വെള്ളം. അതിന്റെ മുകളിൽ പച്ച നാമ്പ് നീട്ടി നിൽക്കുന്ന ചെറുനെൽച്ചെടികൾ. ജൂൺ മാസത്തിന്റെ അവസാനമാണ് കന്നി കൃഷി. കന്നികൃഷി എന്ന് പേരേയുള്ളൂ, ഞാറു നടുന്നത് കർക്കിടകത്തിലാണ്. വേരുപിടിച്ച് തുടങ്ങിയ നെൽച്ചെടിയാണ് കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്.
പിന്നെ കൃഷി നാശത്തിന്റെ പതം പറച്ചിലും, തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കത്തിന്റെ കഥ പറച്ചിലുമായി ഒരു വർഷക്കാലം. ഏലത്തോട്ടം തൊഴിലാളികളുടെ ദുരിതകാലമാണ് മഴക്കാലം. മിക്ക ദിവസവും പണിയുണ്ടാകില്ല. കാട്ടിനുള്ളിൽ കടന്ന് ജോലി തുടങ്ങിയാൽ പിന്നെ തണുപ്പറിയില്ല. ഏലച്ചെടിക്ക് പൊതുവേ ചൂടാണ്, തിങ്ങി നിൽക്കുന്ന ചെടികൾക്കിടയിൽ കോടമഞ്ഞ് ഉണ്ടാകുമെങ്കിലും തണുപ്പില്ല. എങ്കിലും കാട്ടിലെ മരം ഒടിഞ്ഞു വീണ് അപകടങ്ങൾ പതിവാണ്. അസഹനീയമായ വളംകടിയും നനഞ്ഞ ഉടുപ്പുകളും പുസ്തകങ്ങളുമായി സ്കൂളിലേക്കുള്ള യാത്രകളും മടുപ്പിക്കുന്ന ഓർമ്മകളാണ്. കേട്ടെഴുത്തുള്ള ക്ലാസിലെ വിരുതന്മാർ തെന്നി വീണ് ചെളിപറ്റി എന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് പോകും. ഉച്ചയ്ക്ക് ചോറ്റുപാത്രം തുറന്നിട്ട് അതുപോലെ അടച്ചു വെയ്ക്കും, തണുത്ത് വിറങ്ങലിച്ച ചോറിലേയ്ക്ക് നോക്കാൻ പോലും തോന്നില്ല. വീട്ടിലെത്തിയാൽ തണുപ്പും കാറ്റും മൂലം അടുപ്പിൻ ചോട്ടിലായിരിക്കും മിക്ക സമയത്തും. ഹോം വർക്ക് ചെയ്തിട്ടില്ല എന്ന കാര്യം പിറ്റേന്ന് പുസ്തകം എടുക്കുന്പോഴാണ് ഓർമ്മ വരുന്നത്. അടികിട്ടാതിരിക്കാൻ ഒരുപായമുണ്ട്. വഴിയരികിലെ ഏലച്ചെടിയുടെ നീണ്ട ഇല കെട്ടിയിടും. അടി കിട്ടാതെ തിരിക വന്നാൽ അഴിച്ചു വിടാം എന്നൊരു ഉറപ്പും കൊടുക്കും. വഴിയരികിലെ ഏല ഇലകളിൽ അഴിയാത്ത കെട്ടുകളും, തുടയിൽ അടികൊണ്ട പാടുമായി വടുകെട്ടികിടക്കുന്ന മഴക്കാലമാണ് ഓർമ്മകളിൽ.
പ്രളയത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്പോൾ കോട്ടയത്തായിരുന്നു. ആദ്യ ദിവസം തന്നെ രാജകുമാരിയിലെ തറവാട് വീടുമായി ഫോൺ ബന്ധം നഷ്ടപ്പട്ടു. കുറച്ച് ദിവസമായി കറന്റില്ല എന്ന് ജേഷ്ഠൻ പറഞ്ഞിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞപ്പോഴാണ് പുറം ലോകവുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പട്ട നിലയിലാണ് മൂന്നാർ ഉൾപ്പടുന്ന ഹൈറേഞ്ച് പ്രദേശം എന്ന് മനസ്സിലാകുന്നത്. അവധിക്ക് എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു, ഇതുവരെ വീട്ടിൽ പോയിട്ടില്ല.
