പ്രളയകാരണം ഡാമുകൾ തുറന്നതോ?
അടുത്തിടെ കേരളത്തിൽ ഉണ്ടായ പ്രളയത്തിന് കാരണം ഡാമുകൾ എല്ലാം പെട്ടന്ന് തുറന്നതു കൊണ്ടാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ഈ വിഷയത്തിൽ ബഹ്റൈനിലെ വിവിധ മേഖലകളിൽ ഉള്ളവർ പ്രതികരിക്കുന്നു..
കെ.എം മഹേഷ്
കേരളം സാക്ഷ്യം വഹിച്ച സമാനമായ മറ്റൊരു വെള്ളപൊക്കത്തിന്റെ അറിവ് നമുക്ക് ലഭ്യമാകുന്നത് വർഷം 1924 എന്നാണ്. അതായത് 94 വർഷങ്ങൾക്ക് മുന്പ്. എന്നാൽ ഐക്യ കേരളമാകട്ടെ പ്രളയത്തിൽ അകപ്പെടുന്നത് 2018 ആഗസ്റ്റ് 17നും. 94 വർഷം മുന്പ് നടന്ന പ്രളയകാലത്തെ കൈകാര്യം ചെയ്തവരിൽ ഒരാൾ പോലും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല, പണ്ട് ഇപ്പോഴുള്ള ജനസാന്ദ്രതയും വികസനവും ഇല്ല എന്നും പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. അപ്രതീക്ഷിതമായ ഉരുൾപൊട്ടലിലും നൂറ്റി അറുപത്തി നാല് ശതമാനത്തിലധികം പെയ്ത മഴയിലും കേരളം ഒരു നിമിഷം പകച്ചു പോയി, പക്ഷെ നമുക്ക് വിറങ്ങലിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല. കേരളം ഒരൊറ്റ മനുഷ്യരായി പ്രളയ ദുരിതത്തെ കൈകാര്യം ചെയ്യുന്നതാണ് പിന്നീട് നമ്മൾ കണ്ടത്. ഭരണ പ്രതിപക്ഷങ്ങൾ ബഹുമാനത്തോടെ മറ്റെല്ലാ വ്യത്യാസത്തിനുമപ്പുറം ഇത് നാടിന്റെ പ്രശ്നമാണെന്ന രീതിയിൽ കൈകോർത്ത് നിന്നു.
കേരള ജനതയും അതിന്റെ സർക്കാരും വായു-കര-നാവിക സേനയും ചേർന്ന് ആയിരകണക്കായ മനുഷ്യ ജീവനുകൾ നഷ്ടപ്പെടാമായിരുന്ന ദുരിത കയത്തിൽ നിന്ന് കേവലം അഞ്ഞൂറിൽ താഴെ മനുഷ്യ ജീവനുകളെ മാത്രം. നഷ്ടപ്പെടുത്തി രക്ഷാദൗത്യം പൂർത്തീകരിക്കപ്പെട്ടു. ലോകം മുഴുവൻ വിസ്മയത്താൽ നോക്കി നിന്ന ഒരു കാഴ്ച. കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രിയാൽ വിശേഷണത്തിന് അർഹരായ കടലിന്റെ മക്കളും, പിണറായി വിജയൻ എന്ന കപ്പിത്താനും നാനാ ദേശത്തിൽ നിന്നും അഭിനന്ദങ്ങൾ ഏറ്റുവാങ്ങി നിന്നപ്പോൾ മനുഷ്യ നിർമ്മിതമായ പ്രളയ ദുരിതം എന്ന് നാട് നീളെ പറഞ്ഞ് നടന്ന് അതിനെ ചുരുക്കി കണ്ട് വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിൽ നിന്നും ഉണ്ടായത്. ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണ് നാട് ജലത്തിൽ മുങ്ങാൻ കാരണമെന്ന് ഗീബൽസിയൻ നുണ തട്ടിവിടുകയായിരുന്നു അദ്ദേഹം.
