ഈ ഓണക്കാലത്ത് ...
മായാ കിരൺ
പ്രളയത്തിൽ മുങ്ങിനിൽക്കുന്ന കേരള ജനതയുടെ മനസ്സുകൾ ചേർന്നു നിൽക്കുന്നിടത്ത് ഓണമെന്ന ഉത്സവം ആലോഷങ്ങൾക്കപ്പുറം അന്വർത്ഥമായിരിയ്ക്കുന്നു. സമഭാവനയോടും നിസ്വാർത്ഥ വികാരത്തോടും കൂടി ഒരു നാടിന് വേണ്ടി കൈകോർക്കുന്ന ജനങ്ങൾ തന്നെയല്ലേ പഴയ മാവേലി നാടിന്റെ ഈരടികളിലും മുഴങ്ങി നിന്നിരുന്നത്? ഞാനെന്നോ എന്റേതെന്നോ മാത്രം പറഞ്ഞു ശീലിച്ചിരുന്ന നമ്മൾ ഇന്ന് നാം എന്നും നമ്മുടേതെന്നും ചിന്തിയ്ക്കുന്ന പ്രബുദ്ധതയിലേയ്ക്ക് നടന്നു കയറിയത് പക്ഷേ ദുരന്തം കുത്തിയൊഴുക്കിയ നഷ്ടങ്ങളിൽ നടുങ്ങിക്കൊണ്ടായത് ദൗർഭാഗ്യകരം എന്ന് മാത്രം.
പ്രവാസികളായ നമ്മുടെ ചുറ്റിലുമുള്ള മലയാളികളിൽ ഒന്നൊഴിയാതെ ഭീതി പടർത്തിയ പ്രളയം ഇപ്പോൾ തന്റെ താണ്ധവം അവസാനിപ്പിച്ച് തിരികെ ഇറങ്ങുന്പോൾ, അവശേഷിപ്പിയ്ക്കുന്നത് കുറേയേറെ ചോദ്യങ്ങളും ലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണീരും മാത്രം. ഇത്തരമൊരവസ്ഥയിൽ ഒരാഘോഷത്തെപ്പറ്റി ചിന്തിയ്ക്കാൻ പോലും ഒരു മലയാളിയ്ക്ക് കഴിയുമെന്ന് കരുതുക അസാദ്ധ്യം. പൂക്കളമിടേണ്ട മുറ്റത്ത് ഇനിയും ഇറങ്ങിപ്പോവാൻ കൂട്ടാക്കാതെ വെള്ളമോ ചെളിയോ, പൂവിളി കേൾക്കേണ്ട കാതുകളിൽ പ്രളയത്തിന്റെ രൗദ്രഭാവമാവാഹിച്ച കുത്തിയൊഴുക്കിന്റെ കാഹളം. ഓണനിലാവ് പടർന്നൊഴുകി കിടക്കയാണ് കേരളത്തെ പൊതിഞ്ഞ് കിടക്കുന്ന പ്രളയജലത്തിലാകെ.
ഇതും നീന്തിക്കയറും നമ്മൾ, നമ്മൾ അതിജീവിയ്ക്കുമെന്ന് ഉറപ്പിച്ച് പറയാൻ മലയാളിയെ പ്രാപ്തമാക്കുന്നതെന്താണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ, “ഞങ്ങൾ മലയാളികളാണ്, ഞങ്ങളിങ്ങനെയാണ്” എന്ന ഉത്തരം. ഭൂപടത്തിൽ ഏറ്റവും പിറകിലാണ് സ്ഥാനമെങ്കിലും ദുരിത പാലന സംവിധാനത്തിൽ മറ്റൊരു ഭാരത സംസ്ഥാനത്തും കാണാതിരുന്ന സഹവർത്തിത്വവും സഹകരണവും സമന്വയിപ്പിച്ച് കൃത്യമായ ഏകോപന സംവിധാനത്തോടെ ഒരു വലിയ ദുരന്തത്തെ അതിവിദഗ്ദ്ധമായി നേരിടുന്നതിൽ പരിശീലനം സിദ്ധിച്ച സേനയ്ക്കൊപ്പം കേരളത്തിലെ വിവിധ ഭരണഘടനാവിഭാഗങ്ങളും ക്രമസമാധാന വകുപ്പും ഇതര സന്നദ്ധ സംഘടനകളും ഒപ്പം കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് സധൈര്യം വിളിച്ചു പറയാവുന്ന മത്സ്യത്തൊഴിലാളികളും നൽകിയ പങ്കിലൂടെ സാധ്യമായത് ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ ഒരു ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുക എന്ന ശ്രമകരമായ ദൗത്യമാണ്. അല്ലായിരുന്നുവെങ്കിൽ ഇനിയൊരിയ്ക്കലും ഓർക്കാൻ പോലും സാധിയ്ക്കാത്ത വിധമൊരു ഓണക്കാലമായിരുന്നേനെ കേരള ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടി വരിക.
