ഏകാന്തതയുടെ മച്ചിൻപുറങ്ങൾ
അനിൽ വേങ്കോട്
കേരളം മഴയിൽ പുതഞ്ഞുക്കിടക്കുന്ന ഭയാനകമായ കാഴ്ചകളും വാർത്തകളും വന്നുകൊണ്ടിരിക്കേയാണ് ഞാനീ കുറിപ്പ് എഴുതുന്നത്. പമ്പയുടെ തീരത്ത് ഒറ്റപ്പെട്ടുപോയ ആളുകൾ സഹായത്തിനായി ചാർജ്ജിന്റെ അവസാന തരിമ്പും മാഞ്ഞുപോകും മുമ്പേ അറിയുന്ന നമ്പറുകളിലേയ്ക്കെല്ലാം രക്ഷിക്കണേയെന്ന് അപക്ഷിക്കുന്ന ദയനീയ രംഗങ്ങളുടെ വാർത്തകളാണ് കേൾക്കുന്നത്.
ഒരമ്മ കഴിഞ്ഞ രാത്രിയിൽ തന്റെ രണ്ട് കുട്ടികളെയും രോഗിയായ അമ്മയെയും കൊണ്ട് വീടിന്റെ ടെറസ്സിൽ കയറി ഇരിക്കുകയാണ്. വെള്ളം കയറിക്കയറി വരുന്നു ഇനി മൂന്നടി കൂടെ ഉയർന്നാൽ ടെറസ്സും മുങ്ങും. ഈ ഇരുട്ടിൽ തങ്ങളിരിക്കുന്ന സ്ഥലം രക്ഷാ പ്രവർത്തകർ കാണുമോ? പുറം ലോകം തന്നെയും കുട്ടികളെയും കണ്ടെത്തുമൊ? ആ അമ്മ സഹായത്തിനായി അവസാന ശ്രമം എന്ന നിലയിൽ ഒരു ചാനലിലേയ്ക്ക് വിളിക്കുമ്പോഴാണ് ഞാനീ വാർത്ത കേൾക്കുന്നത്. അവരെ ഇന്നലെത്തന്നെ അവിടെ നിന്ന് ആരെങ്കിലും രക്ഷിച്ചിട്ടുണ്ടാവുമോയെന്ന് ഇപ്പോഴും എനിക്കറിയില്ല. പക്ഷെ കണ്ണടച്ചാലും തുറന്നാലും എന്റെ ശ്വാസഗതിയെ തടസ്സപ്പെടുത്തിക്കൊണ്ട് ആ അമ്മയുടെ ചിത്രം എന്റെ കണ്ണിലുണ്ട്. ചുറ്റം ഒഴുകി പെരുകുന്ന ആ പെരുവെള്ളത്തിന് നടുവിൽ ആ അമ്മ അനുഭവിച്ച ഏകാന്തതയുണ്ടല്ലോ? ഈ ലോകത്ത് നിന്ന് ഒറ്റപ്പെട്ടുപോയവളുടെ ഏകാന്തത. എന്തൊരു ഭീകര അനുഭവമാണത്. വയനാട്ടിലും ചെങ്ങന്നൂരും പത്തനംതിട്ടയിലുമൊക്കെയായി ഇങ്ങനെ ധാരാളം ആളുകൾ പുറം ലോകം തങ്ങളെ കൈയ്യെത്തിപ്പിടിക്കും എന്ന പ്രതീക്ഷ വിടാതെ കാത്തിരിപ്പുണ്ട്.
ആളുകളെ വെള്ളം വന്ന് മൂടുന്നതിന് മുന്നേ ഒഴിപ്പിക്കാത്തതെന്ത് എന്ന് ഞാൻ രക്ഷാപ്രവർത്തനത്തിൽ സജീവ ചുമതലയുള്ള എന്റെ ഒരു സ്നേഹിതനോട് ചോദിച്ചു. അപ്രതീക്ഷിതമായി ജലനിരപ്പുയർന്ന സ്ഥലങ്ങളുണ്ട്. ഒരു മഴപെയ്ത്തിൽ തന്നെ രംഗം മാറിപ്പോയ സ്ഥലങ്ങൾ. വലിയ ഉരുൾ പൊട്ടലുകളോ വെള്ളപ്പാച്ചിലുകളോ ഒറ്റപ്പെടുത്തിക്കളഞ്ഞവർ. അവർക്ക് മുന്നറിയിപ്പ് നൽകാനോ രക്ഷാ സംഘത്തെ അയക്കാനോ കഴിയുമായിരുന്നില്ല. പക്ഷെ മുന്നേ അറിയിച്ചിട്ടും പലതവണ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടും വീട് വിട്ടുപൊകാൻ മടികാണിച്ചവരുമുണ്ട്. അത്തരം ആളുകളെ ഒഴിപ്പിക്കുന്നതിന്റെ പ്രയാസം രക്ഷാപ്രവർത്തകർ പറയുന്നുണ്ട്. എന്തുകൊണ്ടാണ് വെള്ളം വിഴുങ്ങാൻ വാപിളർത്തുമ്പോഴും വീട് വിട്ടുപോകാതെ ഈ മനുഷ്യർ അവിടെ പറ്റിനിൽക്കുന്നത്.