യഥാർത്ഥത്തിൽ അദ്ദേഹം പറയുന്നത് നുണയാണെന്ന് അദ്ദേഹത്തിന്റെ തന്നെ ആഗസ്റ്റ് 9 മുതൽ ഉള്ള ഫെയ്സ് ബുക്ക് കുറിപ്പുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ കേന്ദ്ര ജല കമ്മീഷനും ഡാമുകൾ തുറന്നതല്ല പ്രളയത്തിന് കാരണം എന്ന് വ്യക്തമാകുന്നു. മനുഷ്യ നിർമ്മിതം എന്ന് പറഞ്ഞാൽ ദുരന്തത്തിൽ മനുഷ്യരെ സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകൾക്ക് ഒരു പ്രസക്തിയുമില്ലെന്ന് വരുത്തി തീർക്കാനുള്ള അധര വ്യായാമത്തിൽ ആയിരുന്നു കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. ആരാണ് അദ്ദേഹത്തിന് ഈ ബുദ്ധി ഉപദേശിച്ച് കൊടുത്തത് എന്നറിയില്ല, ഏതായാലും പൊതു സമൂഹത്തിന് മുന്പിൽ സ്വന്തം വിലയിടിക്കുന്ന നടപടിയായി പോയി അതെന്നേ കേരളത്തിൽ രാഷ്ട്രീയം ഗൗരവത്തോടെ വീക്ഷിക്കുന്ന ജനത പറയുകയുള്ളു.
ഇതോടൊപ്പം തന്നെ കൂട്ടി വായിക്കണം കേന്ദ്രം ഭരിക്കുന്ന സർക്കാറിന്റെ കേരളത്തോടുള്ള അവഗണന. ഇപ്പോഴും കക്ഷി രാഷ്ടീയത്തിന്റെ വൃത്തികെട്ട ചാണക രീതിയിൽ കഴിഞ്ഞ് കൂടുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി, സർക്കാർ. ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, എന്നിവ പോലെ കേരളവും ഫെഡറൽ സംവിധാനത്തിൻ കീഴിൽ ലഭിക്കേണ്ടുന്ന എല്ലാ അവകാശങ്ങൾക്കും, സഹായങ്ങൾക്കും പാത്രി ഭവിക്കേണ്ട സംസ്ഥാനമാണ് എന്ന കാര്യം കേന്ദ്ര സർക്കാർ മറന്നു പോകുന്നു, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എന്നിവരുടെ സന്ദർശനവും, അവർ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായവും മറന്നു കൊണ്ടല്ല ഇത് പറയുന്നത്. ജനത ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. ഇതൊന്നും തന്നെ കേരളം പ്രഖ്യാപിച്ച പുനരധിവാസത്തെയും, പുനർ നിർമ്മാണത്തെയും പിന്നോട്ടടിക്കാൻ പര്യാപ്തമല്ല. കാരണം കേരള ജനത ഒറ്റക്കെട്ടാണ്. അതിനിടയിൽ വിഷം കലർത്താൻ വരുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തി മുന്പോട്ട് പോകാൻ കെൽപ്പുള്ളവരും, കേവലമായ വാദ പ്രദിവാദങ്ങൾക്കുമപ്പുറം സഹകരണത്തിന്റെ ആകാശത്തിലൂടെ നടക്കാൻ നമുക്ക് കഴിയട്ടെ.
തന്പി നാഗാർജ്ജുന
ഡാമും ജലവും, ജലവിനിയോഗവും, പ്രകൃതിയും അതിന്റെ ശാസ്ത്രങ്ങളെപ്പറ്റിയൊന്നും അറിവില്ലാത്ത മന്ത്രിമാരും കുറെ വകുപ്പുകളും ഉണ്ടായാൽപോരാ, സാമാന്യ ബോധം എന്നത് ഉണ്ടാകണം. അതില്ലാത്തതാണ് കേരളത്തിലെ അടുത്തിടെയുണ്ടായ പ്രളയത്തിന് കാരണമായി ഭവിച്ചത് എന്ന് പറയാതിരിക്കാനാവില്ല. കുറേ കണക്കുകൾക്കു മുൻപിൽ സാധാരണക്കാരന്റെ കേവലമായ ചോദ്യം “പെരുംമഴ വരുമെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് അൽപ്പാൽപ്പം നേരത്തെ തുറന്നു വിട്ടില്ല എന്ന ചോദ്യത്തിന് ഒരുദ്യോഗസ്ഥന്റെ വിടുവായത്തം കലർന്ന മറുപടിയാണ് പല മന്ത്രിമാരും ആവർത്തിച്ചത്.
ഇത്രയും വലിയ തോതിൽ നദികൾ ഉള്ള സംസ്ഥാനത്ത്, 35 ഓളം അണക്കെട്ടുകൾ ഉള്ള കേരളത്തിൽ സെൻട്രൽ വാട്ടർ കമ്മീഷന്റെ ഓഫീസ് പോലും കേരളത്തിൽ തുറക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അത് കേന്ദ്ര നിയന്ത്രണത്തിൽ ആയേക്കുമോ എന്നുള്ള ഭയം കൊണ്ടോ എന്തോ ആയിരിക്കാം. രാത്രി 12. 30 ന് പോസ്റ്റ് ചെയ്ത മന്ത്രിയുടെ മുന്നറിയിപ്പിൽ പറയുന്നു രാത്രി 1.30ന് ഡാം തുറന്നു വിടുമെന്ന്. ഇതാണോ മുന്നറിയിപ്പ്? ഒന്നിന് പുറകെ ഒന്നായി സർവ്വ ഡാമുകളും തുറന്നു വിട്ടു.
പ്രളയത്തിൽ പൊലിഞ്ഞ ജീവന്റെ കണക്കു പുറത്തുവരും മുൻപേ ഇല്ലാത്ത ധനസഹായത്തിനെ ചൊല്ലി തർക്കമുണ്ടാക്കി, പ്രളയകാരണങ്ങളിൽ നിന്നും തലയൂരിക്കൊണ്ട് രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനാണ് മന്ത്രിമാർ ശ്രമിച്ചത്. ദുരന്തത്തെ പിടിച്ചു കെട്ടിയത് മത്സ്യതൊഴിലാളികളും, പട്ടാളവും, സന്നദ്ധ സംഘടനകളും പോലീസും നാട്ടുകാരും ചേർന്നാണ് അതിൽ സർക്കാരിന്റെ ഏകോപനം എത്രകണ്ട് നന്നായി എന്നു സാമാന്യജനവും, എംഎൽഎമാരും വിലയിരുത്തുന്നതും നാം കണ്ടു. ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടാക്കിയിരിക്കുന്നത് പരസ്പരം ചെളി വാരിയെറിയാനല്ല. മറിച്ച് അവരിൽ ഉള്ള നന്മകളെ തിരിച്ചറിഞ്ഞു ദോഷങ്ങളെ വേർതിരിച്ചു നല്ല രീതിയിൽ മുന്നോട്ട് പോകാനാണ്. നല്ലൊരു പ്രതിപക്ഷത്തിന്റെ കഴിവും കരുത്തുമാണ് ഭരണം നന്നാക്കുക എന്നത്. അതും ഇവിടെയില്ലാതായി. ഇതിന്റെയെല്ലാം ഭാരം തങ്ങേണ്ടി വരുന്നത് സാധാരണക്കാരനാണ്. ഇവിടെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ കണക്കെടുക്കുന്നതിനോ അവരെ ആശ്വസിപ്പിക്കുന്നതിനോ പകരം പരസ്പരം കുറ്റപ്പെടുത്തലും വെള്ള പൂശലുമാണ് നിയമസഭയിൽ അടക്കം നടക്കുന്നത്. ഒരു നിയമസഭ കൂടാനുള്ള ചിലവ് തന്നെ എത്രയോ ദുരിത ബാധിതർക്ക് സഹായം ആകാനുള്ള പണമുണ്ട്. എന്നാൽ അവിടെ നിയമസഭ കൂടി ചെയ്യുന്നതോ പരസ്പര കലഹങ്ങളാണ്. ആലോചനയില്ലാതെ അണക്കെട്ടുകൾ തുറന്നു വിട്ടത് തന്നെയാണ് കേരളത്തിലെ പ്രളയക്കെടുതികൾക്കു കാരണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
മാത്യു ജേക്കബ്
