പ്രവാസിയുടെ ‘വില’ കൂടുമോ? - ഫോർപിഎം ന്യൂസ് ഓപ്പൺ ഹൗസ്
എസ്.വി ജലീൽ,
കെ.എം.സി.സി ബഹ്റൈൻ പ്രസിഡണ്ട് ലോക കേരള സഭാംഗം
വില കൂട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. കാലാകാലങ്ങളായി പ്രവാസികളുടെ ഏറ്റവും വലിയ ഒരു അവകാശമാണ് സാക്ഷാത്കരിച്ചിട്ടുള്ളത്. അതിനും ഒടുവിൽ ഒരു പ്രവാസി മലയാളിയുടെ കഠിനാദ്ധ്വാനം വേണ്ടി വന്നു എന്നതാണ് ഏറെ സന്തോഷം. പ്രവാസി മലയാളി വ്യവസായി ഡോ. ഷംസീർ വയലിൽ തികഞ്ഞ കണക്കു കൂട്ടലോടെ, കെ.എം.സി.സി ന്യൂഡൽഹി പ്രസിഡണ്ട് അഡ്വ. ഹാരീസ് ബീരാന്റെ സഹായത്തോടെ സുപ്രീം കോടതിയിൽ ജനാധിപത്യ രീതിയിൽ നടത്തിയ പോരാട്ടത്തിനൊടുവിലാണ് അന്തിമ വിജയം നേടാനായത്. അഭിനന്ദിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വോട്ടവകാശം വിനിയോഗിക്കൽ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് തന്നെ ആ ഒരു ജനാധിപത്യ പ്രക്രിയയിൽ പ്രവാസികൾ കൂടി പങ്കെടുക്കുന്പോൾ കാലങ്ങളായി അവഗണിക്കപ്പെടുന്ന രാജ്യത്തിന്റെ സന്പദ് വ്യവസ്ഥിതിയിൽ സംഭാവനകൾ മാത്രം ചെയ്യുന്ന ഒരു വിഭാഗം കൂടി ശ്രദ്ധിക്കപ്പെടുന്നു. ഒപ്പം അവരെ മനസ്സിലാക്കാനും അവരുമായി സംവദിക്കാനും നേതാക്കളും ഉദ്യാഗസ്ഥരും മുന്നോട്ട് വരും. ഇല്ലെങ്കിൽ ഈ വിഭാഗവും എതിരാകും എന്ന തോന്നൽ അവർക്കിടയിലുണ്ടാകും. കേവലം ചുരുങ്ങിയ വോട്ടുകൾക്ക് ജയിക്കുന്ന പല മണ്ധലങ്ങളിലും പ്രവാസികൾ നിർണ്ണായകമാകും. പക്ഷെ ഇതിനൊക്കെ പ്രവാസി സമൂഹം ഒന്നിച്ചു നിന്ന് വോട്ടു ചേർക്കുന്ന പ്രക്രിയയയിൽ സജീവമാകണം. പ്രോക്സി വോട്ട് ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല വോട്ടർ പട്ടികയിൽ പേര് വേണം ആദ്യം. അതുകൊണ്ട് എന്റെ പ്രവാസി സഹോദരങ്ങളോട് പറയാനുള്ളത് ആദ്യം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നുറപ്പ് വരുത്തുക. അതിനുള്ള ഏർപ്പാടുകൾ കെ.എം.സി.സി ഓഫിസിലും ചെയ്യുന്നുണ്ട്. ഒട്ടനവധി പ്രശ്നങ്ങളും പ്രയാസങ്ങളുമുള്ള അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽക്കാനുള്ള ഈ അവസരം മുഴുവൻ പ്രവാസികളും ഉപയോഗപ്പെടുത്തുക.
ചെന്പൻ ജലാൽ,
സാമൂഹ്യ പ്രവർത്തകൻ
മുക്ത്യാർ വോട്ട് പ്രവാസികളുടെ ബന്ധുക്കളുടെ വില കൂട്ടും. വോട്ടവകാശം പ്രവാസികുടെ ദീർഘകാലത്തെ സ്വപ്ന സാക്ഷാൽകരമാണ്. മുക്ത്യാർ വോട്ടവകാശത്തോടൊപ്പം പോസ്റ്റൽ വോട്ട് സംവിധാനമോ, അതാത് രാജ്യത്തെ എംബസ്സിയുടെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രങ്ങളിലോ പ്രവാസികൾക്ക് നേരിട്ട് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിച്ചാൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുൻപന്തിയിൽ ഉണ്ടാവും.
