കടൽ കടന്നൊരു കൈത്താങ്ങ്
സ്വാതിക് എസ്. നായർ
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ നിന്നും കേരളം കരകയറി തുടങ്ങിയിരിക്കുന്നു. നാന്നൂറിലധികം ജീവനുകൾ നഷ്ടപ്പെട്ട പതിനായിരക്കണിക്കിന് ആളുകളെ പെരുവഴിയിലാക്കി പ്രളയം അണിയറയിലേയ്ക്ക് മടങ്ങിക്കഴിഞ്ഞു. ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് കയറ്റിയവരെ നന്ദിപൂർവ്വം സ്മരിച്ച് മലയാളികൾ പുതുജന്മത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്നു. സർക്കാർ സംവിധാനങ്ങളെക്കാൾ പൊതുസമൂഹത്തിന്റെ കൃത്യമായ ഇടപെടൽ രക്ഷിച്ചത് പതിനായിരക്കണക്കിന് ജീവനുകൾ. അറിയപ്പെടുന്നതും അല്ലാത്തതുമായ ആയിരങ്ങൾ രക്ഷാപ്രവർത്തന ദൗത്യങ്ങൾക്ക് നേതൃത്വം നൽകി. സഹജീവി സ്നേഹത്തിന്റെ പുതിയ പാഠങ്ങൾ രചിച്ചാണ് അവരൊക്കെയും ദുരന്തമുഖത്ത് നിന്നും തിരിച്ചത്. ലോകമെന്പാടുമുള്ള മലയാളികൾ തങ്ങളുടെ നാടിന് വേണ്ട സാന്പത്തിക സഹായങ്ങൾ നൽകിയപ്പോൾ അവരിൽ നിന്നും വ്യത്യസ്തയായി ദുരിതബാധിതർക്ക് സഹായവും ആശ്വാസവുമാവുകയാണ് ബഹ്റൈൻ.
35 വയസ്സുകാരിയായ സാമൂഹിക പ്രവർത്തക ഫാത്തിമ അൽ-മൻസൂരി വളരെ യാദൃശ്ചികമായാണ് പ്രളയം തിമർത്താടിയ നാളുകളിൽ കേരളത്തിൽ എത്തിപ്പെട്ടത്. മംഗളൂരൂ സർവ്വകലാശാല ഹ്യൂമൻ കോൺഷ്യസ്നസ് ഇൻ യോഗിക്ക് സയൻസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസർ ആയ ഫാത്തിമ എല്ലാവർഷവും ക്ലാസുകൾ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ എത്തിച്ചേരാറുണ്ട്. അതിനുവേണ്ടി ഓഗസ്റ്റ് 11നാണ് ഫാത്തിമ ഇന്ത്യയിൽ എത്തിയത്. എന്നാൽ അവിചാരിതമായി ബഹ്റൈനിലുള്ള ഒരു മലയാളി സുഹൃത്ത് ക്ഷണിച്ചതിനാലാണ് ഫാത്തിമ കേരളത്തിലേയ്ക്ക് തിരിച്ചത്. പിന്നീട് നടന്നതെല്ലാം ദൈവനിയോഗമാണെന്നാണ് ഫാത്തിമയുടെ പക്ഷം.
“ഞാൻ കേരളത്തിൽ എത്തിയപ്പോഴേ ശക്തമായ മഴ ഉണ്ടായിരുന്നു. എന്നാൽ ഒരിക്കലും അത് ഇത്രയും നാശം വിതയ്ക്കുന്ന രീതിയിലേയ്ക്ക് പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല” ഫാത്തിമ പറയുന്നു. ഓഗസ്റ്റ് 17ന് കൊല്ലത്ത് ജടായു എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ കൂടി വേണ്ടിയാണ് ഫാത്തിമ കേരളത്തിൽ എത്തിയത്. എന്നാൽ പിന്നീട് പ്രളയത്തെ തുടർന്ന് പരിപാടി മാറ്റിവെച്ചു എന്നറിയിക്കാൻ സംഘാടകർ വിളിച്ചപ്പോഴാണ് ഇവിടെ നടക്കുന്ന ദുരന്തത്തെ കുറിച്ച് ഈ യുവ യോഗ പരിശീലക അറിയുന്നത്.
“പ്രളയത്തെ കുറിച്ച് അറിഞ്ഞത് മുതൽ സാമൂഹ്യ മാധ്യമങ്ങൾ വഴി സത്യാവസ്ഥ അറിയുവാൻ ശ്രമിച്ചുക്കൊണ്ടേയിരുന്നു. എന്നാൽ പല മാധ്യമങ്ങളുടെ പേജിൽ നിന്നും തെറ്റായ വിവരങ്ങളാണ് ലഭിച്ചത്. പല പേജുകളും മുന്പ് മറ്റിടങ്ങളിൽ നടന്ന ദുരന്തത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് വാർത്ത നൽകി വന്നത്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി ജനങ്ങൾക്ക് കൃത്യമായി മനസ്സിലായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സത്യം ലോകത്തെ അറിയിക്കാൻ വേണ്ടി ഞാൻ ദുരന്തമുഖത്തേയ്ക്ക് ഇറങ്ങി ചെന്നത്. വാസ്തവത്തിൽ അവിടെ ചെന്ന് വിവരങ്ങൾ ശേഖരിച്ച് അവ സമൂഹമാധ്യമങ്ങൾ വഴി ലോകത്തെ അറിയിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം” ഫാത്തിമ പറയുന്നു. എന്നാൽ, വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ട് ദുരിതമനുഭവിച്ച് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയവർക്ക് കൗൺസിലിംഗ്, യോഗാ പരിശീലനം പോലുള്ളവ അത്യാവശ്യമാണെന്നും യോഗ പരിശീലക കൂടിയായ ഫാത്തിമ പറഞ്ഞു.