ഡാമിലെ ജലനിരപ്പ് സാധാരണ നിലയിൽ കൂടുതൽ ഉയരുന്പോൾ അത് കുറേശ്ശെയായി തുറന്നു വിട്ട് ഡാമുകളുടെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാറുണ്ട്. കാലാവസ്ഥ നീരിക്ഷകരും, ബിബിസി പോലെയുള്ള മാധ്യമങ്ങളും കേരളത്തിൽ അതിശക്തമായ മഴ ഉണ്ടാകും എന്ന് മുൻകൂട്ടി അറിയിച്ചിട്ടും, അതൊന്നും വകവെയ്ക്കാതെ ഡാമുകളിൽ പരമാവധി ശേഖരിക്കാൻ വെന്പൽ കാട്ടിയതിന്റെ ബാക്കി പത്രമാണ് ഇന്ന് കേരള ജനത അനുഭവിക്കുന്ന ഈ ദുരന്തം. കാലവർഷ സമയത്തു ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും, അതിനു നിയന്ത്രണം എന്നോണം അൽപ്പാൽപ്പമായി ഡാമുകൾ തുറന്നു വിടുന്നതും സാധാരണ രീതിയാണ്. ചില വർഷങ്ങളിൽ പന്പയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞാൽ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് വരുന്ന ചുണ്ടൻ വള്ളങ്ങൾ മണൽ പുറ്റുകളിൽ കയറി ഉറക്കാതിരിക്കാൻ സർക്കാരിന്റെ നിർദേശാനുസരണം പന്പയിലെ അണക്കെട്ടുകൾ തുറന്നുവിട്ടു ജലനിരപ്പ് ഉയർത്തി ജലമേളയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കാറുണ്ട്. അപ്പോഴും ഒന്നോ രണ്ടോ അടി വെള്ളം മാത്രമേ ഉയരൂ. ഇതൊക്കെ ഈ നാട്ടിലെ ജനങ്ങൾക്കറിയാം.
ഇത്തവണ തുള്ളിക്കൊരുകുടം പേമാരി പോലെ ആഴ്ചകളോളം നീണ്ടു നിന്ന തോരാമഴയിൽ എല്ലാ നദികളും ദിവസങ്ങളായി നിറഞ്ഞു കവിഞ്ഞു ഒഴുകികൊണ്ടിരുന്നപ്പോൾ അതൊന്നും വക വെയ്ക്കാതെ ആരുടെയോ നിർബന്ധബുദ്ധിക്ക് അനുസരിച്ചു ഡാമുകൾ നിറഞ്ഞു കവിയാൻ കാത്തുനിന്ന ശേഷം എല്ലാം കണക്കുകൂട്ടലും തെറ്റി പേമാരി വീണ്ടും അതിശക്തിയായി തുടർന്നപ്പോൾ മറ്റൊരു നിർവ്വാഹവുമില്ലാതെ ഡാമിന്റെ എല്ലാ ഷട്ടറുകളും പരമാവധി ഉയർത്തി ജലം തുറന്നു വിട്ടു. പേമാരിയിൽ കര കവിഞ്ഞൊഴുകിയ നദികളിൽ ഡാമുകളിൽ നിന്നും യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നു വിട്ട ജലവും കൂടിയായപ്പോൾ സംഗതി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തിന് സാക്ഷിയായി. ഇത് ആരൊക്കെ എന്തൊക്കെ കണക്കുകൾ കാണിച്ചു മാറ്റിയെഴുതാൻ ശ്രമിച്ചാലും വെള്ളപ്പൊക്കം കണ്ടുവളർന്ന ഗ്രാമീണ ജനത ഇത് വിശ്വസിക്കും എന്ന് കരുതേണ്ട.