കേരളത്തിലെ മറ്റു ജില്ലകളുമായി ബന്ധപ്പടുന്നതിന് പ്രധാനമായും മൂന്നു റോഡുകളാണ് ഹൈറേഞ്ചിലുള്ളത്. സേതു ലക്ഷ്മീ ഭായിയുടെ കാലത്ത് പണികഴിപ്പിച്ച, നേര്യമംഗലം അടിമാലി വഴി കടന്നു പോകുന്ന ഇപ്പോഴത്തെ NH49, KK റോഡ് എന്ന പേരിൽ പ്രശസ്തമായ കോട്ടയം-കുമളി റോഡ്, പിന്നെ മൂലമറ്റം-കുളമാവ്, ചെറുതോണി വഴി കട്ടപ്പനക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേ. ആദ്യ ദിവസം തന്നെ NH49 ൽ നേര്യമഗലം കാട്ടിൽ പല ഭാഗത്തും മണ്ണിടിഞ്ഞ് ഗതാഗതം സ്ഥംഭിച്ചു. മഴ കനത്തതോടെ ചെറുതോണി ഡാം തുറന്ന് വിടെണ്ടി വന്നു. ഡാമിലെ സ്‌പിൽവേയിൽ നിന്നും കുത്തിയൊഴുകി വരുന്ന വെള്ളത്തിൽ ചെറുതോണി പട്ടണം ഭാഗികമായി മുങ്ങി, പാലം ഗതാഗത യോഗ്യമല്ലാതെയായി. അപ്പോഴും ഒരു റോഡ് അവശേഷിച്ചു. പിറ്റേന്ന് മുല്ലപ്പരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന്, ചപ്പാത്ത് പാലം മൂടിയപ്പോൾ അവസാനത്തെ വഴിയും അടഞ്ഞു.
ഹൈറേഞ്ചിൽ എന്തു സംഭവിക്കുന്നു എന്നറിയില്ല. വാർത്തകളിൽ മറ്റു ജില്ലകളേക്കുറിച്ച് റിപ്പോർട്ടുകൾ നിറഞ്ഞു നിൽക്കുന്നു, ഇടുക്കിയിൽ നിന്നും വിവരങ്ങൾ ലഭിക്കാൻ മാർഗ്ഗമില്ല. മൂത്ത ജേഷ്ഠന്റെ മകന്റെ കല്യാണം രാജകുമാരിയിൽ പള്ളിയിൽ വെച്ച് നടത്താൻ നിശ്ചയിച്ച് ഉറപ്പിച്ച് വിളിച്ച് ചൊല്ലുകയും ചെയ്തിരുന്നതാണ്. കല്യാണ വസ്ത്രങ്ങളെടുക്കാൻ കോട്ടയത്ത് എത്തിയ കല്യാണ ചെറുക്കനും കുടുംബവും എന്റെ വീട്ടിൽ കുടുങ്ങി. വധുവിന്റെ വീട് സമീപത്തായിരുന്നതുകൊണ്ട്, പ്രളയം പ്രമാണിച്ച് വിരലിൽ എണ്ണാവുന്ന ബന്ധുക്കൾ ചർന്ന് മണർക്കാട് പള്ളിയിൽ വെച്ച് പ്രത്യക അനുമതിയോടെ കല്യാണം നടത്തി. പള്ളിയിലെ ദുരിതാശ്വാസ ക്യാന്പിലുണ്ടായിരുന്നവരോടൊപ്പം വിവാഹ സദ്യ. ദുരിതാശ്വാസക്യാന്പിലെ മുപ്പത്തി അഞ്ചും ബന്ധുക്കൾ മുപ്പതും ഉൾപ്പടെ അറുപത്തിയഞ്ചു പേർ. വൈകുന്നേരം വാട്സ് ആപ്പിൽ വന്ന മെസേജ് കണ്ട് ഞെട്ടി, ഒരു ലക്ഷം പേർ പ്രസ്തുത പള്ളിയിലെ ദുരിതാശ്വാസ ക്യാന്പിൽ!.
ഇങ്ങനെ, കണ്ണീരിനോടൊപ്പം പൊലിപ്പിച്ച കഥകളുമായി മഴ അവസാനിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകളടച്ചു. ഹൈറേഞ്ചിലേക്കുള്ള വഴി തുറന്നു. ഒരു മാസത്തെ അവധി തീരാൻ നാലു ദിവസം ബാക്കി നിൽക്കേ തറവാട്ടിലേക്ക് യാത്ര. ചപ്പാത്ത് പാലത്തിന്റെ കൈവരികൾ തകർത്ത്, ഇരു വശത്തയും കടകളുടെ അടഞ്ഞ ഷട്ടറുകൾ തള്ളി തുറന്ന് പ്രളയം വെള്ളം അകത്തു കയറി. മൂന്നാറിലേക്കുള്ള യാത്രയാരുന്നു ഏറ്റവും ഭയാനകം.
മൂന്നാർ ഗവ. കോളജ് നിന്നയിടത്ത് ഇളം ചുവപ്പ് നിറത്തിലുള്ള മണ്ണു മാത്രം., അവിടെ കെട്ടിടം ഉണ്ടായിരുന്ന ലക്ഷണം പോലുമില്ല. ഹൃദയഭേദകമായ കഥ പറഞ്ഞത് സ്നേഹിതനാണ്, 18 വയസുള്ള ഹിന്ദു ചെറുപ്പക്കാരന്റേയും മധ്യവയസ്ക്കനായ ക്രിസ്ത്യാനിയുടേയും ജഡം മൂന്നാർ ക്ലബ്ബിലെ ഹാളിൽ അടുത്തടുത്ത് വെച്ച് മരണാനന്തര ചടങ്ങുകൾ നടത്തി സംസ്ക്കരിച്ചു. ദുരന്തങ്ങൾ മായിച്ചുകളയുന്ന അതിർത്തികൾ!
ഒരു കാലത്ത് റെയിൽവേയും വൈദ്യുതിയും, തമിഴ്നാട്ടിലെ കോട്ടകുടി വരെ റോപ് വേയും ഉണ്ടായിരുന്ന പട്ടണമായിരുന്നു മൂന്നാർ. ഇതൊന്നും പുനർ നിർമ്മിക്കാനാകാത്ത വിധം 1924 ലെ വെള്ളപ്പൊക്കത്തിൽ നശിച്ചു പോയി. അന്നത്തെ റെയിൽവേസ്റ്റേഷനും, തകർന്ന മോണോ റെയിലിന്റെ പാളങ്ങളും റോപ് വേയുടെ തൂണുകളും ഒരു മഹാ പ്രളയത്തിന്റെ സ്മാരകമായി ഇന്നും അവിടെയുണ്ട്.
94 വർഷങ്ങൾക്ക് ശേഷം മറ്റോരു പ്രളയം മൂന്നാറിനെ തകർത്ത് എറിഞ്ഞിരിക്കുന്നു. എങ്ങോട്ട് യാത്ര ചെയ്താലും ചുവന്ന നിറത്തിൽ മണ്ണിടിഞ്ഞ മലഞ്ചെരുവുകൾ, തകർന്ന റോഡുകൾ, വീണു കിടക്കുന്ന കൂറ്റൻ മരങ്ങൾ. അതിടയിൽ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനെ ത്തുന്ന സഞ്ചാരികൾക്കായി മുഖം മിനുക്കി നിന്ന മൂന്നാറിന്റെ അസ്ഥികൂടം പോലെ ശൂന്യമായ റിസൊർട്ടുകൾ. നിരാശരായ വഴിയോര കച്ചവടക്കാർ. എല്ലാം നഷ്ടപ്പെട്ട കർഷകർ. മൂന്നാർ ഇനിയും ഉയർത്തെഴുന്നേൽക്കും. ധാരാളം സഞ്ചാരികളിനിയും വരും. ഈ പ്രളയാവശിഷ്ടങ്ങളും കാഴ്ചവസ്തുക്കളാകും. തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിന് ഒരു അനുബന്ധ കഥകൂടി ചേർക്കപ്പെടും. പക്ഷേ, മനുഷ്യന്റെ ഇടപടൽ പ്രകൃതി ക്ഷോഭങ്ങൾക്ക് ആക്കം കൂട്ടാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ നന്നായിരുന്നു...