ജലം കൊണ്ട് മുറിവേറ്റവർ
മിനേഷ് രാമനുണ്ണി
ഐക്യകേരളം ഇതുവരെ നേരിട്ടില്ലാത്ത ഒരു മഹാദുരന്തത്തിന് മുന്നിൽ വിറങ്ങലിച്ചു നിന്ന നാളുകളാണ് കടന്നുപോയത്. കേരളമൊട്ടാകെയുണ്ടായ പെരുംമഴയിൽ ആറുകളും ഡാമുകളും നിറഞ്ഞു. വ്യാപക ഉരുൾപ്പൊട്ടലും കൃഷി നാശവുമടക്കം മുന്പ് കണ്ടിട്ടില്ലാത്ത വിധം കേരളം പ്രകൃതിയാൽ തകർക്കപ്പെട്ടു. നിരവധി പേർ മരണപ്പെടുകയും അനേകം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
പെരുമഴക്കാലം
കേരളത്തിൽ പെയ്ത മഴയുടെ വിശദാംശങ്ങളുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ബുള്ളറ്റിൻ കണക്ക് പ്രകാരം ഓഗസ്റ്റ് ഒന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഇവിടെ പെയ്തത് 164%ലധികം മഴയാണ്. മൺസൂൺ കാലമായ ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 19 വരെ പെയ്തത് 2346.6 മി.മീ മഴയാണ്. 42%ലധികം മഴയാണ് ഇത്. 99ലെ വെള്ളപ്പൊക്കമെന്ന് പറയുന്ന 1924ലെ മൺസൂൺ കാലത്ത് ലഭിച്ചത് 40%ലധികം മഴയായിരുന്നു. ഓഗസ്റ്റ് 9, 15, 16, 17 തീയ്യതികളിൽ വിവിധ പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്.ഓഗസ്റ്റ് 16ന് 33 പ്രദേശങ്ങളിലാണ് 11.5 സെന്റീമീറ്ററിൽ അധികം മഴ പെയ്തത്. ഓഗസ്റ്റ് 17ന് 27 പ്രദേശങ്ങളിലും 11.5 സെ.മീറ്ററിൽ അധികം മഴ പെയ്തു. ഇടുക്കി, ഇടമലയാർ, പെരിങ്ങൽക്കുത്ത്, കക്കി, മലന്പുഴ എന്നിങ്ങനെയുള്ള എല്ലാ ഡാമുകളും സംഭരണശേഷിയുടെ പരമാവധി നിലയിലെത്തി. മുല്ലപ്പെരിയാർ 142 അടിയായും ഉയർന്നു.
ഒത്തൊരുമിച്ച രക്ഷാ പ്രവർത്തനം
രക്ഷാപ്രവർത്തനം, ദുരന്തനിവാരണം, അതിജീവനം എന്നിവയായിരുന്നു ആദ്യ പരിഗണന. അതിൽ ആദ്യഘട്ടത്തിൽ നാം വിജയത്തോട് അടുക്കുന്നു. ഈ വിജയം മലയാളികളുടെ ഒത്തൊരുമയുടെ വിജയമാണ്. ലോകമെന്പാടുമുള്ള മലയാളികൾ ഉറങ്ങാതിരുന്ന് പ്രവർത്തിച്ചതിന്റെ വിജയമാണ്. ദുരന്തബാധിത മേഖലകളിലെ കമ്മ്യൂണിക്കേഷൻ തകരാറിലായപ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽ സ്വയം കൺട്രോൾ റൂമുകളായി മാറിയ മലയാളിയുടെ വിജയമാണ്. മൊബൈലിൽ കുത്തി തല തിരിഞ്ഞ് പോയവർ എന്ന് പലരും എഴുതിത്തള്ളിയ ഫ്രീക്കൻ തലമുറ മുതൽ ഐ.ടി പ്രൊഫഷണലുകൾ വരെ നിരവധി പേർ ഈ ഉദ്യമത്തിൽ കൈകോർത്തു. പത്ത് ലക്ഷത്തിനും മുകളിൽ ഫോളോവേഴ്സ് ഉള്ള ട്രോൾ പേജുകളായിരുന്നു പല പ്രധാന വിവരങ്ങളും പങ്കുവെച്ചിരുന്നത്. രാവേറെ നീളുന്ന രക്ഷാപ്രവർത്തനത്തിൽ തളർന്ന് ദുരിത ബാധിത മേഖലകൾ കണ്ണടയ്ക്കുന്ന നേരത്ത് ഉറങ്ങാതിരുന്ന പ്രവാസികളായിരുന്നു എസ്.ഒ.എസ് മെസേജുകൾ ക്രോഡീകരിച്ചിരുന്നത്. അപകടം നിറഞ്ഞ കുത്തൊഴുക്കിലും ബോട്ടുകൾ ഇറക്കിയ മത്സ്യത്തൊഴിലാളികൾ, മോശം കാലാവസ്ഥയിലും ഹെലികോപ്റ്ററിൽ റിസ്ക്കെടുത്ത് രക്ഷാപ്രവർത്തനം നടത്തിയ സേനാവിഭാഗങ്ങൾ, പോലീസുകാർ, ഫയർ ഫോഴ്സുകാർ, നാട്ടുകാർ എന്നിവരെ മറക്കുന്നതെങ്ങനെ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തോളോട് തോൾ ചേർന്നപ്പോൾ അസാധ്യമെന്ന് തോന്നിയ കാര്യങ്ങൾ മനുഷ്യസാധ്യമായി. തോൽക്കാൻ മനസില്ലാത്ത ഒരു ജനത ഇതുവരെ സമാനമായ ദുരന്തം നേരിട്ടിട്ടില്ലാത്ത ഒരു ജനത, സ്വയം അവസരത്തിനൊത്ത് ഉയർന്നതിന്റെ ഗാഥകളാണ് ഇത്.
പുനരധിവാസത്തിന്റെ ദിവസങ്ങൾ
അതേസമയം നമ്മുടെ ദുരന്തത്തിന്റെ വ്യാപ്തി ചെറുതല്ല. ഒരു മനുഷ്യായുസിന്റെ മുഴുവൻ സന്പാദ്യവും നഷ്ടപ്പെട്ട് ഉടുതുണി മാത്രമായി ഇറങ്ങിയ ആയിരങ്ങളെ സഹായിക്കേണ്ടതുണ്ട്. അതിന് കേന്ദ്രവും കേരളവും ഒരുമിച്ച് കൈകോർക്കേണ്ടതുണ്ട്. കർഷകർ, തൊഴിലാളികൾ, സാധാരണ മനുഷ്യർ എന്നിങ്ങനെ സകലരും പഴയ നിലയിൽ എത്തേണ്ടതുണ്ട്. ദുരന്ത മേഖലകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഹൃദയ ഭേദകമാണ്. മിക്കയിടങ്ങളും നാട് ഒന്നാകെ തകർന്നിരിക്കുന്നു. ദശാബ്ദങ്ങളെടുത്ത് നാം നിർമ്മിച്ച കേരളം എന്ന പ്രദേശത്തിന്റെ സാമൂഹിക സാന്പത്തിക അടിത്തറ തന്നെ ഇളകിയിരിക്കുന്നു. മിക്കയിടങ്ങളിലും മിക്ക വീടുകളും തകർന്നിരിക്കുന്നു. പുതിയത് പണിയുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ വേണം. സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് കവിയുകയും ദുരന്തത്തിലകപ്പെട്ട ജീവജാലങ്ങളുടെ ശവങ്ങൾ ഒഴുകി നടക്കുകയും ചെയ്യുന്നത് കൊണ്ട് വലിയ ശുചീകരണ പ്രവർത്തനങ്ങൾ വേണം. കിണറുകൾ വൃത്തിയാക്കണം. വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, ഫർണ്ണിച്ചറുകൾ എന്നിവ ഉപയോഗയോഗ്യമാണ് എന്ന് തോന്നുന്നില്ല. വസ്ത്രങ്ങൾ മുതൽ രേഖകൾ വരെ നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാം വീണ്ടും വാങ്ങുകയും ഉണ്ടാക്കുകയും വേണം. വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തണം. റോഡുകൾ, പാലങ്ങൾ എന്നിവ മിക്കവയും തകർന്നിരിക്കുന്നു. അവ പുനർ നിർമ്മിക്കണം. വൈദ്യുതി പുനഃസ്ഥാപിക്കണം. വയറിംഗുകൾ മാറ്റണം. രോഗങ്ങളോട് പോരാടണം, ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവ പുനർ നിർമ്മിക്കണം. വിള നശിച്ച കർഷകർ, തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട തൊഴിലാളികൾ എന്നിവരെ സഹായിക്കണം. ബദൽ വരുമാനമുണ്ടാക്കാൻ വേണ്ട മൂന്ന് മാസമെങ്കിലും അവരുടെ വീടുകളിൽ തീ പുകയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. നിശ്ചിത കാലത്തേക്കെങ്കിലും അരി, പച്ചക്കറികൾ, ഇന്ധനം എന്നിവ നൽകണം. ഇതിനൊക്കെ വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. താരതമ്യേന മോശം സാന്പത്തിക സ്ഥിതിയുള്ള കേരളത്തിന് കേന്ദ്രത്തിന്റെയും ലോകമെന്പാടുമുള്ള മനുഷ്യരുടെയും കൈത്താങ്ങ് കൂടിയേ തീരൂ.