ബഷീർ അന്പലായി
പ്രളയക്കെടുതി മൂലം ഏറെ ബുദ്ധിമുട്ടനുഭവിച്ച് കൊണ്ടിരിക്കുന്നവരിൽ പ്രവാസികളുടെ വലിയ വിഭാഗം തന്നെയുണ്ട്. ലോണെടുത്തും കടം വാങ്ങിച്ചും വീട് വെച്ച് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് വീട് നഷ്ടപ്പെട്ടവരും ഭാഗികമായി നഷ്ടം വന്നവരും. ഉപയോഗിച്ചതും പുതിയതുമായി ഉണ്ടായിരുന്ന ഫർണീച്ചറുകൾ ഇലക്ട്രോണിക്സ് എന്ന് വേണ്ടാ ഉപയോഗിച്ചിരുന്ന എല്ലാ വില പിടിപ്പുള്ള ഉൽപ്പന്നങ്ങളും പ്രളയം ബാധിച്ച ഏറെ ഇടത്തരക്കാരുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയാതെ കണ്ണീരിൽ കുതിർന്ന് വീടിന് പുറത്ത് കൂട്ടിയിട്ടിരിക്കുന്ന ദയനീയ കാഴ്ചയാണ് ഓരോ പ്രവാസികളുടെ വീട് സന്ദർശിച്ചാലും കാണാൻ കഴിയുക. എന്നാൽ ഒരു പ്രധാന കാര്യം സൂചിപ്പിക്കാനുള്ളത് പല പ്രദേശങ്ങളിലും താമസിക്കുന്നവരെ മുൻകൂട്ടി ഡാം തുറന്ന് വിടുന്നതോ അതിന്റെ ഭീകരാവസ്ഥയോ അറിയിച്ചില്ല എന്ന കാര്യം വളരെ ഗൗരവമുള്ളതാണ്. സാധാരണ മഴയുണ്ടായി വെള്ളം നിൽക്കാറുള്ള അവസ്ഥയിൽ നിന്ന് പെട്ടന്ന് വെള്ളം ഇരച്ച് കയറുകയും ഒരു മൊട്ടുസൂചി പോലും എടുക്കാൻ കഴിയാതെ നിസ്സഹായതോടെ ഓടിപോവേണ്ടി വന്നവരാണ് എന്റെ വീടിന്റെ ഭാഗത്തുള്ളവർ. അപ്പോൾ ഡാം കൈകാര്യം ചെയ്യുന്നവരും അതിന്റെ വകുപ്പിനും സൂക്ഷ്മതയില്ല എന്ന കാര്യം ഗൗരവമായ ഒരു സത്യമായി നിൽക്കുന്ന അവസ്ഥയിൽ അർഹതപ്പെട്ടവരുടെ നഷ്ടപരിഹാരം വളരെ വിലപ്പെട്ടതാണ്. പ്രളയത്തിന്റെ ഘട്ടത്തിൽ രാഷ്ട്രീയത്തിനും മറ്റു എല്ലാ ചിന്തകൾകുമപ്പുറം കൈകോർത്ത് നേരിട്ട സന്നദ്ധ പ്രവർത്തകരും പൊതുജന കൂട്ടായ്മയും എക്കാലത്തും ചരിത്ര സത്യമായി സ്മരിക്കപ്പെടും എന്ന യാതാർത്ഥ്യം നിലനിൽക്കെ ഇതിനെ ഒക്കെ മുതലെടുക്കാൻ കഴിയുന്ന ചിദ്രശക്തികളെ ഒറ്റപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
സത്താർ കണ്ണപുരം
കേരളം കണ്ടതിൽ വെച്ച് എറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ മാസം കേരള സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഉടനീളം നിരവധി വീടുകൾ തകരുകയും പലയിടത്തും ഉരുൾ പൊട്ടലുണ്ടാകുകയും 300ൽ പരം മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കേവലം മഴ വെള്ളം മാത്രമാണോ ഈ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്നും, അതുമൂലമാണോ ഇത്ര വലിയ പ്രളയം ഉണ്ടായതെന്നും വളരെ ഗൗരവപരമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
മഴവെള്ളം മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം വളരെ വർദ്ധിച്ചിട്ടുണ്ട്. 300ലധികം പേർ മരണപ്പെട്ടത് കേരളത്തെ അപേക്ഷിച്ചെടുത്തോളം വളരെ നിസ്സാരമായി കാണാൻ സാധിക്കില്ല. അത് വെറും മഴവെള്ളം കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് ഒരു വിധത്തിലും പറയാൻ സാധിക്കില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരേ സമയം നാൽപ്പത്തി രണ്ട് ഡാമുകളും തുറന്നു വിട്ടതാണ് കേരളത്തിലുണ്ടായ ഈ പ്രളയത്തിന് പ്രധാന കാരണം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
വേണു നായർ