ബന്ധുകൾക്ക് മുക്തിയർ നൽകുന്പോൾ താൻ ഉദ്ദേശിച്ച മത്സരാർത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന് ഉറപ്പാക്കാൻ മറ്റ് മാർഗ്ഗങ്ങളില്ല. പിന്നെ വിശ്വാസം അതല്ലേ എല്ലാം. എന്നാൽ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാൻ പ്രവാസികൾക്ക് അനുകൂലമായ ഈ സാഹചര്യം ചരിത്ര നിമിഷം തന്നെയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ പ്രവാസികൾക്ക് നേരിട്ട് വോട്ട് രേഖപ്പെടുത്താനുള്ള അവസരങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വർഗീസ് ജോസഫ്,
ജനറൽ സെക്രട്ടറി, കെ.സി.എ
എന്റെ അഭിപ്രായത്തിൽ തീർച്ചയായും ഈ തീരുമാനം അഭിനന്ദനമർഹിക്കുന്നതാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ, സമ്മതീദാനാവകാശം പ്രവാസികൾക്ക് പ്രോക്സി വോട്ടിലൂടെ കിട്ടിയത് വഴി, പ്രവാസിയുടെ വില കൂടുമെന്ന് മാത്രമല്ല, പ്രവാസിയും രാജ്യത്തിന്റെ നിർണ്ണായക തീരുമാനങ്ങളിൽ ഭാഗഭാക്കാകുകയാണ്. തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങളുടെ ഗതിനിയന്ത്രിക്കുമോ എന്നതിലല്ല, മറിച്ച് വോട്ടിങ്ങിൽ പങ്കാളികളാകുന്പോൾ പ്രവാസിയുടെ അഭിപ്രായവും മാനിക്കപ്പെടുന്നു എന്നതാണ്. ഏതാണ്ട് കോടിക്കണക്കിന് പ്രവാസികളാണ് നിലവിൽ ഇന്ത്യക്ക് പുറത്തുള്ളത്. കേരളത്തെകുറിച്ച് പറയുകയാണെങ്കിൽ, ഒാരോ നിയമസഭാ നിയോജകമണ്ധലത്തിലും 15000ലധികം പ്രവാസി വോട്ടർമാരെങ്കിലും ഉണ്ടാവും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.
പ്രവാസികൾക്ക് പകരക്കാരെ ഉപയോഗിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ കിട്ടിയ അവസരം കഴിയുന്നത്ര എല്ലാവരും ഉപയോഗപ്പെടുത്തണം. ഞാൻ മനസിലാക്കുന്നത് ശരിയാണെങ്കിൽ, പ്രവാസിക്ക് വോട്ട് രേഖപ്പെടുത്താൻ സ്വന്തം മണ്ധലത്തിലെ ഒരാളെയേ പകരക്കാരനായി ചുമതലപ്പെടുത്താൻ പറ്റൂ എന്നാണ്. പ്രവാസിവോട്ടറുടെ പകരക്കാരനെ സംബന്ധിച്ച് സാക്ഷ്യപ്പെടുത്തിയ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച് കഴിഞ്ഞാലേ വോട്ട് ചെയ്യാൻസാധിക്കൂ. അതുകൊണ്ടുതന്നെ, വരും കാലങ്ങളിൽ പ്രവാസികൾക്ക് വിദേശത്തുവെച്ചുതന്നെ വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കാൻ സാധിക്കട്ടെ എന്ന് ആശിക്കുന്നു.
