പാഠം 3: ഇനിയും - അതിജീവിക്കേണ്ട ഇടങ്ങൾ
സോന പി.എസ്
സ്കൂളിലെ ഒരു സേവനവാര ദിവസം. വീട്ടിൽ തൊട്ടുനോക്കാൻ പോലും അനുവാദമില്ലാത്ത രാകി മിനുക്കിയ അരിവാൾ കൈയ്യിൽ കിട്ടിയ ത്രില്ലിൽ കാടുകയറി കിടക്കുന്ന സെവൻ ബി ക്ലാസിന്റെ പച്ചക്കറി തോട്ടം വെട്ടിയരിയുന്നതിനിടയിൽ തള്ളവിരലിന്റെ ചെറിയ കഷ്ണം ചെന്ന് വീണത് പുതുനാന്പു കിളിർത്തു വരുന്നൊരു ചീരതൈയുടെ ചുവട്ടിലായിരുന്നു. നീറി പുകഞ്ഞ് രക്തം വാർന്നൊഴുകുന്ന കൈയ്യുമായി പൈപ്പിൻ ചുവട്ടിലേയ്ക്ക് ഒരൊറ്റ ഓട്ടമായിരുന്നു പിന്നെ. അവിടെ നിന്നും അദ്ധ്യാപകർക്കൊപ്പം ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ഭയത്തോടെ ഇരിക്കുന്പോൾ പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ ഏറ്റവും പേടി തോന്നിയിട്ടുള്ള ഹിന്ദി ടീച്ചർ അടുത്ത് വന്നു പറഞ്ഞത് പേടിക്കേണ്ട എളുപ്പം മാറുന്ന മുറിവാണിതെന്നും, മുറിവിൽ വെള്ളം കയറാതെ നോക്കിയാൽ എളുപ്പം മാറുമെന്നുമായിരുന്നു.
ക്ലാസിൽ ഏറ്റവും ഭയം തോന്നിയൊരാൾ അന്നേരം സ്നേഹത്തോടെ നൽകിയ ആശ്വാസത്തിന് വല്ലാത്തൊരു കരുത്തുണ്ടായിരുന്നു. എപ്പോഴും കൂടെയുണ്ടായിരുന്നവർക്ക് പുറമെ നിന്നും നമുക്കൊപ്പം നിൽക്കാൻ ഇനിയും ആളുകൾ ഉണ്ടെന്നറിയുന്പോൾ വേദനകളുടെ ആഴം കുറയുന്നുണ്ടെന്നും, അതോടൊപ്പം ജീവിതത്തിന് ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ സ്വയം ശ്രദ്ധിക്കണമെന്നും തന്നെയായിരുന്നു അതിജീവനത്തിന്റെ പാഠ പുസ്തകത്തിൽ ഞാൻ പിന്നെ എഴുതി ചേർത്ത ആദ്യത്തെ വരികൾ. എന്നാൽ മുറിവുകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും മാത്രമല്ല ഇനിയും അതിജീവിക്കേണ്ട ഇടങ്ങളുണ്ടെന്ന് ജീവിതം ഓരോ അനുഭവങ്ങളിലൂടെ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രളയക്കെടുതി എന്ന വാക്കിന് ഇരുവശങ്ങളിലും അതിജീവനം എന്ന വലിയ ആശയത്തെ ചേർത്തെഴുതി കേരളത്തെ ഉയർത്തി കൊണ്ടുവരാൻ നാടും നഗരവും, വിദേശത്തുള്ളവരും തങ്ങൾക്കാവും വിധം കിണഞ്ഞു ശ്രമിക്കുകയാണ്. പാഠം ഒന്ന് ഒരു ദുരന്തമാകുന്പോൾ പാഠം രണ്ട് അത് അതിജീവനത്തിന്റേതു തന്നെയാണ്. അതിനിടയിൽ പലയിടത്തും ദുരന്തങ്ങളിൽ തങ്ങൾക്കുണ്ടായ നഷ്ടങ്ങളെയോർത്ത് ചിലർ ആത്മഹത്യയിൽ അഭയം തേടിയ വാർത്തകളും കണ്ടു. വളരെ കുറച്ച് ശതമാനമാണ് പ്രളയത്തെ ആത്മഹൂതികൊണ്ട് പ്രതിരോധിച്ചതെങ്കിലും ആ ചെറിയ ശതമാനത്തെ കാണുന്പോൾ വല്ലാത്ത വേദനയും, നവകേരളമെന്നു പറഞ്ഞ് മുന്നോട്ട് കുതിക്കുന്ന വലിയൊരു ശതമാനത്തെ കാണുന്പോൾ അഭിമാനവും തോന്നുന്നുണ്ട്. ഈ പ്രളയകാലത്ത് പലരുടെയും പിന്തുണയോടുകൂടി സാമൂഹികമായും ആത്മീയമായും ഭൗതീകമായും നമുക്കുണ്ടായ പ്രതിസന്ധികളെ മറികടക്കുന്പോൾ മാനസികാരോഗ്യക്ഷതങ്ങളിൽ നിന്നും കൂടി നാം അതിജീവിക്കാൻ പഠിക്കേണ്ടതുണ്ട്. കാരണം ഇനിയും അതിജീവിക്കേണ്ട ഇടങ്ങളെന്ന മൂന്നാമത്തെ പാഠം കൂടിയുണ്ട് ഈ പ്രളയ പാഠ്യപദ്ധതിയിൽ.
അധികം വൈകാതെ തകർന്നടിഞ്ഞ വീടും, രണ്ടായി പിളർന്ന പാലവും റോഡും, ആശുപത്രിയും ബാങ്കുമെല്ലാം, നമ്മൾ വീണ്ടും പുനർനിർമ്മിക്കുക തന്നെ ചെയ്യും. പക്ഷേ രാഷ്ട്രീയ വൈരത്തിന്റെയും മതസ്പർദ്ധയുടെയും ഇടയിൽ കുരുങ്ങി കലങ്ങി മറിഞ്ഞ പലരുടെയും മനസ്സുകൾ കൂടി ഈ അതിജീവനക്കാലത്ത് തെളിയേണ്ടതുണ്ട്. എപ്പോഴോ മുറിവേറ്റ സമൂഹത്തിന്റെ മാനസീകാരോഗ്യത്തെ കൂടി ഈ ഈ സമയത്ത് തിരിച്ചു പിടിക്കേണ്ടതുണ്ട്. വിവേകവും മാനസികാരോഗ്യമുള്ളൊരു സമൂഹത്തെ വീണ്ടെടുക്കുക എന്നതു തന്നെയാണ് പ്രളയം ബാക്കിയാക്കിയ ജീവിതങ്ങൾക്ക് നൽകാനുള്ള വിലപ്പെട്ട സമ്മാനങ്ങളെന്ന് കൂടി ഈ സമയം ഓർക്കേണ്ടിയിരിക്കുന്നു. കാരണം ദുരന്തങ്ങളിൽ നിന്ന് കരകയറി വരുന്നവരുടെ കുടുംബങ്ങളിൽ നിന്ന് ഇനിയാരും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ദുരഭിമാനക്കൊലകളുടെയും ഇരകളായി മാറി ദുരന്തങ്ങൾ സൃഷ്ടിക്കരുത്.