അരക്ഷിതത്വത്തിന്റെ നിഴലിൽ!
ജെ. ബിന്ദുരാജ്
എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്നും സർക്കാർ സബ്സിഡികൾ ബാങ്ക് അക്കൗണ്ടുകളിലൂടെ ഉപഭോക്താവിന് നേരിട്ട് നൽകും എന്ന വാഗ്ദാനത്തിന്റെ ഫലമായാണ് കേന്ദ്രസർക്കാർ ജനധൻ യോജനാ പദ്ധതിയുടെ അടിസ്ഥാനത്തിൽ 30.8 കോടി അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയത്. കാർഷിക സബ്സിഡിയും പാചകവാതക സബ്സിഡിയുമെല്ലാം നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് എത്താൻ തുടങ്ങിയതോടെ വലിയൊരു പരിധി വരെ കള്ളത്തരങ്ങൾക്ക് തടയിടാൻ കഴിഞ്ഞുവെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യം ഉപഭോക്താക്കൾക്കില്ലെന്നതാകട്ടെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹവുമാണ്. ഇതിനു പുറമേയാണ് ബാങ്കുകളിലുണ്ടായ മറ്റ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലും കറന്റ് അക്കൗണ്ടുകളിലുമുണ്ടായ വർദ്ധനവ്. 2016-ൽ 122.3 കോടിയായിരുന്ന ഈ അക്കൗണ്ടുകൾ രണ്ട് വർഷം കൊണ്ട് 157.1 കോടിയായി വർദ്ധിച്ചിരിക്കുന്നു. അതിനർത്ഥം കൂടുതൽ പേർ ബാങ്കുകളിലൂടെ ധനവിനിമയം ചെയ്യാൻ ആരംഭിച്ചുവെന്നും സർക്കാരിന്റെ നികുതി വരുമാനം വർദ്ധിക്കാൻ അത് ഇടയാക്കുന്നുവെന്നും തന്നെയാണ്. ലോകബാങ്ക് 2018 ഏപ്രിലിൽ പുറത്തിറക്കിയ ഗ്ലോബൽ ഫിൻഡെക്സ് റിപ്പോട്ട് പ്രകാരം 2017-ൽ അഞ്ചിൽ നാല് ശതമാനം ഇന്ത്യക്കാരും ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചുവെന്നത് വരാനിരിക്കുന്ന സുതാര്യമായ സാന്പത്തിക ഇടപാടുകളുടെ സൂചനയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവുകയില്ല.
എന്നാൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായതുകൊണ്ടു മാത്രം എല്ലാ ഇടപാടുകളും സുതാര്യമാവില്ലെന്നതാണ് സത്യം. ബാങ്കുകൾ കൂടുതൽ ഉത്തരവാദപ്പെട്ടവരാകേണ്ടതിന്റെ സൂചനകളാണ് കുറെക്കാലങ്ങളായി ബാങ്കുകളിലെ നിഷ്ക്രിയാസ്തിയുടെ (നോൺ പെർഫോമിംഗ് അസറ്റ് അഥവാ കിട്ടാക്കടം) വർദ്ധനവിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. മതിയായ ഈട് വാങ്ങാതെയും സൗഹൃദങ്ങളുടെ പുറത്തും വന്പൻ വ്യവസായികളാണെന്ന ധാരണയിലും ഇന്ത്യൻ ബാങ്കുകൾ വൻതോതിൽ വ്യവസായികൾക്ക് വായ്പ നൽകുകയും ആ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ അവർ വീഴ്ച വരുത്തിയതോടെ ബാങ്കുകൾക്ക് നഷ്ടമുണ്ടാകുകയും ചെയ്തത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. നിഷ്ക്രിയാസ്തിയിലൂടെ മാത്രം 2017--18 കാലയളവിൽ ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾക്ക് നഷ്ടമായത് 85,361 കോടി രൂപയാണ്. ഇന്ത്യയിലെ മൊത്തം ബാങ്കുകളിലേയും നിഷ്ക്രിയാസ്തിയുടെ കണക്കെടുത്താൽ 2018 മാർച്ച് 31-ന് അത് 10.25 ലക്ഷം കോടി രൂപയാണെന്നത് നമ്മെ ഞെട്ടിച്ചേക്കും. 2017 ഡിസംബർ 31-ന് ഈ നിഷ്ക്രിയാസ്തി 8.86 ലക്ഷം കോടി രൂപ മാത്രമായിരുന്നുവെന്നും കേവലം നാല് മാസത്തിനുള്ളിലാണ് ഈ 16 ശതമാനം വർദ്ധനവുണ്ടായിട്ടുള്ളതെന്നും നമ്മുടെ ബാങ്കിംഗ് മേഖലയിലെ പുഴുക്കുത്തുകൾ എത്രത്തോളമാണെന്നതിന്റെ തെളിവുമാണ്.