സുരേഷ് ബാബു,
സംസ്കൃതി പ്രസിഡണ്ട്
പ്രവാസികൾക്ക് പകരക്കാരെ െവച്ച് വോട്ട് ചെയ്യുവാൻ ജനപ്രാതിനിധ്യ ഭേദഗതി ബിൽ പാസാക്കിയത് പ്രവാസ സമൂഹത്തിന് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. കഴിഞ്ഞകാല സർക്കാരുകൾ നടപ്പാക്കാതിരുന്ന പ്രവാസികളുടെ വോട്ടവകാശം, ഭാരതത്തിന്റെ ഭരണഘടനയിൽ വിശ്വസിക്കുന്ന ഏതൊരു പ്രവാസി ഭാരതീയന്റെയും അവകാശമാണെന്നറിഞ്ഞ് ശ്രീ. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കിയത് വളരെ സ്വാഗതാർഹമാണ്. ഭാരതത്തിന്റെ സാന്പത്തിക ഭദ്രതയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികൾക്ക് നൽകിയ കേന്ദ്രസർക്കാരിന്റെ സമ്മാനമാണിത്. വിദേശനാണയ ശേഖരത്തിലെ നല്ലൊരു പങ്കും നൽകുന്ന പ്രവാസി സമൂഹത്തോട് മുൻ ഭരണകൂടങ്ങൾ എന്നും അവഗണനയാണ് കാണിച്ചിട്ടുള്ളത്. ഇനി പ്രവാസികളും പിറന്ന നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ നേരിട്ട് പങ്കാളികളാകുവാൻ പോകുകയാണ് വരുംനാളുകളിൽ. ഇന്ത്യയിലെ പല മണ്ധലങ്ങളിലും വലിയ സ്വാധീന ശക്തിയായി തീരുവാൻ പ്രവാസികൾക്ക് ഈ വോട്ടവകാശത്തിലൂടെ സാധിക്കും. പത്രമാധ്യമങ്ങളും വാർത്താ ചാനലുകളും മറ്റും സസൂക്ഷ്മം വീക്ഷിക്കുന്ന പ്രവാസികൾ, നാട്ടിലെ ഓരോ സ്പന്ദനവും തിരിച്ചറിഞ്ഞ് അഭിപ്രായ രൂപീകരണം നടത്തി വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ അവഗണിക്കാനാവാത്ത ശക്തിയായി മാറും. ഇനി ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രവാസ സമൂഹത്തിന്റെ പ്രശ്നങ്ങൾ കാണാതെ പോകുവാൻ സാധിക്കില്ല.
ഇനി വരുന്ന തിരഞ്ഞെടുപ്പിന്റെ ആവേശം നാട്ടിലേതുപോലെ തന്നെ പ്രവാസ ലോകത്തും പ്രതിഫലിക്കും. പ്രവാസികളിലെ മഹാഭൂരിപക്ഷമായ സാധാരണക്കാരന്റെ ശബ്ദത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഇനി ചെവി കൊടുക്കും. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സംഭാവനകൾ സ്വീകരിച്ച് പകരം പ്രശംസ ചൊരിഞ്ഞ് പോയിരുന്ന രാഷ്ട്രീയക്കാർക്ക് പ്രവാസികളോടുള്ള നയസമീപനങ്ങളിൽ ഇനി മാറ്റം ഉണ്ടാകുക തന്നെ ചെയ്യും. രാജ്യത്തിന് പുറത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായ ഇടപെടൽ നടത്തുന്ന ഇപ്പോഴത്തെ ഭാരത സർക്കാരിന്റെ പ്രവാസികൾക്ക് വോട്ടവകാശം നൽകാനുള്ള ഈ തീരുമാനം അഭിനന്ദനാർഹമാണ്.
രാമത്ത് ഹരിദാസ്,
സാമൂഹ്യപ്രവർത്തകൻ
പ്രവാസികളുടെ വോട്ടവകാശം എന്നത് വളരെക്കാലമായുള്ള ആവശ്യമാണ്. ഇത്തരം ഒരാവശ്യം പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസി പ്രശ്നങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളും ഭരണാധികാരികളും അനുഭാവപൂർവ്വമായ സമീപനം സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുകയും, വിദേശനാണ്യം നേടിത്തരികയും ചെയ്യുന്ന പ്രവാസികളെ മാറി മാറി വരുന്ന ഗവൺമെന്റുകൾ പ്രശംസിക്കുകയല്ലാതെ, അവരുടെ പ്രശ്നങ്ങളെ ഗൗരവത്തിലെടുക്കാനോ, പരിഹാരം കാണാനോ ശ്രമിച്ചിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. ഉദാ:- സ്കൂൾ അവധിക്കാലമാകുന്പോഴും, ഉത്സവ സീസൺ വരുന്പോഴും നമ്മുടെ രാജ്യാന്തര വിമാന കന്പനി പോലും പ്രവാസികളെ കൊള്ളയടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനായുള്ള മുറവിളി തുടങ്ങിയിട്ട് കാലമെത്രയായി? എന്തെങ്കിലും പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ? ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കുന്നതോടുകൂടി പ്രവാസി പ്രശ്നങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും, ഭരണാധികാരികളുടെയും മുഖ്യ അജണ്ടയായി മാറും എന്ന കാര്യത്തിൽ സംശയമില്ല. തിരഞ്ഞെടുപ്പ് ജയ പരാജയങ്ങളിലും പ്രവാസി വോട്ട് നിർണ്ണായക സ്വാധീനം ചെലുത്തും എന്ന കാര്യത്തിലും സംശയം വേണ്ട. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വൈകിയാണെങ്കിലും പാർലമെന്റ് പാസ്സാക്കിയ പ്രവാസി വോട്ടവകാശ നിയമം പ്രവാസികളുടെ യശസ്സ് ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല....