മീശ - വായനാനുഭവം


സുധീശ് രാഘൻ

മലയാള നോവലുകളിൽ എടുത്തു പറയാവുന്ന പലതും ദേശങ്ങളുടെ കഥയാണ്. മനുഷ്യ കഥാപാത്രങ്ങളാണ് ഇവിടെ ജൈവ പ്രകൃതങ്ങൾ. ഭൂപ്രദേശം തന്നെ കഥയായി തീരുന്ന നോവലുകൾ നമുക്ക് അത്ര പരിചയമായിട്ടില്ല. ദേശങ്ങളിൽ നിന്ന് ഭൂപ്രദേശത്തേയ്ക്ക് നോവൽ ഭൂമിക മാറുമ്പോൾ കഥയിൽ ജീവിക്കുന്നത് സർവ്വചരാചരങ്ങളുമാണ്. പുരാണേതിഹാസങ്ങൾ നമ്മെ വിശ്വസിപ്പിച്ചെടുത്ത കഥാപാത്രങ്ങളായ പക്ഷിമൃഗാദികളെപ്പോലെ. ആമയും മുയലും മാത്രമല്ല മണ്ണാങ്കട്ടയും കരിയിലയും പോലും ഭൂപ്രദേശമില്ലാതെ നമ്മുടെ കഥകളിൽ വാണു. 
എസ്.ഹരീഷിന്റെ മീശ എന്ന നോവൽ വ്യത്യസ്തമാകുന്നത് ഈ ഗുണവിശേഷത്താൽ കൂടിയാണ്. ഈ നോവലിൽ കുട്ടനാട് എന്ന ഭൂപ്രദേശത്തോടു കൂടിയാണ് പുല്ലും പുഴുവും പാമ്പും മീനും മുതലയും പോത്തും ജൈവ പ്രകൃതങ്ങളായി മാറുന്നത്. തോട്ടിൽ പാലമായി കിടക്കുന്നതെങ്ങിൽ തടിയ്ക്കുമുണ്ട് ജീവിത കഥയും ഓർമ്മകളും.
 
രാമാനുജൻ എഴുത്തച്ഛൻ എന്ന നാടകകാരന്റെ നാടകത്തിൽ സംഭാഷണമില്ലാത്ത മീശ വച്ച പോലീസായി പുലയൻ പവിയാന്റെ മകൻ വാവച്ചൻ എത്തിപ്പെട്ടത് യാദൃശ്ചികമാണ്. മീശ വച്ച നാടകത്തിലെ പോലീസിനെ കണ്ട് ഭയന്നോടുന്ന ജനം (ആൾക്കൂട്ടം) പിന്നെ മീശയായ വാവച്ചനെ പിടിക്കാൻ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് ക്രൂരമായി കീഴാളരെ ആക്രമിച്ച് ,അവരിലെ പെണ്ണുങ്ങളെ ഉടുതുണിയില്ലാതെ ആട്ടിതെളിയിച്ച് പരന്നോടുകയും മീശയുടെ നിഴലാട്ടത്തിൽ ഭയന്ന് പിന്തിരിയുകയും ചെയുന്നതാണ് കാണുന്നത്. ആൾക്കൂട്ടം എന്ന ജനം ഈ നോവലിലെ പരിഹാസ്യമായ അടരാണ്. ആൾകൂട്ട ആക്രമണത്തിന് ഇരയായി നോവൽ പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിൽ നോവൽ വായിക്കുമ്പോൾ ആ ആൾക്കൂട്ടം നോവലിൽ തന്നെ ഉണ്ടല്ലോ എന്ന് നമുക്ക് ഓർക്കേണ്ടി വരും. ആൾകൂട്ടത്തിന്റെ ഒരു പ്രതിനിധിയാണ് കുഞ്ഞച്ചൻ. സ്ത്രീകളെ ലൈംഗിക വസ്തുവായി മാത്രം കാണുന്ന, ലൈംഗീക വേഴ്ചകളെ ജീവിതത്തിന്റെ പരമസാക്ഷാത്ക്കാരമായി കാണുന്ന, സ്ത്രീകളെയാകെ വേശ്യകളായും കാമവെറി പൂണ്ടവരായും കാണുന്ന കുഞ്ഞച്ചൻ. ഈ കുഞ്ഞച്ചന്റെ സംഭാഷണങ്ങൾ അടങ്ങിയ നോവലിലെ ആ ഒരു പേജാണ് നമ്മുടെ കുഞ്ഞച്ചന്മാർ ആഘോഷിച്ചത്.
 
മീശ എന്ന വാവച്ചൻ നാടകത്തിൽ മാത്രമല്ല ജീവിതത്തിലും മൗനിയാണ്. ആത്മഗതങ്ങൾ കൂടിയും അപൂർവ്വം. നാരായണപിള്ള (എൻ.എൻ.പിള്ള) പോയ മലയയിലേക്കുള്ള വഴി അന്വേഷണവും ( പട്ടിണി മാറ്റാൻ ,വേറെ ഒരാളാവാൻ) സീതാന്വേഷണവുമാണ് വാവച്ചൻ നോവലിൽ ചെയ്യുന്ന സ്വയം കർമ്മം. വാവച്ചനും മീശയും  വായനക്കാർക്ക് പക്ഷേ നിറസാന്നിധ്യമാണ് . വാവച്ചനും മീശയും ഒന്നാണെങ്കിലും രണ്ടാണ്.  മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭൻ നോവലിൽ പ്രത്യക്ഷപ്പെടുന്നതെല്ലാം പ്രച്ഛന്നവേഷത്തിലാകുമ്പോഴും യഥാർഥ അനന്തപത്മനാഭനെ വായിച്ചെട്ടക്കുന്ന മാന്ത്രികത ഇവിടെയും നമുക്കനുഭവപ്പെടും.
 
കൃത്യമായ ഒരു കാലം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും കുട്ടനാടിലെ ജല ഭൂപടം പോലെ മാറിമറിയുന്ന കാലവും സമയവും എണ്ണിയാലൊടുങ്ങാത്ത കഥകൾ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്നുണ്ട്- കാലന്റെ ഗ്രന്ഥം വായിച്ച് വരാനിരിക്കുന്നതും കഴിഞ്ഞു പോയതുമൊക്കെ അറിഞ്ഞ വാവച്ചൻ എന്ന മീശയുടെ കഥ പായാൻ ഒരു ആഖ്യാതാവിനെ സൃഷ്ടിച്ചിരിക്കുന്നു നോവലിസ്റ്റ്. ആ ആഖ്യാതാവ് മകൻ പൊന്നു എന്ന കുട്ടിയുടെ കഥാകുതൂഹലത്തോട് കഥ പറയുന്ന രീതി പറച്ചിലിന്റെ ഒരു ടെക്നിക്ക് ആണ് . എന്നാൽ മീശ എന്ന നോവലിന് അനേകം അടരുകൾ ഉണ്ട്. പറഞ്ഞ് പറഞ്ഞ് പോകുന്ന കഥ അസംഖ്യങ്ങളായി പൊട്ടിമുളയ്ക്കുകയാണ്. ഒരു കഥ അനേകം കഥാപാത്രങ്ങളുടെ അനേകം കഥയായി മാറുന്നു. വാവച്ചൻ എന്ന ഒരുവൻ അനേകം കഥകളിലെ അനേകം മീശയായി മാറുന്നു.
 
തിരുവിതാംകൂറിന്റെ ജാതി ശരീരം കുട്ടനാടിന്റെ ഭൂപ്രദേശത്തിൽ തന്മയീഭവിച്ച് കിടക്കുന്നുണ്ട് നോവലിൽ. പട്ടിണി, രോഗം, കീഴാള ജനതയുടെ ഭക്ഷണ വസ്തുക്കൾ, അധികാരത്തിന്റെ ശക്തി സ്ത്രീ ശരീരത്തിനു മേൽ പ്രയോഗിക്കുന്ന ചോദ്യം ചെയ്യാനാവാത്ത അവകാശം തുടങ്ങി എഴുപതു വർഷങ്ങൾക്ക് മുൻപുള്ള കേരളീയ ജീവിതത്തെ അടയാളപ്പെടുത്തുമ്പോഴും കഥ പറയുന്നതിനപ്പുറം പ്രത്യക്ഷമായി ഒന്നും പറയുന്നില്ല. പുന്നപ്ര വയലാറിൽ വാരിക്കുന്തമേന്തി മീശ വച്ച് പോരാടുന്ന സംഘത്തോട് കൂടാനുള്ള രാഷ്ട്രീയമോ പോരാട്ട വീര്യമോ വാവച്ചനില്ലായിരുന്നു. എന്നിട്ടും വാവച്ചന്റെ മീശ ചരിത്രത്തിൽ ഇടപെട്ടു. അതാണ് കഥ. അതാണ് ചരിത്രം.
 
രണ്ടാം ലോകമഹായുദ്ധം, ശ്രീനാരായണ ഗുരു, പുന്നപ്ര വയലാർ , ഉത്രം തിരുന്നാൾ, സ്വാതി തിരുനാൾ, എൻ എൻ പിള്ള തുടങ്ങിയ ചരിത്രത്തിലെ യാഥാർഥ്യങ്ങൾ കാലത്തെ അടയാളപ്പെടുത്തി കഥയിൽ കയറി ഇറങ്ങുന്നുണ്ട്.- 
ഭാഷയുടെ ലളിത സൗന്ദര്യം വായനയുടെ ഓരോ നിമിഷവും ഹൃദ്യമാക്കുന്നു. മറവിയിൽ കിടന്ന പല നാട്ടു പദങ്ങളും നമ്മുടെ ഓർമ്മയിൽ തൊട്ട് ഉണരും. പുനർവായനയ്ക്ക് തോന്നുന്ന ഒരു പുസ്തകം എന്ന് ഈ നോവലിനെ സംശയമില്ലാതെ പറയാം.
 
ഫിക് ഷനായി മാറുന്ന ചരിത്രം അതിന്റെ കർമ്മം നിർവഹിച്ച്, നെയ്തുകൂട്ടിയ അർത്ഥങ്ങളെ അസംബന്ധമാക്കി ശൂന്യതയിൽ പിൻവാങ്ങുന്നതു പോലെ മീശ അവസാനിക്കുന്നു.

 

You might also like

Most Viewed