പൊതുമേഖലാ ബാങ്കുകളാണ് നിഷ്ക്രിയാസ്തിയുടെ കാര്യത്തിൽ പ്രഥമ സ്ഥാനത്ത് നിലകൊള്ളുന്നത്. 21 പൊതുമേഖലാ ബാങ്കുകൾക്ക് മാത്രമായുള്ള നിഷ്ക്രിയാസ്തി 8.97 ലക്ഷം കോടി രൂപയാണെന്നറിയുക. സ്വകാര്യ ബാങ്കുകളിലെ നിഷ്ക്രിയാസ്തിയാകട്ടെ 1.28 ലക്ഷം കോടി രൂപയും. ഇതിൽ പൊതുമേഖലാ ബാങ്കുകളിൽ 2.23 ലക്ഷം കോടി രൂപയുമായി േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നാം സ്ഥാനത്തും 86,620 കോടി രൂപയുമായി പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടാം സ്ഥാനത്തും 62,328 കോടി രൂപയുമായി ബാങ്ക് ഓഫ് ഇന്ത്യ മൂന്നാം സ്ഥാനത്തും 56,480 കോടി രൂപയുമായി ബാങ്ക് ഓഫ് ബറോഡ നാലാം സ്ഥാനത്തും ഐ.ഡി.ബി.ഐ ബാങ്ക് (55,588 കോടി രൂപ), യൂണിയൻ ബാങ്ക് (49370 കോടി രൂപ), കാനറാ ബാങ്ക് (47,468 കോടി രൂപ), സെൻട്രൽ ബാങ്ക് (39,131 കോടി രൂപ), ഇന്ത്യൻ ഓവർസീസ് ബാങ്ക് (38,180 കോടി രൂപ), യൂകോ ബാങ്ക് (30,550 കോടി രൂപ) തൊട്ടു പിന്നിലും നിലകൊള്ളുന്നുണ്ട്. സ്വകാര്യ ബാങ്കുകളിൽ നിഷ്ക്രിയാസ്തിയിൽ മുന്നിട്ടു നിൽക്കുന്നത് ഐ.സി.ഐ.സി.ഐ ആണ് (54063 കോടി രൂപ). രണ്ടാം സ്ഥാനത്ത് ആക്സിസ് ബാങ്കും മൂന്നാം സ്ഥാനത്ത് എച്ച്.ഡി.എഫ്.സി ബാങ്കുമാണുള്ളത്. ഇത് ഒരു നിസ്സാര കാര്യമല്ല. അതിഭീകരമായ സാന്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന വലിയൊരു സ്ഥിതിവിശേഷമാണ് നിഷ്ക്രിയാസ്തിയിലെ ഈ വർദ്ധനവ്. യു.പി.എ ഭരണകാലത്ത് വിവിധ ബാങ്കുകൾ കൃത്യമായ മാനദണ്ധങ്ങൾ പാലിക്കാതെ നൽകിയ വായ്പകളാണ് ബാങ്കിംഗ് രംഗത്ത് ഇത്തരമൊരു അസ്ഥിരതയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് മോദി സർക്കാർ കുറ്റപ്പെടുത്തുന്നത്. പക്ഷേ സർക്കാരിന് ഇപ്പോഴും ഈ സ്ഥിതിവിശേഷത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി എത്രത്തോളം അറിവുണ്ടെന്നതാണ് യഥാർത്ഥ പ്രശ്നം. വായ്പാ പ്രതിസന്ധിയും മറ്റു പല ഘടകങ്ങളുമൊക്കെ ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തിലുള്ള വിശ്വാസം ചരിത്രപരമായ താഴ്ചയിലേയ്ക്കെത്തിച്ചിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തെ ഇനിയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല.