ഡാമുകൾ എല്ലാം തുറന്നത് കൊണ്ടാണ് പ്രളയത്തിന് കാരണമായത് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല.അണക്കെട്ടുകൾ ഉൾപ്പെടുന്ന പ്രദേശത്തെ അതിവൃഷ്ടിയും തൽഫലമായുണ്ടായ വെള്ളത്തിന്റെ ആധിക്യത്തെ തടഞ്ഞു നിർത്താൻ കഴിയാതെ പോയ അണക്കെട്ടുകളുടെ അശാസ്ത്രീയ നിർമ്മിതിയും പ്രളയത്തിന്റെ കാഠിന്യത്തിന് ആക്കം കൂട്ടി എന്ന് വേണം കരുതാൻ. കേരളം കണ്ട ഈ മഹാ പ്രളയം ഒരു മനുഷ്യ നിർമ്മിത പ്രളയം തന്നെയാണ്. ജലശ്രോതസുകളെയെല്ലാം നിർജീവങ്ങളാക്കി അവിടെയൊക്കെ രമ്യ ഹർമ്മങ്ങളും റിസോർട്ടുകളും പഞ്ച നക്ഷത്ര ഹോട്ടലുകളും നിർമ്മിക്കപ്പെട്ടപ്പോൾ പ്രകൃതിയോട് നാം കാട്ടിയ വലിയൊരു വികൃതിയായി അത് പരിണമിച്ചു. ലക്ഷക്കണക്കിന് കുടുംബങ്ങൾ ഇന്നും ദുരിതാശ്വാസ ക്യാന്പുകളിൽ തന്നെയാണ്. ക്വാറികളുടെ അതി പ്രസരവും മണൽ ഖനനവും നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ഇനിയും നിയന്ത്രിക്കാനാകാത്ത വിധത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായേക്കാം. നദീജല സംരക്ഷണ പദ്ധതികൾ ജന പങ്കാളിത്തത്തോടെ നടപ്പിലാക്കുക, ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരമുള്ള പ്രവർത്തികൾ വഴി ദൈവത്തിന്റെ സ്വന്തം നാടിനെ സംരക്ഷിക്കാം...
വിനോദ് വളയം
നമ്മുടെ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രളയമാണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ സംഭവിച്ചത്. നമുക്കറിയാം നൂറ്റാണ്ടുകൾക്കു മുന്പ് മാത്രമാണ് ചരിത്രത്തിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായത്. ഇപ്പോൾ ഉണ്ടായ പ്രളയത്തിന് ഉത്തരവാദി അണക്കെട്ടുകൾ തുറന്നുവിട്ട ഭരണ സംവിധാനമോ, വൈദ്യുതി വകുപ്പിന്റെ പിടിപ്പുകേടോ അല്ല, മറിച്ച് മനുഷ്യൻ തന്നെ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലമാണ് എന്നാണ് എന്റെ അഭിപ്രായം. അതിനു ഭരണ സംവിധാനത്തെ പഴി ചാരിയിട്ട് യാതൊരു കാര്യവുമില്ല. അണക്കെട്ടുകൾ തുറന്നു വിടാനുള്ള ഒരു പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് അതുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ കൂടിയ അളവിൽ ആയപ്പോൾ തന്നെ അണക്കെട്ടുകൾ തുറന്നു വിടാനുള്ള സംവിധാനങ്ങളും ചെയ്തു എന്ന് മാത്രം. നമുക്കറിയാം കേരളത്തിൽ മഴ പെയ്തൊഴുകുന്ന വെള്ളം നിമിഷ നേരം കൊണ്ട് തന്നെ കടലിലേയ്ക്ക് ഒഴുകിപ്പോകുന്ന സംവിധാനമാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ വർദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് ജലശ്രോതസ്സുകൾ നിലനിർത്തി അണക്കെട്ടുകളിൽ വെള്ളം ശേഖരിക്കാതെ കഴിയുകയുമില്ല. പക്ഷെ ആർത്തുലച്ചു പെയ്ത മഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും പുറത്തും നിർത്താതെ പെയ്തപ്പോൾ മനുഷ്യൻ തടഞ്ഞുവെച്ച, മനുഷ്യൻ ഉണ്ടാക്കിയ പ്രകൃതി ചൂഷങ്ങളുടെ ഫലമായി അവയുടെ സ്വാഭാവിക ഒഴുക്കുകൾക്ക് തടസ്സം നേരിട്ടപ്പോൾ അത് പ്രളയമായി പരിണമിക്കുകയായിരുന്നു. തക്ക സമയത്തു ഒരു യന്ത്രം പോലെ പ്രവർത്തിച്ച ഭരണ കൂടത്തിന്റെ നിലപാടുകളാണ് നാശനഷ്ടങ്ങളെ ഇത്രയെങ്കിലും പിടിച്ചു നിർത്തിയത് എന്ന് തന്നെ പറയാം.