ഒരുമയുടെ കേരളം
കെ.ടി.സലിം
(ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകനായ ലേഖകൻ പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനത്തിലാണിപ്പോഴുള്ളത്)
കേരളക്കരയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരും മുൻപ് അനുഭവിക്കാത്ത കനത്ത പ്രളയം ഈ വർഷം നാം അനുഭവിച്ചിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്ത്വം നാട് എന്നറിപ്പെടുന്ന കേരളം പ്രകൃതിക്ക് കോട്ടം തട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും, വയൽ നികത്തുന്നതും എല്ലാം ഒരുപാടുകാലത്തെ കാരണങ്ങൾ ആണെങ്കിലും, പെട്ടെന്നുന്നുണ്ടായ കാരണം അതിശക്തമായ ഈ വർഷത്തെ മഴ തന്നെയാണ്. ഒട്ടനവധി പാഠങ്ങൾ ഈ പ്രളയം നമുക്ക് നൽകുന്നുണ്ട്. അതിൽ പ്രധാനം പ്രകൃതിക്ക് അനുയോജ്യമല്ലാത്ത എല്ലാം ഉപേക്ഷിക്കണം എന്നത് തന്നെയാണ്. മഴ ശക്തമായി ലഭിക്കുന്പോൾ മഴ വെള്ള സംഭരണികൾ നിറയുന്പോൾ ഒഴുക്കി വിടാൻ നമുക്ക് നദികൾ കുറയുന്നു, വെള്ളം നദികളും പുഴകളും തേടി നമ്മുടെ വീട്ടുമുറ്റത്ത് എത്തുന്നു. വയലുകളിൽ കെട്ടിക്കിടക്കേണ്ട ജലം വയൽ നികത്തിയവന്റെയും നികത്താത്തവന്റെയും വീടുകളിൽ എത്തി. കുന്നുകൾ പാതി ഇടിച്ച് നിരത്തിയ സ്ഥലങ്ങളിൽ ബാക്കി കുന്നുകൾ മഴയിൽ ഇടിഞ്ഞു. വയനാടിന്റെ, ഇടുക്കിയുടെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. ഡാമുകൾ തുറന്ന് വെള്ളം ഒഴുകി വന്നപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രളയം പല ഭാഗങ്ങളിലും ഉണ്ടായി. അതുകൊണ്ടു തന്നെയാവണം, വീട്ടുമുറ്റത്ത് വന്ന വെള്ളം വീട്ടിനകത്ത് കയറുമെന്ന് പറഞ്ഞിട്ടും ഒഴിഞ്ഞ് പോകാൻ തയ്യാറാവാതെ പലരും വീടുകളിൽ തന്നെ താമസിക്കാൻ നോക്കിയത്. ആരും പ്രതീക്ഷിക്കാത്ത വെള്ളപ്പൊക്കം. ഇലക്ട്രിക്ക് പോസ്റ്റുകൾ മുഴുവനായി മുങ്ങുന്ന ഇടങ്ങളിൽ എങ്ങിനെ വൈദ്യുതി നിലനിർത്തും? ആഴ്ചകളോളം വൈദ്യുതി ഇല്ലാത്ത അവസ്ഥ. മുൻപ് ഒരിക്കലും അനുഭവിക്കാത്ത, എല്ലാ വിഭാഗം ആളുകളെയും ബാധിച്ചു.