ബാങ്കിംഗ് രംഗത്തെ നിഷ്ക്രിയാസ്തി ഭീഷണി ഒഴിവാക്കാൻ കഴിഞ്ഞ വർഷം സർക്കാർ 2.11 കോടി രൂപയുടെ പുനർമൂലധനവൽക്കരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിഷ്ക്രിയാസ്തി വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്. അതിനർത്ഥം സർക്കാർ വീണ്ടും പുനരുജ്ജീവന പാക്കേജ് ബാങ്കുകളുടെ കാര്യത്തിൽ പ്രഖ്യാപിക്കേണ്ടി വരുമെന്ന് തന്നെയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇടംവലം നോക്കാതെ ഇന്ത്യൻ ബാങ്കുകൾ കോർപ്പറേറ്റ് വ്യവസായ പ്രമുഖർക്ക് വായ്പകൾ നൽകിയതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ ഇന്ത്യൻ ബാങ്കുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് വാസ്തവം. ലാഭമുണ്ടാക്കുന്ന കാര്യത്തിൽ ഈ കോർപ്പറേറ്റുകളുടെ പല പ്രവചനങ്ങളും പാളിപ്പോയതാണ് ബാങ്കുകളെ വെള്ളം കുടിപ്പിച്ചത്. കോർപ്പറേറ്റുകൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും അവർക്ക് സമയം ദീർഘിപ്പിച്ചു നൽകുന്ന രീതിയാണ് ഒട്ടുമിക്ക ബാങ്കുകളും ചെയ്തിരുന്നത്. അതാകട്ടെ കടം വർദ്ധിക്കാൻ ഇടയാക്കിയതല്ലാതെ തിരിച്ചടവ് സാധ്യമാക്കിയുമില്ല. അതിനാലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്റ്റസി കോഡിന് രൂപം നൽകിയത്. വായ്പാ തിരിച്ചടവ് 180 ദിവസത്തോളം വൈകിയാലുടനെ തന്നെ കന്പനിയുടെ വിൽപനയോ ലയനമോ നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിന്റെ ഗുണഫലങ്ങൾ കുറച്ചൊക്കെ കിട്ടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാതെ തന്നെ കന്പനിയുടെ നിയന്ത്രണം ഇക്കാലമത്രയും തുടർന്നുപോന്നിരുന്ന കോർപ്പറേറ്റുകൾക്ക് പലർക്കും തങ്ങളുടെ കന്പനികൾ നഷ്ടമാകാൻ അതിടയാക്കി. എസ്സാർ ഗ്രൂപ്പിന് എസ്സാർ ഓയിൽ വിൽക്കേണ്ടി വരികയും എസ്സാർ സ്റ്റീലിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്തു. ജയ്പീ ഗ്രൂപ്പിന് അവരുടെ സിമെന്റ് പ്ലാന്റുകൾ വിൽക്കേണ്ടതായി വന്നു. ഇതിനു പുറമേയാണ് മറ്റു കന്പനികളുടെ ആസ്തികൾ ലേലത്തിനോ ലയനത്തിനോ െവയ്ക്കപ്പെടാൻ പോകുന്നത്.
നിലവിലുള്ള നിഷ്ക്രിയാസ്തിയുടെ 25 ശതമാനത്തിനും ഉത്തരവാദികളായവർ 12 കന്പനികളാണെന്ന് ആർ.ബി.ഐ കഴിഞ്ഞ വർഷം കണ്ടെത്തിയതിനെ തുടർന്നാണ് അവർക്കെതിരെ ബാങ്ക്റപ്റ്റ്സി നിയമം മൂലം നടപടിയെടുക്കാൻ ആർ.ബി.ഐ നിർദ്ദേശിച്ചത്. വായ്പ തിരിച്ചടയ്ക്കാത്ത മറ്റ് 488 കന്പനികൾക്ക് അന്ന് അവർ ആറ് മാസത്തെ സമയം വായ്പ തിരിച്ചടയ്ക്കാൻ അനുവദിക്കുകയും അടയ്ക്കാനായില്ലെങ്കിൽ നാഷണൽ കന്പനി ലോ ട്രിബ്യൂണലിലേയ്ക്ക് അവരെ എത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനമായ എസ്സാർ ഗ്രൂപ്പിന് 37,284 കോടി രൂപയുടെ വായ്പയാണ് തിരിച്ചടയ്ക്കേണ്ടതായി ഉണ്ടായിരുന്നതെങ്കിൽ ജയ്പീ ഇൻഫ്രാടെക്കിന് മേൽ 9635 കോടി രൂപയുടെ വായ്പാ തിരിച്ചടവാണ് മുടങ്ങിക്കിടന്നിരുന്നത്. ഭൂഷൺ സ്റ്റീൽ ലിമിറ്റഡ് (44,478 കോടി രൂപ). ലാൻകോ ഇൻഫ്രാടെക് ലിമിറ്റഡ് (44,364 കോടി രൂപ), ഭൂഷൺ പവർ ആന്റ് സ്റ്റീൽ ലിമിറ്റഡ് (37,248 കോടി രൂപ), അലോക് ഇൻഡസ്ട്രീസ് (22,075 കോടി രൂപ), ആംടെക് ഓട്ടോ ലിമിറ്റഡ് (14,074 കോടി രൂപ), മോനെറ്റ് ഇസ്പത്ത് എനർജി ലിമിറ്റഡ് (12,115 കോടി രൂപ), വീഡിയോകോൺ (19,500 കോടി രൂപ) ഇലക്ട്രോ സ്റ്റീൽസ് ലിമിറ്റഡ് ( 10,273 കോടി രൂപ), ഇറ ഇൻഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡ് (10,065 കോടി രൂപ), എബിജി ഷിപ്പയാർഡ് (6953 കോടി രൂപ), ജ്യോതി സ്ട്രക്ചേഴ്സ് ലിമിറ്റഡ് (5165 കോടി രൂപ) എന്നിവയാണ് നടപടികൾ അടിയന്തരമായി നേരിടുന്ന മറ്റ് കന്പനികൾ.
ഇതിനിടെ നടപടികൾ തുടങ്ങുന്നതിനിടെ വിദേശത്തേയ്ക്ക് കടന്ന ഇന്ത്യൻ വ്യവസായികളിൽ നിന്നും 40,000 കോടി രൂപയോളം ബാങ്കുകൾക്ക് വായ്പ തിരിച്ചടവായി ലഭിക്കാനുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കിംഗ്ഫിഷർ ഗ്രൂപ്പിന്റെ വിജയ് മല്യ 9000 കോടി രൂപയാണ് ഒരു സംഘം ബാങ്കുകൾക്ക് വായ്പാ തിരിച്ചടവായി നൽകേണ്ടതെങ്കിൽ നിരവ് മോഡിയും കുടുംബവും പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ചത് 12,636 കോടി രൂപയാണ്. വിൻസം ഡയമണ്ട്സിന്റെ ജതിൻ മേത്ത് 7000 കോടി രൂപയും ബാങ്കുകൾക്ക് നൽകാനുണ്ട്. നിലവിൽ 31 വ്യവസായികൾ ബാങ്കുകളെ പറ്റിച്ച് വിദേശത്തേയ്ക്ക് കടന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ മുൻ എം.പിയായ വ്യവസായി കെ.ഡി സിംഗാണ് ഇനി വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളയാളെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. മുംബയിലെ ഒരു ബിസിനസുകാരന്റെ സഹായത്തോടെ തന്റെ ആസ്തി ഗ്രീസിലെ പല കന്പനികളിലേയ്ക്കും സിംഗ് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് സെബി കൊൽക്കത്ത ഹൈക്കോടതിയെ ഈയിടെ അറിയിച്ചിരുന്നു. തൃണമൂൽ നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ നാരദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷൻ ഫണ്ട് ചെയ്തത് കെ.ഡി സിംഗായിരുന്നുവെന്നാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്. എന്നാൽ സാന്പത്തിക കുറ്റകൃത്യങ്ങൾ ചെയ്ത് വിദേശരാജ്യത്തേയ്ക്ക് കടക്കുന്നവരുടെ ഇന്ത്യയിലുള്ള ആസ്തികൾ കണ്ടുകെട്ടുന്നതിനായുള്ള ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബിൽ പാർലമെന്റ് ലോക്സഭയും രാജ്യസഭയും 2018 ജൂലൈ 25-ന് പാസാക്കിക്കഴിഞ്ഞിരിക്കുന്നു. 100 കോടി രൂപയോ അതിലധികമോ മൂല്യമുള്ള തട്ടിപ്പിനുശേഷം ഇന്ത്യയിൽ വിചാരണ നേരിടാതെ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അത്. ഈ ബില്ലിന് 2018 ഓഗസ്റ്റ് അഞ്ചിന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു കഴിഞ്ഞു. നിരവ് മോഡിയ്ക്കും വിജയ് മല്യയ്ക്കും വിദേശത്തുള്ള മറ്റ് സാന്പത്തിക കുറ്റവാളികളുടേയും ആസ്തികൾ കണ്ടുകെട്ടാനും ലേലം ചെയ്യാനും ഈ നിയമം മൂലം ഇനി ബാങ്കുകൾക്ക് സാധിക്കും.