സെവത്വലിന അലക്സിയേവിച്ചിന്റെ നോബൽ സമ്മാനത്തിന് അർഹമായ കൃതി ‘ചെർണ്ണൊബിൽ പ്രയർ’ വായിക്കുമ്പോൾ നിങ്ങൾക്കതിന്റെ വസ്തുത മനസ്സിലാകും. അതല്ലെങ്കിൽ മറ്റൊരിടത്ത് ഇരുന്ന് നിങ്ങളീ വാർത്ത കേട്ടാൽ ദേഷ്യം വരും. രക്ഷിക്കാൻ വരുന്നവരുടെ വാക്ക് കേൾക്കാതെ വീണ്ടും വീട്ടിൽ തങ്ങിനിൽക്കുന്നതിൽ നമുക്കവരോട് ഈർഷ്യതോന്നും. ചെർണ്ണൊബിൽ ആണവ റിയാക്ടർ തകർന്ന് മാരകമായ അണുപ്രസരണം വ്യാപിച്ച വിഷലിപ്തമായ മണ്ണിൽ നിന്ന് റേഡിയേഷൻ ബാധിച്ച ശരീരവുമായി അവിടം വിട്ട് പോകേണ്ടി വന്ന മനുഷ്യർ അനുഭവിച്ച ദുരന്തങ്ങളുടെ സ്മൃതിയാണ് ചെർണ്ണൊബിൽ പ്രയർ. മക്കളെയും ചെറുമക്കളെയും എല്ലാം രക്ഷപ്പെടാൻ ദൂരസ്ഥലങ്ങളിലേയ്ക്ക് കയറ്റിവിട്ടിട്ട് കൂടി മരണം സുനിശ്ചിതമായ ഈ മണ്ണ് വിട്ട് പോകാതെ പിടിച്ചുനിക്കുന്നവരെക്കുറിച്ച് സെവത്വലിന എഴു തുന്നുണ്ട്. അവരുടെ ഒരു ജന്മത്തിന്റെ സമ്പാദ്യങ്ങൾ മുഴുവൻ എറിഞ്ഞുകളയാനാവതെ, പോറ്റി വളർത്തിയ ആടുമാടുകളും പട്ടികളും പൂച്ചകളും ഒറ്റപ്പെടുമല്ലോയെന്ന ആധിയിൽ അവയ്ക്കൊക്കെ ആര് ഭക്ഷണം നൽകുമന്ന സങ്കടത്തിൽ അവരെ വിട്ടുപൊകാതെ മരണം ഇരന്നുവാങ്ങി ആ മണ്ണിൽ തങ്ങിനിന്നവരുടെ കഥ. പട്ടാളവും പൊലീസും നിർബന്ധപൂർവ്വം പിടിച്ചുകൊണ്ട് പോയിട്ടും വനത്തിലൂടെയും മറ്റും ഒളിച്ച് തിരികെ വന്നവരുടെ കഥകൾ, അനുഭവങ്ങൾ... വേരുകൾ മണ്ണിലേയ്ക്ക് ആഴത്തിൽ താഴ്ത്തി നിൽക്കുന്ന ഒരു മരം ഒരു കാറ്റടിച്ചതുകൊണ്ടോ വെള്ളം ഇരച്ചുവന്നതുകൊണ്ടോ അതിന്റെ ചുവടുപേക്ഷിച്ച് പോകുന്നില്ലായെന്നതു പോലെ മനുഷ്യൻ എത്രമാത്രം പ്രകൃതിയിൽ വേരാഴ്ത്തിനിക്കുന്നൊരു മാമരമാണെന്ന് ഈ അനുഭവങ്ങൾ നമ്മോട് പറയുന്നു. അവർക്ക് സ്നേഹിച്ചു വളർത്തുന്ന ഒരു പശുവിനെ വെള്ളത്തിൽ മുങ്ങാൻ അനാഥമായി വിട്ടിട്ട് രക്ഷപ്പെടാൻ ആവില്ല. അങ്ങനെ രക്ഷപ്പെട്ടാൽ പിന്നെയവരില്ല. തന്റെ ഭർത്താവിന്റെ കുഴിമാടം സ്ഥിതിചെയ്യുന്ന ഭൂമി ഉപേക്ഷിച്ചു പോകാൻ വിസമ്മതിക്കുന്ന ഒരു സ്ത്രീയുടെ കഥ സെവത്വലിന വിവരിക്കുന്നുണ്ട്. അതുകൊണ്ട് പ്രളയക്കെടുതി വീട്ടിലുള്ള സ്‌വൈരജീവിതത്തിന് തടസ്സമുണ്ടാക്കുകയും വലിയ സാമ്പത്തിക നഷ്ടങ്ങൾ വരുത്തി വെയ്ക്കുകയും ചെയ്യുക മാത്രമല്ല അവന്റെ/ അവളുടെ ജീവൻ വേരാഴ്ത്തി നിൽക്കുന്ന ജൈവപ്രകൃതിയെ മുക്കിക്കൊല്ലുകയാണ്. വേരുകൾ കടപുഴുകുകയാണ്, അത്രയ്ക്ക് ആഴത്തിൽ സങ്കടങ്ങളെ പ്രദാനം ചെയ്യുന്ന ദുരന്തത്തിലൂടെയാണ് മലയാളികൾ ഈ ദിനങ്ങളിൽ കഴിഞ്ഞുപോവുന്നത്.