പട്ടണങ്ങളിൽ ജലം ഒഴുകാനുള്ള ഓടകൾ നിറഞ്ഞ് കവിഞ്ഞ് റോഡ് ഗതാഗതം നിലച്ചു. കടകളും വീടുകളും ഒഴിഞ്ഞ് ചില സ്ഥലങ്ങളിൽ ആളുകൾ മാറിത്താമസിക്കേണ്ട സ്ഥിതി. കോഴിക്കോട്, കണ്ണൂർ, വയനാട്, പത്തനംതിട്ട ജില്ലകളിലെ പ്രളയ ബാധിത സ്ഥലങ്ങൾ സന്ദർശിക്കുവാൻ, നാട്ടിൽ ലീവിന് വന്നതിനാൽ അവസരം ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒരു വിവാഹ ആവശ്യത്തിനും പോവുകയുണ്ടായി. ഏറ്റവും ദുരിത കഥകൾ കേട്ടത് ചെങ്ങന്നൂർ നിന്ന് തന്നെ. ബ്ലഡ് ഡോനോഴ്സ് കേരള പത്തനംതിട്ട കോ-ഓർഡിനേറ്റർ എബ്രഹാമും, അവിടുത്തെ സുഹൃത്തുക്കളും സ്ഥിതിഗതികൾ വിവരിച്ചപ്പോൾ ശരിക്കും സഹതപിച്ചുപോയി. വീടുകളിലെ വാഹനങ്ങൾ ഒഴുകി പല ഭാഗത്തും എത്തിയ അവസ്ഥ നേരിൽ കണ്ടു. പല വീടുകളും ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുന്നു. വൃത്തിയാക്കൽ, യൂട്ടിലിറ്റി പുനഃസ്ഥാപനം, പെയിന്റിംഗ് എന്തെല്ലാം ചെയ്യണം. പ്രവാസികളായ പലരുടെയും ഒട്ടനവധി വർഷത്തെ അദ്ധ്വാന സന്പാദ്യം ഒരു വീട് മാത്രമാണ്. അത് പൂർണ്ണമായോ, ഭാഗികമായോ നഷ്ടപ്പെടുക എന്നത് ഹൃദയഭേദകം. പ്രവാസി അല്ലാത്തവർ ആയാലും അത് തന്നെ അവസ്ഥ. വീട്ടിൽ തിരിച്ചെത്തുന്നവർക്ക് വെള്ളത്തിലൂടെ എത്തുന്ന പാന്പുകളും മറ്റ് ഇഴജന്തുക്കളും പേടിയുണർത്തുന്നു.
ഇതിനെല്ലാം ഇടയിൽ സന്തോഷകരവും ചിന്തനീയവുമായ സംഭവങ്ങൾ വിസ്മരിക്കൻ ആവില്ല. എടുത്ത് പറയേണ്ടത് കടലിന്റെ മക്കളുടെ ധീരത, ആത്മാർത്ഥയാണ്. അവർ രക്ഷപ്പെടുത്തിയ അത്ര വേറെ ആരാണ് ചെയ്തത്? അതുപോലെ ഇന്ത്യൻ മിലിറ്ററിയുടെ സേവനം മഹത്തരം തന്നെ. അതാത് പ്രദേശത്ത് സോഷ്യൽ മീഡിയ വഴി അറിയിക്കുകയും ഒപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്ത യുവതലമുറ, തങ്ങൾ പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ അല്ല എന്നും സോഷ്യൽ മീഡിയ എത്രത്തോളം സമൂഹ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നും സമൂഹത്തെ ബോധ്യപ്പെടുത്തി. ബഹ്റൈനിൽ നിന്നും നമ്മുടെ നാട്ടിൽ എത്തി സമാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ബഹ്റൈനി വനിതാ സാമൂഹിക പ്രവർത്തക ഫാത്തിമ മൻസൂരിയെ തലശ്ശേരി വെച്ച് കണ്ടുമുട്ടിയത് ഏറെ സന്തോഷം നൽകി. ബഹ്റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ് വഴിയും, ഒരു യോഗ ഇൻസ്ട്രക്ടർ എന്ന നിലയിലും അവർ ഇന്ത്യൻ സമൂഹവുമായി നല്ല ബന്ധം നേരത്തെ പുലർത്തുന്നുണ്ട്. കൂടാതെ കേരളത്തിൽ സുഹൃദ്ബന്ധങ്ങളും ഉണ്ട്. വയനാട് അടക്കം പല ഭാഗത്തും സഹായങ്ങൾ എത്തിച്ചുകിണ്ടിരിക്കുന്ന കൊയിലാണ്ടികൂട്ടം നേതാക്കളും ഈ കൂടിക്കാഴചയിൽ കൂടെ ഉണ്ടായിരുന്നു.