ദുരന്തം ബാക്കി വെക്കുന്ന ചിന്തകൾ
ഇതുപോലുള്ള മഴയും ഉരുൾപ്പൊട്ടലുമൊക്കെ അപൂർവ്വമാണെങ്കിലും അത്തരം ദുരന്തങ്ങളെ കൂടി മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ നമുക്ക് കൃത്യമായ ദുരന്തനിവാരണ പദ്ധതികൾ ആവശ്യമായിട്ടുണ്ട്. ദുരന്ത നിവാരണം എന്നത് സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും പത്താം ക്ലാസ് കഴിയുന്നതിന് മുന്പ് വിദ്യാർത്ഥികൾക്ക് അത്യാവശ്യം വേണ്ട കാര്യങ്ങളിൽ ധാരണകൾ വളർത്തുകയും വേണം. പ്രാഥമിക ശുശ്രൂഷ, നീന്തൽ പഠനം, വിവിധ അപകടങ്ങളിൽ എടുക്കേണ്ട മുൻകരുതലുകൾ തുടങ്ങി വിദഗ്ദ്ധരുമായി ആലോചിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കണം. ഒപ്പം ജനങ്ങളെയും ഇക്കാര്യങ്ങൾ ബോധവൽക്കരിക്കണം. മുന്നറിയിപ്പുകൾ നൽകിയപ്പോൾ വീട് വിട്ടുപോകാൻ മടിച്ച വലിയൊരു വിഭാഗം ഈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യാപകമായ ബോധ വൽക്കരണം വേണം. ഒപ്പം എമർജൻസി ഇവാക്വേഷൻ പോയന്റുകൾ ഐഡന്റിഫൈ ചെയ്ത് പ്രകൃതി ദുരന്തങ്ങളിൽ വളരെ പെട്ടെന്ന് സജ്ജമാവാൻ വേണ്ട നടപടികൾ വേണം. ഫയർ ഫോഴ്സിനെ ആധുനികവൽക്കരിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ സൗഹൃദമാക്കാനും പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും നടപടികൾ വേണം. ഡാമുകളിൽ ചെളി അടിഞ്ഞിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്ത് സംഭരണ ശേഷി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.
അതിജീവനത്തിന്റെ പോരാട്ടം
കേരളം വലിയൊരു ദുരന്തത്തോട് പോരാടുന്പോൾ കേരളത്തിനെതിരെ വ്യാപകമായ പ്രചാരണവുമായി ചില നിക്ഷിപ്ത ശക്തികൾ ഇറങ്ങിയതും ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് വ്യാപക കള്ളം പ്രചരിപ്പിക്കുകയായിരുന്നു ഇക്കൂട്ടർ ആദ്യം ചെയ്തത്. പിന്നീട് കേരളത്തിന് സഹായം ആവശ്യമില്ല എന്ന നിലയിൽ ഉത്തരേന്ത്യൻ സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിനെതിരെ കടുത്ത വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ട്. ഇതിനെയെല്ലാം ഒറ്റക്കെട്ടായി അതിജീവിക്കുകയാണ് മലയാളി.
സ്നേഹ സ്പർശം
ലോകം നമ്മുടെ ദുഃഖത്തോട് ചേർന്ന് നിന്ന ആർദ്രമായ കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. യു.എ.ഇ ഭരണാധികാരികാരികൾ കേരളത്തെ സഹായിക്കാൻ ആഹ്വാനം ചെയ്യുകയും വൻസാന്പത്തിക സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ബഹ്റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയും കാരുണ്യത്തിന്റെ സാന്ത്വന സ്പർശവുമായി എത്തി. ഒപ്പം സൗദി അറേബ്യ, ഖത്തർ, ഒമാൻ, കാനഡ, റഷ്യ എന്നിങ്ങനെ ലോക രാജ്യങ്ങൾ ഒന്നൊന്നായി കേരളത്തിന്റെ ദുരന്തത്തിൽ നമുക്കൊപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
നാം ഈ പ്രതിസന്ധി ഘട്ടവും അതിജീവിക്കും. ആർത്തലച്ച് കുത്തിയൊഴുകി വന്ന മലവെള്ളത്തിൽ ഒലിച്ച് പോകാതെ നമ്മൾ പിടിച്ച് നിന്നില്ലേ? ലോഞ്ചിൽ കയറി രണ്ടും മൂന്നും കിലോമീറ്റർ കടൽ നീന്തി മരുഭൂമിയിൽ പച്ച പിടിച്ചവരുടെ പിന്മുറക്കാരാണ് നമ്മൾ. ഇതും നമ്മൾ ഒത്തൊരുമിച്ചു അതിജീവിക്കുക തന്നെ ചെയ്യും.