നമ്മുടെ സമൃദ്ധദിനങ്ങളിൽ കരുതലിന്റെ ഏഴ് ഇന്ദ്രിയങ്ങളും തുറന്ന് വെച്ച്, അന്തസ്സിന്റെ എല്ലാ ചെക്ക് പോസ്റ്റുകളും കടത്തിക്കൊണ്ട് വന്ന് രമ്യമാക്കിതീർത്ത റിയൽ എസ്‌റ്റേറ്റ് സമ്പാദ്യങ്ങളിലേയ്ക്കും വെള്ളം കയറുകയാണ്. അവ സമ്പാദിക്കുന്നതിന് മുന്നേ നാം എന്തല്ലാമാണ് നോക്കിയത്. അയൽപക്കത്ത് താമസ്സിക്കുന്നവന്റെ സോഷ്യൽ സ്റ്റാറ്റസ്, മതം, ജാതി ഇങ്ങനെ പലതും. പ്രകൃതി ദുരന്തങ്ങൾ ഈ കരുതലുകളെ വകവച്ചില്ല. തള്ളി വന്ന വെള്ളം വന്നു കയറിയ വീട്ടുടമസ്ഥന്റെ ജാതിയോ മതമോ തിരഞ്ഞില്ല. ഇന്നലെ അയൽവാസികളായ മൂന്ന് കുടുംബങ്ങളിൽ കുട്ടികളടക്കമുള്ളവരുടെ ചുമലിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്. മനുഷ്യ വിവേചനങ്ങൾ പ്രകൃതി പരിഗണിക്കുന്നേയില്ല. അതിനെ ചെറുക്കാനും ഇന്ന് നാം ഈ വിവേചനങ്ങൾ അർത്ഥ ശൂന്യങ്ങളാണെന്ന് തിരിച്ചറിയുന്നു. അത്ര പ്രീയമല്ലാതെ നോക്കിയിരുന്ന ഒരാളെപ്പൊലും ദുരന്തം വന്ന് തൊട്ടപ്പൊൾ നമ്മുടെ കണ്ണ് നിറയുന്നുണ്ട്. മനുഷ്യരോട് മാത്രമല്ലല്ലൊ വീട്ടിൽ വളർത്തിയ പൂച്ചയെ വെള്ളത്തിൽ വിട്ടിട്ട് പൊകാൻ മനസ്സുവരാതെ ജലസമാധിയാവാൻ തുനിയുന്ന മനുഷ്യരാണ് നാം. അത്രമേൽ സ്നേഹം നമ്മിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് നാം തിരിച്ചറിഞ്ഞിരുന്നില്ലായെന്ന് മാത്രം.
ചൂട് അസഹനീയമായ ആഗസ്റ്റിലെ ബഹ്റൈൻ പകൽ കടക്കാൻ ഞാൻ വിയർത്തുകുളിക്കുമ്പോഴും അത്യാവശ്യസാധനങ്ങൾ തലയിലേറ്റി കഴുത്തറ്റം വെള്ളത്തിലൂടെ പുഴകടക്കുന്ന ഒരാളുടെ അനുഭവം ഇവടിരുന്നും എനിക്ക് അനുഭവിക്കാനാവുന്നു. മഴകുറഞ്ഞെങ്കിൽ എന്ന് നെടുവീർപ്പിടുന്നു. മഴമേഘങ്ങളെ പറത്തിവിടാനൊരു കഴിവ് കിട്ടിയെങ്കിൽ എന്നാശിച്ചുപോവുന്നു. മഴവീണ് കുതിർന്ന നന്ത്യാർ വട്ട പൂക്കൾ യൗവ്വനകാലത്ത് നൽകിയ പ്രണയ സുഗന്ധങ്ങൾ ഭയരൂപം കൊണ്ട് കൊടുങ്കാറ്റാവുന്നു. ഇരുളിൽ പരപ്പിൽ വെള്ള ചുഴികളിൽ ഒറ്റപ്പെട്ട് പോയവരുടെ ഏകാന്തത എന്റെ ചെവിയിൽ ചൂളം വിളിക്കുന്നു. കൈകൾ കോർത്ത് പിടിക്കുകമാത്രമേ നമുക്കീ സമയത്ത് ചെയ്യാനുള്ളൂ. കോർത്ത കൈ വലയിൽ കുറച്ച് പ്രതീക്ഷകൾ ഒഴുക്കെടുക്കാതെ തടഞ്ഞു വെയ്ക്കാനായെങ്കിൽ...