ഇന്ത്യയിലെ സാധാരണക്കാർക്കൊപ്പമല്ല, ഇന്ത്യയിലെ വ്യവസായികൾക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിലകൊള്ളുന്നതെന്ന ആക്ഷേപം സമീപകാലത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. എന്നാൽ വ്യവസായികൾക്കൊപ്പം നിലകൊള്ളാൻ തനിക്ക് മടിയില്ലെന്നും കോൺഗ്രസുകാരെപ്പോലെ അഴിമതിയിടപാടുകൾ നടത്താൻ രഹസ്യമായി അവർക്കൊപ്പം നിലകൊള്ളുന്ന ആളല്ല താനെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. രാഷ്ട്രനിർമ്മിതിക്ക് വ്യവസായി മുതൽ കർഷകൻ വരെയുള്ളവർക്കൊപ്പം നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രധാനമന്ത്രി വാചാലനായി. പക്ഷേ ആ വാചകമടിയിലെ കാപട്യം നമുക്ക് അറിയാത്തതല്ല. 2014-ലെ തിരഞ്ഞെടുപ്പിന് രാജ്യത്ത് ഏറ്റവുമധികം തിരഞ്ഞെടുപ്പ് ഫണ്ട് വ്യവസായികളിൽ നിന്നും സമാഹരിച്ച പാർട്ടിയായിരുന്നു ബി.ജെ.പി. തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഭരണതലത്തിൽ പിന്നീട് എടുക്കുന്നതിനായി സ്വാധീനിക്കാൻ നൽകുന്നതാണ് ഈ ഫണ്ട് എന്ന കാര്യം ആർക്കാണറിയാത്തത്? മുകേഷ് അംബാനിയുടെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ശ്രേഷ്ഠപദവിയിലേയ്ക്ക് സർക്കാർ തിരഞ്ഞെടുക്കുന്നതു തൊട്ട് വന്പൻ പദ്ധതികൾക്കായുള്ള മാനദണ്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ വരെ ഈ സ്വാധീനം ചെന്നെത്തി നിൽക്കുകയും ചെയ്യും. ഫണ്ടിങ്ങിന്റെ ഉറവിടം കൂടുതൽ രഹസ്യമാക്കി വെയ്ക്കുന്നതിനായി ഇലക്ട്രൽ ബോണ്ട് കൊണ്ടുവരുന്നതിനെ രാഷ്ട്രീയ പാർട്ടികൾ സ്വാഗതം ചെയ്യുന്നതിന് പിന്നിലും വ്യവസായികളുടെ കളികൾ തന്നെ. പണം പറ്റിച്ച്, രാജ്യം വിട്ട് കള്ളന്മാരായ വ്യവസായികൾക്കായി ബാങ്കുകൾ കൊള്ളയടിക്കാൻ നിർബന്ധിതരാകുന്നത് പക്ഷേ ഇവരെയാരുമല്ല. സാധാരണക്കാരായ പൗരന്മാരെയാണ്. മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാൻ പോലും കഴിയാത്ത പാവപ്പെട്ട ജനവിഭാഗത്തിന്റെ കൈയിൽ നിന്നും രാജ്യത്തെ ബാങ്കുകൾ 2017--18 കാലയളവിൽ പിഴയായി പിരിച്ചെടുത്തത് 5000 കോടി രൂപയോളമാണെന്ന് അറിയുക. ഇതിൽ ഏറ്റവുമധികം പിഴത്തുക പിരിച്ചെടുത്തത് വിജയ് മല്യയ്ക്ക് ഏറ്റവുമധികം വായ്പ നൽകിയ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണെന്നതാണ് അതിന്റെ വിരോധാഭാസം. 2433 കോടി രൂപയാണ് മിനിമം ബാലൻസ് നിലനിർത്താതിന്റെ പേരിൽ ഈ ബാങ്ക് കഴിഞ്ഞ സാന്പത്തിക വർഷം അവരുടെ നിക്ഷേപകരെ കൊള്ളയടിച്ചത്. വ്യവസായികളുടെ കള്ളത്തരങ്ങൾക്ക് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിലെ പണം കൊണ്ട് തുലാഭാരം എന്നു ചുരുക്കം.