മലയാള മനസ്സ് മുൻപ് എങ്ങും കാണാത്ത വിധം ഒന്നിച്ച അവസരം. ജാതിമത രാഷ്ട്രീയ വേർതിരിവുകൾ നമുക്കൊരു പ്രശ്നം വന്നാൽ ഒന്നുമല്ലെന്ന്, പണക്കാരനും പാവപ്പെട്ടവനും പ്രകൃതിദുരന്തത്തിൽ വ്യത്യാസം ഇല്ല എന്നും തെളിയിച്ച ദിനങ്ങൾ. എല്ലാം നഷപ്പെട്ട് ക്യാന്പുകളിൽ തങ്ങിയവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും എത്തിക്കുന്നതിൽ മത്സരിച്ച് പ്രളയം ബാധിക്കാത്തവർ കൂടെ ഉണ്ടായിരുന്നു. പിരിഞ്ഞ് പോകുന്പോൾ ഒന്നിച്ച് താമസിച്ച ക്യാന്പുകളിലെ ആളുകളെ വേർപിരിയുന്നതിന്റെ ദുഃഖം മാധ്യമങ്ങൾ എടുത്തുകാട്ടി. മാധ്യമ പ്രവർത്തകരുടെ മൊത്തത്തിലുള്ള ഇടപെടൽ പ്രശംസിക്കാതെ വയ്യ. എല്ലാം ശാന്തമായപ്പോൾ വീണ്ടും ശക്തമായി ഇതാ ലോകം മൊത്തം കേരളത്തോടൊപ്പം ചേർന്നിരിക്കുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച കേരള പുനർനിർമ്മാണത്തിൽ സഹായങ്ങൾ വരുന്നതിൽ പ്രവാസി മലയാളികൾക്ക് മുഖ്യ പങ്കുണ്ട്. അവരുടെ പണവും, അവരുമായി ബന്ധപ്പെട്ട പണവും ആണ് കൂടുതലും ഇപ്പോൾ വരുന്നത്. മറുനാടുകളിൽ മലയാളികൾ ഉണ്ടാക്കിയെടുത്ത സൽപ്പേര് ഇപ്പോൾ കാശ് ആയി മാറുന്നു എന്ന് പറയാം. അതിൽ നമുക്ക് അഭിമാനിക്കാം. മുൻപരിചയം ഇല്ലാത്ത ചെറിയ പോരായ്മകൾ മാറ്റി നിർത്തിയാൽ, കേരള സർക്കാർ സംവിധാനം കരുത്തുറ്റ നിലയിൽ ഇപ്പോൾ പുനർനിർമാണത്തിൽ മുന്നോട്ടു പോകുന്നുണ്ട്. ഒപ്പം ചെറുതും വലുതുമായ കൂട്ടായ്മകൾ കേരളത്തിനകത്തും, പുറത്തും മറു രാജ്യങ്ങളിലും ആത്മാർത്ഥമായി സാഹയത്തിന് മുന്നിൽ ഉണ്ട്.
തകർന്നവ പഴയ അവസ്ഥയിൽ എത്തിക്കുന്നതിൽ നാം വിജയം കാണും. അതിനായുള്ള ഓട്ടത്തിലാണ് എല്ലാവരും. ഒപ്പം ഭൂമിയും പഴയ അവസ്ഥയിൽ എത്തിക്കുന്നതിൽ നാം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. നികത്തിയ ഓടകൾ മുതൽ, പുഴകൾ, നദികൾ, വയലുകൾ തടാകങ്ങൾ നമുക്ക് പുനർനിർമ്മിക്കുവാൻ സാധിച്ചാൽ ഭാവി തലമുറ ഇനിയൊരു കനത്ത മഴ പെയ്യുന്ന അവസരത്തിൽ ഇത്രത്തോളം ബുദ്ധിമുട്ടില്ല. നാം ഉണ്ടാക്കുന്ന വീട് ഭാവി തലമുറയ്ക്ക് ഉപയോഗ്യമാക്കാൻ പരിസ്ഥിതി സന്തുലിനാവസ്ഥ ആലോചനയിൽ വരേണ്ടതുണ്ട്. തട്ടുതട്ടായ ഭൂമിയിൽ യൂറോപ്പിൽ നിർമ്മിക്കുന്ന വീടുകൾ നിലം നിരപ്പാകാതെയാണ്. നാം എന്തിന് ഇടിച്ചു നിരപ്പാക്കണം? ആർക്ക് വേണ്ടി ഈ വീടുകൾ? ചുറ്റുപാടും വെള്ളം, അല്ലെങ്കിൽ വെള്ളം ലഭിക്കാത്ത അവസ്ഥ മാറിമാറി നാം അനുഭവിക്കുന്നു. എന്നിട്ടും നമുക്ക് മാറ്റം ഇല്ലെങ്കിൽ, ഇപ്പോഴത്തെ പുനർനിർമാണം താൽക്കാലികം മാത്രമായിരിക്കും. മുൻകരുതലുകൾ എടുക്കുന്ന, വികസനം എന്നാൽ പ്രകൃതിയെ നശിപ്പിക്കൽ അല്ലെന്ന് മനസ്സിലാക്കുന്ന പുതിയ വികസന സങ്കൽപ്പം നമുക്ക് തുടങ്ങാം. ഒപ്പം ഇത്തരം ഒരു ദുരന്തം വീണ്ടും ഉണ്ടാകാതിരിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളും അവലംബിക്കാം.