ആഘോഷങ്ങളന്നൊടങ്കം മുഖപുസ്തകത്തിലേയ്ക്ക് പറിച്ചുനട്ട മലയാളി ഒരിയ്ക്കലും ചിന്തിച്ചിരിയ്ക്കാനിടയില്ലാത്ത വിധം ഫലപ്രദമായിരുന്നു ഈ ഓണക്കാലത്ത്, ഈ ദുരന്തകാലത്ത് മുഖപുസ്തക മുറികൾ. പ്രപഞ്ച രഹസ്യങ്ങൾ പോലും ഒരു വിരൽ സ്പർശത്തിൽ നമുക്ക് മുന്നിൽ എത്തിക്കുന്ന സൈബർ ലോകത്തിന് കേരളത്തിന്റെ പ്രളയകാലം മറ്റൊരു പ്രധാന ദൗത്യമാണ് നൽകിയത്. അവിടം ഒരു നിയന്ത്രണനിർവ്വഹണ കാര്യാലയമായി പ്രവർത്തിക്കുകയായിരുന്നു ഈ ദിനങ്ങളത്രയും, ഒരുപാട് ജനങ്ങൾക്ക് ആശ്വാസമായി വിവര സംവേദന മാർഗ്ഗത്തിന്റെ അതിനൂതന വിഭാഗമായി മാറുകയായിരുന്നു ഓരോ സാധാരണക്കാരന്റേയും ഫേസ്ബുക്ക് പ്രൊഫൈലുകൾ. ഈ പ്രൊഫൈലുകളിലെല്ലാം തന്നെ ഈ ദിനങ്ങളിലത്രയും അത്ഭുതപ്പെടുത്തുന്ന തരം ഐക്യവും സ്നേഹവും മാത്രമാണുണ്ടായിരുന്നത് എന്നത് നിസ്സാര കാര്യമല്ല, ദുരിതകാലമെങ്കിലും, ഇങ്ങനെയുള്ള ഈ നേരത്ത് ചിന്തിച്ചു പോവുകയാണ് ഇതല്ലേ യഥാർത്ഥത്തിൽ മാവേലി നാട്?
അതെ, ആഘോഷങ്ങളില്ലാത്ത ഈ ഓണക്കാലത്തിന് ഒറ്റ നിറം മാത്രം മനുഷ്യത്വത്തിന്റെ നിറം!
ജാതിയും മതവും വർഗ്ഗവർണ്ണങ്ങളും മറന്ന് ഒരു ജനത ഒന്നടങ്കം ഒരു ദുരന്ത പശ്ചാത്തലത്തിലെങ്കിലും ഒന്നിയ്ക്കുന്നിടത്ത് ഓണം വിരുന്നെത്തുന്നു. മറ്റൊരു ജനതയാവട്ടെ കൈ മറന്ന് മെയ് മറന്ന് ഒരുപാടൊരുപാട് ഓണക്കോടികളും ഓണസദ്യയുമായി പരക്കം പായുന്നു. എത്ര നൽകിയിട്ടും മതിയാവാത്തത്ര സ്നേഹവും ദയയും മനസ്സിലിട്ട് തളർന്ന ഉടലിലും തളരാത്ത ഹൃദയത്തോടെ ഓരോ മനുഷ്യരോടും ചേർന്ന് നിൽക്കുന്നു. ദുരന്ത പെയ്ത്തിൽ വിറങ്ങലിച്ച് നിൽക്കുന്നവർക്കരികിലേയ്ക്ക് ഓണ വെയില് പോലെ സാന്ത്വനമായി അനേകം പേർ. പ്രകൃതി പഠിപ്പിച്ച പാഠം ഉൾക്കൊണ്ട മനുഷ്യർ, ഇവിടെ ഇനി എന്നും ഓണമാണ്. ഉള്ളവൻ ഇല്ലാത്തവനെ ചേർത്ത് നിർത്താൻ പഠിച്ച ഒരു ഓണക്കാലത്തിന്റെ ഓർമ്മയിൽ ആഘോഷങ്ങളെല്ലാം മാറ്റി െവച്ച് കേരളത്തിന്റെ നഷ്ടത്തെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ഒരുങ്ങുകയാണ് ബഹ്റൈനിലെ പല പ്രവാസി സംഘടനകളുമെന്നത് അഭിമാനകരമാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ ഒന്നിച്ചിരുന്ന് കഴിയ്ക്കുന്ന ഭക്ഷണത്തിന് നൂറ്റൊന്ന് കൂട്ടം കൂട്ടിയുണ്ണുന്ന ഓണസദ്യയോളം രുചിയുണ്ട്. കാരണം അതിജീവനത്തിനായി യത്നിയ്ക്കുന്നവരുടെ കൂട്ടമാണത്. കുതിച്ചുയരാൻ കൈകൾ ചേർത്തു പിടിയ്ക്കാം നമുക്ക്, ഒന്നിച്ച് മുന്നോട്ട് പോവാം. തളരാതെ, പറന്നുയരാം...