കണ്ണൂർ വയനാട് ജില്ലകളിലെ ക്യാന്പുകളിൽ ചില വോളണ്ടിയർമാരുടെ സഹായത്തോടെയാണ് ഫാത്തിമ എത്തിച്ചേർന്നത്. പോകുന്ന വഴിയിൽ മുഴുവനും തകർന്ന വീടുകളും കെട്ടിടങ്ങളും മാത്രമായിരുന്നു ഫാത്തിമയെ സ്വീകരിച്ചത്. ഒരവസരത്തിൽ താൻ നീങ്ങിക്കൊണ്ടിരിക്കുന്ന റോഡ് പോലും തകരുമെന്ന് തോന്നിയതായും ഫാത്തിമ സാക്ഷ്യപ്പെടുത്തുന്നു. വളരെ വലിയ ആഘാതമാണ് വയനാടിനെ ബാധിച്ചതെന്ന് മനസ്സിലാക്കിയ ഫാത്തിമ തന്റെ സാന്നിധ്യം ഇവിടെ ആവശ്യമുണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു.
“കേരളത്തിലെ ജനതയ്ക്ക് ഈ അവസരത്തിൽ മാനസികമായ ഐക്യദാർഢ്യം വേണമെന്ന് എനിക്ക് മനസ്സിലായി. സർവ്വതും നഷ്ടപെട്ട ഒരു മനുഷ്യന് അവശ്യവസ്തുക്കളെക്കാൾ പ്രാധാന്യം മാനസ്സികമായ കരുതൽ ആണ്. ക്യാന്പിലെ ആളുകളുടെ ഭാഷ മനസ്സിലായില്ല എങ്കിലും അവരുടെ കണ്ണിൽ നിന്നും അവരുടെ മനോനില വായിച്ചെടുക്കുവാൻ സാധിക്കുമായിരുന്നു. “അവർ എന്റെ കൈകൾ പിടിച്ചു എന്തൊക്കെയോ പറഞ്ഞു. വാക്കുകൾക്ക് അതീതമായി തങ്ങളെ ചേർത്ത് പിടിക്കാൻ ഒരാളുണ്ടെന്ന വിശ്വാസമാണ് അവർക്ക് വേണ്ടിയിരുന്നത്. അത് നൽകുക എന്നത് എന്റെ കടമയാണെന്ന ചിന്ത എന്നെ അവരുമായി കൂടുതൽ അടുപ്പിച്ചു”- അവർ വ്യക്തമാക്കി.
ക്യാന്പുകൾ മുഴുവനും നല്ല രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് അഭിപ്രായപ്പെട്ട അവർ സംഭാവനകൾ മുഴുവനും അർഹതപ്പെട്ടവർക്ക് ലഭിക്കണമെങ്കിൽ കൃത്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തന്നെ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചു.
താൻ ഇവിടെ എത്തിപ്പെടണമെന്നത് ദൈവഹിതം ആണെന്ന് പറഞ്ഞ അവർ കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ട തന്റെ മാതാവിന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് ഇത്തരം സേവന പ്രവർത്തികളിൽ ഏർപ്പെടുന്നതെന്നും അവരുടെ വിയോഗത്തിന് ശേഷം കൂടുതൽ സമയം ഇത്തരം ദുരിതാശ്വാസ ക്യാന്പുകളിലും അഭയാർത്ഥി ക്യാന്പുകളിലും അനാഥമന്ദിരങ്ങളിലും ചിലവഴിക്കുകയുമാണെന്ന് പറഞ്ഞു. തന്റെ പ്രവർത്തികൾ ഒരിക്കലും പ്രശസ്തിക്ക് വേണ്ടിയല്ല എന്നും മറിച്ച് ഒരാളെങ്കിലും അതുമൂലം രക്ഷപ്പെട്ടുപോകട്ടെ എന്ന് കരുതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
“എന്റെ സാന്നിധ്യം ഇവിടെയാണ് ഇപ്പോൾ ആവശ്യമുള്ളത്. ഇന്നലെ ഒരു ഗൃഹനാഥൻ സർവ്വതും നഷ്ടപ്പെട്ട ദുഃഖത്തിൽ ആത്മഹത്യ ചെയ്യുതു എന്ന വാർത്ത കേൾക്കാൻ ഇടയായി. ഇനിയും ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുത്. അതിനായി ഇവിടെ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ ആവശ്യമായ മാനസിക പിന്തുണ കൊടുക്കാൻ ട്രെയിനിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം മാത്രമേ തിരിച്ചുപോകുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ’ ഫാത്തിമ പറഞ്ഞു.
ഇപ്പോൾ ഫാത്തിമ കൊച്ചിയിൽ ആണ്. പ്രകൃതി ദുരന്തങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രധാന വിഷയമാക്കി ഡോക്യൂ സിനിമകളിലൂടെ പ്രശസ്തനായ ചലച്ചിത്ര സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്ന ‘പുഴയമ്മ’ എന്ന ഹ്രസ്വചിത്രത്തിൽ ഒരു അഥിതി വേഷം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അവർ. പരിസ്ഥിതി പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്ന ഈ ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചതിലും മലയാളികൾ തനിക്ക് നൽകിയ സ്നേഹത്തിലും അതീവ സന്തുഷ്ടയാണെന്ന് ഫാത്തിമ പറഞ്ഞു.